സ്വിഫ്റ്റ് യുഗം അവസാനിക്കുന്നു? ചരിത്രം രചിച്ച് മാരുതിയുടെ ഈ മോഡല്‍

Written By:

ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ മോഡലുകള്‍ക്ക് എന്നും പ്രത്യേക പരിഗണനയാണ് ലഭിക്കാറുള്ളത്. വിപണിയില്‍ എത്ര വമ്പന്മാര്‍ വന്നാലും ഇന്ത്യന്‍ ജനതയുടെ കണ്ണെത്തുക മാരുതി മോഡലുകളിലേക്കാണ്.

മാരുതി കാലങ്ങളായി നല്‍കി വരുന്ന വിശ്വാസ്യതയും ഉറപ്പുമെല്ലാം വിപണിയില്‍ മാരുതിയുടെ മുന്നേറ്റത്തിന് നിര്‍ണായകമായി. അത്തരത്തില്‍ ഇന്ത്യന്‍ ജനത കൊണ്ടാടിയ മാരുതിയില്‍ നിന്നുള്ള ഹാച്ച്ബാക്ക് മോഡലാണ് സ്വിഫ്റ്റ്. 

വമ്പന്മാരുടെ കുത്തൊഴുക്കിലും പതറാതെ പിടിച്ച് നിന്ന ചരിത്രമാണ് ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിനും മാരുതിയ്ക്കും പറയാനുള്ളത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സ്വിഫ്റ്റ് ആരാധകര്‍ക്ക് അത്ര സുഖകരമല്ല. കാലങ്ങളായി മാരുതി സ്വിഫ്റ്റ് കാത്ത് സൂക്ഷിച്ച വിപണിയെ ആധിപത്യം മാരുതിയുടെ മറ്റൊരു മോഡൽ തന്നെ തകർത്തിരിക്കുകയാണ്.

ഏതാണ് ആ മോഡൽ?

സ്വിഫ്റ്റിനെ പിന്തള്ളി മാരുതിയുടെ പ്രീമിയം കോമ്പാക്ട് ഹാച്ച്ബാക്ക്, ബലെനോയാണ് ഇപ്പോൾ മുന്നേറിയിരിക്കുന്നത്.

2017 മാര്‍ച്ചിലെ കണക്ക് പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറെന്ന പദവി അലങ്കരിക്കുന്നത് മാരുതി ബലെനോയാണ്. ഇത്രയും നാൾ പദവി അലങ്കരിച്ചിരുന്ന സ്വിഫ്റ്റ് പട്ടികയിൽ പിന്തള്ളി പോയത് വിപണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ശ്രേണി വാണിരുന്ന ഡിസൈര്‍, സ്വിഫ്റ്റ്, വാഗണ്‍ ആര്‍ സഹോദരങ്ങളെ പിന്തള്ളിയാണ് ബലെനോ 'ലൈംലൈറ്റില്‍' തെളിഞ്ഞിരിക്കുന്നത്.

163.40 ശതമാനമെന്ന അതിശയിപ്പിക്കുന്ന വളര്‍ച്ചാനിരക്കാണ് ബലെനോ ഇന്ത്യൻ വിപണിയിൽ കാഴ്ച വച്ചിരിക്കുന്നത്. 

16426 യൂണിറ്റ് ബലെനോകളാണ് മാരുതി സുസൂക്കി കഴിഞ്ഞ മാസം മാത്രം വില്‍പന നടത്തിയത്. പ്രമീയം കോമ്പാക്ട് ഹാച്ച്ബാക്ക് ശ്രേണിയുടെ ചരിത്രത്തിലെ തന്നെ മികച്ച സംഖ്യയാണിത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇതേ സ്ഥാനത്ത് മാരുതി വില്‍പന നടത്തിയത് 6236 ബലെനോകളെ മാത്രമായിരുന്നു.

വിപണിയില്‍ എത്തിയതിന് പിന്നാലെ ആരാധകരെ സമ്പാദിച്ച ബലെനോ, കുറഞ്ഞ കാലഘട്ടത്തില്‍ തന്നെ ജനപ്രിയ പട്ടികയില്‍ ഇടം കണ്ടെത്തി. 

രാജ്യത്ത് പലയിടത്തും, ഡിമാന്‍ഡിന് ഒത്ത് ബലെനോകളെ എത്തിക്കാന്‍ മാരുതി പാട് പെടുകയാണ്. 

അതേസമയം, ഗുജറാത്ത് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ ബലെനോകളുടെ ഉത്പാദന തോത് വര്‍ധിച്ചിരിക്കുകയാണ്.

നിലവില്‍ 80000 പെന്‍ഡിംഗ് ഓര്‍ഡറുകളാണ് ബലെനോയ്ക്ക് വേണ്ടി മാരുതിയിലുള്ളത്. ശരാശരി 21 ആഴ്ചയാണ് മാരുതി ബലെനോയെ ലഭിക്കാന്‍ ഇപ്പോള്‍ ഉപഭോക്താവിന് കാത്തിരിക്കേണ്ടത്.

മാരുതിയുടെ ബ്രാന്‍ിഡിംഗിന് ഒപ്പം അത്യാധുനിക ഫീച്ചറുകളും ബലെനോയില്‍ വന്ന് ചേരുന്നതോടെ വിപണിയില്‍ മറ്റ് മോഡലുകള്‍ പലപ്പോഴും കാഴ്ചക്കാര്‍ക്ക് സമമായി മാറുന്നു.

ബലെനോയുടെ കൂടുതല്‍ കരുത്തുറ്റ വേര്‍ഷനായ ബലെനോ ആര്‍എസും മോഡലിന്റെ പ്രചാരം വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

എസ് ക്രോസ്, ഇഗ്നിസ്, പുതുതായി രംഗത്തെത്തിയ സിയാസ് ഡെഡാന്‍ മോഡലുകള്‍ക്ക് ഒപ്പം നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പിലാണ് ബലെനോയും അണിനിരക്കുന്നത്.

പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ ബലെനോയെ മാരുതി ഒരുക്കിയിട്ടുള്ളത്. 83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബലെനോയുടെ പെട്രോള്‍ വേരിയന്റ്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ വേരിയന്റില്‍ ലഭ്യമാണ്.

74 bhp കരുത്തും 190 Nm torque ഉം പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനാണ് ഡീസല്‍ വേരിയന്റില്‍ മാരുതി ഒരുക്കിയിട്ടുള്ളത്. 

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ വേരിയന്റില്‍ മാരുതി ലഭ്യമാക്കിയിട്ടുള്ളത്.

അതേസമയം, കൂടുതല്‍ കരുത്തുറ്റ വേര്‍ഷനായ ബലെനോ ആര്‍ എസില്‍ 100.5 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിനാണ് മാരുതി നല്‍കിയിട്ടുള്ളത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പവർപാക്ക് എഡിഷനായ ബലെനോ ആര്‍എസില്‍ മാരുതി നൽകിയിരിക്കുന്നത്. 

എന്നാല്‍ ജനീവ മോട്ടോര്‍ ഷോയിലെ ഹിറ്റായി മാറിയ 2017 സ്വിഫ്റ്റ് വന്നെത്തുന്നതോടെ സമവാക്യം പിന്നെയും മാറുമെന്നാണ് നിരീക്ഷണം.

രണ്ട് വ്യത്യസ്ത എഞ്ചിൻ വേരിയന്റുകളിലാണ് 2017 മാരുതി സ്വിഫ്റ്റിനെ സുസൂക്കി മോട്ടോര്‍സ് ഒരുക്കിയിട്ടുള്ളത്. 

നിലവിലുള്ള മാരുതി സ്വിഫ്റ്റ് മോഡലില്‍ ഉള്‍പ്പെടുത്തിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ന്യൂജെൻ സ്വിഫ്റ്റിലുമുണ്ടാവുക.

പുത്തന്‍ ബലെനോ ആര്‍എസിലേത് പോലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി രണ്ടാം വേരിയന്റിൽ മാരുതി ഒരുക്കുക.

90 bhp ഉം 110 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനില്‍ പുതിയ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 2017 സ്വിഫ്റ്റിന്റെ ആദ്യ വേരിയന്റില്‍ മാരുതി സജ്ജമാക്കിയിട്ടുള്ളത്. 

അതേസമയം രണ്ടാം വേരിയന്റ് ടര്‍ബ്ബോചാര്‍ജ്ഡ് 1.0 ലിറ്റര്‍ എഞ്ചിനില്‍ 102 bhp ഉം 150 Nm torque പുറപ്പെടുവിക്കും. ഈ വേര്‍ഷനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മാരുതി ഒരുക്കിയിരിക്കുന്നത്.

2018 ന്റെ ആരംഭത്തിൽ തന്നെ ഇന്ത്യയില്‍ പുത്തന്‍ മാരുതി സ്വിഫ്റ്റിനെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് മാരുതി. ഏകദേശം 5 ലക്ഷം രൂപ ആരംഭ വിലയിലാകും മാരുതി സ്വിഫ്റ്റ് ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
Story first published: Friday, April 7, 2017, 13:01 [IST]
English summary
Maruti Baleno excels Maruti Swift in Indian Market. Read in Malayalam.
Please Wait while comments are loading...

Latest Photos