ജൂണ്‍ 16 മുതല്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ ദിനംപ്രതി മാറും — അറിയേണ്ടതെല്ലാം

Written By:

ജൂണ്‍ 16 മുതല്‍ രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലകള്‍ ദിനം പ്രതി മാറും. അടുത്ത വെള്ളിയാഴ്ച മുതല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ദിനം പ്രതി പെട്രോള്‍-ഡീസല്‍ വിലകള്‍ നിശ്ചയിക്കും.

മെയ് ഒന്ന് മുതല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ച നടപടിയാണ് ഇനി മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഉദയ്പൂര്‍, ജംഷ്ഡ്പൂര്‍, പുതുച്ചേരി, ഛണ്ഡിഗഢ്, വിശാഖപ്പട്ടണം എന്നീ നഗരങ്ങളിലാണ് പദ്ധതി നേരത്തെ ആരംഭിച്ചത്.

നിലവില്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് എണ്ണവില നിശ്ചയിക്കുന്നത്. ദിനംപ്രതി അടിസ്ഥാനത്തില്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ നിശ്ചയിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പമ്പുകളില്‍ ഒരുങ്ങി കഴിഞ്ഞു.

ദിനം പ്രതി നിശ്ചയിക്കുന്ന എണ്ണവില നിലവിലെ വിപണി സാഹചര്യങ്ങളോട് നീതി പുലര്‍ത്തുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വക്താവ് വ്യക്തമാക്കി. 

പെട്രോള്‍-ഡീസല്‍ വിലകളില്‍ നേരിടുന്ന അസ്ഥിരതയും ഇനി പരിഹരിക്കപ്പെടുമെന്നും ഇന്ത്യൻ ഒായിൽ വക്താവ് സൂചിപ്പിച്ചു.

പുതിയ സംവിധാനം സുതാര്യത വര്‍ധിപ്പിക്കുമെന്നും മിക്ക വികസിത രാഷ്ട്രങ്ങളിലും പ്രതിദിന അടിസ്ഥാനത്തിലാണ് പെട്രോള്‍-ഡീസല്‍ വിലകള്‍ നിശ്ചയിക്കുന്നതെന്നും ഐഒസിഎല്‍ കൂട്ടിച്ചേര്‍ത്തു.

പത്രമാധ്യമങ്ങള്‍, പ്രമുഖ റീടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഓണ്‍ലൈന്‍/ എസ്എംഎസ്, മൊബൈല്‍ ആപ്പുകള്‍ മുഖേനയുമാകും ദിനം പ്രതി നിശ്ചയിക്കുന്ന പെട്രോള്‍-ഡീസല്‍ വിലകള്‍ എണ്ണക്കമ്പനികള്‍ ജനങ്ങളില്‍ എത്തിക്കുക.

അടുത്തിടെ ചേര്‍ന്ന എണ്ണകമ്പനികളുടെ യോഗത്തിലാണ് രാജ്യവ്യാപകമായി ദിനം പ്രതി പെട്രോള്‍-ഡീസല്‍ വില നിശ്ചയിക്കാനുള്ള സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദ്ദേശം നല്‍കിയത്.

പൊതു മേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്താന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ രണ്ടാഴ്ചയില്‍ ഒരിക്കലാണ് ഇന്ധനവില നിശ്ചയിക്കുന്നത്. 

രാജ്യത്തെ 95 ശതമാനം പമ്പുകളും ഈ മൂന്ന് പൊതു എണ്ണക്കമ്പനികളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യാന്തര എണ്ണ വിലയും, വിനിമയ നിരക്കിനെയും അടിസ്ഥാനപ്പെടുത്തിയാണ് പെട്രോള്‍-ഡീസല്‍ വില നിശ്ചയിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Fuel Price To Change Daily — Here's Everything You Need To Know. Read in Malayalam.
Please Wait while comments are loading...

Latest Photos