മാരുതിയ്ക്ക് വീണ്ടും പൊന്‍തൂവല്‍; 13 -ആം വര്‍ഷവും 'ബെസ്റ്റ് സെല്ലിംഗ് കാര്‍' പദവി ഈ മോഡലിന്

Written By:

ഇന്ത്യന്‍ വിപണിയില്‍ മാരുതി എഴുതിച്ചേര്‍ത്ത അധ്യായങ്ങള്‍ ഏറെയുണ്ട്. മാരുതിയില്‍ നിന്നുമുള്ള ഓരോ മോഡലുകള്‍ക്കും പറയാന്‍ ഒത്തിരി കഥകളുമുണ്ട്.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800 മുതല്‍ പ്രീമിയം എഡിഷന്‍ സിയാസ് വരെ എത്തി നില്‍ക്കുന്ന മാരുതിയുടെ വിജയത്തേരോട്ടത്തിന് മുന്നില്‍ മറ്റ് എതിരാളികള്‍ പലപ്പോഴും നിസഹായരായി മാത്രം നിലകൊണ്ടു.

ഇപ്പോള്‍ ഇതാ മാരുതിയുടെ അധ്യായങ്ങളിലേക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണ്. 

ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച്ചയായി 13 ആം വര്‍ഷവും മാരുതി ആള്‍ട്ടോ ബെസ്റ്റ് സെല്ലിംഗ് കാര്‍ പദവി നേടിയിരിക്കുകയാണ്.

17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ അവതരിച്ച മാരുതി ആള്‍ട്ടോ, കീരിടമില്ലാത്ത രാജാവിനെ പോലെ പതിറ്റാണ്ട് വാഴുകയാണ്. 

ലാളിത്യം മുഖമുദ്രയാക്കിയാണ് മാരുതി ആള്‍ട്ടോയെ അവതരിപ്പിച്ചത്. കാലഘട്ടത്തിന് അനുസരിച്ച് മുഖരൂപങ്ങളിലും സാങ്കേതികതയിലും മാറ്റങ്ങള്‍ ആള്‍ട്ടോയില്‍ അനിവാര്യമായി എത്തിയെങ്കിലും ലാളിത്യം കൈവെടിയാന്‍ മാത്രം മാരുതി ഒരുക്കമായിരുന്നില്ല. 

മാരുതി കാലങ്ങളായി കാത്ത് സൂക്ഷിച്ച ഈ ലാളിത്യം തന്നെയാണ് 17 വർഷങ്ങൾക്കിപ്പുറവും ആള്‍ട്ടോയുടെ വിജയ രഹസ്യം.

30 ലക്ഷത്തിന് മേലെ ആള്‍ട്ടോ യൂണിറ്റുകളെയാണ് മാരുതി ഇക്കാലയളവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പന നടത്തിയിട്ടുള്ളത്. 

മറ്റൊരു കാറിനും സ്വപ്‌നം കാണാന്‍ സാധിക്കാത്ത ഉയരമാണ് മാരുതി ആള്‍ട്ടോ കൈയ്യടക്കിയിട്ടുള്ളത്. 2016-17 കാലഘട്ടത്തില്‍ മാത്രം 2.41 ലക്ഷം ആള്‍ട്ടോകളെ വില്‍പന നടത്തി മാരുതി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 

വിപണിയിലെ ആഭ്യന്തര വില്‍പനയുടെ കണക്ക് പരിശോധിച്ചാല്‍ മാരുതി ആള്‍ട്ടോയുടെ മാത്രം വിഹിതം 17 ശതമാനമാണ്.

രാജ്യത്തെ മറ്റ് നിര്‍മാതാക്കളുടെ മൊത്ത വില്‍പന പോലും ആള്‍ട്ടോയുടെ വില്‍പന സംഖ്യയെ മറികടക്കുന്നില്ല എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.

പ്രതിമാസം ശരാശരി 22000 ആള്‍ട്ടോകളെയാണ് മാരുതി വിപണിയില്‍ ഒരുക്കുന്നത്. ഇന്ത്യന്‍ മനസ് കീഴടക്കിയ ആള്‍ട്ടോ, പണത്തിനൊത്ത മൂല്യം പതിറ്റാണ്ടായി നല്‍കുന്നൂവെന്ന് ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

മികച്ച ഇന്ധനക്ഷമതയും, പ്രകടനവുമാണ് ആള്‍ട്ടോയെ മറ്റ് മോഡലുകളിൽ നിന്നും വിപണിയില്‍ വേറിട്ട് നിര്‍ത്തുന്നത്.

അടുത്ത കാലത്തായി വിപണിയില്‍ മാരുതി നേരിടുന്ന ഭീഷണിയിലും ആള്‍ട്ടോ ജനപ്രിയത കൈവെടിഞ്ഞിട്ടില്ല എന്നത് കമ്പനിക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന പദവി ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതിയ്ക്ക് കനത്ത മത്സരത്തിനിടയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പ്.

2000 സെപ്തംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ ആള്‍ട്ടോയെ മാരുതി ആദ്യമായി അവതരിപ്പിക്കുന്നത്. 

17 വര്‍ഷത്തെ കാലയളവില്‍ വിപണിയുടെ താളത്തിനൊത്ത് ആള്‍ട്ടോയില്‍ വന്നെത്തിയ ഒട്ടുമിക്ക മാറ്റങ്ങളും ഇരും കൈയ്യും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

വിപണിയില്‍ ഒരിക്കല്‍ കൂടി ആള്‍ട്ടോ ആധിപത്യം തെളിയിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ആള്‍ട്ടോയുടെ ജനപ്രിയത മാരുതി എക്കാലവും കാത്ത് സൂക്ഷിക്കുമെന്നും മാരുതി സുസൂക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍എസ് ഖല്‍സി പറഞ്ഞു.

2016 ഫെബ്രുവരിയിലാണ് 30 ലക്ഷം വില്‍പന എന്ന നാഴികക്കല്ല് മാരുതി താണ്ടിയത്. ഇന്ത്യന്‍ വിപണിക്ക് പുറമെ ശ്രീലങ്ക, ചിലെ, ഫിലിപ്പീന്‍സ്, ഉറുഗ്വായ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളിലും ആള്‍ട്ടോ പ്രചാരത്തിലുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 21000 ആള്‍ട്ടോകളെയാണ് വിദേശ വിപണികളിലേക്ക് മാരുതി കയറ്റുമതി ചെയ്തത്.

അതേസമയം, 2017 മാര്‍ച്ച് മാസം മാരുതി അവതരിപ്പിച്ച ആള്‍ട്ടോ K10 Plus ന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

അപ്‌ഡേറ്റഡ് വേര്‍ഷനായ ആള്‍ട്ടോ K10 Plus നെ 3.40 ലക്ഷം രൂപയ്ക്കാണ് മാരുതി വിപണിയില്‍ എത്തിച്ചിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറൂം വില).

ടോപ് എന്‍ഡ് വേരിയന്റായ VXi യില്‍ മാത്രമാണ് ആള്‍ട്ടോ K10 Plus നെ മാരുതി അണിനിരത്തിയിട്ടുള്ളത്. എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ ഫീച്ചറുകളില്‍ ശ്രദ്ധ ചെലുത്തിയാണ് ആള്‍ട്ടോ K10 Plus അവതരിച്ചിരിക്കുന്നത്.

ക്രോം ഫിനിഷിംഗോട് കൂടിയ ഫോഗ് ലാമ്പ് ഹൗസിംഗും, ഡോര്‍ മൗള്‍ഡിംഗും, ക്രോം ബെല്‍റ്റ് ലൈനുമെല്ലാം ആള്‍ട്ടോ K10 Plus ന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനിങ്ങിനെ എടുത്തു കാണിക്കുന്നു.

ഫ്രണ്ട് പവര്‍ വിന്‍ഡോസ്, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, പിയാനോ ഫിനിഷിങ്ങോട് കൂടിയ ഓഡിയോ കണ്‍സോള്‍ എന്നിവ ഇന്റീരിയറിലും മാരുതി ഒരുക്കിയിട്ടുണ്ട്. 

മുന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10 Plus ലും ഉള്ളത്.

അതിനാൽ ആള്‍ട്ടോ K10 ലേത് പോലെ 67 bhp കരുത്തും, 90 Nm torque ഉത്പാദിപ്പിക്കുന്നതാണ് ആള്‍ട്ടോ K10 Plus ന്റെ എഞ്ചിന്‍.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എജിഎസ് (മാരുതി വിശേഷിപ്പിക്കുന്നത്) ഓപ്ഷനുകളില്‍ ആള്‍ട്ടോ K10 Plus ലഭ്യമാണ്.

എന്‍ട്രി ലെവല്‍ ശ്രേണിയില്‍ റെനോ ക്വിഡില്‍ നിന്നും ഇപ്പോള്‍ മാരുതി നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ പുതിയ ആള്‍ട്ടോ K10 Plus നു സാധിക്കുമെന്ന വിശ്വാസത്തിലാണ് കമ്പനി.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Alto won the best selling car in India title for the 13th consecutive year. Read in Malayalam.
Please Wait while comments are loading...

Latest Photos