ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടാൻ അപൂർവ്വ ആയുധങ്ങളേന്തിയ യുദ്ധക്കപ്പൽ;ഇന്ത്യ വൻ സമുദ്രശക്തിയാകുന്നു!

Written By:

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏറ്റവും വലുപ്പമേറിയ അത്യാധുനിക മിസൈൽവേധ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ നീറ്റിലിറക്കി. മുംബൈയിലെ നാവിക കപ്പൽ നിർമാണശാലയിൽ വച്ച് പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് കമ്മീഷൻ ചടങ്ങ് നിർവഹിച്ചത്. തദ്ദേശീയമായി നിർമിക്കുന്ന കൊൽക്കത്ത ക്ലാസിലുള്ള മൂന്നാമത്തെ കപ്പൽ കൂടിയാണിത്.

അത്യാധുനിക യുദ്ധസന്നാഹങ്ങളാണ് പ്രോജക്ട് 15 എയുടെ ഭാഗമായി നിർമിച്ച ഈ പടുകൂറ്റൻ യുദ്ധകപ്പലിനുള്ളത്. മിസൈൽ ആക്രമണങ്ങളെ വ്യതിചലിപ്പിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സംവിധാനങ്ങളും ഈ മിസൈൽവേധ കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മുംബൈയിലെ മസഗോൺ ഡോക്കിൽ വച്ചായിരുന്നു കപ്പൽ നിർമാണം. 164 മീറ്റർ നീളമുള്ള കപ്പലിന് 7,500 ടൺ ഭാരമാണുള്ളത്.

2027 ആകുന്നതോടുകൂടി 200 യുദ്ധക്കപ്പലുകളുടെ ശേഖരമുള്ള വൻ സമുദ്രശക്തിയായി മാറുക എന്ന ലക്ഷ്യമണ് ഇന്ത്യൻ നാവികസേന ഇതുവഴി നടപ്പിലാക്കുന്നത്.

നാവിക സേന തലവന്‍ അഡ്മിറല്‍ സുനില്‍ ലാംബയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലായിരുന്നു ഐഎൻഎസ് ചെന്നൈ ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്.

മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഐഎൻഎസ് ചൈന്നൈയിൽ ദീർഘദൂര മിസൈലുകൾ, ബ്രഹ്മോസ് മിസൈലുകൾ, അന്തർവാഹിനികൾ തകർക്കാവുന്ന മിസൈലുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, ശത്രു സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സെൻസറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

ശത്രു ഭാഗത്തുനിന്നുള്ള മിസൈലുകൾ തടുക്കാനായി ഒരുക്കിയ 'കവച്' മിസൈലുകളുടെ ദിശ മാറ്റി വിടാൻ സഹായിക്കുംവിധമുള്ളതാണ്. മുങ്ങികപ്പലുകളിൽ നിന്നുമുള്ള അക്രമണം ചെറുക്കാൻ 'മാരീച്' എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

രണ്ട് വിവിധോദ്ദേശ യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തരത്തിലാണ് കപ്പലിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

ഇതുകൂടാതെ ഇന്റഗ്രേറ്റഡ് ചിപ്പ് ഡാറ്റ നെറ്റ്‌വർക്ക്, കോംപാക്ട് മാനേജ്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് പവർ മാനേജ്മെന്റ് സിസ്റ്റം, ഓക്സിലറി കൺട്രോൾ സിസ്റ്റം എന്നീ അത്യാധുനിക ഡിജിറ്റൽ നെറ്റ്‌വർക്കുകളും ഈ കപ്പലിന്റെ ഭാഗമാണ്.

നാല് എകെ-630 റാപ്പിഡ് ഫയർ ഗണുകൾ, എംആർ ഗണുകൾ എന്നിവയ്ക്കൊപ്പം സൂപ്പർസോണിക് ബ്രഹ്മോസ് മിസൈൽ, ഉപരിതല മിസൈൽ ബാരിക് 8, സെൻസറുകൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവയും കപ്പലിന്റെ കരുത്ത് വർധിപ്പിക്കുന്നു.

330 സൈനികർമാരേയും 40 ഓഫീസർമാരേയും വഹിച്ച് തുടർച്ചയായി 25 ദിവസം സഞ്ചരിക്കാനുള്ള ശേഷിയും ഈ യുദ്ധക്കപ്പലിനുണ്ട്.

ഇന്ത്യ നിർമിക്കുന്ന ഏറ്റവും വലിയ ഡിസ്ട്രോയർ വകഭേദത്തിലുള്ള യുദ്ധക്കപ്പൽ കൂടിയാണിത്. 4,000 കോടി രൂപയാണ് കപ്പലിന്റെ നിർമാണചിലവ്.

ഐഎൻഎസ് ചെന്നൈയിലുള്ള ആയുധങ്ങളും സെൻസറുകളും റഷ്യൻ, ഇസ്രായേൽ നിർമിതമാണ്. പശ്ചിമ നേവൽ കമാന്റിന്റെ കീഴിലായിരിക്കും ഐഎൻഎസ് ചെന്നൈയുടെ പ്രവർത്തനം നടക്കുക.

യുദ്ധത്തില്‍ സമ്പൂർണമായ രീതിയില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന കപ്പലിന് നാല് റിവേഴ്സിബിള്‍ ഗ്യാസ് ടര്‍ബൈനുകളാണുള്ളത്. ഇതു കൂടാതെ പ്രൊപ്പല്‍ഷന്‍ പ്ലാന്റും കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

യുദ്ധ മുഖത്ത് വിജയം ലക്ഷ്യം കണ്ട് ശത്രുസംഹാരം സാധ്യമാക്കുക എന്ന ഒരേയൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഐഎൻഎസ് ചെന്നൈ ജൈത്രയാത്രയാരംഭിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കപ്പൽ #ship
Story first published: Tuesday, November 22, 2016, 12:08 [IST]
English summary
INS Chennai: Indian Navy’s ‘largest-ever’ Made-in-India guided missile destroyer commissioned
Please Wait while comments are loading...

Latest Photos