സ്വിഫ്റ്റ് ഒരു ഹാച്ച്ബാക്ക്; എങ്കില്‍ വൈബോ?

By Santheep

കാറുകള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ വിഷയത്തില്‍ 'വിവരം' കൂടിയ ഒരുത്തന്‍ ഹാച്ച്ബാക്ക്, സെഡാന്‍ തുടങ്ങിയ വാക്കുകള്‍ കൊണ്ട് നമ്മളെ ഞെട്ടിച്ച ഒരു പഴയകാലം വായനക്കാരില്‍ ചിലര്‍ക്കെങ്കിലുമുണ്ടാകും. ആദ്യമായി കാര്‍ വാങ്ങാന്‍ പോകുന്ന, അടുത്തിടെ ഡ്രൈവിങ് പരിശീലിച്ച ഒരാള്‍ക്കും ഇത്തരം വാക്കുകള്‍ വലിയ കണ്‍ഫ്യൂഷനുണ്ടാക്കാനിടയുണ്ട്. കാറുകളുടെ ബോഡി നിര്‍മാണശൈലിയെ ആധാരമാക്കിയുള്ള തരംതിരിവുകളാണ് ഇവയെല്ലാം. ഇത്തരം പത്തുപന്ത്രണ്ട് കാര്‍ ബോഡി ഡിസൈന്‍ ശൈലികളുണ്ട്.

ആണുങ്ങള്‍ക്കായി ആണുങ്ങളുണ്ടാക്കിയ ആണുങ്ങളുടെ കാറുകള്‍!

പുതിയ കാലത്ത് പലതരം കാര്‍ ഡിസൈന്‍ ശൈലികള്‍ കൂടിച്ചേര്‍ന്ന് ഒരു പുതിയ ഡിസൈന്‍ ശൈലി രൂപപ്പെടുന്ന പ്രവണത കാണാനുണ്ട്. എന്നിരിക്കിലും ഇവയുടെയെല്ലാം ആധാരമായി വര്‍ത്തിക്കുന്ന ചില അടിസ്ഥാനശൈലികളുണ്ട്. അവയെക്കുറിച്ചാണ് ഇവിടെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

കാര്‍ ബോഡി ഡിസൈന്‍ ശൈലികള്‍ വിശദീകരിക്കപ്പെടുന്നു

ചിത്രങ്ങളിലൂടെ നീങ്ങുക.

01. സെഡാന്‍

01. സെഡാന്‍

സലൂണ്‍ എന്നും ഈ ഡിസൈന്‍ ശൈലി അറിയപ്പെടുന്നു. ത്രീ ബോക്‌സ് ഡിസൈന്‍ ശൈലി എന്നും ഈ ശില്‍പത്തെ വിളിക്കുന്നു. എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റ്, യാത്രക്കാരുടെ കാബിനുകള്‍, നീളമുള്ള ബൂട്ട് എന്നിവടയങ്ങിയതാണ് സെഡാന്‍ ഡിസൈന്‍. ഏറ്റവും ജനകീയമായ ഡിസൈന്‍ ശൈലികളിലൊന്നാണിത്. പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചുരുങ്ങിയത് നാലുപേര്‍ക്കിരിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഹോണ്ട സിറ്റി സെഡാന്‍ ഒരുദാഹരണമാണ്.

02. ഹാച്ച്ബാക്ക്

02. ഹാച്ച്ബാക്ക്

സെഡാനുകളില്‍ കാണുന്നതുപോലെ നീളമേറിയ ബൂട്ടില്ല ഹാച്ച്ബാക്കുകളില്‍. എസ്‌യുവികള്‍ എംപിവികള്‍ എന്നിവയുമായി സാമ്യം അനുഭവപ്പെടാമെങ്കിലും വലിപ്പക്കുറവ് ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. പിന്നില്‍ ബൂട്ട് ഡോര്‍ ഉണ്ടായിരിക്കും പൊതുവില്‍. ടാറ്റ നാനോ പോലുള്ള ചില കാറുകള്‍ അപവാദങ്ങളാണ്. വളരെ സൂക്ഷ്മമായി വിലയിരുത്താന്‍ പോയാല്‍ നാനോയെ മൈക്രോ കാര്‍ എന്ന വിഭാഗത്തില്‍ പെടുത്തേണ്ടതായി വരുമെന്നത് വേറൊരു കാര്യം. അങ്ങോട്ടൊന്നും തല്‍ക്കാലം പോകുന്നില്ല. മാരുതി സുസൂക്കി സ്വിഫ്റ്റ് ഒരുദാഹരണമാണ് ഹാച്ച്ബാക്കുകൾ‌ക്ക്.

03. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം അഥവാ എസ്‌യുവി

03. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം അഥവാ എസ്‌യുവി

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സോടു കൂടിയ, ട്രക്ക് ചാസിയില്‍ നിര്‍മിക്കപ്പെട്ട വാഹനമെന്നാണ് എസ്‌യുവി നിര്‍വചിക്കപ്പെടുന്നത്. എസ്‌യുവികള്‍ നിര്‍മിക്കപ്പെടുന്നത് മിലിട്ടറി ആവശ്യങ്ങള്‍ക്കായാണ്. റോഡു പോലുമില്ലാത്ത കടുത്ത പരിതസ്ഥിതികളിലൂടെ പട്ടാളക്കാര്‍ക്ക് സഞ്ചരിക്കാനും അവശ്യവസ്തുക്കള്‍ നീക്കം ചെയ്യാനും പറ്റിയ, ഹെവിയല്ലാത്ത ഒരു വാഹനം എന്നതായിരുന്നു സങ്കല്‍പം. ഇന്ന് എസ്‌യുവികള്‍ നാഗരികരുടെ വാഹനമായി മാറിയിരിക്കുന്നു. കരുത്ത്, ഗ്രൗണ്ട് ക്ലിയറന്‍സ്, പരുക്കന്‍ ഡിസൈന്‍ ശൈലി എന്നിവ നിലനില്‍ക്കവെ തന്നെ അത്യാഡംബരസൗകര്യങ്ങള്‍ കുത്തിനിറച്ച് ഇവയെത്തുന്നു.

04. എംപിവി

04. എംപിവി

എസ്റ്റേറ്റുകള്‍ എന്നും സ്റ്റേഷന്‍ വാഗണ്‍ എന്നുമറിയപ്പെടുന്ന വാഹനവിഭാഗത്തോട് സാമ്യമുണ്ട് എംപിവികള്‍ക്ക്. ഉയര്‍ന്ന സ്ഥലസൗകര്യത്തോടുകൂടിയ, വലിപ്പമേറിയ, ഏഴുപേര്‍ക്കെങ്കിലും ഇരുന്ന് സഞ്ചരിക്കാന്‍ സൗകര്യമുള്ള തരം വാഹനങ്ങളാണിവ. ഇന്ത്യയിലെ ഏറ്റവും വിഖ്യാതമായ എംപിവികളിലൊന്നാണ് ടൊയോട്ട ഇന്നോവ.

05. എസ്‌റ്റേറ്റ്

05. എസ്‌റ്റേറ്റ്

ഹാച്ച്ബാക്കുകളെപ്പോലെ ടൂ ബോക്‌സ് ഡിസൈന്‍ ശൈലിയാണ് എസ്‌റ്റേറ്റുകള്‍ക്കുമുള്ളത്. എന്നാല്‍, പിന്നിലെ പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റിന് സാമാന്യത്തില്‍ കവിഞ്ഞ നീളമുണ്ടായിരിക്കും. പൊതുവില്‍ സെഡാന്‍ കാറുകളെ ആധാരമാക്കിയാണ് ഇവ നിര്‍മിക്കാറുള്ളത്. ഇവയ്ക്ക് വലിയ ഉയരമുണ്ടായിരിക്കുകയുമില്ല. ഇന്ത്യയില്‍ ടാറ്റ ഇന്‍ഡിഗോ മറിന എന്ന പേരില്‍ ഒരു എസ്റ്റേറ്റ് പുറത്തിറങ്ങിയിരുന്നു.

06. ക്രോസ്സോവര്‍

06. ക്രോസ്സോവര്‍

കാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന, എസ്‌യുവികള്‍ക്ക് സമാനമായ ഗ്രൗണ്ട് ക്ലിയറന്‍സും ഉയര്‍ന്ന സീറ്റിങ് പൊസിഷനും ഡിസൈന്‍ സന്നാഹങ്ങളുമെല്ലാമുള്ള വാഹനങ്ങളാണ് ക്രോസ്സോവറുകള്‍. സെഡാനുകളുടെ യാത്രാസുഖവും, എസ്‌യുവികളോളം പോരില്ലെങ്കിലും താരതമ്യേന ഉയര്‍ന്ന പ്രകടനശേഷിയും ഈ വാഹനങ്ങള്‍ക്കുണ്ടായിരിക്കും. ചെറിയതോതിലുള്ള ഓഫ്‌റോഡിങ് ശേഷി ഇവയ്ക്കുണ്ടായിരിക്കും. ഈയിടെ ഇന്ത്യയിലെത്തിയ ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവറുകള്‍ക്ക് ഒരു മികച്ച ഉദാഹരണമാണ്.

07. കൂപെ

07. കൂപെ

സെഡാന്‍ കാറുകള്‍ക്ക് സ്‌പോര്‍ട്‌സ് കാര്‍ സവിശേഷതകള്‍ നല്‍കിയാണ് കൂപെ പതിപ്പുകള്‍ നിര്‍മിക്കുന്നത്. ഇവയ്ക്ക് രണ്ട് ഡോറുകളാണുണ്ടാവുക. പുതിയകാലത്ത് കൂപെയുടെ ഡിസൈന്‍ സങ്കല്‍പങ്ങളില്‍ ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. മെഴ്‌സിഡിസ് സിഎല്‍എസ് ക്ലാസ് ഒരു 4 ഡോര്‍ കൂപെയാണ്! ഓഡി എ5 കൂപെയാണ് ചിത്രത്തില്‍.

08. കണ്‍വെര്‍ടിബ്ള്‍

08. കണ്‍വെര്‍ടിബ്ള്‍

കണ്‍വെര്‍ടിബ്ള്‍ എന്നും കാബ്രിയോലെ എന്നും അറിയപ്പെടുന്നു. ഇത്തരം കാറുകളുടെ റൂഫ് ചുരുക്കിവെക്കാന്‍ സാധിക്കും. കാന്‍വാസ്, പ്ലാസ്റ്റിക്, അലൂമിനിയം റൂഫുകള്‍ ഘടിപ്പിച്ച കണ്‍വെര്‍ടിബഌകള്‍ ഇന്ന് വിപണിയിലുണ്ട്. ബിഎംഡബ്ല്യു സെഡ്4 ഒരു ഉദാഹരണമാണ്.

09. പിക്കപ്പ്

09. പിക്കപ്പ്

നമ്മുടെ നാട്ടില്‍ ചാണകം കൊണ്ടുപോകാനുള്ള വണ്ടിയായി പിക്കപ്പുകള്‍ പരിഗണിക്കപ്പെടുന്ന ഒരു ഗതികേടുണ്ട്. വിദേശങ്ങളില്‍ അത്യാഡംബര പിക്കപ്പുകള്‍ വരെ ലഭ്യമാണ്. പിന്നില്‍ തുറന്ന ഒരു കാര്‍ഗോ സ്‌പേസുണ്ടായിരിക്കും. ഓഫ് റോഡിങ് സൗകര്യങ്ങളോടെയാണ് പിക്കപ്പുകള്‍ നിര്‍മിക്കുക. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മികച്ച കരുത്തും വാഹനത്തിനുണ്ടായിരിക്കും. ഇന്ത്യയില്‍ പിക്കപ്പുകളുടെ നല്ലകാലം വന്നിതുടങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള കാബിനുകളും ഉയര്‍ന്ന സുഖസൗകര്യങ്ങളുമുള്ള പിക്കപ്പുകള്‍ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ ഡബിള്‍ കാബ് ഡിസൈനിലുള്ള (നാലു ഡോറുകളോടുകൂടിയ) ടാറ്റ സിനണ്‍ പിക്കപ്പ്.

10. നോച്ച്ബാക്ക്

10. നോച്ച്ബാക്ക്

യഥാര്‍ത്ഥത്തില്‍ സെഡാന്‍ കാറുകളുടെ ഉപവിഭാഗമായാണ് നോച്ച്ബാക്കുകള്‍ വരുന്നത്. ത്രീ ബോക്‌സ് ഡിസൈന്‍ ശൈലിയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ പക്ഷേ, സെഡാനുകളില്‍ നിന്നും ചെറിയ തോതില്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. പിന്നിലെ ബൂട്ടിന് മുന്നിലെ എന്‍ജിന്‍ കമ്പാര്‍ട്ട്‌മെന്റിനെ അപേക്ഷിച്ച് വലിപ്പക്കുറവുണ്ടായിരിക്കും. ഇന്ന് ഈ ഡിസൈന്‍ ശൈലി മനസ്സിലാക്കപ്പെടുന്ന രീതിവെച്ച് നോച്ച്ബാക്ക് എന്നു വിളിക്കാവുന്ന ഒരു വാഹനം മഹീന്ദ്ര വെരിറ്റോ വൈബ് ആണ്.

11. ഫാസ്റ്റ്ബാക്ക്

11. ഫാസ്റ്റ്ബാക്ക്

സെഡാനുകളുടെ ഒരു അവാന്തരവിഭാഗം തന്നെയാണിതും. സെഡാന്റെ റൂഫ് ബൂട്ടിനെ മൂടുന്നവിധത്തില്‍ പിന്നിലേക്കു വരുന്നു ഈ ഡിസൈനില്‍. കൂപെകളുടെയും സെഡാനുകളുടെയും ഫാസ്റ്റ്ബാക്ക് പതിപ്പുകള്‍ പുറത്തിറക്കാറുണ്ട്.

12. ലിഫ്റ്റ്ബാക്ക്

12. ലിഫ്റ്റ്ബാക്ക്

ഇവയില്‍ത്തന്നെ ലിഫ്റ്റ്ബാക്ക് എന്നൊരു ഉപവിഭാഗം കൂടിയുണ്ട്. ഹാച്ച്ബാക്കിന്റെയും ഫാസ്റ്റ്ബാക്കിന്റെയും കലര്‍പ്പാണ് ലിഫ്റ്റ്ബാക്കുകള്‍. വിഖ്യാതമായ ഇലക്ട്രിക് കാര്‍ ടെസ്‌ല മോഡല്‍ എസ് ഒരു ലിഫ്റ്റ്ബാക്കാണ്.

13. വാന്‍

13. വാന്‍

സെഡാന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന നീളമേറിയ വാഹനങ്ങളാണ് വാനുകള്‍. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള താരതമ്യേന വലിപ്പക്കുറവുള്ള വാഹനങ്ങളാണിവ. പുതിയ കാലത്ത് ട്രക്കുകളുടെ വാന്‍ പതിപ്പുകളും വിപണിയിലുണ്ട്. മാരുതി ഈക്കോ വാന്‍ ഡിസൈനിന് ഒരുദാഹരണമാണ്.

Most Read Articles

Malayalam
English summary
Modern day design increasingly sees body styles merging and being influenced by designs of other categories of vehicles.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X