ചുരപ്പാതകളില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യാം

By Santheep

ലോകത്തിലെ ഏറ്റവും മോശം ഡ്രൈവര്‍മാരെ സംഭാവന ചെയ്യുന്നത് നമ്മുടെ നാടാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഡ്രൈവിംഗ് വൈദഗ്ധ്യത്തിന്റെ കാര്യമല്ല ഇവിടെ വിഷയം. ട്രാഫിക് നിയമങ്ങളോടുള്ള ഒടുക്കത്തെ പുച്ഛം നമുക്കുണ്ട്. ലോകത്തിലെ സകലതിനോടും നമുക്കുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം റോഡുകളാണെന്ന് നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയോടുള്ള നമ്മുടെ രോഷം ഞെളിയന്‍പറമ്പ് - കോഴിക്കോട് റൂട്ടില്‍ വെച്ചായിരിക്കും നമ്മള്‍ തീര്‍ക്കുന്നത്.

നാഗരപാതകളിലാവുമ്പോള്‍ നമ്മുടെ ചെറിയ ഡ്രൈവിംഗ് പിഴകള്‍ ചെറിയ ചില അപകടങ്ങള്‍ സൃഷ്ടിച്ച് (ഉദാഹരണത്തിന് ഡ്രൈവ് ചെയ്യുന്നയാള്‍ കൊല്ലപ്പെടുക) അവസാനിച്ചേക്കും. എന്നാല്‍ ഗാട്ട് റോഡുകളിലെ സ്ഥിതി ഇതല്ല. ചെറിയ പിഴവുകള്‍ പോലും നിരവധി പേരുടെ ജീവനെടുക്കുന്ന ദാരുണമായ അപകടങ്ങളില്‍ കലാശിക്കാനിടയുണ്ട്.

ചുരങ്ങളില്‍ ഡ്രൈവ് ചെയ്യുന്നതിന് പരിചയ സമ്പന്നത ഒരത്യാവശ്യ ഘടകമാണ്. വളരെ എളുപ്പത്തില്‍ ഊരിപ്പോരാവുന്ന ഒരിടമേയല്ല ചുരപ്പാതകള്‍. ചുരങ്ങളില്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണിവിടെ.

ചുരപ്പാതയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍

ചുരപ്പാതയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍

ചുരപ്പാതയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍

ഹാന്‍ഡ്‌ബ്രേക്ക് ഒരത്യാവശ്യ സന്നാഹം

ഹാന്‍ഡ്‌ബ്രേക്ക് ഒരത്യാവശ്യ സന്നാഹം

നിങ്ങള്‍ക്കറിയാത്തതല്ല; എങ്കിലും അപ്രധാനമെന്നു പറഞ്ഞ് തള്ളിക്കളയാനാവാത്ത ഒന്നായതിനാല്‍ പറയാതെ പോവാനാവില്ല. ഉയര്‍ന്ന കയറ്റിറക്കങ്ങളില്‍, ക്ലച്ച്-ആക്‌സിലറേഷന്‍ ബാലന്‍സിംഗ് കൃത്യതയോടെ ചെയ്യാന്‍ കഴിയാതെവരുന്ന പരിചയക്കുറവുള്ള ഡ്രൈവര്‍മാര്‍ക്ക് ഹാന്‍ഡ് ബ്രേക്ക് വലിയ സഹായമായി മാറും.

കൃത്യതയുള്ള ഗിയര്‍ഷിഫ്റ്റ് നിര്‍ണായകം

കൃത്യതയുള്ള ഗിയര്‍ഷിഫ്റ്റ് നിര്‍ണായകം

നിരപ്പായ പാതകളില്‍ ഫിഫ്ത്ത് ഗിയറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന അതേ സ്ട്രാറ്റജി ഗാട്ട് റോഡുകളില്‍ ചെലവാകില്ല. സാധാരണ റോഡുകളിലേതിനെക്കാള്‍ ഒരു ഗിയര്‍നിലയെങ്കിലും ഉയര്‍ന്നുനില്‍ക്കാന്‍ ശ്രദ്ധിക്കുക.

ചുരമിറങ്ങുമ്പോള്‍ ചെറിയ ഇറക്കങ്ങളില്‍ കാര്‍/ബൈക്ക് മൂന്നാം ഗിയറിലെങ്കിലും നിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് കുറച്ചധികം ചക്രവീര്യം (ടോര്‍ക്ക്) പ്രദാനം ചെയ്യുന്നതിനൊപ്പം ബ്രേക്കുകള്‍ക്ക് അധികഭാരം നല്‍കാതിരിക്കുകയും ചെയ്യുന്നു. ചുരപ്പാതകളിറങ്ങുമ്പേള്‍ ന്യൂട്രലിലിട്ട് എണ്ണ ലാഭിക്കുന്നവരുണ്ട്. ഇത് ഒരു കാരണവശാലും ചെയ്യാതിരിക്കുക. ന്യൂട്രലില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം നിറുത്തുവാനുള്ള ഏകവഴി ബ്രേക്കിംഗ് മാത്രമായിത്തീരുന്നു. ബ്രേക്കുകള്‍ക്കുമീതെ നിരന്തരമായ പണികള്‍ ഈ സമയങ്ങളില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യും. ബ്രേക്ക് പണിയാവുകയും വണ്ടി നേരെ ചെന്ന് കൊക്കയില്‍ ചാടുകയും ചെയ്യാനുള്ള സാധ്യത ഇവിടെ ഏറുന്നു. എന്‍ജിനുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്തുന്ന ഡ്രൈവിംഗ് മാത്രം പ്രയോഗിക്കുക ചുരപ്പാതകളില്‍.

വളവുകളില്‍ ഡൗണ്‍ഫിഫ്റ്റ് ചെയ്യുക

വളവുകളില്‍ ഡൗണ്‍ഫിഫ്റ്റ് ചെയ്യുക

കൊടുംവളവുകള്‍ ഉയര്‍ന്ന ഗിയര്‍നിലയില്‍ മറികടക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തേഡ് ഗിയറിലേക്കെങ്കിലും മാറുക. മറിച്ചായാല്‍ കാര്‍ അതിവേഗതയില്‍ നിയന്ത്രണം നഷ്ടമായി നേരെ പായാനുള്ള സാധ്യത കൂടുന്നു. മറ്റൊരു സാധ്യത ഉയര്‍ന്ന ഗിയര്‍നിലയില്‍ അതിവേഗതയില്‍ വരുന്ന വാഹനം ചെരിയുന്നതാണ്. ഉയര്‍ന്ന ഗിയറില്‍ വേണ്ടത്ര ചക്രവീര്യം ചക്രങ്ങളിലേക്ക് പകരാന്‍ കഴിയാതെ പോകുന്നതാണ് ഇതിനു കാരണം.

ഓവര്‍ടേക്കിംഗ് അതീവശ്രദ്ധയോടെ

ഓവര്‍ടേക്കിംഗ് അതീവശ്രദ്ധയോടെ

ഗാട്ട് റോഡുകളില്‍ മുന്നിലുള്ള പാത അധികദൂരമൊന്നും കൃത്യമായി കാണാന്‍ കഴിയാതെ വരുന്നതാണ് പ്രശ്‌നം. ധൃതിപിടിച്ചുള്ള നീക്കങ്ങള്‍ പാണ്ടിലോറിക്കടിയിലേക്ക് എത്തിച്ചേരാം. പതുക്കെ നീങ്ങുന്ന വാഹനത്തിനു പിന്നിലാണ് നമ്മുടെ കാറെങ്കില്‍ ഒരല്‍പം വെയ്റ്റ് ചെയ്യാം. ഓവര്‍ടേക്കിംഗിന് ആവശ്യമായ ഇടം കിട്ടുകയും മുന്നിലുള്ള റോഡ് കുറച്ചധികം ദൂരം കാണാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ മാത്രം ഓവര്‍ടേക്ക് ചെയ്യുക. മറ്റൊരു കാര്യം, നിരന്തരമായി ഹോണ്‍ മുഴക്കി മുന്നിലുള്ള പാണ്ടിലോറിക്കാരനെ പ്രാന്തു പിടിപ്പിക്കാതിരിക്കുക എന്നതാണ്. ആദ്യത്തെ ഹോണില്‍ നമ്മള്‍ പിന്നിലുള്ള കാര്യം മനസ്സിലാക്കുന്ന ഡ്രൈവര്‍ സന്ദര്‍ഭം വരുമ്പോള്‍ റോഡൊഴിഞ്ഞു നല്‍കും. ക്ഷമ വേണം, ക്ഷമ.

കൊടുംവളവുകളില്‍ ഹോണടിക്കുക

കൊടുംവളവുകളില്‍ ഹോണടിക്കുക

രാത്രാകലങ്ങളില്‍ വളവുകളില്‍ ഹെഡ്‌ലൈറ്റിന്റെ പ്രകാശം എതിര്‍വശത്തുനിന്നുള്ള വാഹനത്തിന്റെ വരവ് മനസ്സിലാക്കിത്തരുന്നു. എന്നാല്‍, പകല്‍സമയത്ത് ഹോണ്‍ മാത്രമാണ് ആശ്രയം. എതിര്‍വശത്തു നിന്ന് മറുപടി ഹോണ്‍ കിട്ടിയാല്‍ പതുക്കെ മുന്നേറുക.

ചുരപ്പാതയിലെ സുവര്‍ണനിയമം

ചുരപ്പാതയിലെ സുവര്‍ണനിയമം

കയറ്റം കയറിവരുന്ന വലിയ വാഹനങ്ങള്‍ക്കിട്ട് പണികൊടുക്കുന്നവരുണ്ട്. നേരെ മുമ്പിലേക്ക് കയറ്റി നിറുത്തി വണ്ടി ഓഫാക്കിക്കും. ഇതിനെ കന്നത്തരം എന്ന വാക്കുകൊണ്ടു മാത്രമേ വിശദീകരിക്കാനാവൂ. കയറ്റം കയറിവരുന്ന വാഹനത്തിനടുത്ത് കടന്നുപോകാന്‍ വേണ്ടത്ര ഇടമില്ലെങ്കില്‍ വണ്ടി ഒരു വശത്തേക്ക് കയറ്റിനിറുത്തി കാത്തു നില്‍ക്കുക.

വാഹനം സുരക്ഷിതമായി പാര്‍ക്കു ചെയ്യുക

വാഹനം സുരക്ഷിതമായി പാര്‍ക്കു ചെയ്യുക

വീതി കുറഞ്ഞയിടങ്ങളില്‍ വാഹനം പാര്‍ക്കു ചെയ്യാതിരിക്കുക എന്നതും പ്രധാനമാണ്. വീതിയേറിയ ഇടങ്ങളില്‍, ഇരുവശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ പാര്‍ക്കു ചെയ്യുക.

'റേസിംഗ് ലൈന്‍' റോഡില്‍ പ്രയോഗിക്കരുത്

'റേസിംഗ് ലൈന്‍' റോഡില്‍ പ്രയോഗിക്കരുത്

കോര്‍ണറുകള്‍ മറികടക്കാന്‍ കാര്‍ റേസര്‍മാര്‍ ഉപയോഗിക്കുന്ന എളുപ്പമാര്‍ഗമാണിത്. വളവു തുടങ്ങുന്ന ഘട്ടത്തില്‍, കടന്നുവരുന്ന ദിശയ്ക്ക് ആപേക്ഷികമായി, റോഡിന്റെ ഇടത്തോ വലത്തോ വശത്തേക്ക് ചാഞ്ഞ് നേര്‍രേഖയില്‍ കാറിനെ കൊണ്ടുപോകുന്ന രീതിയാണിത്. ട്രാക്കിലെ നിരപ്പായതും സുരക്ഷിതത്വമേറിയതുമായ സ്‌പേസില്‍ ചെയ്യുന്നത് ഗാട്ട് റോഡില്‍ താങ്കള്‍ പ്രയോഗിക്കുകയാണെങ്കില്‍ എനിക്ക് ഒരു നല്ല വായനക്കാരനെയാണ് നഷ്ടമാവുക എന്നതോര്‍ക്കുക.

ഒരു ചെറുപുഞ്ചിരി

ഒരു ചെറുപുഞ്ചിരി

റോഡ് അനാവശ്യമായ വഴക്കുകള്‍ക്കുള്ള ഇടമേയല്ല. ട്രക്കുകളും ബസ്സുകളുമെല്ലാം ഓവര്‍ടേക്ക് ചെയ്തുപോകുമ്പോള്‍ നന്ദിസൂചകമായി പ്രത്യേകതരത്തില്‍ ഹോണ്‍ മുഴക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. ഓവര്‍ടേക്കിംഗ് അനുവദിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയാണവര്‍. കാര്‍ ഡ്രൈവര്‍മാര്‍, ഒരുപക്ഷേ റോഡ് മര്യാദകളെക്കുറിച്ച് അറിയാത്തതുകൊണ്ടാവാം, അധികമൊന്നും ഇങ്ങനെ ചെയ്തു കാണാറില്ല. വെറുതെ ഒന്ന് ഹോണടിക്കടേയ്. ഇതൊക്കയൊരു സന്തോഷമല്ലേ.

ചുരപ്പാതയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍

അടുത്ത തവണ ചുരം കയറുമ്പോള്‍ ഇപ്പറഞ്ഞതെല്ലാം ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. എന്തെങ്കിലും വിട്ടുപോയതായി തോന്നുന്നുവെങ്കില്‍ ചുവട്ടില്‍ ചെന്ന് കമന്റിടാന്‍ മറക്കരുത്.

Most Read Articles

Malayalam
കൂടുതല്‍... #car talk #കാര്‍ ടോക്ക്
English summary
In an effort to improve awareness about proper hill driving etiquette, we have compiled a list of things to keep in mind while driving in the ghats.
Story first published: Thursday, April 24, 2014, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X