
കാറിന്‍റെ വിന്‍ഡോയില്‍ പരിധിയില്‍ കവിഞ്ഞ അളവില്‍ ടിന്‍റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് സുപ്രീം കോടതി തടഞ്ഞത് ഈയിടെയാണ്. കാറുടമകള്‍ക്ക് ആശ്വാസമായ ഒരു നിര്‍ദ്ദേശവുമായി ചെന്നൈ പൊലീസ് രംഗത്തെത്തിയത് വാര്‍ത്തയായിരിക്കുകയാണ് ഇപ്പോള്‍. ടിന്‍റഡ് ഗ്ലാസ് അനുവദിക്കാന്‍ സുപ്രീം കോടതി വിധി മൂലം നിര്‍വാഹമില്ലാത്തതിനാല്‍, കാറിന്‍റെ ഉള്‍വശത്ത് കര്‍ട്ടന്‍ ഉപയോഗിക്കാവുന്നതാണെന്ന് ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
സൂര്യാഘാതം തടയുന്നതിന് പര്യാപ്തമായ അളവില്‍ മാത്രമേ ഗ്ലാസിന് ടിന്‍റ് നല്‍കാവൂ എന്നതാണ് സുപ്രീം കോടതിയുടെ വിധിയുടെ സാരം. കറുത്ത സണ്‍ഗ്ലാസ് ഒട്ടിച്ച കാറുകള്‍ക്കുള്ളില്‍ ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങള്‍ സൗകര്യം പോലെ നടക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി വിധി വന്നത്.
അതേസമയം ചെന്നൈ പോലുള്ള നഗരങ്ങളിലുള്ള കടുത്ത ചൂട് പ്രത്യേകം പരിഗണിക്കേണ്ട സംഗതിയാണ്. വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥ പരിഗണിക്കാതെ രാജ്യത്തെമ്പാടും ബാധകമായ ഒരൊറ്റ നിര്‍ദ്ദേശം നല്‍കിയതില്‍ പിഴവുണ്ട്. വിവിധ പ്രദേശങ്ങളിലെ പരിതസ്ഥിതികള്‍ പരിഗണിച്ച് പ്രത്യേകം അളവ് നിര്‍ദ്ദേശിക്കാന്‍ അതാത് സര്‍ക്കാരുകളെ അനുവദിക്കേണ്ടതായിരുന്നു. ഈ പിഴവാണ് കോടതിവിധിയില്‍ മറ്റ് വിധത്തില്‍ വെള്ളം ചേര്‍ക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്.
ടിന്‍റഡ് ഗ്ലാസ് ഒഴിവാക്കിയാല്‍ ബലാല്‍സംഗവും കൊലയും കുറയുമെന്ന ചിന്താഗതിയെയും ഒരുകൂട്ടര്‍ ചോദ്യം ചെയ്യുന്നു. നിയമസംവിധാനം ശക്തിപ്പെടുത്താതെ ടിന്‍റഡ് ഗ്ലാസ് ഒഴിവാക്കിയാല്‍ പ്രശ്നം തീരുമെന്ന വിധത്തിലുള്ള നിരീക്ഷണം മണ്ടത്തമാണെന്ന് അവര്‍ പറയുന്നു.




















