മഹീന്ദ്ര ഗസ്റ്റോയും ഹോണ്ട ആക്ടിവയും താരതമ്യം ചെയ്യുന്നു

By Santheep

മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വരെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ സ്‌കൂട്ടര്‍ മോഡലാണ്‌ ഹോണ്ട ആക്ടിവ. ഹീറോയുമായി ബാന്ധവം നിലനിന്ന കാലത്തേ സ്വന്തമായി ഒരു മുഖം സൃഷ്ടിച്ചെടുക്കാന്‍ ഹോണ്ടയെ സഹായിച്ചതും ഈ സ്‌കൂട്ടറാണ്‌. ഇന്ത്യയില്‍ ഏറ്റവും വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ ആദ്യത്തെ മൂന്ന്‌ സ്ഥാനങ്ങളിലൊന്ന്‌ ആക്ടിവ്‌ ഉറപ്പാക്കിയിരിക്കുന്നു.

ആക്ടിവ നിലവില്‍ അധികാരമുറപ്പിച്ച സവിശേഷമായ വിപണിസ്ഥാനം മിക്ക സ്‌കൂട്ടര്‍ നിര്‍മാതാക്കളെയും മോഹിപ്പിക്കുന്നുണ്ട്‌. ഇതേ ഇടത്തിലേക്ക്‌ സ്വന്തം ഉല്‍പന്നങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ വലിയ ഉല്‍സാഹം കാണിക്കുന്നു. മഹീന്ദ്ര തങ്ങളുടെ പുതിയ ഗസ്റ്റോ മോഡലുമായി എത്തിയതും ഇതേ ഇടത്തിലേക്കാണ്‌. ആക്ടിവയുടെ പുതിയ പതിപ്പായ 3ജി ആക്ടിവ മോഡലുമായാണ്‌ മഹീന്ദ്ര ഗസ്‌റ്റോ ഏല്‍ക്കുന്നത്‌.

ഇന്ത്യയുടെ 110സിസി സെഗ്മെന്റില്‍ മഹീന്ദ്ര ഗസ്‌റ്റോയും ആക്ടിവ 3ജിയും തമ്മിലുള്ള ഉരസല്‍ എങ്ങനെയിരിക്കുമെന്ന്‌ ഒരു താരതമ്യത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. കൂടുതല്‍ വായിക്കുക, താഴെ താളുകളില്‍.

ടെസ്‌റ്റ്‌ ചെയ്‌ത മോഡലുകള്‍

ടെസ്‌റ്റ്‌ ചെയ്‌ത മോഡലുകള്‍

മഹീന്ദ്രയില്‍ നിന്ന്‌ ഗസ്‌റ്റോ വിഎക്‌സ്‌ മോഡലാണ്‌ ഞങ്ങള്‍ക്ക്‌ ടെസ്‌റ്റിനായി കിട്ടിയത്‌. ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക്‌ പ്രകാരം 57,152 രൂപയാണ്‌ ഈ മോഡലിന്‌ വില. ഹോണ്ടയില്‍ നിന്ന്‌ ആക്ടിവ 3ജി മോഡല്‍ ലഭിച്ചു. ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക്‌ പ്രകാരം 58,739 രൂപ വിലയുണ്ട്‌ ഈ സ്‌കൂട്ടറിന്‌.

മഹീന്ദ്ര ഗസ്റ്റോ

മഹീന്ദ്ര ഗസ്റ്റോ

സെപ്‌തംബര്‍ 2014നാണ്‌ ഈ സ്‌കൂട്ടര്‍ മോഡല്‍ വിപണിയിലെത്തിയത്‌. വിപണിയിലെ രാജാവായ ആക്ടിവയെ കൃത്യം ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം

മഹീന്ദ്ര ഗസ്റ്റോ ഫ്രണ്ട്‌ ഡിസൈന്‍

മഹീന്ദ്ര ഗസ്റ്റോ ഫ്രണ്ട്‌ ഡിസൈന്‍

ആക്ടിവയില്‍ നിന്ന്‌ തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു ഡിസൈന്‍ ശൈലിയാണ്‌ ഗസ്‌റ്റോ സ്‌കൂട്ടറിന്‌ നല്‍കിയിരിക്കുന്നത്‌. ഗസ്‌റ്റോയുടെ മുന്‍വശം ആക്ടിവയെപ്പോലെ ലാളിത്യം നിറഞ്ഞ ഒന്നല്ല. കുറച്ച്‌ വിശദമായിത്തന്നെ ചിലതെല്ലാം പറയാന്‍ മഹീന്ദ്ര ഡിസൈനര്‍മാര്‍ ഇവിടം ഉപയോഗിച്ചിരിക്കുന്നു. ഹോണ്ട ആക്ടിവയെ അപേക്ഷിച്ച്‌ ഒരല്‍പം ബോക്‌സി ഡിസൈനാണ്‌ ഗസ്‌റ്റോയ്‌ക്കുള്ളത്‌.

മഹീന്ദ്ര ഗസ്‌റ്റോ റിയര്‍ ഡിസൈന്‍

മഹീന്ദ്ര ഗസ്‌റ്റോ റിയര്‍ ഡിസൈന്‍

ചതുരാകൃതിയിലുള്ള ടെയ്‌ല്‍ ലാമ്പ്‌ ഗസ്റ്റോയുടെ മൊത്തം ഡിസൈനിന്‌ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്‌. നിരത്തില്‍ ഈ വാഹനം ശ്രദ്ധിക്കപെടാതെ പോകില്ല എന്നുറപ്പ്‌. ഹോണ്ട ആക്ടിവ 3ജിയില്‍ പക്ഷേ കാര്യപ്പെട്ട മാറ്റങ്ങളൊന്നും കാണുകയില്ലയ പഴയ ലാളിത്യം നിറഞ്ഞ ഡിസൈന്‍ ശൈലിയില്‍ ഹോണ്ട ഉറച്ചു നില്‍ക്കുന്നത്‌ ഇന്ത്യന്‍ ഉപഭോക്താക്കള്‍ അത്‌ ഇഷ്ടപ്പെടുന്നു എന്നതിനാലാകണം. ഗസ്റ്റോയുടെ പിന്നിലെ നമ്പര്‍ പ്ലേറ്റ്‌ ഹോള്‍ഡര്‍ ഡിസൈന്‍ മനോഹരമായിട്ടുണ്ട്‌.

മൈലേജ്‌

മൈലേജ്‌

ബങ്കളുരു നഗരത്തിലെ മുടിഞ്ഞ ട്രാഫിക്കിനിടയിലൂടെയാണ്‌ ഇരുവാഹനങ്ങളും ഞങ്ങള്‍ കൊണ്ടുപോയത്‌. മഹീന്ദ്ര ആക്ടിവ ശരാശരി 40 കിലോമീറ്റര്‍ മൈലേജ്‌ നല്‍കിയപ്പോള്‍ ഗസ്‌റ്റോയുടെ ശരാശരി മൈലേജ്‌ 30 കിലോമീറ്ററായിരുന്നു.

പവര്‍ ഡെലിവറി

പവര്‍ ഡെലിവറി

ഹോണ്ട ആക്ടിവയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗസ്‌റ്റോ എന്‍ജിന്‍ ഇനിയും റിഫൈന്‍ ചെയ്യപ്പെടേണ്ടതുണ്ട്‌ എന്ന നിഗമനത്തിലാണ്‌ ഞങ്ങളെത്തിയത്‌. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വേണ്ടത്ര പവര്‍ പകരാന്‍ എന്‍ഡജിന്‌ സാധിക്കുന്നില്ല. ലോ, മിഡ്‌ റെയ്‌ഞ്ചുകളില്‍ മികച്ച പ്രകടനമാണ്‌ എന്‍ജിന്‍ പുറത്തെടുക്കുന്നത്‌.

ഹോണ്ട ആക്ടിവ 3ജി എന്‍ജിന്‍ വളരെ സ്‌മൂത്ത്‌ റൈഡ്‌ പ്രദാനം ചെയ്യുന്നു. മിഡ്‌ റെയ്‌ഞ്ച്‌ വേഗതയില്‍ (50 മുതല്‍ 60 വരെ കിമി) ചെറിയ പ്രയാസം അനുഭവപ്പെടാം. എന്നാല്‍, 95 കിലോമീറ്റര്‍ വരെ വേഗതയില്‍ സ്ഥിരത നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ വാഹനത്തിന്‌ സ്റ്റാമിനയുണ്ട്‌.

ഹാന്‍ഡ്‌ലിങ്‌

ഹാന്‍ഡ്‌ലിങ്‌

ഗസ്റ്റോയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ഗ്രൗണ്ട്‌ ക്ലിയറന്‍സാണ്‌ ആക്ടിവയ്‌ക്കുള്ളത്‌. എന്നാല്‍, കോര്‍ണറുകളും മറ്റും വളരെ സ്‌മൂത്തായി എടുത്തു പോകാം. കൂടുതല്‍ ഗ്രൗണ്ട്‌ ക്ലിയറന്‍സുണ്ടായിട്ടും ഗസ്‌റ്റോയുടെ അടിഭാഗം കോര്‍ണറുകളില്‍ നിലത്തു തട്ടുന്നു. ആക്ടിവയുടെ ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌ 153 മില്ലിമീറ്ററാണ്‌. ഗസ്‌റ്റോയുടേത്‌ 165 മില്ലിമീറ്ററും. കോര്‍ണറുകളില്‍ ആക്ടിവയുടെ പ്രകടനം മികവുറ്റതാണ്‌. താരതമ്യേന ഭാരം കുറഞ്ഞ വാഹനമാണഅ ആക്ടിവ. 120 കിലോഗ്രാം ഭാരമുള്ള ഗസ്‌റ്റോയെക്കാള്‍ 12 കിലോഗ്രാം ഭാരക്കുറവ്‌ ആക്ടിവയ്‌ക്കുണ്ട്‌. ആക്ടിവയുടേത്‌ മികവുറ്റ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ്‌ എന്നതും ഒരു കാരണമാകാം.

വീലുകളും സസ്‌പെന്‍ഷനും

വീലുകളും സസ്‌പെന്‍ഷനും

ഗസ്‌റ്റോയുടേത്‌ 12 ഇഞ്ച്‌ റിമ്മാണ്‌. ആക്ടിവയ്‌ക്ക്‌10 ഇഞ്ച്‌ റിമ്മാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. വലിയ വീലുകളാണ്‌ ഗസ്റ്റോയ്‌ക്ക്‌ ഘടിപ്പിച്ചിരിക്കുന്നതെങ്കിലും റോഡിലെ കുണ്ടും കുഴിയും ഹാന്‍ഡില്‍ബാറുകളില്‍ കൃത്യമായി ഫീല്‍ ചെയ്യുന്നുണ്ട്‌. ഇത്‌ ഫ്രണ്ട്‌ സസ്‌പെന്‍ഷന്റെ പോരായ്‌മയാണ്‌.ടെലിസ്‌കോപിക്‌ സസ്‌പെന്‍ഷനാണ്‌ ഗസ്റ്റോയില്‍ ചേര്‍ത്തിട്ടുള്ളത്‌. ഗസ്‌റ്റോയുടെ പിന്‍ സസ്‌പെന്‍ഷന്‍ കുറെക്കൂടി കടുപ്പിക്കാമായിരുന്നു എന്നു തോന്നി. ആക്ടിവയുടെ സ്‌പ്രിങ്‌ ലോഡ്‌ ചെയ്‌ത ഹൈഡ്രോളിക്‌ സസ്‌പെന്‍ഷന്‍ ബംപുകളില്‍ മികവ്‌ കാണിക്കുന്നുണ്ട്‌.

സീറ്റിങ്‌

സീറ്റിങ്‌

സീറ്റ്‌ ഉയരക്രമീകരണം എന്ന പുതിയ ഫീച്ചറുമായാണ്‌ ഗസ്റ്റോ വരുന്നത്‌. ഉയരം കുറഞ്ഞവര്‍ക്ക്‌ 35 മില്ലിമീറ്റര്‍ വരെ സീറ്റ്‌ താഴ്‌ത്തുവാന്‍ സാധിക്കും. ഇതൊക്കെയുണ്ടായിട്ടും ആക്ടിവയുടെ സീറ്റുകളുടെ കംഫര്‍ട്ട്‌ ഗസ്റ്റോയ്‌ക്കില്ല എന്നു തന്നെയാണ്‌ വിലയിരുത്തല്‍. ആക്ടിവ സീറ്റ്‌ ആവശ്യത്തിന്‌ വീതിയുള്ളതും സോഫ്‌റ്റുമാണ്‌. സിറ്റികളിലെ ഉപയോഗത്തിന്‌ ഇത്‌ ഏറെ അത്യാവശ്യമാണ്‌.

കംഫര്‍ട്ട്‌

കംഫര്‍ട്ട്‌

ആക്ടിവയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗസ്‌റ്റോയുടെ ഹാന്‍ഡില്‍ബാര്‍ വീതിയേറിയതാണ്‌. എന്നാല്‍, ഇത്‌ താരതമ്യേന കംഫര്‍ട്ട്‌ കുറവായിട്ടാണ്‌ അനുഭവപ്പെട്ടത്‌. ഗസ്റ്റോ ഹാന്‍ഡില്‍ബാര്‍ കുറച്ചുകൂടി ഉള്ളിലേക്കു വരേണ്ടിയിരുന്നു എന്നും തോന്നി. കുറെ ദൂരം തുടര്‍ച്ചയായി റൈഡ്‌ ചെയ്യുമ്പോള്‍ ഷോള്‍ഡര്‍ വേദനിച്ചു തുടങ്ങും. ആക്ടിവയ്‌ക്ക്‌ മികച്ച ഹാന്‍ഡില്‍ബാര്‍ പൊസിഷനാണുള്ളതെന്ന്‌ ഞങ്ങള്‍ വിലയിരുത്തുന്നു.

ബ്രേക്കുകള്‍

ബ്രേക്കുകള്‍

മഹീന്ദ്ര ഗസ്റ്റോ ബ്രേക്കിങ്‌ സിസ്‌റ്റം മികച്ചതാണ്‌. ആക്ടിവയുടെ സിബിഎസ്‌ (കമ്പൈന്‍ഡ്‌ ബ്രേക്കിങ്‌ സിസ്റ്റം) കുറെക്കൂടി മികവ്‌ പുവര്‍ത്തുന്നു എന്നാണ്‌ തോന്നിയത്‌.

കമ്പൈന്‍ഡ്‌ ബ്രേക്കിങ്‌ സിസ്റ്റം

കമ്പൈന്‍ഡ്‌ ബ്രേക്കിങ്‌ സിസ്റ്റം

മുന്നിലെയും പിന്നിലെയും ബ്രേക്കുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണിത്‌. വിദഗ്‌ധരല്ലാത്ത റൈഡര്‍മാര്‍ക്ക്‌ (ആക്ടിവ സ്‌കൂട്ടര്‍ വാങ്ങുന്നവരില്‍ വലിയ വിഭാഗവും കുടുംബസ്ഥരും മറ്റുമാണ്‌) ഈ സിസ്‌റ്റം വളരെ ഉപകാരപ്രദമാണ്‌. എന്നാല്‍, വൈദഗ്‌ധ്യമുള്ളവര്‍ ഒരല്‍പം കുഴങ്ങും. ഒരു ബ്രേക്ക്‌ മാത്രം അപ്ലേ ചെയ്യാനുള്ള സൗകര്യം പരിമിതമാണ്‌ എന്നതാകുന്നു പ്രശ്‌നം.

ഇന്‍സ്‌ട്രുമെന്റേഷന്‍

ഇന്‍സ്‌ട്രുമെന്റേഷന്‍

ഗസ്റ്റോയുടെ ഇന്‍സ്‌ട്രുമെന്റ്‌ ക്ലസ്‌റ്റര്‍ വളരെ ചെറുതാണ്‌. ഫ്യുവല്‍ ഗെയ്‌ജും ടേണ്‍ സിഗിനല്‍ ഡിസ്‌പ്ലേയും കണ്ണുകള്‍ക്ക്‌ പിടിച്ചെടുക്കാന്‍ കഴിയുന്നില്ല. റൈഡ്‌ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ ഫ്യുവല്‍ ഗേജ്‌ ചെക്ക്‌ ചെയ്യാം എന്നു കരുതിയാല്‍ സംഗതി പാളി എന്നു കരുതിയാല്‍ മതി. റോഡില്‍ നിന്നുള്ള എല്ലാ ശ്രദ്ധയും പിന്‍വലിച്ച വളരെ അവധാനതയോടെ ചെയ്‌താല്‍ മാത്രമേ ഗസ്‌റ്റോയിലെ ഫ്യുവല്‍ ഗേജ്‌ തിരിച്ചറിയാന്‍ കഴിയൂ. ആക്ടിവയിലെ ഇന്‍സ്‌ട്രുമെന്റ്‌ ക്ലസ്റ്റര്‍ ഗസ്റ്റോയിലേതിനെ അപേക്ഷിച്ച്‌ ഏറെ മികച്ചതാണ്‌.

സ്വിച്ചുകള്‍

സ്വിച്ചുകള്‍

ഇരുവാഹനങ്ങളിലെയും സ്വിച്ചുകളുടെ സ്ഥാനം വളരെ പ്രയോഗക്ഷമമായി ക്രമീകരിച്ചിട്ടുണ്ട്‌. ഇരുവരും ഇക്കാര്യത്തില്‍ പരാതിക്ക്‌ ഇടയാക്കില്ലെന്ന്‌ പ്രതീക്ഷിക്കുന്നു.

ഹെഡ്‌ലൈറ്റുകള്‍

ഹെഡ്‌ലൈറ്റുകള്‍

ആക്ടിവയെ അപേക്ഷിച്ച്‌ തെളിച്ചം കൂടിയ ഹെഡ്‌ലൈറ്റുകളാണ്‌ ഗസ്റ്റോയ്‌ക്കുള്ളത്‌. ഹൈ/ലോ ബീമുകള്‍ വളരെ കൃത്യതയോടെ ഫോക്കസ്‌ ചെയ്യുന്നുണ്ട്‌. ഹൈവേ റൈഡില്‍ ഇത്‌ ഏറെ ഗുണം ചെയ്യും. ആക്ടിവ ഇക്കാര്യത്തില്‍ കുറെക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌.

സീറ്റിനടിയിലേക്ക്‌

സീറ്റിനടിയിലേക്ക്‌

ആക്ടിവയുടെ സീറ്റ്‌ പിന്നില്‍ നിന്നാണ്‌ ഉയര്‍ത്തേണ്ടത്‌. ഗസ്റ്റോയുടേത്‌ മുന്നില്‍ നിന്നും. സീറ്റിനെ ഉയര്‍ത്തി നിര്‍ത്താന്‍ ഒരു സിംപിള്‍ പണി നടത്തിയിരിക്കുന്നു മഹീന്ദ്ര ഡിസൈനര്‍മാര്‍.

സ്റ്റോറെജ്‌

സ്റ്റോറെജ്‌

മഹീന്ദ്ര ഇവിെ കുറെക്കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ഒരു ഫുള്‍ ഫേസ്‌ ഹെല്‍മെറ്റ്‌ വെക്കാനുള്ള ഇടംപോലും സ്‌റ്റോറേജിലില്ല. പ്രായോഗികതയെ വലിയ തോതില്‍ കുറയ്‌ക്കുന്ന ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായിരുന്നു. ആക്ടിവയുടെ സ്‌റ്റോറേജ്‌ സ്‌പേസ്‌ മികവുറ്റതാണ്‌. അത്യാവശ്യ ഉപകരണങ്ങള്‍ വെക്കാനും ഡോക്യുമെന്റുകള്‍ വെക്കാനുമുള്ള ഇടം ഇതിലുണ്ട്‌.

ഫ്രണ്ട്‌ സ്‌റ്റോറെജ്‌

ഫ്രണ്ട്‌ സ്‌റ്റോറെജ്‌

ഗസ്‌റ്റോയ്‌ക്ക്‌ ഫ്രണ്ട്‌ സ്‌റ്റോറേജ്‌ സ്‌പേസ്‌ നല്‍കിയിട്ടുണ്ട്‌. ഈ സൗകര്യം ആക്ടിവയിലില്ല.

ഗ്രാബ്‌ ഹാന്‍ഡില്‍

ഗ്രാബ്‌ ഹാന്‍ഡില്‍

ഗസ്റ്റോയുടേത്‌ താരതമ്യേന വലിപ്പമുള്ള ഗ്രാബ്‌ റെയിലാണ്‌. സ്‌കൂട്ടര്‍ സെന്റര്‍ സ്റ്റാന്‍ഡിലിടുമ്പോള്‍ ഇത്‌ സഹായകമാണ്‌. കൂടാതെ, പിന്നിലിരിക്കുന്ന ആള്‍ക്ക്‌ കുറച്ചധികം സുരക്ഷിതത്വവും നല്‍കുന്നു ഇത്‌.

ഗസ്റ്റോ: ഗുണവും ദോഷവും

ഗസ്റ്റോ: ഗുണവും ദോഷവും

ഗസ്‌റ്റോയുടെ പിന്‍വശം മികച്ച നിലയില്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നു എന്നു കാണാം. ഉയരക്രകമീകരണമുള്ള സീറ്റ്‌ തികച്ചും ഉപകാരപ്രദമാണ്‌. ഗ്രാബ്‌ ഹാന്‍ഡില്‍ നന്നായി ഡിസൈന്‍ ചെയ്‌തിച്ചുണ്ട്‌. റിയര്‍വ്യൂ മിററും മികവുറ്റതാണ്‌. ഹെഡ്‌ലൈറ്റുകള്‍ ഏറെ തെളിച്ചമുള്ളവയും നന്നായി ഫോക്കസ്‌ ചെയ്യുന്നവയുമാണ്‌. കിക്കര്‍ ശരിയായി പ്ലേസ്‌ ചെയ്‌തിട്ടുണ്ട്‌.

ഗസ്റ്റോ: ഗുണവും ദോഷവും

ഗസ്റ്റോ: ഗുണവും ദോഷവും

എന്‍ജിനില്‍ നിന്നു തന്നെ തുടങ്ങുന്നു ഗസ്റ്റോയുടെ ദോഷങ്ങള്‍. റൈഡെ ചെയ്‌ത്‌ തുടങ്ങുമ്പോഴേ ഒട്ടും സ്‌മൂത്തല്ലാത്ത ഗസ്‌റ്റോ എന്‍ജിന്‍ റൈഡറുടെ മനസ്സിനെ പിന്നോട്ടടിപ്പിക്കും. ഹോണ്ട ആക്ടിവ എന്‍ജിനുമായാണ്‌ മത്സരം എന്നതുകൂടി ഓര്‍ത്താല്‍ സംഗതി ക്ലീന്‍. സൈഡ്‌ സ്‌റ്റാന്‍ഡ്‌ ഡിസൈന്‍ മളരെ മോശമാണ്‌. പാര്‍ക്ക്‌ ചെയ്യുന്നയിടം സമനിരപ്പില്‍ വേണമെന്നാണ്‌ ഗസ്റ്റോ ഡിസൈനര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്‌. സ്‌റ്റോറേജ്‌ സ്‌പേസ്‌ വളരെ മോശം. ഇന്‍സ്‌ട്രുമെന്റ്‌ ക്ലസ്‌റ്റര്‍ കുറെക്കൂടി നന്നായി ഡിസൈന്‍ ചെയ്യാമായിരുന്നു. ഹാന്‍ഡില്‍ബാര്‍ ഡിസൈനാണ്‌ പരാതിയുള്ള മറ്റൊന്ന്‌. സീറ്റുകള്‍ക്ക്‌ കുറെക്കൂടി സോഫ്‌റ്റ്‌നെസ്സ്‌ വേണം.

ആക്ടിവ 3ജി: ഗുണവും ദോഷവും

ആക്ടിവ 3ജി: ഗുണവും ദോഷവും

ആകെ നോട്ടത്തില്‍ ലളിതമായും പ്രാക്ടിക്കലായും ഡിസൈന്‍ ചെയ്‌തിട്ടുള്ള സ്‌കൂട്ടറാണ്‌ ആക്ടിവ. മികച്ച റൈഡിങ്‌ പൊസിഷന്‍, സ്‌മൂത്ത്‌ എന്‍ജിന്‍, ഇന്ധനക്ഷമത തുടങ്ങിയ നിരവധി ഗുണങ്ങള്‍ ഈ വാഹനത്തിനുണ്ട്‌. എളുപ്പത്തില്‍ കണ്ണിലെത്തുന്ന ഇന്‍സ്‌ട്രുമെന്റ്‌ ക്ലസ്റ്ററാണ്‌ മറ്റൊരു മേന്മയും. സീറ്റിനടിയിലെ സ്റ്റോറേജ്‌ സൗകര്യവും പ്രാക്ടിക്കലാണ്‌.

ആക്ടിവ 3ജി: ഗുണവും ദോഷവും

ആക്ടിവ 3ജി: ഗുണവും ദോഷവും

പിന്നിലെ ഗ്രാബ്‌ ഹാന്‍ഡില്‍ കുറെക്കൂടി വലുതാക്കാമായിരുന്നു. റിയര്‍വ്യൂ മിററിനും കുറെക്കൂടി വലിപ്പം വേണം.

വിധി

വിധി

വളരെ മികച്ച വാഹനം തന്നെയാണ്‌ മഹീന്ദ്ര ഗസ്റ്റോ. സീറ്റ്‌ അഡ്‌ജസ്‌റ്റ്‌മെന്റ്‌ 'ഫാമിലി ഫ്രണ്ട്‌ലി'യാണ്‌. ഒരുപാട്‌ പേര്‍ക്ക്‌ ഇത്‌ ഉപകരിക്കും. എന്നാല്‍, സ്‌കൂട്ടറുകളെ മറികടന്ന ബൈക്കുകളുമായി മത്സരിച്ച്‌ വില്‍പനയില്‍ ആദ്യസ്ഥാനങ്ങളിലെത്തിച്ചേര്‍ന്ന ആക്ടിവയുമായി താരതമ്യം ചെയ്യുമ്പോള്‍, ഗസ്‌റ്റോ ഇനിയും വളരേണ്ടതായിട്ടുണ്ട്‌ എന്നു പറയണം.

സാങ്കേതികം

സാങ്കേതികം

മഹീന്ദ്ര ഗസ്റ്റോയില്‍ 109സിസി എന്‍ജിനാണുള്ളത്‌. 7500 ആര്‍പിഎമ്മില്‍ 8 കുതിരശക്തി. 5500 ആര്‍പിഎമ്മില്‍ 9 എന്‍എം ചക്രവീര്യം. ഹോണ്ട ആക്ടിവ 3ജിയില്‍ 109.2സിസി എയര്‍കൂള്‍ഡ്‌ എന്‍ജിനാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. 7500 ആര്‍പിഎമ്മില്‍ 8 കുതിരശക്തി. 5500 ആര്‍പിഎമ്മില്‍ 8.83 എന്‍എം ചക്രവീര്യം.

Most Read Articles

Malayalam
Story first published: Friday, April 24, 2015, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X