ട്രംപിന് പുടിന്റെ ചെക്ക്; 'ബീസ്റ്റിനെ' വെല്ലാന്‍ റഷ്യയുടെ 'കൊര്‍ത്തേഷ്' ഒരുങ്ങുന്നു

Written By:

കാഡില്ലാക്ക് ബീസ്റ്റിനെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ കാഡില്ലാക്ക് ബീസ്റ്റ് എന്നും വാര്‍ത്താ തലക്കെട്ടുകളിലെ നിറസാന്നിധ്യമാണ്. രാജ്യാന്തര സന്ദര്‍ശനങ്ങളില്‍ പോലും അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുക ഔദ്യോഗിക വാഹനമായ കാഡില്ലാക്ക് ബീസ്റ്റിലാണ്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഇതേ ബീസ്റ്റിന്റെ സവിശേഷതകള്‍ മാത്രം തലക്കെട്ടുകളില്‍ നിറഞ്ഞ നിന്ന ദിവസങ്ങളുണ്ടായിരുന്നു. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല, മറിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ എന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ ബീസ്റ്റിനെ സസൂക്ഷമം നിരീക്ഷിക്കും.

സുരക്ഷയുടെ അവസാന വാക്കെന്ന പട്ടവും അമേരിക്കന്‍ പ്രസിഡന്റിന്റെ കാഡില്ലാക്ക് ബീസ്റ്റ് സ്വന്തമാക്കി കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ കാഡില്ലാക്ക് ബീസ്റ്റിനെ കടത്തിവെട്ടാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ ഔദ്യോഗിക വാഹനമായ മെര്‍സിഡീസ് എസ്-ക്ലാസ് പുള്‍മാനിന് പകരം പുത്തന്‍ അവതാരത്തെ ഒരുക്കുന്ന തിരക്കിലാണ് ക്രെംലിന്‍.

കൊര്‍ത്തേഷ് എന്ന പേരിലറിയപ്പെടുന്ന പുതിയ ആഢംബര-സുരക്ഷാ കാര്‍ ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗികമായി രംഗത്തെത്തുമെന്നാണ് സൂചന.

അതേസമയം, പുത്തന്‍ കൊര്‍ത്തേഷ് മഞ്ഞില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റിനെ ആകെ ഇപ്പോള്‍ പിടിച്ച് കുലുക്കിയിരിക്കുന്നത്.

റഷ്യയുടെ കനത്ത മഞ്ഞ് സാഹചര്യങ്ങളില്‍ രഹസ്യമായി പരീക്ഷണം നടത്തുന്ന കൊര്‍ത്തേഷ് ക്യാമറക്കണ്ണുകള്‍ ഒപ്പിയപ്പോള്‍ കനത്ത പ്രച്ഛന്ന വേഷം ധരിച്ചിരുന്നു.

റഷ്യയുടെ സെന്‍ട്രല്‍ സയന്റിഫിക് റിസര്‍ച്ച് ഓട്ടോമൊബൈല്‍ ആന്‍ഡ് ഓട്ടോമോട്ടീവ് എഞ്ചിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് കൊര്‍ത്തേഷ് ഒരുങ്ങുന്നത്.

പ്രശസ്ത ആഢംബര-സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പോര്‍ഷെ എഞ്ചിനെ അടിസ്ഥാനപ്പെടുത്തിയാകും കൊര്‍ത്തേഷ് വ്‌ളാദിമിര്‍ പുടിനായി ഒരുങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊര്‍ത്തേഷുമായി ബന്ധപ്പെട്ട് യാതൊരു വിധ വിവരങ്ങളും ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍, ട്വിന്‍ ടര്‍ബ്ബോ V2 എഞ്ചിനാകും പുടിന്റെ കൊര്‍ത്തേഷിന് ഉണ്ടാവുകയെന്നാണ് അഭ്യൂഹം.

ഡൊണള്‍ഡ് ട്രംപിന്റെ ബിസ്റ്റില്‍ നിന്നും കൊര്‍ത്തേഷ് ഒരല്‍പം വ്യത്യസ്തമാണ്. ബീസ്റ്റിനെ പോലെ കൊര്‍ത്തേഷ് ഏക മോഡലായി തുടരില്ല.

റഷ്യയുടെ ഔദ്യോഗിക വാഹനമെന്ന പട്ടം സ്വീകരിക്കുന്നതിന് പിന്നാലെ കൊര്‍ത്തേഷിന്റെ വാണിജ്യ ഉത്പാദനം ആരംഭിക്കും.

വ്‌ളാദിമിര്‍ പുടിന്റെ കൊര്‍ത്തേഷിനെ അടിസ്ഥാനമാക്കിയുള്ള 5000 കാര്‍-എസ്‌യുവികള്‍ 2020 ഓടെ റഷ്യയുടെ നിരത്തുകളില്‍ സാന്നിധ്യമറിയിക്കും.

എന്തായാലും ഡൊണള്‍ഡ് ട്രംപിന്റെ ബീസ്റ്റിനെ കടത്തി വെട്ടുന്ന വില്ലനാകുമോ കൊര്‍ത്തേഷ് എന്നാണ് രാജ്യാന്തര സമൂഹം ഇപ്പോള്‍ ഉറ്റ് നോക്കുന്നത്.

English summary
Russia develops Kortezh, the answer to Donald Trump's Cadillac Beast. Read in Malayalam.
Please Wait while comments are loading...

Latest Photos