ബർമുഡ ത്രികോണത്തിൽ എയർബോംബ്; രഹസ്യചുരുളഴിച്ച് ശാസ്ത്രലോകം!!

Written By:

രഹസ്യങ്ങളുടെ ചുരുൾ അഴിക്കപ്പെടാനാകാതെ ഇന്നും മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങല്‍ക്കും മേലെ ചോദ്യചിഹ്നമായി ഉയർന്നു നിൽക്കുന്ന അനന്തവിശാലമായ കടലാഴിയാണ് ബർമുഡ ത്രികോണം. ചെകുത്താന്റെ ത്രികോണം എന്നറിയപ്പെടുന്ന ഭീതിജനകമായ ഈ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള വടംവലി തുടങ്ങിയിട്ട് കാലങ്ങളേറെയായി.

നിരവധി വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ, മുങ്ങിക്കപ്പലുകൾ, കപ്പലുകൾ എന്നു വേണ്ട ബർമുഡ ട്രയാംഗിളിന് മുകളിൽ കൂടി പറന്നതും സഞ്ചരിച്ചതുമെല്ലാം എങ്ങുപോയി എന്നുള്ള ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

അന്യഗ്രഹ ജീവികൾ മുതൽ കൂറ്റൻ സുനാമി തിരമാലകളും ചില കാന്തിക ശക്തികളും ഉൾപ്പടെയുള്ളവ ഈ നിഗൂഢതയ്ക്ക് കാരണമായി പറയപ്പെടുന്നുവെങ്കിലും യഥാർത്ഥത്തിൽ ഇതൊന്നുമല്ലെന്നാണ് ഒരു സംഘം ഗവേഷകർ ഇക്കഴിഞ്ഞ ദിവസം തെളിയിച്ചത്.

ഷഡ്ഭുജാകൃതി കൈവരിച്ചിട്ടുള്ള ഒരുതരം വിചിത്രമേഘങ്ങളും അവ സൃഷ്ടിക്കുന്ന എയർബോംബുകളുമാണ് ഈ പ്രദേശത്തെ കൂടുതൽ അപകടകരമാക്കുന്നതെന്നാണ് ഈ സംഘം തെളിയിച്ചത്. ഒടുവിൽ ബർമുഡ ട്രയാംഗിളിന്റെ നിഗൂഢ രഹസ്യം വെളിച്ചത്തുകൊണ്ടുവന്നു എന്നും ഇവർ അവകാശപ്പെടുന്നു.

ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ നിഗൂഢമായ കടൽപ്പരപ്പാണ് ബർമുഡ ത്രികോണമെന്നറിയപ്പെടുന്നത്. ബർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ സ്ഥലങ്ങൾ ചേർത്ത് കോണാകൃതിയിൽ രുപപ്പെടുത്തിയിട്ടുള്ള ഒരു സാങ്കൽപിക തൃകോണമാണ് ഈ പേരിലറിയപ്പെടുന്നത്.

ഏകദേശം 390000 ച.കി.മി വിസ്തീർണ്ണമുള്ള ഈ ഭാഗത്തിന് നൂറ്റാണ്ടുകളായുള്ള സംഹാര ചരിത്രമാണുള്ളത്. ഈ പ്രദേശത്തുനിന്ന് എഴുപതിലധികം കപ്പലുകളും നൂറിലധികം വിമാനങ്ങളുമാണ് അപ്രത്യക്ഷമായി എന്നാണ് റിപ്പോർട്ട്.

നൂറ്റാണ്ടുകളായി യാത്രക്കാരിൽ ഭീതിയുണർത്തി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അതി വിശാലമായ കടലാഴിയാണിത്. ചിലർ പ്രകൃതിയിലെ തന്നെ ചില കാന്തിക ശക്തിയായും മറ്റ് ചിലർ പൈശാചിക ശക്തിയായും ഇതിനെ വ്യാഖ്യാനിച്ചിരുന്നു.

സ്പേസ് ടൈം എന്ന പേരിൽ പ്രപഞ്ചമാകെ വ്യാപിച്ചുകിടക്കുന്ന പരവതാനിയിലുണ്ടാകുന്ന വിള്ളൽ മൂലം സൃഷ്ടിക്കപ്പെടുന്ന ടൈം പോർട്ടലുകളിൽ ഒന്ന് ബർമുഡ ത്രികോണത്തിലുണ്ടെന്നും കടലിനടിയിലുള്ള താവങ്ങളിൽ വന്നുപോകാൻ അന്യഗ്രഹ ജീവികൾ ഇതുഉപയോഗിച്ചുപോരുന്നുണ്ടെന്നും ചിലർ വിശ്വസിക്കുന്നു.

സമുദ്രാന്തർഭാഗത്തുള്ള വൻ മീഥേൻ വാതകപാക്കറ്റുകളാണ് ഈ പ്രതിഭാസത്തിന് കാരണമായിട്ടുള്ളതെന്നാണ് മറ്റുചിലർ വാദിക്കുന്നത്.

തീപ്പിടിക്കുന്ന വാതകമാണ് മീഥേൻ എന്നതിനാൽ കടലുപരിതലത്തിലേക്ക് ഈ വാതകമെത്തുമ്പോൾ ഇടിമിന്നലോ ഇലക്ട്രിക് സ്ഫുലിംഗമോ മൂലം അവയ്ക്ക് തീപിടിക്കുന്നു.

ഈ ഭാഗത്ത് എത്തിപ്പെടുന്ന കപ്പലുകളും വിമാനങ്ങളും ഇക്കാരണത്താൽ അപ്രത്യക്ഷമാകുന്നുവെന്നാണ് വേറെ ചില വാദം. അങ്ങനെ ബർമുഡ ത്രികോണത്തെ കുറിച്ച് പ്രചരിക്കുന്ന കഥകൾ പലതാണെങ്കിലും ഇന്നും യഥാർത്ഥ രഹസ്യങ്ങൾ എന്തെന്നുള്ളത് അവ്യക്തമാണ്.

ഈയോരു ഭീകരാന്തരീക്ഷത്തെ കുറിച്ച് ആളുകൾ അറിയുന്നത് തന്നെ അമേരിക്ക കണ്ടുപിടിച്ച മഹാ നാവിഗൻ ക്രിസ്റ്റഫസ് കൊളംബസിന്റെ യാത്രാനുഭവങ്ങളില്‍ നിന്നാണ്.

കൊളംബസ് ഒരിക്കൽ ആ ഭാഗത്ത് കൂടി പോകാനിടയായപ്പോൾ തീഗോളങ്ങൾ കടലിൽ വീഴുന്നത് കണ്ടെന്നും വടക്കുനോക്കിയന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അതിശക്തമായ അന്തർമുഖ വായുപ്രവാഹങ്ങൾ കടലിന്റെ അടിത്തട്ടിലേക്ക് താഴ്ത്തുകയും അതിവേഗത്തിലുള്ള ജലപ്രവാഹങ്ങൾ നാശാവശിഷ്ടങ്ങളെ ദൂരത്തേക്ക് അടിച്ചുപായിക്കുകയും ചെയ്യുകയാണെന്നും വിമാനങ്ങൾ കുടുങ്ങിയാൽ സിഗ്നലുകൾ പ്രവർത്തന രഹിതമാവുകയും വിമാനം ദിശയറിയാതെ ചുറ്റി കറങ്ങുകയാണെന്നുമുള്ള ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ഈയിടെ നാസയുടെ ഉപഗ്രഹമെടുത്ത ചിത്രങ്ങള്‍ വിശകലനം ചെയ്ത ഗവേഷകരാണ് ബര്‍മുഡ ത്രികോണത്തിന് മുകളില്‍ ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയത്. 32 കിലോമീറ്ററിനും 88 കിലോമീറ്ററിനും ഇടയ്ക്കുള്ള വിസ്തീർണമാണ് ഈ മേഘങ്ങൾക്കുള്ളത്.

ഇത്തരം മേഘങ്ങൾക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുണ്ടാക്കാൻ കഴിയുമെന്നും കടലിൽ 14 മീറ്റർ ഉയരത്തിൽ വരെ കൂറ്റൻ തിരമാലകളുണ്ടാക്കാന്‍ ഈ വായുപ്രവാഹത്തിന് കഴിയും.

ഷഡ്ഭുജാകൃതിയിലുള്ള ഈ വിചിത്ര മേഘങ്ങള്‍ സൃഷ്ടിക്കുന്ന എയർബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ഈ മേഖലയെ കൂടുതൽ അപകടരമാക്കുന്നതെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്.

ബര്‍മുഡയുടെ അഗാധതയില്‍ ആണ്ടുപോയ കപ്പലുകൾക്കും വിമാനങ്ങൾക്കും കണക്കുകൾ ഇല്ല. പായ്കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധകപ്പലും ആണവ അന്തർവാഹിനികളും ആധുനിക വിമാനങ്ങളും വരെ അവയില്‍ പെടും.

ഒരു കാര്യം മാത്രം വ്യക്തമാണ് വിജനത തളംകെട്ടിയ ഈ ജലഭാഗം വളരെ അപകടകാരിയാണ് എന്നത്.

ഇത്രയും കാലം ഉത്തരം കിട്ടാത്ത ബർമുഡ ത്രികോണം എന്ന പ്രതിഭാസത്തിന്റെ രഹസ്യ ചുരുൾ അഴിഞ്ഞു എന്ന് പരിപൂർണമായും പറയാൻ സാധിക്കില്ല. ഇതുവരെ നിരീക്ഷിക്കാത്ത ഒരു കാലാവസ്ഥാ പ്രതിഭാസം ശാസ്ത്രത്തിന് കണ്ടെത്തെനായെന്നും മറ്റ് ഊഹാപോഹങ്ങൾക്കൊപ്പും ഇതും പുതിയ കാരണമായി ചേർക്കപ്പെടുന്നു.

രഹസ്യങ്ങളുടെ കലവറയായി ബർമുഡ ത്രികോണം ഇന്നും അനേകം ഗവോഷകർക്ക് പഠനവിഷയമായി തീർന്നെന്നു വേണം പറയാൻ.

ശാസ്ത്രത്തിനു പിടികൊടുക്കാതെ പ്രകൃതിയുടെ കുസൃതിയെന്നോ വികൃതിയെന്നോ വിളിക്കാവുന്ന പ്രതിഭാസങ്ങളിലൊന്നായി ബര്‍മുഡ ത്രികോണം എന്നും നിഗൂഢമായി തന്നെ നിലനിൽക്കുമോ അടുത്ത ഇരയേയും കാത്ത്?

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Monday, October 24, 2016, 14:06 [IST]
English summary
Could mysterious hexagonal clouds in Bermuda Triangle caused by 170mph 'air bombs' be behind centuries of bizarre disappearances?
Please Wait while comments are loading...

Latest Photos