ശരിക്കും എത്ര കിട്ടും?; മൈലേജ് വര്‍ധിപ്പിക്കാനുള്ള ചില സൂത്രപ്പണികള്‍

Written by: Dijo

'ശരിക്കും എത്ര കിട്ടും? ഈ ചോദ്യം കേള്‍ക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാകാറില്ല. പുതിയ വാഹനം വാങ്ങിയാല്‍ നമ്മള്‍ ആദ്യം നേരിടുന്ന ചോദ്യമാണിത്. ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റം വിപണിയിലെ മൈലേജ് സങ്കല്‍പങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

ഇനി വാഹനത്തിന് മൈലേജ് കുറവാണെങ്കിലോ? അപ്പോള്‍ ലഭിക്കും ഒരായിരം നിര്‍ദ്ദേശങ്ങള്‍. ഇന്ന പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ ഉപയോഗിച്ചാല്‍ മതി, ഇന്ന സര്‍വീസ് സെന്ററില്‍ കാണിച്ചാല്‍ മതി, ഇന്ന മെക്കാനിക്കിന് മൈലേജ് കൂട്ടാനറിയാം- എന്നൊക്കെയുള്ള ഉപദേശങ്ങള്‍ സര്‍വസാധാരണമായി ഇപ്പോള്‍ ലഭിക്കും.

എന്നാല്‍ മൈലേജ് കൂട്ടാനായി നമ്മളില്‍ പലരും പിന്തുടരുന്ന നിയമങ്ങള്‍ വെറും അന്ധവിശ്വാസങ്ങളാണ്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ചെന്നെത്തിക്കുക എഞ്ചിന് തകരാറിലേക്കാകും.

ഓരോ വാഹനത്തിനും അതത് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത അല്ലെങ്കില്‍ മൈലേജ് ഉണ്ട്. അത് ലഭിക്കാന്‍ നമ്മുക്ക് എന്തൊക്കെ ചെയ്യാം? ശാസ്ത്രീയമായി എങ്ങനെ മൈലേജ് വര്‍ധിപ്പിക്കാനുള്ള ചില വഴികള്‍ ഇങ്ങനെ-

പതുക്കെ, പതുക്കെ!

മണിക്കൂറില്‍ 60-80 കിലോമീറ്ററുകള്‍ക്കുള്ളിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത നല്‍കുന്നത്. ഇതിനെക്കാള്‍ വളരെ കൂടുതലോ വളരെ കുറവോ വേഗതയില്‍ കാറോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്.

80-90 കിലോമീറ്ററുകള്‍ക്കു മേല്‍ വേഗതയിലാണ് കാര്‍ നീങ്ങുന്നതെങ്കില്‍ മൈലേജ് കുറയും. ഇനി ട്രാഫിക്കിലാണെങ്കില്‍ സ്ഥിരതയോടെ വണ്ടിയോടിക്കുക.

സ്മൂത്തായി വിട്ടാലെന്താണ്?

ആക്സിലറേഷനും ഗിയര്‍ ഷിഫ്റ്റും ഒരല്‍പം സ്മൂത്തായി നടപ്പിലാക്കുന്നത് മൈലേജ് കൂട്ടാന്‍ സഹായകരമാണ്. ട്രാഫിക്കില്‍ റെഡ് ലൈറ്റ് അകലെ നിന്ന് കാണുകയാണെങ്കില്‍ കാറിന്റെ വേഗത പതുക്കെ കുറച്ചുകൊണ്ടുവരിക.

പലപ്പോഴും സീബ്രാ ലൈനിനടുത്തുവെച്ചാണ് പലരും സഡന്‍ ബ്രേക്കിട്ടു വാഹനം നിര്‍ത്തുന്നത്. ഇത്തരത്തിലുള്ള സഡന്‍ ബ്രേക്കുകളുടെ ഉപയോഗവും മൈലേജ് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ഗിയര്‍ കൃത്യത

ഉയര്‍ന്ന ഗിയര്‍നിലകളില്‍ മൈലേജ് കൂടുതല്‍ ലഭിക്കുന്നു എന്നതിനാല്‍ ഫസ്റ്റ് ഗിയര്‍ ഒട്ടും ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. വലിയ സ്പീഡ് ബ്രേക്കറുകളോ കുന്നുകളോ വരുമ്പോഴും ഉയര്‍ന്ന ഗിയറില്‍ നിന്ന് ഡൗണ്‍ഷിഫ്റ്റ് ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല. മൈലേജ് കൂടുമെന്ന വിശ്വാസത്തോടെ ചെയ്യുന്ന ഈ പണി ശരിക്കും അബദ്ധമാണ്.

ഉയര്‍ന്ന ഗിയര്‍നിലയില്‍ എന്‍ജിന് ടോര്‍ഖ് കുറവായിരിക്കുമെന്നതാണ് പ്രശ്നം. കയറ്റം കയറാന്‍ ഉയര്‍ന്ന ടോര്‍ഖ് ലഭിക്കുന്ന താഴ്ന്ന ഗിയര്‍നിലയിലേക്ക് മാറുകയാണ് ഗിയര്‍ബോക്സിനും മൈലേജിനും ഉത്തമം.

ഓഫാക്കുക

ഇത് സാധാരണമായി എല്ലാവരും പിന്തുടരാറുള്ള ഒരു കാര്യമാണ്. 30 സെക്കന്‍ഡിലധികം നിറുത്തിയിടേണ്ടി വരികയാണെങ്കില്‍ കാര്‍ ഓഫ് ചെയ്യുകയാണ് ഉത്തമം.

30 സെക്കന്‍ഡില്‍ കുറവാണ് കാത്തുനില്‍ക്കേണ്ടതെങ്കില്‍ ഓഫാക്കാതിരിക്കുക. എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതാണ് കാര്യം.

എസി ഉപയോഗം

എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ധാരാളം വൈദ്യുതിയും ഇന്ധനവും ഇതിനുവേണ്ടി കത്തുന്നു. കാലാവസ്ഥ അനുയോജ്യമെങ്കില്‍ എസി ഉപയോഗിക്കാതിരിക്കുക എന്നതുമാത്രമേ ഇതില്‍ ചെയ്യാനുള്ളൂ.

ക്ലൈമറ്റ് കണ്‍ട്രോള്‍ സന്നാഹമുള്ള കാറുകളിലാണെങ്കില്‍ 'ലോ ബ്ലോവര്‍' മോഡില്‍ എസി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കാറിലെ താപനിലയുടെ സ്ഥിരതയ്ക്കായി വലിയ തോതില്‍ ശ്രമിക്കുകയില്ല ഈ മോഡ് എന്നതിനാല്‍ അധികം ഇന്ധനം ചെലവാകില്ല.

വിന്‍ഡോകള്‍ താഴ്ത്തി, ഉയര്‍ന്ന വേഗതയില്‍ പായുകയാണെങ്കില്‍ കാറിന്റെ എയ്റോഡൈനമിക് ഡ്രാഗ് അഥവാ കാറ്റിനെ മുറിച്ചുകടക്കാനുള്ള ശേഷി കുറയുന്നു. ഇതും ഇന്ധനക്ഷമത കുറയ്ക്കുന്ന ഘടകമാണ്.

ടയര്‍ പ്രഷര്‍

കൃത്യമായ ടയര്‍ പ്രഷര്‍ സൂക്ഷിക്കുക എന്നതാണ് മൈലേജ് വര്‍ധിപ്പിക്കാനുള്ള മറ്റൊരു വഴി. പഠനങ്ങള്‍ പറയുന്നതു പ്രകാരം വാഹനത്തിന്റെ മൈലേജ് 3 ശതമാനം കണ്ടുയര്‍ത്താന്‍ ടയര്‍ പ്രഷറിന്റെ കൃത്യതയ്ക്ക് സാധിക്കും. ടയറുകളുടെ ഇലാസ്തികതയില്ലായ്മ മൂലം സംഭവിക്കുന്ന കൂടിയ റോളിംഗ് റെസിസ്റ്റന്‍സ് മൈലേജ് കുറയ്ക്കുന്ന ഒരു ഘടകമാണ്.

പഠനങ്ങള്‍ പറയുന്നതു പ്രകാരം കാറിന്റെ മൈലേജ് 1.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കുറഞ്ഞ റോളിംഗ് റസിസ്റ്റന്‍സുള്ള ടയറുകള്‍ക്ക് സാധിക്കും. അലോയ് വീലുകളോടു കൂടിയ പെര്‍ഫോമന്‍സ് ടയറുകളാണ് കാറിലുപയോഗിക്കുന്നതെങ്കില്‍ ദീര്‍ഘയാത്രകളില്‍ സാധാരണ ടയറുകളിലേക്ക് മാറുന്നത് നന്നായിരിക്കും.

ഉയര്‍ന്ന പ്രകടനശേഷിയുള്ള ടയറുകള്‍ സ്വാഭാവികമായും ഉയര്‍ന്ന ഗ്രിപ്പിനും കൈകാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്നതിനാല്‍ കൂടിയ റോളിംഗ് റെസിസ്റ്റന്‍സ് കിട്ടുന്ന വിധത്തില്‍ നിര്‍മിച്ചതായിരിക്കും. ഇത് റോഡില്‍ മൈലേജ് നിരക്ക് ഗണ്യമായി താഴ്ത്തുന്നു.

കുറഞ്ഞ റോളിംഗ് പ്രതിരോധമുള്ള ടയറുകള്‍ ബ്രേക്കിംഗിലും മറ്റും പ്രശ്നമുണ്ടാക്കുമെന്ന ആശങ്ക വേണ്ട. റോളിംഗ് പ്രതിരോധം കുറഞ്ഞ, ഉയര്‍ന്ന ഗുണനിലവാരമുള്ള ടയറുകള്‍ വിപണിയില്‍ ലഭ്യമാണ്. അവ ഉപയോഗിച്ചാല്‍ മതിയാവും.

സര്‍വീസ്

തോന്നിയപോലെ പരിപാലിക്കപ്പെടുന്ന കാറില്‍ നിന്ന് ഏറ്റവും മുന്തിയ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. സ്ഥിരമായി സര്‍വീസ് ചെയ്യുക. കാറിന്റെ എയര്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍, സ്പാര്‍ക് പ്ലഗ്ഗുകള്‍ എന്നിവ സ്ഥിരമായി പരിശോധനയ്ക്ക് വിധേയമാക്കണം.

കാറിന്റെ ഓക്സിജന്‍ സെന്‍സര്‍ ഓരോ 60,000 കിലോമീറ്റര്‍ കൂടുമ്പോഴും പരിശോധിക്കണം. എന്‍ജിനില്‍ വേണ്ടത്ര ഓക്സിജന്‍ അനുപാതമുണ്ടോ എന്ന് പരിശോധിക്കുകയാണ് കാറിലെ ഓക്സിജന്‍ സെന്‍സര്‍ ചെയ്യുന്നത്.

കൃത്യമായ അളവില്‍ ഓക്സിജനില്ലെങ്കില്‍ ഇന്ധനം പൂര്‍ണമായി കത്താതിരിക്കുകയും അത് കരിമ്പുകയായി പുറത്തെത്തുകയും ചെയ്യുന്നു. കത്താതെ പോകുന്ന ഇന്ധനം മൈലേജ് നഷ്ടം തന്നെയാണ്.

കാറിലെ ഭാരം

കാറിനകത്ത് ഒരു വീടു മുഴുവന്‍ കുത്തിനിറച്ചാണ് നമ്മള്‍ യാത്ര പോകാറുള്ളത്. ഇത് മൈലേജില്‍ വരുത്തുന്ന കുറവ് എത്രത്തോളമെന്നതിനെക്കുറിച്ച് പലപ്പോഴും ആരും ആലോചിക്കാറില്ല. സാധിക്കുന്നതാണെങ്കില്‍, ഭാരമേറിയ സാധനങ്ങള്‍ കാറിനകത്ത് കയറ്റുന്നത് കുറയ്ക്കുക.

തണുപ്പുള്ള സമയങ്ങളില്‍ ഇന്ധനം വാങ്ങുക

തണുപ്പില്‍ ഇന്ധനം സാന്ദ്രതയേറിയതായി മാറുന്നു. രാവിലെ, അല്ലെങ്കില്‍ തണുപ്പുള്ള ദിവസങ്ങളില്‍ ഇന്ധനമടിക്കുക എന്നാണ് നിര്‍ദ്ദേശം. ഇത് കൂടുതല്‍ ഇന്ധനം ടാങ്കില്‍ കയറാന്‍ വഴിയൊരുക്കുന്നു.

പമ്പില്‍ അളക്കുന്നത് ഇന്ധനത്തിന്റെ വോള്യം ആണെന്നതിനാല്‍ ഇത് തടയാന്‍ അവര്‍ക്ക് സാധിക്കില്ല. ഇങ്ങനെ ഇന്ധനം കയറ്റിയതിനുശേഷം ഇന്ധനടാങ്കിന്റെ അടപ്പ് മുറുക്കിയടയ്ക്കുക.

നിലവാരമുള്ള ഇന്ധനവും ല്യൂബ്രിക്കന്റുകളും ഉപയോഗിക്കുക

ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ഇന്ധനമടിച്ചാന്‍ കാര്‍ പറപറക്കുമെന്നും മൈലേജ് കൂടുമെന്നുമെല്ലാം ചിലര്‍ വാദിക്കുന്നുണ്ട്. ഇത്തരം ഇന്ധനം നമ്മുടെ കാറിലും കയറ്റാമെന്നോര്‍ത്ത് നമ്മള്‍ പരതി നടക്കുകയും ചെയ്യും. ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള മീതേന്‍ പോലുള്ള ഇന്ധനങ്ങള്‍ ഡ്രൈഗ് റേസിംഗ് കാറുകളിലും മറ്റും ഉപയോഗിക്കാറുണ്ട്.

ഇവിടെ എന്‍ജിനില്‍ എയര്‍ കംപ്രഷനില്‍ തന്നെ ഇന്ധനം തീപ്പിടിക്കുന്നു; കാര്‍ പറപറക്കുന്നു. നമ്മുടെ പക്കലുള്ള കാറുകള്‍ ഡ്രൈഗ് റേസിംഗ് കാറുകളല്ല. എന്‍ജിന്‍ കംപ്രഷന്‍ അനുപാതം തികച്ചും വ്യത്യസ്തമാണ് നിരത്തിലോടുന്ന കാറുകളില്‍.

എന്‍ജിന്‍ കംപ്രഷന്‍ അനുപാതം അനുസരിച്ചുള്ള ഗുണനിലവാരമുള്ള ഇന്ധനമാണ് കാറില്‍ ഉപയോഗിക്കേണ്ടത്. മികച്ച നിലവാരമുള്ള ല്യൂബ്രിക്കന്റുകള്‍ മാത്രം കാറിലുപയോഗിക്കുക.

ഓട്ടോമാറ്റിക് കാര്‍ മാനുവലിലാക്കുക

മിക്ക ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളും ഒരു പ്രത്യേക സ്പീഡ് കൈവരിക്കുമ്പോഴാണ് അപ്ഷിഫ്റ്റ് ചെയ്യുന്നത്. ഈ 'യാന്ത്രികത' നിരത്തുകളില്‍ പലപ്പോഴും അബദ്ധമാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന് റോഡിന്റെ യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുവാനും കൃത്യമായ ടോര്‍ഖ് പുറത്തെടുക്കുന്ന ഗിയറിലേക്ക് മാറുവാനും കഴിയില്ല.

കുറഞ്ഞ ടോര്‍ഖ് മാത്രം ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഗിയര്‍ പലപ്പോഴും ഫസ്റ്റ് ഗിയറില്‍ തങ്ങി നില്‍ക്കുന്നതും തിരിച്ചും സംഭവിക്കുന്നത് കാണാം.

പ്രീമിയം കാറുകളില്‍ ഇതൊഴിവാക്കാന്‍ വഴിയുണ്ട്. മാനുവല്‍ ഗിയറിലേക്കു മാറാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കൃത്യമായ ഗിയര്‍ ഷിഫ്റ്റ് നടക്കുന്നതോടെ ഇന്ധനം അനാവശ്യമായി ചെലവാകുന്നത് കുറയുന്നു.

വലിയ വണ്ടികളെ പിന്തുടരുക

വലിയ തിരക്കൊന്നുമില്ലെങ്കില്‍ ചെയ്യാവുന്നതാണിത്. വലിയ വണ്ടികളെ പിന്തുടര്‍ന്ന് ഡ്രൈവ് ചെയ്യുക. ഒട്ടും സമ്മര്‍ദ്ദമില്ലാതെ കാറോടിക്കാന്‍ കഴിയുമെന്നതിനൊപ്പം മൈലേജ്പരമായ ചില ഗുണങ്ങളുമുണ്ട്.

അസ്വാഭാവികമായ നീക്കങ്ങളൊന്നും ഇത്തരം വാഹനങ്ങള്‍ നടത്തുകയില്ല എന്ന പ്രതീക്ഷയിലാണ് ഈ നിര്‍ദ്ദേശം. സ്മൂത്തായി കാറോടിക്കാനും ഈ പിന്നാലെപ്പോക്ക് സഹായിക്കും.

റിവേഴ്സ് പാര്‍ക്ക്

കാര്‍ ഗരാജിലിടുമ്പോള്‍ റിവേഴ്സെടുത്ത് പാര്‍ക്ക് ചെയ്യുന്നത് നന്നായിരിക്കും. അടുത്ത ദിവസം രാവിലെ എന്‍ജിന്‍ തണുത്തിരിക്കുമ്പോള്‍ റിവേഴ്സെടുക്കലും മറ്റും അധിക ഇന്ധനമാണ് ഉപയോഗപ്പെടുത്തുക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Steps to increase the mileage for your vehicle.
Please Wait while comments are loading...

Latest Photos