സെല്‍ഫിയ്ക്ക് പോസ് ചെയ്യാം, പക്ഷെ ഹെല്‍മറ്റ് ധരിക്കണം; സച്ചിന്റെ നിലപാടില്‍ കൈയ്യടിച്ച് ഇന്ത്യ

Written By:

ഇന്ത്യയില്‍ ഓരോ വര്‍ഷം കഴിയുന്തോറും റോഡ് അപകടങ്ങളുടെ ശരാശരി ഉയര്‍ന്ന് വരികയാണ്. റോഡപകങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണവും രാജ്യത്ത് ക്രമാതീതമായാണ് വര്‍ധിച്ചിരിക്കുന്നത്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളാണ് ദിവസേന ബോധവത്കരണം ക്യാമ്പയിനുകളുമായി മുന്നേറുന്നതും. റോഡ് സുരക്ഷാ ബോധവത്കരണങ്ങളില്‍ എന്നും മുന്‍ഗണന ടൂവീലര്‍ യാത്രികര്‍ക്കാണ് നല്‍കുന്നത്. 

ഹെല്‍മറ്റ് ധരിക്കാതെയാണ് രാജ്യത്തെ ടൂവീലര്‍ യാത്രികരില്‍ ഭൂരിപക്ഷവും വിഹരിക്കുന്നൂവെന്നതാണ് ഇതിന്റെ കാരണം.

ഇപ്പോള്‍ ഇതാ ബോധവത്കരണ ക്യാമ്പയിനിലേക്ക് അപ്രതീക്ഷിതമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും കൈകോര്‍ത്തിരിക്കുകയാണ്.

തനിക്ക് ഒപ്പം സെല്‍ഫിയെടുക്കാന്‍ ഓടിയെത്തിയ ടൂവീലര്‍ യാത്രികരോട് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഹെല്‍മറ്റ് ധരിക്കുന്നത് അനിവാര്യമെന്ന് തെണ്ടുല്‍ക്കര്‍ ഉപദേശിച്ചത് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സച്ചിൻ തെണ്ടുൽക്കറിന്റെ ട്വീറ്റിന് പിന്നാലെ ഇന്ത്യയൊന്നാകെ നിലപാടിൽ പിന്തുണ വ്യക്തമാക്കി കൈയ്യടിച്ചിരിക്കുകയാണ്. 

സെല്‍ഫിയ്ക്ക് വേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കാറിനെ ടൂവീലറില്‍ വിടാതെ പിന്തുടര്‍ന്ന രണ്ട ചെറുപ്പക്കാരെയാണ് വീഡിയോ വ്യക്തമാക്കുന്നത്. 

സെല്‍ഫിയ്ക്ക് വേണ്ടി തന്നെ സമീപിച്ച ആ ചെറുപ്പക്കാരോട് ഹെല്‍മറ്റ് ധരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

അടുത്ത തവണ മുതല്‍ നിങ്ങള്‍ ഹെല്‍മറ്റ് ധരിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചെറുപ്പക്കാരോട് ആവശ്യപ്പെട്ടത്.

ജീവന്‍ അമൂല്യമാണ്, ഹെല്‍മറ്റ് നിങ്ങളുടെ ജീവന് പരിരക്ഷ നല്‍കുന്നൂവെന്ന് സച്ചിന്‍ ഓര്‍മ്മപ്പെടുത്തി.

ചെറുപ്പക്കാര്‍ക്ക് പുറമെ, സ്ത്രീയ്ക്ക് ഒപ്പം മോട്ടോര്‍ബൈക്കില്‍ സഞ്ചരിച്ച യാത്രക്കാരനോടും ഹെല്‍മറ്റ് ധരിച്ച് സുരക്ഷ ഉറപ്പ് വരുത്താന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവശ്യപ്പെടുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ടൂവീലര്‍ യാത്രികര്‍ക്ക് തലയ്ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത 40 ശതമാനാണ്.

2015 ല്‍ മാത്രം രാജ്യത്തുടനീളമായി 5 ലക്ഷത്തിന് മേലെയാണ് റോഡപകടങ്ങള്‍ നടന്നിട്ടുള്ളത്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടനേകം ക്യാമ്പയിനുകള്‍ രാജ്യത്ത് അരങ്ങേറുമ്പോഴും നിയമങ്ങള്‍ പാലിക്കാന്‍ ജനത മടികാണിക്കൂന്നൂവെന്ന വിമര്‍ശനമാണ് എന്നും ഇന്ത്യ നേരിടുന്നത്.

എന്തായാലും സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വരവ് രാജ്യത്ത് റോഡ് സുരക്ഷാ ക്യാമ്പയിനുകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുമെന്നതില്‍ യാതൊരു സംശയവുമില്ല.

കൂടുതല്‍... #കൗതുകം #off beat
Story first published: Monday, April 10, 2017, 13:49 [IST]
English summary
Sachin Tendulkar advices to wear Helmet for safety in two wheelers. Read in Malayalam.
Please Wait while comments are loading...

Latest Photos