വീണ്ടും തിരിച്ചടി; ബിഎസ് III നിരോധനത്തിന് പിന്നാലെ പുതിയ നടപടിയുമായി കേന്ദ്രം

Written By:

ഗ്രീന്‍ ഇക്കോണമി ലഷ്യം വെച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫെയിം (FAME - Faster Adoption and Manufacturing of Hybrid and Electric Vehicles in India) പദ്ധതിയില്‍ നിന്നും മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ കാറുകളെ ഒഴിവാക്കി.

രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ പ്രചാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഇനി മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ക്ക് ലഭിക്കില്ല. ബിഎസ് III നിരോധനത്തിന് പിന്നാലെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

മാരുതിയില്‍ നിന്നും ഏറെ പ്രചാരത്തിലുള്ള മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളായ എര്‍ട്ടിഗ, മിഡ് സൈസ് സെഡാന്‍ സിയാസ് മോഡലുകള്‍ മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ഫെയിമില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയിരുന്നു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി 2015 ഏപ്രില്‍ മാസമായിരുന്നു ഫെയിം പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഏപ്രില്‍ ഒന്ന് മുതല്‍ മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള വാഹനങ്ങള്‍ക്ക് ഫെയിം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മിനിസ്ട്രി ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസാണ് അറിയിപ്പ് നല്‍കിയത്.

നേരത്തെ മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോങ്ങ് ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, പ്യൂവര്‍ ഇലക്ടിക് വാഹനങ്ങള്‍ക്ക് പദ്ധതിക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു.

പദ്ധതി പ്രകാരം, മാരുതി സുസൂക്കി എര്‍ട്ടിഗ, മാരുതി സുസൂക്കി സിയാസ് മോഡലുകള്‍ക്ക് മേല്‍ 13000 രൂപയുടെ സബ്‌സിഡിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നത്.

മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയായ എസ് വിഎച്ച്എസില്‍ ഒരുങ്ങിയിട്ടുള്ള എര്‍ട്ടിഗയുടെ വില വിപണിയില്‍ എത്തുമ്പോള്‍ 7.17 മുതല്‍ 8.75 ലക്ഷം രൂപ വരെയാണ്. മാരുതി സിയാസിന് 7.87 ലക്ഷം മുതല്‍ 8.75 ലക്ഷം രൂപ വരെയാണ് വിപണിയില്‍ (ദില്ലി എക്‌സ് ഷോറൂം വിലകള്‍).

നിലവില്‍ എസ് വിഎച്ച്എസില്‍ വന്നെത്തുന്ന എര്‍ട്ടിഗ, സിയാസ് മോഡലുകള്‍ ശ്രേണിയില്‍ മികച്ച ഇന്ധനക്ഷമതയാണ് കാഴ്ചവെക്കുന്നത്.

എന്താണ് മൈല്‍ഡ് ഹൈബ്രിഡ് വാഹനം?

ഇന്ധന സംരക്ഷണം മുന്‍നിര്‍ത്തിയാണ് മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങള്‍ ഒരുങ്ങുന്നത്. സാധാരണ എഞ്ചിനെ സഹായിക്കാനുള്ള ഇലക്ട്രിക് മോട്ടറാണ് മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ബാറ്ററിയില്‍ നിന്നുമുള്ള ഊര്‍ജ്ജത്തെ അടിസ്ഥാനപ്പെടുത്തി എഞ്ചിനെ പ്രവര്‍ത്തിപ്പിക്കുകയാണ് ഇലക്ട്രിക് മോട്ടറുകള്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ കുറഞ്ഞ ഇന്ധന ഉപഭോഗത്തില്‍ വാഹനത്തെ സഞ്ചരിപ്പിക്കുകയാണ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ലക്ഷ്യം വെയ്ക്കുന്നത്.

കേന്ദ്ര നടപടിയിലെ യുക്തി?

ഗ്രീന്‍ ഇക്കോണമി ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യയില്‍ മൈല്‍ഡ് ഹൈബ്രിഡ് ടെ്‌നോളജി പുരോഗതി സൃഷ്ടിക്കുന്നുണ്ടോ എന്ന മറുചോദ്യമാണ് കേന്ദ്രം ഉന്നയിക്കുന്നത്.

മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പേരില്‍ രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇലക്ട്രിക് മോട്ടര്‍ സംവിധാനം യഥാര്‍ത്ഥത്തില്‍ കണ്ണില്‍ പൊടിയിടുന്ന നയമാണ്. പേരിന് മാത്രമുള്ള ഇന്ധന സംരക്ഷണമാണ് ഇവര്‍ നടത്തുന്നത്.

രാജ്യത്ത് പരിസ്ഥിതി-സൗഹാര്‍ദ വാഹനങ്ങളുടെ പ്രചാരത്തിനായി അവതരിപ്പിച്ച ഫെയിം പദ്ധതിയിലൂടെ വലിയ തോതിലുള്ള സബ്‌സിഡികളാണ് കേന്ദ്രം നല്‍കി വരുന്നത്.

ഇലക്ട്രിക്-ഹൈബ്രിഡ് ടൂവീലറുകള്‍ക്ക് 29000 രൂപ വരെയും, ഇലക്ട്രിക-ഹൈബ്രിഡ് കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയുമാണ് ഫെയിം പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്.

ഏകദേശം 795 കോടി രൂപ, പദ്ധതിയുടെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ചെലവായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Government Withdraws Subsidy For Mild Hybrid Vehicles in Malayalam.
Please Wait while comments are loading...

Latest Photos