കിം ജോങ് ഉന്‍ 'ടച്ച്' ഇങ്ങനെയും; ഉത്തര കൊറിയയിലെ വിചിത്രമായ റോഡ് നിയമങ്ങള്‍

Written By:

ആറാം അണുപരീക്ഷണം നടത്തുമെന്ന പ്രഖ്യാപനവുമായി രാജ്യാന്തര സമൂഹത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങള്‍ അനന്തമാണ്. ഉത്തര കൊറിയയെ ചൊല്‍പടിക്ക് നിര്‍ത്തുന്ന കിം ജോങ് ഉന്നിന്റെ വില്ലന്‍ പരിവേഷം വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യവുമാണ്.

ഉത്തര കൊറിയയെ ഒരേ അച്ചില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കിം ജോങ് ഉന്നും അദ്ദേഹത്തിന്റെ വിചിത്രമായ നടപടികളും രാജ്യാന്തര സമൂഹം ഒരല്‍പം വിസ്മയത്തോടെയാണ് നോക്കുന്നത്. പട്ടാള ചിട്ടയില്‍ ജനതയെ നയിക്കുന്ന കിം ജോങ് ഉന്നിന്റെ വിചിത്ര നടപടികള്‍ റോഡ് നിയമങ്ങളില്‍ പോലും പ്രതിഫലിക്കുന്നു എന്നതാണ് കൗതുകം.

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അതിശയവും, ഭീതിജനകവുമായ ഉത്തര കൊറിയന്‍ റോഡ് നിയമങ്ങള്‍ ഇങ്ങനെ-

"അങ്ങനെ എല്ലാവര്‍ക്കും കാര്‍ വാങ്ങാന്‍ പറ്റില്ല"

ഉത്തര കൊറിയയില്‍ അങ്ങനെ എല്ലാവര്‍ക്കും കാര്‍ വാങ്ങാന്‍ സാധിക്കില്ല. കേട്ടാല്‍ ഒരല്‍പം അതിശയം തോന്നാം. പക്ഷെ യാഥാര്‍ത്ഥ്യമാണ്.

ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് മാത്രമാണ് ഉത്തര കൊറിയയില്‍ കാര്‍ വാങ്ങാന്‍ സാധിക്കുക. ഇതിന് പിന്നിലുള്ള കാരണവും വിചിത്രമാണ്.

ഏതാനും ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ സ്വന്തം ജനതയ്ക്ക് ആവശ്യമായ ഭക്ഷണം പോലും നല്‍കാന്‍ പലപ്പോഴും രാജ്യം ബുദ്ധിമുട്ടുകയാണ്.

തത്ഫലമായി കാറുകള്‍ എന്നാല്‍ ആഢംബരത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കണക്കാക്കുന്നത്.

ഉത്തര കൊറിയയില്‍ ഉള്ളതാകട്ടെ ഭൂരിപക്ഷം ഇറക്കുമതി ചെയ്ത കാറുകളുമാണ്. ആയതിനാല്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് കാറുകള്‍ ഇവിടങ്ങളില്‍ വില്‍ക്കപ്പെടുന്നതും.

തത്ഫലമായി കാറുകള്‍ എന്നത് സാധാരണ ജനതയ്ക്ക് കിട്ടാക്കനിയായി ഉത്തരകൊറിയയില്‍ നിലകൊള്ളുന്നു.

"നിയന്ത്രണം റോഡ് ഉപയോഗത്തിലും"

ഉത്തര കൊറിയയില്‍ സാധാരണക്കാര്‍ക്ക് കടക്കാന്‍ അനുവാദമില്ലാത്ത റോഡുകളും ഉണ്ട്.

ഹൈവേകളിലും സിറ്റി റോഡുകളിലും സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചുള്ള കിം ജോങ് ഉന്നിന്റെ നടപടി രാജ്യ പുരോഗതിക്ക് വേണ്ടിയെന്നാണ് ഭാഷ്യം.

സമൂഹത്തിലെ ഉന്നതര്‍ക്കും, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കും, വിശിഷ്ട വ്യക്തികള്‍ക്കും മാത്രമായാണ് ഉത്തര കൊറിയയില്‍ ഇത്തരം റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

ഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്കായി പ്രത്യേക റോഡുകളും ഉത്തര കൊറിയയില്‍ ക്രമീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം.

"ഉത്തര കൊറിയയിലും വേഗപ്പൂട്ട്"

ഉത്തര കൊറിയയിലുമുണ്ട് വിചിത്രമായ വേഗപ്പൂട്ട്. ഇന്ത്യയില്‍ വാഹനങ്ങളിലാണ് വേഗപ്പൂട്ട് സ്ഥാപിക്കുന്നത് എങ്കില്‍ ഉത്തര കൊറിയയില്‍ റോഡ് ലെയ്‌നുകൾ തന്നെയാണ് 'വേഗപ്പൂട്ട്'.

മുമ്പ് സൂചിപ്പിച്ചത് പോലെ സമൂഹത്തിലെ വിവിധ ശ്രേണികള്‍ക്കായി ഒരുക്കിയ റോഡുകളെ ആശ്രയിച്ചാണ് വേഗപ്പൂട്ടുകള്‍ ഒരുങ്ങിയിരിക്കുന്നത്.

റോഡിലെ ആദ്യ ലെയ്ന്‍, അതായത് ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കിയ ലെയ്‌നിലെ വാഹനങ്ങള്‍ക്ക് എത്ര വേഗതയില്‍ വേണമെങ്കിലും സഞ്ചരിക്കാം.

മണിക്കൂറില്‍ 70 കിലോമീറ്റര്‍, 60 കിലോമീറ്റര്‍, 40 കിലോമീറ്റര്‍ എന്നിങ്ങനെയായാണ് മറ്റ് ലെയ്‌നുകള്‍ക്ക് ഉത്തര കൊറിയന്‍ അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന വേഗ നിയന്ത്രണം.

മാത്രമല്ല, താഴെത്തട്ടിലുള്ള ലെയ്‌നായ മൂന്നാം ലെയ്‌നിലെ വാഹനത്തിന് രണ്ടാം ലെയ്‌നിലേക്ക് കടക്കാന്‍ സാധിക്കില്ല. അതും നിയമലംഘനമാണ്.

ഓരോ ലെയ്‌നുകളിലും വെവ്വേറെ ക്യാമറകളാണ് അധികൃതര്‍ സ്ഥാപിച്ചിട്ടുള്ളതും.

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് രാജ്യാന്തര സമൂഹം വേഗ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നത് എങ്കില്‍ ഉത്തര കൊറിയയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

സമൂഹത്തിലെ വിവിധ ശ്രേണികളെ അടിസ്ഥാനപ്പെടുത്തിയാണ് ഉത്തര കൊറിയയിലെ വേഗ നിയന്ത്രണം.

ഇത് മാത്രമല്ല, നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷകളുമാണ്. നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റക്കാരുടെ മൂന്ന് തലമുറകള്‍ക്ക് വരെ ശിക്ഷ നല്‍കാനുള്ള വകുപ്പുകൾ ഉത്തര കൊറിയയില്‍ ഉണ്ട്.

"പ്രതിമകളെ തൊട്ട് വണങ്ങി ഗതാഗതം"

അടുത്തിടെ കിം ജോങ് ഉന്‍ പുറത്തിറക്കിയ പുതുക്കിയ റോഡ് നിയമവും ഏറെ ശ്രദ്ധ നേടിയിരുന്നു.

പോങ്യാങ്ങില്‍ സ്ഥാപിച്ചിരിക്കുന്ന പിതാവ് കിം ജോങ് ഇലിന്റെയും, മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെയും പ്രതിമകള്‍ക്ക് സമീപം വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതും ഏറെ ചർച്ച ചെയ്യപ്പെട്ട നടപടിയാണ്.

മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ മാത്രമെ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിമകള്‍ക്ക് സമീപമായി സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു.

വേഗത കുറയ്ക്കുന്നതിന് ഒപ്പം, ഡ്രൈവര്‍മാര്‍ പ്രതിമകള്‍ക്ക് മുമ്പില്‍ നിര്‍ബന്ധമായും ആദരം അര്‍പ്പിക്കണമെന്നും പുതിയ ചട്ടങ്ങളില്‍ പറയുന്നു.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി വന്‍ പൊലീസ് സന്നാഹമാണ് പ്രതിമകള്‍ക്ക് സമീപമായി ഉത്തര കൊറിയ നിയോഗിച്ചിരിക്കുന്നത്.

ഉത്തര കൊറിയയുടെ വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല-

നിലവില്‍ രണ്ട് വാഹന നിര്‍മ്മാതാക്കളാണ് ഉത്തര കൊറിയയില്‍ സാന്നിധ്യമറിയിക്കുന്നത്. ഉത്തര കൊറിയയുടെ ചട്ടങ്ങള്‍ക്ക് ഉള്ളില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കളാണ് പ്യോങ്‌വാ.

അടുത്തിടെ മെര്‍സിഡീസ് ബെന്‍സ് ജിഎല്‍ എസ്‌യുവി മോഡല്‍ ഡിസൈനിനെ പകര്‍ത്തി പ്യോങ്‌വാ അവതരിപ്പിച്ച ജന്‍മ ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

തലമുറ ബന്ധങ്ങളില്ലാതെയാണ് പ്യോങ്‌വാ മോഡലുകളെ അവതരിപ്പിച്ച് വരുന്നത്.

ഫിയറ്റ് സിയന്നയില്‍ നിന്നുമുള്ള ഡിസൈനിനെ കടമെടുത്തായിരുന്നു ജുന്‍മയുടെ മുന്‍ വേര്‍ഷന്‍ രംഗത്തെത്തിയിരുന്നത്.

ഏകദേശം 21 ഓളം മോഡലുകളാണ് പ്യോങ്‌വാ ഉത്തര കൊറിയയില്‍ എത്തിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗന്‍, കിയ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡ് മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്യോങ്‌വാ മോഡലുകള്‍ ഒക്കെ അണിനിരന്നിട്ടുള്ളത്.

10000 കാറുകള്‍ വരെ ഉത്പാദിപ്പിക്കാം എന്നിരിക്കെ, നിലവില്‍ 300 മുതല്‍ 400 കാറുകള്‍ വരെ മാത്രമാണ് പ്രതിവര്‍ഷം ഉത്തര കൊറിയയില്‍ നിര്‍മ്മിക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ അഭാവമാണ് ഇതിനുള്ള കാരണവും.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം #off beat
Story first published: Thursday, May 4, 2017, 19:12 [IST]
English summary
Strange road rules in North Korea. Read in Malayalam.
Please Wait while comments are loading...

Latest Photos