ഒന്നല്ല നൂറിലധികം കാറുകൾ ഒരുകുടകീഴിൽ; ടവർ പാർക്കിംഗ് ആദ്യമായി കേരളത്തിലും!!

Written By:

അനുദിനം നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം ഏറിവരികയാണ് കൂട്ടത്തിൽ പാർക്കിംഗ് പ്രശ്നവും. ഇതിനൊരു പരിഹാരമായി ഹിന്ദുസ്ഥാൻ ഓട്ടൊ ഹബ് കൺസോർഷ്യം എന്ന കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നൊരു സ്വകാര്യ കമ്പനി മുന്നിട്ടിറങ്ങിയിരിക്കുന്നു.

കൊച്ചി മെട്രോ സ്റ്റേഷനിലും സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലും ടവർ പാർക്കിംഗ് എന്നാശയമാണ് ഈ കമ്പനി മുന്നോട്ട് വയ്ക്കുന്നത്.

വർധിച്ചുവരുന്ന വാഹനപെരുപ്പം കാരണം പാർക്കിംഗ് വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേതുപോലെ വാഹനങ്ങൾ പൊതു നിരത്തിൽ പാർക്കിംഗ് ചെയ്യേണ്ടതായി വന്നിരിക്കുകയാണ് കേരളത്തിലും.

പാർക്കിംഗിനായി പ്രത്യേക സൗകര്യവും കേരളത്തിൽ‍ ഇല്ലാത്തതിനാൽ അങ്ങിങ്ങ് പാർക്ക് ചെയ്തുപോയാലുള്ള സ്ഥിതിയോ പിന്നവിടെ ഗതാഗത കുരുക്കുമായി. ഈ അവസ്ഥയിൽ നിന്നും കേരളത്തെ കരകയറ്റാമെന്നുള്ള വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഈ സ്വകാര്യ സ്ഥാപനം.

കൂടുതൽ സ്ഥലം മെനക്കെടുത്താതെ രണ്ട് കാർ നിർത്തിയിടാവുന്ന സ്ഥാനത്ത് 12 കാറുകളും അതുപോലെ മൂന്നെണ്ണത്തിന്റെ സ്ഥാനത്ത് 50 കാറുകളും ഒന്നിന് മുകളിലായി മറ്റൊന്ന് എന്ന തരത്തിൽ ക്രമീകരിക്കാവുന്ന ടവർ പാർക്കിംഗ് സിസ്റ്റത്തിനാണ് കമ്പനി ഊന്നൽ നൽകുന്നത്.

കേരളത്തിലാദ്യമാണെങ്കിലും വിദേശ രാജ്യങ്ങളിൽ മുൻപെ കൈകൊണ്ടിട്ടുള്ള ഒരു പാർക്കിംഗ് സംവിധാനമാണിത്. ഈ സംവിധാനം കേരളത്തിന് പുതുമയുള്ളതാണെങ്കിലും ഇന്ത്യയിലെ മിക്ക മെട്രോ നഗരങ്ങളിലും മാളുകളിലും ഈ സംവിധാനം ഉപയോഗിച്ചുവരുന്നുണ്ട്.

ഒന്നിന് മുകളിലായി മറ്റൊന്ന് എന്നരീതിയിൽ യന്ത്രവൽകൃത പാര്‍ക്കിംഗ് റാക്കുകളാണ് ഇതിനായി ഒരുക്കുന്നത്. താഴെ പാർക്കിംഗ് ബേയിലെത്തിക്കുന്ന വാഹനങ്ങളെ കമ്പ്യൂട്ടർ നിയന്ത്രിത ലിഫ്റ്റ് വഴി ഇരുവശത്തുമുള്ള റാക്കിലേക്ക് മാറ്റി സൂക്ഷിക്കുകയാണ് ചെയ്യുക.

പിന്നീട് പണമീടാക്കി വാഹനയുടമകൾക്ക് ടോക്കണും നൽകുന്നതായിരിക്കും. പിന്നീട് വരുമ്പോൾ ടോക്കൺ നൽകി വാഹനം റാക്കിൽ നിന്നും തിരിച്ചെടുക്കാവുന്നതാണ്.

പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ടോക്കൺ ഉപയോഗിച്ച് ഉടമകൾ തന്നെ കാർ തിരിച്ചെടുക്കാവുന്നതാണ്. ഏതാണ്ട് 30 മീറ്റർ വരെ ഉയരമുള്ള ടവറുകളാണ് പാർക്കിംഗിനായി പണിയാൻ ഉദ്ദേശിക്കുന്നത്.

തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ എന്നീ നഗരങ്ങളിൽ പ്രധാന ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും ഇത്തരം ഓട്ടോമാറ്റിക് പാർക്കിംഗ് ടവർ സ്ഥാപിക്കുക.

ഇതിനു നഗരസഭയുടെ അനുമതിക്കായി കാക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാലുടനെ നഗരസഭയ്ക്ക് ബാധ്യതയാകാത്ത വിധം കാറുടമകളിൽ നിന്ന് പണം പിരിച്ചായിരിക്കും കമ്പനി ടവർ നിർമാണത്തിനുള്ള തുക കണ്ടെത്തുക.

മാളുകൾ, വലിയ ഹോട്ടലുകൾ, ആശുപത്രികൾ, സിനിമാശാലകൾ എന്നിവിടങ്ങളിലും ഇത്തരം ഓട്ടോമാറ്റിക് പാർക്കിംഗ് ടവർ സ്ഥാപിക്കുമെന്നും ഹിന്ദുസ്ഥാന്‍ ഓട്ടോ ഹബ് കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ ബിജു വര്‍ഗീസ് അറിയിച്ചു.

വിദേശ രാജ്യങ്ങളിലിതുപോലെ ഓട്ടോമാറ്റിക് ടവർ പാർക്കിംഗ് സംവിധാനം പ്രചാരത്തിലുണ്ടെങ്കിലും അത്തരത്തിൽ ഏറ്റവും വലിയ പാർക്കിംഗ് സംവിധാനമെന്ന് അവകാശപ്പെടാവുന്നത് ജര്‍മനിയിലെ ഫോക്‌സ് വാഗന്‍ കമ്പനി ഷോറൂമിലെ പാർക്കിംഗ് സംവിധാനമാണ്.

50 കാറുകൾ പാർക്ക് ചെയ്യാവുന്നിടത്ത് ഇവിടെ 460 കാറുകളാണ് പാർക്ക് ചെയ്യാൻ കഴിയുന്നത്. ഇത്തരത്തിൽ കേരളത്തിൽ പാർക്കിംഗ് ടവറുകൾ വ്യാപകമാകുന്നതോടെ വൻതോതിലുള്ള പാർക്കിംഗ് പ്രശ്നങ്ങളും അതുവഴിയുള്ള ഗതാഗത കുരുക്കും ഒരുപരിധി വരെ കുറയ്ക്കാനാകും.

ടവർ പാർക്കിംഗ് വീഡിയോ കാണാം

  

കൂടുതല്‍... #കാർ #car
English summary
Automatic parking systems in kerala
Please Wait while comments are loading...

Latest Photos