
വിപണിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുക എന്നത് വലിയൊരു നേട്ടമൊന്നുമല്ല. എന്നാല്‍, പത്തുവര്‍ഷത്തിനു ശേഷവും അതിശക്തമായ മത്സരസാന്നിധ്യമായി വിപണിയിലുണ്ടാവുക എന്നത് വലിയൊരു കാര്യം തന്നെയാണ്. മഹീന്ദ്ര സ്കോര്‍പിയോ ഇപ്പോള്‍ ഈ വലിയ കാര്യത്തിന്‍റെ തമ്പുരാനാണ്.
പത്തുവര്‍ഷം മുന്‍പ് ലോഞ്ച് ചെയ്യുമ്പോള്‍ എസ്‍യുവി വിപണി ശിശുപ്രായം പിന്നിട്ടിരുന്നില്ല എന്നുവേണം പറയാന്‍. വലിയ മത്സരങ്ങളില്ലാതെ ഒഴിഞ്ഞയിടം. പക്ഷെ, കാണെക്കാണെ മത്സരം വര്‍ധിച്ചു വന്നു. ഇവിടെയെല്ലാം സ്കോര്‍പിയോ പിടിച്ചു നിന്നു. വിപണിപ്പോര് അതിന്‍റെ കൊടുമുടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിലും സ്കോര്‍പിയോ മുന്‍പില്‍ തന്നെ ഇടം പിടിക്കുന്നു.
മാസത്തില്‍ 10,000 യൂണിറ്റ് എന്ന കണക്കില്‍ മഹീന്ദ്രയുടെ ബൊലേറോ തന്നെയാണ് എസ്‍യുവി വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈയിടെ കടന്നുവന്ന എക്സ്‍യുവി500 എസ്‍യുവി ബൊലേറോയെ കവച്ചുവെക്കാന്‍ പോന്ന പ്രകടനം നടത്തുന്നുണ്ട്. സൈലോയും സ്വന്തമായ ഇടം കണ്ടെത്തിക്കഴിഞ്ഞ വാഹനമാണ്.
എസ്‍യുവി മാര്‍ക്കറ്റിനെ അടിസ്ഥാനമായി നിരത്തിക്കൊണ്ട് മറ്റ് വിതാനങ്ങളെ കീഴടക്കാന്‍ ഒരുമ്പെടുകയാണ് മഹീന്ദ്രയിപ്പോള്‍. മഹീന്ദ്ര വെരിറ്റോയിലൂടെ (റിനോയുമായി നടത്തിയ ബാന്ധവത്തില്‍ ഉണ്ടായ സന്തതി) സെഡാന്‍ വിപണിയിലേക്ക് മഹീന്ദ്ര എത്തിക്കഴിഞ്ഞു. മഹീന്ദ്ര ടൂവീലേഴ്സ് അതിന്‍റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് വളര്‍ച്ചയുടെ വഴിയിലാണ്. ബസ്, ട്രാക്ട്രര്‍ തുടങ്ങിയ മറ്റ് വാഹനനിരകള്‍ വേറെയും.
ഈ വളര്‍ച്ചക്കെല്ലാം മികവുള്ള ഒരടിത്തറ പാകാന്‍ സഹായിച്ചത് സ്കോര്‍പിയോ ആണെന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. ഇതിനിടയില്‍ കൊറിയന്‍ കമ്പനിയായ സാങ്‍യോങ്ങിനെ മഹീന്ദ്ര സ്വന്തമാക്കി. ഈ നീക്കം മഹീന്ദ്രയുടെ അന്താരാഷ്ട്ര നീക്കങ്ങള്‍ക്ക് ശക്തി പകര്‍ന്ന ഒന്നാണ്.




















