മാരുതി ഒരു കോടി കാറുകള്‍ പുറത്തിറക്കി

വ്യാഴം, ഫെബ്രുവരി 9, 2012, 14:52 [IST]
Maruti Suzuki Swift
ഹരിയാനയിലെ മനെസറില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്വിഫ്റ്റ് വിഎക്സ്ഐ പതിപ്പ് കാറിനെ ആര്‍പ്പുവിളികളോടെയാണ് തൊഴിലാളികള്‍ ട്രക്കില്‍ കയറ്റിയത്. ഇന്ന് രാവിലെ കോയമ്പത്തൂരിലേക്കുള്ള ഡെസ്പാച്ച് വാഹനത്തില്‍ കയറിയ ചുവന്ന സ്വിഫ്റ്റിന് വലിയ പ്രാധാന്യമുണ്ട്. ഈ വാഹനത്തോടെ മാരുതി വിപണിയിലിറക്കിയ കാറുകളുടെ എണ്ണം ഒരു കോടി പൂര്‍ത്തിയാക്കിയിരിക്കുന്നു.

29 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് മാരുതിയുടെ ഇന്ത്യന്‍ ഇതിഹാസം. ഇന്ധിരാഗാന്ധിയുടെ മൂത്തപുത്രന്‍ സഞ്ജയ് ഗാന്ധി അതിനും വര്‍ഷങ്ങള്‍ക്കു മുമ്പെ കമ്പനിക്ക് തുടക്കമിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് കാറ് പോയിട്ട് കാറിന്‍റെ വൈപ്പര്‍ പോലും പുറത്തിറങ്ങിയിരുന്നില്ല. വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷമാണ് മാരുതിയില്‍ നിന്ന് കാര്‍ പുറത്തു വരുന്നത്.

മാരുതി 800 ആണ് ആദ്യം വിപണിയിലെത്തിയ മാരുതി കാര്‍. ഇടത്തരക്കാരെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയ ഈ കാര്‍ വന്‍ വിജയമായിത്തീര്‍ന്നു. പിന്നീടുള്ള ചരിത്രമെല്ലാം പലപാട് പറഞ്ഞവയാണ്. ഇന്ത്യന്‍ ഇടത്തരക്കാരന്‍റെ മനസ്സില്‍ എക്കാലവും പതിഞ്ഞുകിടക്കുന്നവയാണ്.

കഴി‍ഞ്ഞ രണ്ടുമൂന്നു ദശകങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ചയുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നതാണ് മാരുതിയുടെ വിജയമെന്ന് മാരുതി സുസുക്കി സി ഇ ഒ ഷിന്‍സോ നകാനിഷി പറയുന്നു. മാറുന്ന ഇന്ത്യന്‍ ജീവിതത്തിനൊത്ത് മാരുതി മാറിയതിന്‍റെ സാക്ഷ്യമാണ് കമ്പനി ഇന്നും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
English summary
Maruti Suzuki India brought out the 10 millionth from their Manesar plant.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.