ബെനെല്ലി ബിഎന്‍600ഐ സൂപ്പര്‍ബൈക്ക് ടെസ്റ്റ് റൈഡ്

By Santheep

നൂറ്റാണ്ട് നീണ്ട ചരിത്രമുണ്ട് ബെനെല്ലി എന്ന ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവിന്. രണ്ട് ലോകയുദ്ധങ്ങളുടെ പരിചയസമ്പത്ത് സ്വന്തായുള്ള വളരെ ചുരുക്കം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളിലൊരാളാണ് ബെനെല്ലി. ഇന്ത്യന്‍ വിപണിയിലേക്ക് പന്ത്രണ്ട് മോഡലുകളുമായി ബെനെല്ലി കടന്നുവരുമ്പോള്‍ യുവാക്കള്‍ ആഹ്ലാദം കൊള്ളുന്നത് കമ്പനിയുടെ വന്‍ ചരിത്രം ഓര്‍ത്തിട്ടല്ല. ആയിരം സിസി-ക്കുള്ളില്‍ വരുന്ന ബൈക്കുകളുടെ കാര്യത്തില്‍ ബെനെല്ലി ഒരു മാസ്റ്ററാണ്. ഇന്ത്യയിലെ വളര്‍ന്നുവരുന്ന മോട്ടോറിങ് ഭ്രാന്തന്മാരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ വകയും ബെനെല്ലിയുടെ പക്കലുണ്ട്.

ബെനെല്ലിയെ ഇന്ത്യയിലെത്തിക്കുന്നത് ഡിഎസ്‌കെയാണ്. ആകെ 12 മോഡലുകള്‍ വിപണിയിലിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനായി പൂനെയില്‍ നാനൂറ് കോടി രൂപ ചെലവിട്ട് ഒരു പ്ലാന്റ് നിര്‍മിക്കുന്നുണ്ട് ഡിഎസ്‌കെ.

ഇന്ത്യയില്‍ ബെനെല്ലിയില്‍നിന്ന് ആദ്യം എത്താനിരിക്കുന്ന ബെനെല്ലി ബിഎന്‍600ഐ മോഡലാണ് ഞങ്ങള്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ ലഭിച്ചത്. ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടിലേക്ക് ചെല്ലുക.

ബെനെല്ലി ബിഎന്‍600ഐ സൂപ്പര്‍ബൈക്ക് ടെസ്റ്റ് ഡ്രൈവ്

ഡിഎസ്‌കെ ബെനെല്ലി ബിഎന്‍600ഐ ഫസ്റ്റ് റൈഡ്

ബെനെല്ലി ബിഎന്‍600ഐ സൂപ്പര്‍ബൈക്ക് ടെസ്റ്റ് ഡ്രൈവ്
  • ടെസ്റ്റ് മോഡല്‍: 2014 ഡിഎസ്‌കെ ബെനെല്ലി ബിഎന്‍600ഐ (ടിഎന്‍ടി600)
  • എന്‍ജിന്‍: ഇന്‍ലൈന്‍ ഫോര്‍, 600സിസി
  • ഗിയര്‍ബോക്‌സ്: 6 സ്പീഡ്
  • റോഡ് ടെസ്റ്റ്: പൂനെ
  • വില: അറിവായിട്ടില്ല
  • ഡിസൈന്‍

    ഡിസൈന്‍

    ഇതൊരു നേക്കഡ് ബൈക്കാണ്. പരിമിതപ്പെടുത്തിയ ബോഡി വര്‍ക്കുകള്‍ വാഹനത്തിന്റെ ഷാര്‍പ്‌നെസ്സ് വര്‍ധിപ്പിക്കുന്നുണ്ട്. അളന്നുമുറിച്ച ബോഡിലൈനുകള്‍ ഈ ഇറ്റാലിയന്‍ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.

    ഡിസൈന്‍

    ഡിസൈന്‍

    വളരെ ചെറിയ വിശദാംശങ്ങളില്‍പോലും ബെനെല്ലി ഡിസൈനര്‍മാര്‍ പരമാവധി ശ്രദ്ധ നല്‍കിയിരിക്കുന്നതായി കാണാം. ഇരട്ട എക്‌സോസ്റ്റുകളാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. പില്യണ്‍ സീറ്റിന് തൊട്ടുതാഴെയായി ഘടിപ്പിച്ചിട്ടുള്ള ഈ എക്‌സോസ്റ്റുകള്‍ പിന്‍ഭാഗത്തെ ഡിസൈനിനെ അതറിക്കുന്നു! പിന്നില്‍ നിന്നുള്ള കാഴ്ചയില്‍ മുന്നോട്ടാഞ്ഞുനില്‍ക്കുന്ന ഒരു അത്‌ലറ്റിന്റെ ശരീരഭംഗി വാഹനത്തിനുണ്ട്.

    എന്‍ജിന്‍

    എന്‍ജിന്‍

    ബെനെല്ലി ബിഎന്‍600ഐ നേക്കഡ് ബൈക്കിന് ഒരു ഇന്‍ലൈന്‍ ഫോര്‍ ലിക്യുഡ് കൂള്‍ഡ് 600സിസി എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ എന്‍ജിന്‍ 82 കുതിരശക്തി പകരുന്നു. 52 എന്‍എം ചക്രവീര്യം പകരുന്നു വാഹനം. എന്‍ജിനോടൊപ്പം 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

    റൈഡ്

    റൈഡ്

    മികച്ച പവര്‍ ഡെലിവറിയാണ് വാഹനത്തിനുള്ളത്. ഉയര്‍ന്ന ഗിയറിങ് റാഷ്യേ പവര്‍ ഡെലിവറിയെ നന്നായി പിന്തുണയ്ക്കുന്നുണ്ടാകാം. മുന്‍-പിന്‍ ഷോക്ക്അബ്‌സോറുകള്‍ പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് ബെനെല്ലി സജ്ജീകരിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കുറച്ച് കടുപ്പിച്ചിരിക്കുന്നത് ഹാന്‍ഡ്‌ലിങ്ങിന് നല്ല സപ്പോര്‍ട്ട് കിട്ടും എന്നതിനാലാകാം. ഇത് ഇഷ്ടമില്ലാത്തവര്‍ക്ക് ക്രമീകരിക്കാനുള്ള സൗകര്യമുണ്ട് എന്ന് പ്രത്യേകം ഓര്‍ക്കുക. ഇന്ത്യയുടെ നഗരസവിശേഷതകളോട് ശരിയായ നിലയില്‍ പ്രതികരിക്കുന്നില്ല ഈ ബൈക്കെന്ന് പറയേണ്ടിയിരിക്കുന്നു. ഭാരക്കൂടുതല്‍ നമ്മുടെ നഗരങ്ങളിലെ മുട്ടിയിരുമ്മി നീങ്ങുന്ന ട്രാഫിക്കുകളില്‍ യോജിച്ചതല്ല. എന്നിരിക്കിലും, ട്രാഫിക്കില്‍ മുട്ടിയുരുമ്മാനല്ല ഈ ബൈക്ക് നിര്‍മിച്ചതെന്നായിരിക്കാം ബെനെല്ലി മനസ്സില്‍ കരുതുന്നത് എന്നുകൂടി പറയണം!

    റൈഡ്

    റൈഡ്

    വളരെ സ്മൂത്താണ് എന്‍ജിന്‍. ദൈനംദിന ഉപയോഗത്തിന് സ്‌പോര്‍ടിയായ ബൈക്ക് വേണം എന്നാഗ്രഹിക്കുന്നവരെക്കൂടി മനസ്സില്‍ക്കണ്ടാണ് ബെനെല്ലി ബിഎന്‍600ഐ ബൈക്കിന്റെ സവിശേഷതകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം. എന്‍ജിന്‍ വൈബ്രേഷന്‍ എന്നൊരു സംഗതിയേ അനുഭവപ്പെടുകയുണ്ടായില്ല.

    ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

    ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍

    ഒരു ഭാഗം ഡിജിറ്റലും മറ്റേഭാഗം അനലോഗും ആയ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് ബെനെല്ലി ബിഎന്‍600ഐ മോഡലിനുള്ളത്. എന്‍ജിന്‍ താപം, ക്ലോക്ക്, ട്രിപ്പ് മീറ്ററുകള്‍, ഇന്ധനനില, ഓടോമീറ്റര്‍, സ്പീഡോമീറ്റര്‍ എന്നീ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഒരു അനലോഗ് ആര്‍പിഎം മീറ്ററും കാണാം.

    സ്വിച്ചുകള്‍

    സ്വിച്ചുകള്‍

    ബൈക്കിലെ സ്വിച്ചുകള്‍ ഒട്ടും സങ്കീര്‍ണതയില്ലാതെ ക്രമീകരിച്ചിരിക്കുന്നു. സൂപ്പര്‍ബൈക്കുകളില്‍ സാധാരണമായി കാണാവുന്നതുപോലെ, എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതോടെ ഹെഡ്‌ലാമ്പുകള്‍ തെളിയുന്നു. ഇത് ഓഫ് ചെയ്തുവെക്കാവുന്നതാണ്. ഹസാര്‍ഡ് ലൈറ്റുകള്‍ക്കുള്ള സ്വിച്ചിന്റെ ക്രമീകരണവും തൃപ്തികരമാണ്. മികച്ച ഗ്രിപ്പ് നല്‍കുന്നുണ്ട് ഹാന്‍ഡില്‍ബാറുകള്‍.

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    സാധനം ഇറ്റലിയില്‍ നിന്നാവുമ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ തീരുമാനിക്കാവുന്ന ഒരേയൊരു സംഗതിയേയുള്ളൂ. അത് ഡിസൈനാണ്. ബെനെല്ലി ബിഎന്‍600ഐ ഒട്ടും നിരാശപ്പെടുത്തുന്നില്ല. ഇറ്റാലിയന്‍ സൗന്ദര്യത്തിന്റെ സത്ത് പിഴിഞ്ഞുണ്ടാക്കിയ സാധനമാണിത്! ഇറ്റാലിയന്‍ ഡിസൈന്‍ ശൈലി മിക്ക ബൈക്ക് നിര്‍മാതാക്കളും ഇന്ന് അനുകരിക്കുന്നുണ്ട്. പക്ഷേ, വിത്ത് മുളയ്ക്കുന്നിടത്തൊക്കെ ഞാറ്റുവേലയുണ്ട് എന്നല്ലല്ലോ?

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    പിന്നിലെ എക്‌സോസ്റ്റ് പൈപ്പുകളുടെ സ്ഥാനം ഞങ്ങളെ ഹഠാദാകര്‍ഷിച്ച ഒന്നാണ്. ഇവയ്ക്കുള്ളില്‍നിന്നും പുറത്തുവരുന്ന ഒച്ചയും കിടിലം തന്നെ. ഈ ബൈക്ക് വാങ്ങിയതിനുശേഷം പുറത്തുപോയി ശബ്ദം കൂട്ടാന്‍ ആര്‍ക്കും മെനക്കെടേണ്ടിവരില്ല എന്നുറപ്പ്! പിന്നിലിരിക്കുന്നയാള്‍ക്ക് ഗ്രാബ് ബാറുകള്‍ നല്‍കിയതും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണ്. ബെനെല്ലി ബിഎന്‍600ഐ ബൈക്കിനെ 'ശരിക്കും ഒന്നോടിക്കാന്‍' പദ്ധതിയിട്ട ഒരാള്‍ പിന്നില്‍ ആളെ ഇരുത്താന്‍ മെനക്കെടില്ലായിരിക്കാം. എങ്കിലും സാധാരണ ഉപയോഗങ്ങളില്‍ ഗ്രാബ് റെയില്‍ വലിയ ഉപകാരമാണ്.

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    കീയുടെ ഡിസൈന്‍ ആകര്‍ഷകമാണ്. വാളിന്റെ സൗന്ദര്യമുള്ള ഈ കീയുടെ തലപ്പ് മടക്കിവെക്കാവുന്നതാണ്. പോക്കറ്റിലിട്ടുനടക്കാന്‍ ഏറ്റവും അനുയോജ്യം.

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    ഹഠാദാകര്‍ഷിച്ച കാര്യങ്ങള്‍

    ഒരു ടീനേജറെ സംബന്ധിച്ച് ബെനെല്ലി ബിഎന്‍600ഐയുടെ സീറ്റുകള്‍ വലിയ പ്രയാസം സൃഷ്ടിക്കില്ല. വളരെ തടിച്ചതല്ലാത്ത ശരീരപ്രകൃതമുള്ള ആര്‍ക്കും ബുദ്ധിമുട്ടാവില്ല. ആര്‍നോള്‍ഡിനൊക്കെ ഓടിക്കാന്‍ വേറെ ബൈക്കുകളുണ്ട് ഭായ്! കൈയും കാലുമെത്തുന്ന ദൂരത്തു തന്നെയാണ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്. എല്ലാം നിയന്ത്രണത്തിലുണ്ടെന്ന ആത്മവിശ്വാസം റൈഡര്‍ക്ക് നല്‍കാന്‍ ഇത് സഹായിക്കുന്നു.

    അനാകര്‍ഷകമായ കാര്യങ്ങള്‍

    അനാകര്‍ഷകമായ കാര്യങ്ങള്‍

    സ്റ്റാന്റിട്ട് വണ്ടിയോടിക്കുമ്പോഴുള്ള അപകടം രണ്ടാണ്. ഒന്ന്, റൈഡര്‍ ഏതെങ്കിലും കല്ലിലോ മറ്റോ തടഞ്ഞ് വീഴുന്നു. മറ്റൊന്ന്, സ്റ്റാന്‍ഡ് ഇട്ടില്ലെന്ന് അറിയിക്കാന്‍ നാട്ടുകാര്‍ വണ്ടിക്കു മുമ്പിലേക്ക് എടുത്തുചാടി മൃതിയടയാന്‍ ശ്രമിക്കുന്നു. ഈ രണ്ടിനും ബെനെല്ലി സ്‌കോപ്പ് തരുന്നില്ല. സെന്റര്‍സ്റ്റാന്‍ഡ് എവടേന്ന് ചോദിക്കാന്‍ എന്നിലെ ഇന്ത്യാക്കാരന്‍ മുതിര്‍ന്നുവെങ്കിലും അടക്കിപ്പിടിച്ചു. വിപണിയിലിറങ്ങുന്ന പതിപ്പില്‍ ഉണ്ടാകാനിടയുണ്ടെന്ന് ചിലര്‍ സൂചിപ്പിച്ചു. കിക്‌സ്റ്റാന്‍ഡ് കണ്ടുപിടിക്കാന്‍ കാലുകള്‍ക്ക് കുറച്ച് പണിപ്പെടേണ്ടതായി വന്നു.

    അനാകര്‍ഷകമായ കാര്യങ്ങള്‍

    അനാകര്‍ഷകമായ കാര്യങ്ങള്‍

    മിററുകളുടെ ഡിസൈന്‍ ആകര്‍ഷകമാണ്. ഒരല്‍പം വലിപ്പക്കുറവ് ഫീല്‍ ചെയ്തു.

    അനാകര്‍ഷകമായ കാര്യങ്ങള്‍

    അനാകര്‍ഷകമായ കാര്യങ്ങള്‍

    സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പേസ് വളരെ കുറവാണ്. മോട്ടോര്‍സൈക്കിളിന്റെ രേഖകളും മറ്റും സൂക്ഷിക്കാനുള്ള ഇടമുണ്ട്. ടൂള്‍ കിറ്റ് നല്‍കിയിട്ടില്ല.

    ബെനെല്ലി ബിഎന്‍600ഐ സൂപ്പര്‍ബൈക്ക് ടെസ്റ്റ് ഡ്രൈവ്

    ഡിഎസ്‌കെ ബെനല്ലി പറയുന്നതു പ്രകാരം എല്ലാ മോഡലുകള്‍ക്കും 'ടിഎന്‍ടി' എന്ന പേര് കാണാവുന്നതാണ്. ഞങ്ങള്‍ ടെസ്റ്റ് ചെയ്ത ബെനെല്ലി ബിഎന്‍600ഐ ഇന്ത്യയില്‍ ടിഎന്‍ടി600ഐ എന്നാണ് അറിയപ്പെടുക. ടൊര്‍നാഡോ ട്രെ നേക്കഡ് എന്നാണ് ടിഎന്‍ടിയുടെ നീളപ്പേര്. ഒരു വന്‍ പൊട്ടിത്തെറി തന്നെ സംഭവിക്കാനിരിക്കുന്നു എന്ന വസ്തുതയെയാണ് ഈ പേര് തെരഞ്ഞെടുത്തതിലൂടെ തങ്ങള്‍ വിളിച്ചുപറയാനുദ്ദേശിക്കുന്നതെന്ന് ബെനെല്ലി ഉദ്യോഗസ്ഥര്‍ ഞങ്ങളെ അറിയിച്ചു. വാഹനത്തിന്റെ വിലകേട്ടാല്‍ ശരിക്കും ഞെട്ടുമെന്നാണ് അവര്‍ പറയുന്നത്. കാത്തിരുന്ന് കാണാം!

    ബെനെല്ലി ബിഎന്‍600ഐയുടെ കുറവുകള്‍

    ബെനെല്ലി ബിഎന്‍600ഐയുടെ കുറവുകള്‍

    • ബെനെല്ലി ബ്രാന്‍ഡ് ഇന്ത്യയ്ക്ക് പുതിയതാണ്.
    • വിലനിലവാരം കൂടി അറിഞ്ഞാല്‍ മാത്രമേ കൂടുതലായി എന്തെങ്കിലും പറയാന്‍ കഴിയൂ. തികച്ചും മത്സരക്ഷമമായി വിലയിലായിരിക്കും വാഹനം വരികയെന്നാണ് കമ്പനി ഉദ്യോഗസ്ഥരില്‍നിന്നും ഞങ്ങള്‍ മനസ്സിലാക്കിയത്. കാത്തിരിക്കാം.
    • ബെനെല്ലി ബിഎന്‍600ഐ മികവുകള്‍

      ബെനെല്ലി ബിഎന്‍600ഐ മികവുകള്‍

      • ഇറ്റാലിയന്‍ ഡിസൈന്‍
      • ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്നു
      • കിടിലന്‍ റൈഡ് എക്‌സ്പീരിയന്‍സ്
      • എക്‌സോസ്റ്റ് ഡിസൈനും ശബ്ദവും
      • വാലറ്റം

        വാലറ്റം

        വാഹനത്തിന്റെ വിലയിലാണ് കളികള്‍ എല്ലാം കേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ത്തന്നെയാണ് എസംബ്ലിങ് നടക്കുക എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സര്‍വീസിങ് അടക്കമുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതായിട്ടുണ്ട്. ഡിഎസ്‌കെയും മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ വിജയിക്കാതിരിക്കില്ലെന്ന് അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #two wheeler #benelli #review #photo features
English summary
Recently we tested a few of their bikes and here is our review and analysis of Benelli BN600i motorcycle.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X