കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

Written By:

ഒരു കാര്‍ വാങ്ങി കഴിഞ്ഞാല്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഇത് പലര്‍ക്കുമുള്ള സംശയമാണ്. പുത്തന്‍ കാറില്‍ നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന വാറന്റി നഷ്ടപ്പെടുത്താന്‍ ഉപഭോക്താക്കളില്‍ ഭൂരിപക്ഷം പേരും തയ്യാറല്ല.

പക്ഷെ, ശരിക്കും നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന വാറന്റി പരിരക്ഷ ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ? പുതിയ മോഡലിന് മേല്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും നല്‍കുന്നത് ദൃഢമായ വാറന്റിയാണ്. എന്നാല്‍ ഇതേ ദൃഢമായ വാറന്റി പരിരക്ഷ നല്‍കാന്‍ ഡീലര്‍മാര്‍ ഒരുക്കവുമല്ല.

വാറന്റി പരിരക്ഷ നിഷേധിക്കാന്‍ ഡീലര്‍മാര്‍ മിക്കപ്പോഴും ചൂണ്ടിക്കാണിക്കുക നിസാരമായ കാരണങ്ങളാകും.

അതിനാല്‍ ഡീലര്‍ തലത്തില്‍ കാര്‍ വാറന്റി നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം-

  • ക്രമരഹിതമായ സര്‍വീസ്

മിക്കവര്‍ക്കും പറ്റുന്ന അബദ്ധങ്ങളില്‍ ഒന്ന് സര്‍വീസിംഗാണ്.

ഓരോ കാറും വന്നെത്തുന്നത് കര്‍ശനമായ സര്‍വീസ് കാലാവധി ചൂണ്ടിക്കാട്ടിയുള്ള സര്‍വീസ് മാനുവലിന് ഒപ്പമാണ്.

കിലോമീറ്റര്‍, സമയം ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് നിര്‍മ്മാതാക്കള്‍ ഓരോ മോഡലുകള്‍ക്കും സര്‍വീസ് കാലാവധികള്‍ നല്‍കുന്നത്.

കൃത്യമായ ഇടവേളകളില്‍ സര്‍വീസിംഗ് നടത്തുന്ന കാറുകളില്‍ പുതിയ പാര്‍ട്ടുകളും അനുയോജ്യമായ ഘടകങ്ങളും വന്ന് ചേരുന്നു.

ഇതിന് പുറമെ, സര്‍വീസുകള്‍ പാലിക്കുന്ന കാറുകളുടെ വിശ്വാസ്യതയും സര്‍വീസ് മൂല്യവും വര്‍ധിക്കും. സര്‍വീസ് മാനുവല്‍ നിഷ്‌കര്‍ഷിക്കുന്ന കാലയളവില്‍ കാര്‍ സര്‍വീസ് നടത്താന്‍ ശ്രമിക്കുക.

കാരണം, സര്‍വീസുകള്‍ തെറ്റിക്കുന്നത് കാര്‍ വാറന്റി നഷ്ടപ്പെടുത്താന്‍ ഇടവരുത്തും.

  • അനുവദനീയമല്ലാത്ത പാര്‍ട്സുകളുടെ ഉപയോഗം

വിപണിയില്‍ ഇന്ന് നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വ്യാജ പാർട്സുകളുടെ പ്രചരണം. 

കുറഞ്ഞ നിരക്കില്‍ ഇത്തരം പാര്‍ട്സുകൾ ലഭ്യമാകുന്നതിനാല്‍ പലപ്പോഴും ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുക ഇവരെയാകും.

കുറഞ്ഞ നിലവാരം പുലര്‍ത്തുന്ന വ്യാജ പാര്‍ട്സുകൾ പലപ്പോഴും നിര്‍മ്മിക്കപ്പെടുക അശ്രദ്ധമായി, കൃത്യതയില്ലായ്മയോടെയാണ്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാം.

ഇനി സര്‍വീസ് സെന്ററുകള്‍ ഇത്തരം വ്യാജ പാര്‍ട്സുകളുടെ ഉപയോഗം കണ്ടെത്തുന്ന പക്ഷം, നിങ്ങളുടെ വാറന്റി നഷ്ടമായേക്കാം. നിര്‍മ്മാതാക്കളുടെ ഹോളോഗ്രാം പരിശോധിച്ച് പാര്‍ട്സുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താവുന്നതാണ്.

  • ഇലക്ട്രിക്കല്‍ മാറ്റങ്ങള്‍

പുത്തന്‍ മോഡലുകളില്‍ കണ്ട് വരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അനന്തമായ വയര്‍ നെറ്റ്‌വര്‍ക്കുകള്‍.

ആധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ വയറുകളുടെ വന്‍ശൃഖലയാണ് പുത്തൻ കാറുകളില്‍ ഇടം നേടുന്നത്.

അതിനാല്‍ വയറുകളിലെ ചെറിയ മാറ്റം പോലും കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത നിലകൊള്ളുന്നു.

ഒപ്പം, കാറിന്റെ ഇലക്ട്രിക്കല്‍ വയറിംഗിലോ, കണക്ഷനിലോ, സംവിധാനങ്ങളിലോ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും വാറന്റി നഷ്ടപ്പെടുന്നതിന് കാരണമാകും.

ഇലക്ട്രിക്കല്‍ വയറിംഗില്‍ മാറ്റങ്ങള്‍ അനിവാര്യമായ ഹൈ-എന്‍ഡ് ഓഡിയോ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുകയോ, ഹൈ പവര്‍ ലാമ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതും വാറന്റി നഷ്ടപ്പെടുത്തും.

കൂടൂതല്‍ ഊര്‍ജ്ജം ആവശ്യമായ ഹൈ റേറ്റഡ് ഹെഡ്‌ലാമ്പുകളും വഴിതെളിക്കുക വയറുകളുടെ നാശത്തിലേക്കാണ്.

  • മോഡിഫിക്കേഷനുകള്‍

കാറിന്റെ എല്ലാ പാര്‍ട്സുകളെയും വിശദമായി പഠിച്ചതിന് ശേഷമാണ് നിര്‍മ്മാതാക്കള്‍ അതത് തോതിൽ എഞ്ചിനുകളെ ട്യൂണ്‍ ചെയ്യുന്നത്.

ബ്രേക്കുകളുടെ കരുത്ത്, ടയറുകളുടെ വലുപ്പം ഉള്‍പ്പെടെയുള്ള എല്ലാ ഘടകങ്ങളെയും ആശ്രയിച്ചാണ് ഒരു മോഡലിന്റെ ഏറ്റവും ഉയര്‍ന്ന കരുത്തിനെ നിർമ്മാതാക്കൾ നിശ്ചയിക്കപ്പെടുന്നത്.

അതിനാല്‍ കൂടുതല്‍ കരുത്തിനായി നടത്തുന്ന ഓരോ മോഡിഫിക്കേഷനും വാറന്റി നഷ്ടപ്പെടുത്തുന്നതിലേക്കുള്ള ചവിട്ടുപടികളാണ്.

ECU വിലെ മാപില്‍ മാറ്റം വരുത്തുന്നത് മുതൽ വൻകിട പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ വരെ കാറിന്റെ വാറന്റിയെ ബാധിക്കുന്നു.

ട്യൂണിംഗ് ബോക്‌സുകള്‍ മുഖേനയും മോഡലിന്റെ പെര്‍ഫോര്‍മന്‍സില്‍ മാറ്റം വരുത്താം.

എക്‌സ്‌റ്റേണല്‍ മോഡിഫിക്കേഷന്റെ ഭാഗമായുള്ള എക്‌സ്ട്രാ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം പോലും വാറന്റി നഷ്ടപ്പെടുത്തും.

  • വാഹനത്തിന്റെ ഘടന മാറ്റുന്നത്

വാഹത്തിന്റെ ഘടന മാറ്റുന്നത് തീര്‍ച്ചയായും വാറന്റി നഷ്ടപ്പെടുത്തും. ഇതില്‍ യാതൊരു സംശയവുമില്ല.

കാറിനെ ലിമോസീനായും, ന്യൂ ജനറേഷന്‍ കൂപ്പെകളായും മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ വാറന്റി നഷ്ടപ്പെടുത്തും. ഇപ്പോള്‍ വിപണിയില്‍ പ്രചാരമേറുന്ന എക്‌സ്റ്റേണല്‍ സണ്‍റൂഫുകള്‍ പോലും വാറന്റി നഷ്ടപ്പെടുത്തുന്ന ഘടകമാണ്.

  • 'സൂപ്പര്‍മാന്‍' കാറുകള്‍

ചെറിയ ഹാച്ച്ബാക്കിനെ ഓഫ്‌റോഡിംഗിനോ, റാലിയിലോ ഉപയോഗിക്കുന്നത്, മോഡലിന് മേല്‍ വന്‍നാശങ്ങളാണ് വരുത്തി വെയ്ക്കുക. ഇത് വാറന്റി പരിരക്ഷയില്‍ ഉള്‍പ്പെടുകയില്ല.

ട്രാക്ക് റേസിംഗിലും, ഓഫ്‌റോഡ് റേസിംഗ് ഇവന്റുകളിലും പങ്കെടുത്ത് വരുത്തി വെയ്ക്കുന്ന തകരാറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ ഒരിക്കലും ഉത്തരവാദിത്വം ഏല്‍ക്കില്ല.

മാത്രമല്ല, ഇത്തരം മോട്ടോര്‍സ്‌പോര്‍ട് ഇവന്റുകളില്‍ പങ്കെടുത്തുണ്ടാകുന്ന തകരാറുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉണ്ടാകില്ല.

  • 'വമ്പന്‍' ടയറുകളും റിമ്മുകളും

ഓരോ മോഡലിനെയും വിശദമായി പഠിച്ചതിന് ശേഷമാണ് നിര്‍മ്മാതാക്കള്‍ അനുയോജ്യമായ ടയറുകള്‍ നല്‍കുന്നത്.

യഥാര്‍ത്ഥ ടയറിലും വലുപ്പമേറിയ ടയര്‍ ഉപയോഗിക്കുന്നത് വാഹനത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തും.

മാത്രമല്ല, വലുപ്പമേറിയ ടയറുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സസ്‌പെന്‍ഷനുകള്‍ക്കും ബുദ്ധിമുട്ടാണ്.

OEM സൈസിന് അനുപാതമായ ടയറുകളല്ല ഉപയോഗിക്കുന്നത് എങ്കില്‍ നിര്‍മ്മാതാക്കള്‍ മോഡലിന് മേലുള്ള സസ്‌പെന്‍ഷന്‍ വാറന്റി റദ്ദാക്കും.

ക്രമാതീതമായ ടയറുകള്‍ ഉപയോഗിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ മോഡലിന്റെ വാറന്റി തന്നെ റദ്ദാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അധികാരവുമുണ്ട്.

  • എല്‍പിജി/സിഎന്‍ജി കിറ്റുകള്‍

വാഹനത്തിന്റെ അന്തര്‍ഘടനയില്‍ സാരമായ പ്രശ്‌നങ്ങള്‍ ഒരുക്കാന്‍ പ്രാപ്തമാണ് സിഎന്‍ജി/എല്‍പിജി കിറ്റുകള്‍.

സമാന്തര ഫ്യൂവല്‍ കിറ്റുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടെങ്കിലും, നിര്‍മ്മാതാക്കള്‍ നല്‍കുന്ന വാറന്റി നഷ്ടപ്പെടുത്താന്‍ ഇതും ധാരാളമാണ്.

നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശിക്കുന്ന, അല്ലെങ്കില്‍ ഫാക്ടറി ഇന്‍സ്റ്റാള്‍ഡ് ഫ്യൂവല്‍ കിറ്റുകള്‍ മാത്രമാണ് വാറന്റി പരിരക്ഷയില്‍ ഉള്‍പ്പെടുന്നത്.

  • തെറ്റായ ഇന്ധനം നിറയ്ക്കുന്നത്

തെറ്റായ ഇന്ധനം നിറയ്ക്കുന്നതും വാറന്റി നഷ്ടപ്പെടാനുള്ള ഘടകങ്ങളില്‍ ഒന്നാണ്. തെറ്റായ ഇന്ധനം നിറച്ച് വാറന്റി നഷ്ടപ്പെടുന്ന സംഭവം ഇപ്പോള്‍ ഇന്ത്യയില്‍ പതിവാണ് എന്നതും ശ്രദ്ധേയം.

തെറ്റായ ഇന്ധനം ഉപയോഗിക്കുന്നത് എഞ്ചിനെ, പ്രത്യേകിച്ച് ആധുനിക എഞ്ചിനെ സാരമായി ബാധിക്കും. ഇത് വാറന്റി നഷ്ടപ്പെടുത്തുന്നതിലേക്കും വഴിതെളിക്കും.

തകരാര്‍ സംഭവിച്ച ഭാഗങ്ങള്‍ മാറ്റി സ്ഥാപിച്ചാല്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വാറന്റി തിരികെ നേടാന്‍ സാധിക്കില്ല.

ഒരു പക്ഷെ, മാറ്റി സ്ഥാപിക്കുന്ന ഭാഗങ്ങള്‍ക്ക് കൂടിയ പക്ഷം ആറ് മാസം വരെ ഗ്യാരന്റി നല്‍കാന്‍ ഡീലര്‍മാര്‍ തയ്യാറായേക്കും എന്ന് മാത്രം.

  • അംഗീകൃതമല്ലാത്ത റിപ്പയറുകള്‍

അംഗീകൃതമല്ലാത്ത റിപ്പയറിംഗ് വര്‍ക്കുകളും വാറന്റി നഷ്ടപ്പെടുത്തും. അംഗീകൃത ഏജന്‍സികളില്‍ നിന്നും മാത്രം കാര്‍ റിപ്പയറിംഗ് നടത്തുക.

വാഹനം വഴിയില്‍ 'പണി മുടക്കുന്ന' സാഹചര്യങ്ങളില്‍ പോലും റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനം ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
Story first published: Wednesday, May 3, 2017, 18:28 [IST]
English summary
Ten ways, that could lose your car warranty. Read in Malayalam.
Please Wait while comments are loading...

Latest Photos