2014 നിസ്സാന്‍ സണ്ണി സെഡാന്‍ റിവ്യൂ

By Santheep

സ്‌കൂള്‍ കാലത്ത് പഠിച്ചതിലധികമൊന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളെക്കുറിച്ച് എനിക്കറിയില്ലെന്നതായിരുന്നു സത്യം. ഇടക്കാലത്ത് പ്രിയദര്‍ശന്‍ (നല്ലൊരു കാര്യത്തിനു പുറപ്പെടുമ്പോഴാണ് ഒരൊടുക്കത്തെ പ്രിയദര്‍ശന്‍!) പുറത്തിറക്കിയ പടം കണ്ട് ദേശീയതയുടെ പുളകം കൊണ്ടതും ഓര്‍മയിലുണ്ടായിരുന്നു. ചെന്നിറങ്ങിയതുമുതല്‍ എന്റെ അറിവുകളോടും ഭാവനകളോടുമെല്ലാം അല്‍പമെങ്കിലും ഇടഞ്ഞുനില്‍ക്കുന്ന കാഴ്ചകളാണ് കണ്ടത്. പോര്‍ട് ബ്ലയര്‍ എയര്‍പോര്‍ടില്‍ നിന്ന് ഹോട്ടലിലേക്കുള്ള ചെറിയ ദൂരംമുഴുവന്‍ ഇരുവശങ്ങളിലേക്കും അമ്പരപ്പോടെ നോക്കിത്തീര്‍ത്തു.

ഹോട്ടലിന്റെ മുമ്പില്‍തന്നെ പുതിയ സണ്ണി സെഡാന്‍ പാര്‍ക്കു ചെയ്തിട്ടിരിക്കുന്നത് മനപ്പൂര്‍വം തന്നെയാണെന്ന് എനിക്കുതോന്നി. ഒരു യക്ഷിയെപ്പോലെ വലിച്ചടുപ്പിക്കുന്ന സൗന്ദര്യമുള്ള ആന്‍ഡമാന്‍ ദ്വീപില്‍ നിങ്ങള്‍ വന്നതെന്തിനാണെന്ന് മറക്കരുത് എന്ന് നിസ്സാന്‍ വിനയത്തോടെ ഓര്‍മിപ്പിക്കുകയായിരുന്നു ഞങ്ങളെ. സ്വീകരിക്കാന്‍ നിസ്സാന്‍ മീഡിയ ഡ്രൈവ് സംഘാടകരില്‍ ചിലര്‍ സ്ഥലത്തുണ്ടായിരുന്നു.

ആന്‍ഡമാന്‍ കുറച്ചു നേരത്തെ കിടന്നുറങ്ങും എന്ന വിവരം ഞങ്ങള്‍ക്കു ചെന്നയുടനെ ലഭിച്ചു. രാത്രിയില്‍ കാമറകള്‍ക്ക് സണ്ണിയെ വേണ്ടവിധത്തില്‍ കാണാനൊത്തു എന്നുവരില്ല. ഇപ്പോളിറങ്ങിയാല്‍ ചിത്രങ്ങളെടുക്കാന്‍ പാകത്തിന് തെളിച്ചമുണ്ട് അന്തരീക്ഷത്തിന്.

പോര്‍ട് ബ്ലയറിലെ വളവുകള്‍ ഏറെയുള്ള പാതയില്‍ നിസ്സാന്‍ സണ്ണി മികവോടെ പ്രവര്‍ത്തിച്ചു. ഡ്രൈവിനെക്കുറിച്ച് കൂടുതലായൊന്നും പറയാനില്ല. സാങ്കേതികമായി മാറ്റങ്ങളൊന്നുമില്ലാത്തതിനാല്‍ അപരിചിതത്വമില്ലാതെ നീങ്ങി. കാറിന്റെ അകത്തും പുറത്തും നിസ്സാന്‍ വരുത്തിയിട്ടുള്ള ബ്രില്യന്റ് എന്നുതന്നെ വിളിക്കാവുന്ന മാറ്റങ്ങളിലാണ് ഞങ്ങളുടെ ശ്രദ്ധ പതിഞ്ഞത്. ഞങ്ങള്‍ ഏറെയും ചര്‍ച്ച ചെയ്തതും അതെക്കുറിച്ചു തന്നെ. സണ്ണിയുടെ എക്‌സ്എല്‍ സിവിടി വേരിയന്റാണ് തന്നുവിട്ടിട്ടുള്ളത്.

പ്രകാശം അല്‍പം കുറവുള്ളതുപോലെ തോന്നി മാഞ്ചിരി ജെട്ടിയില്‍ ഞങ്ങളെത്തുമ്പോള്‍. ചിത്രങ്ങളെടുക്കാന്‍ ഈ വെളിച്ചമൊക്കെ ധാരാളം.

പുതിയ സണ്ണിയില്‍ ആന്‍ഡമാന്‍ ദ്വീപീന്റെ അങ്ങേ മൂലയിലേക്ക്

ചിത്രങ്ങളിലൂടെ നീങ്ങുക

പുതിയ സണ്ണിയില്‍ ആന്‍ഡമാന്‍ ദ്വീപീന്റെ അങ്ങേ മൂലയിലേക്ക്

പലപ്പോഴും കാറുകളുടെ ഇടക്കാല പുതുക്കലുകളില്‍ സംഭവിക്കാറുള്ള വലിയൊരു പിഴ, എവിടെയെല്ലാമാണ് പുതിക്കിയതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ അറിയൂ എന്നതാണ്. ഇത്തരമൊരു പിഴവ് നിസ്സാന് സംഭവിച്ചിട്ടില്ല സണ്ണിയുടെ കാര്യത്തില്‍. സണ്ണിയുടെ മുന്‍വശത്തെ എയര്‍ഡാം തന്നെ തനിക്കു സംഭവിച്ച മാറ്റം നിസ്സാരമല്ല എന്നൊരു തോന്നല്‍ സൃഷ്ടിക്കുന്നു. ക്രോമിയത്തിന്റെ ഉദാരമായ ഉപയോഗം താഴെ കാണാം. ഗ്രില്ലിനു ചുറ്റും ക്രോമിയത്തിന്റെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. നിസ്സാന്‍ ടീനയുടെ മീന്‍കണ്ണിനോട് സമാനത പുലര്‍ത്തുന്നുണ്ട് പുതിയ സണ്ണിയുടെ ഹെഡ്‌ലാമ്പ്. എന്നാല്‍ അത്രത്തോളം മെലിഞ്ഞതല്ല എന്നതും കാണണം. മുകളറ്റം കൂര്‍ത്തിട്ടല്ല. ബോള്‍ഡ് ആയൊരു നിലപാടാണ് ഈ ഡിസൈനിനുള്ളത്. ഫോഗ് ലാമ്പ് ഹൗസിങ്ങിലും കാണാം ക്രോമിയം ധാരാളിത്തം. മുന്‍വശത്തുനിന്നുള്ള കാഴ്ചയില്‍ പ്രീമിയം ഫീല്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ട് സണ്ണിക്ക്.

പുതിയ സണ്ണിയില്‍ ആന്‍ഡമാന്‍ ദ്വീപീന്റെ അങ്ങേ മൂലയിലേക്ക്

പിന്നില്‍ നിന്നുള്ള കാഴ്ചയിലും മാറ്റമനുഭവപ്പെടും. വശങ്ങളില്‍ മാറ്റമൊന്നും കാണാനില്ല. അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്നു. 14 ഇഞ്ച് വീലളവ് നിലനിര്‍ത്തിയിരിക്കുന്നു. ഉയര്‍ന്ന വേരിയന്റായ എക്‌സ്‌വി-യില്‍ ഇലക്ട്രിക് മിറര്‍ ഘടിപ്പിച്ചിട്ടുണ്ട്.

പുതിയ സണ്ണിയില്‍ ആന്‍ഡമാന്‍ ദ്വീപീന്റെ അങ്ങേ മൂലയിലേക്ക്

2014 സണ്ണിയുടെ കാബിനിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി കാണാം. സ്റ്റീയറിങ് വീലില്‍ മ്യൂസിക് സിസ്റ്റത്തിന്റെയും ബ്ലൂടൂത്തിന്റെയും നിയന്ത്രണസംവിധാനങ്ങള്‍ നല്‍കിയിരിക്കുന്നു. മൈക്രയില്‍ കാണുന്നതിനു സമാനമായ സെന്റര്‍ കണ്‍സോള്‍ പിയാനോ ബ്ലാക്ക് നിറത്തില്‍ അന്തസ്സോടെയിരിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ റിവേഴ്‌സ് കാമറയുടെ ഡിസ്‌പ്ലേ കൂടി ഇവിടെയുണ്ടായിരിക്കും. ഉയര്‍ന്ന മോഡലുകള്‍ക്ക് സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണുമുണ്ട്. ഇവയെല്ലാം ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളാണെന്നും ഓര്‍ക്കുക. റിയര്‍ എസി വെന്റുകല്‍, റിയര്‍ റീഡിങ് ലാമ്പുകള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീലും ഗിയര്‍ഷിഫ്റ്റ് നോബും എന്നിവയും ഉയര്‍ന്ന പതിപ്പുകളിലുണ്ട്. സെഗ്മെന്റില്‍ ഏറ്റവും മികച്ച ലെഗ്‌റൂം, ഉയര്‍ന്ന ഹെഡ്‌റൂം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രത്യേകമായി എടുത്തുപറയേണ്ടതില്ല എന്നു തോന്നുന്നു.

പുതിയ സണ്ണിയില്‍ ആന്‍ഡമാന്‍ ദ്വീപീന്റെ അങ്ങേ മൂലയിലേക്ക്

സാങ്കേതികമായി കാര്യപ്പെട്ട മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നു പറഞ്ഞുവല്ലോ. ചില പരാതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നിസ്സാന്‍ നടത്താതിരുന്നിട്ടുമില്ല സണ്ണിയില്‍. എന്‍ജിന്‍ ശബ്ദം കുറയ്ക്കുവാനും വൈബ്രേഷന്‍ കുറയ്ക്കുവാനുമെല്ലാം ശ്രമിച്ചിട്ടുണ്ട്. വാഹനം മുന്‍ പതിപ്പിനെക്കാള്‍ സ്മൂത്താണ് ഇപ്പോള്‍. അടുത്ത മാസം ഈ വാഹനം ലോഞ്ച് ചെയ്യുമ്പോള്‍ ഒരു പത്തുനാപ്പതിനായിരം രൂപയുടെ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. സംഗതി മുതലാണ് എന്ന് ഇപ്പോഴേ പറഞ്ഞുവെക്കട്ടെ.

പുതിയ സണ്ണിയില്‍ ആന്‍ഡമാന്‍ ദ്വീപീന്റെ അങ്ങേ മൂലയിലേക്ക്

സണ്ണിയുടെ ബൂട്ട് സൗകര്യത്തെക്കുറിച്ചെല്ലാം നേരത്തെ നമ്മള്‍ മനസ്സിലാക്കിയതു തന്നെ ആവര്‍ത്തിക്കുന്നു. 490 ലിറ്റര്‍ സ്‌പേസില്‍ വണ്ടിയിലെ എല്ലാ ഗടികളുടെയും ലഗ്ഗേജ് കുത്തിനിറച്ചിട്ടുണ്ട്. എആര്‍എഐ സാക്ഷ്യം നല്‍കുന്നതു പ്രകാരം ലിറ്ററിന് 22.71 കിലോമീറ്ററാണ് മൈലേജ്. ഞങ്ങളിപ്പോള്‍ ഓടുക്കുന്ന എക്‌സ്എല്‍ പതിപ്പ് 1.5 ലിറ്റര്‍ ശേഷിയുള്ളതാണ്.

പുതിയ സണ്ണിയില്‍ ആന്‍ഡമാന്‍ ദ്വീപീന്റെ അങ്ങേ മൂലയിലേക്ക്

സ്‌പേസ്, ഡ്രൈവിങ് സുഖം, യാത്രാസുഖം തുടങ്ങിയ സണ്ണിയുടെ എല്ലാ പ്രത്യേകതകളും തുടരുന്നു എന്നതിനൊപ്പം സാധനം ഒട്ടും കാലഹരണപ്പെടാതെ നിറുത്തുകയും ചെയ്തിരിക്കുന്നു നിസ്സാന്‍. ആന്‍ഡമാന്റെ തെക്കന്‍ പ്രദേശമായ പോര്‍ട് ബ്ലയറിന്റെ ചുറ്റുപാടിലാണ് ഞങ്ങളിപ്പോഴുള്ളത്. ദക്ഷിണ ആന്‍ഡമാന്‍ ദ്വീപിന്റെ ഏറ്റവും തെക്കേ മൂലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. ചിദിയ ടാബൂ എന്നോ മറ്റോ പേര് പറഞ്ഞു. ചീഫ് എഡിറ്റര്‍ മി. ജോബോ കുരുവിള ബീഏ ബീഎല്‍ തിരക്കിട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തായാക്കുന്നു. ഇവനൊക്കെ പ്രാന്താണ്. കുറച്ച് ക്ഷീണത്തിലായിരുന്ന ഞാന്‍. എവിടേക്ക് പണ്ടാറടങ്ങിയാലും വേണ്ടില്ല എന്നൊരു തോന്നലോടെ പിന്‍സീറ്റില്‍ കണ്ണടച്ചുകിടന്നു.

Most Read Articles

Malayalam
English summary
Malayalam Drivespark has driven the all new 2014 Nissan Sunny model. Here is a media-drive report which happened in Andaman island and a review of the car.
Story first published: Wednesday, June 18, 2014, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X