വെറുമൊരു റോഡല്ലയിത്!! യുദ്ധക്കാല എമർജൻസി ലാന്റിംഗ് സാധ്യമാക്കാവുന്ന ഇന്ത്യയിലെ ആദ്യ എക്സ്പ്രെസ്‌വെ..

Written By:

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുകോയ് എസ്‌യു-30എംകെഐ, മിറാഷ് 2000 യുദ്ധവിമാനങ്ങൾ ആഗ്ര-ലക്‌നൗ എക്സ്പ്രസ് വേയിൽ പറന്നിറങ്ങും. നവംബർ 21 ന് നടക്കുന്ന പുതിയ എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടന ചടങ്ങിലാണ് ഈ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്നത്.

യുദ്ധക്കാല അടിയന്തരാവസ്ഥകൾ കണക്കിലെടുത്ത് എമർജൻസി ലാന്റിംഗ് സാധ്യമാക്കാവുന്ന തരത്തിലാണ് റോഡ് നിർമാണം നടത്തിയിരിക്കുന്നത്. ഒരു പരീക്ഷണ ലാന്റിംഗ് എന്ന രീതിയിലാണ് ഉദ്ഘാടന വേളയിൽ വിമാനങ്ങൾ പറന്നിറങ്ങുന്നത്.

ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഉദ്ഘാടനവേളയിൽ യുദ്ധവിമാനങ്ങൾ പറന്നിറങ്ങുമെന്നുള്ള കാര്യം സ്ഥിരീകരിച്ചത്. ബരെയ്‌ലിയിലെ ത്രിശൂല്‍ എയര്‍ ബേസില്‍ നിന്നും ഗ്വാളിയോര്‍ എയര്‍ ബേസില്‍ നിന്നുമായാണ് എട്ട് യുദ്ധവിമാനങ്ങൾ എത്തിച്ചേരുന്നത്.

അതിൽ നാല് വീതമുള്ള സുകോയ് വിമാനങ്ങളും മിറാഷ് 2000 യുദ്ധവിമാനങ്ങളുമായിരിക്കും ഹൈവേയിലിറങ്ങുക. മറ്റുള്ള മൂന്ന് വിമാനങ്ങൾ ആകാശത്ത് കൂടി പറക്കുക മാത്രമെ ചെയ്യുകയുള്ളൂ.

നവംബര്‍ 21ന് ഉച്ചക്ക് ഒരുമണിയോടെയായിരിക്കും യുദ്ധവിമാനങ്ങള്‍ എക്‌സ്പ്രസ് വേയിൽ പറന്നിറങ്ങുക. യുദ്ധസമാനമായ സാഹചര്യത്തിൽ വിമാനങ്ങളെ എക്സ്പ്രസ് ഹൈവേയിൽ ഇറക്കാനായിരുന്നു പദ്ധതിയിട്ടതെങ്കിലും യുപി സർക്കാറിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഈ അഭ്യാസപ്രകടനം ഉദ്ഘാടന വേളയിൽ തന്നെയാക്കിയത്.

13200 കോടി ചിലവിട്ട് നിർമിച്ച ഈ ഹൈവേ 22 മാസമെന്ന വളരെ കുറഞ്ഞ കാലയളവിലാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്. 302 കിലോമീറ്റര്‍ നീളമാണ് ഈ എക്സ്പ്രസ് ഹൈവേയ്ക്കുള്ളത്.

ഡിസംബറോടെ ഹൈവേ വഴിയുള്ള വാഹന ഗതാഗതമാരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വപ്‌ന പദ്ധതിയായിട്ടാണ് ലക്‌നൗ-ആഗ്ര എക്‌സ്പ്രസ് വേ അറിയപ്പെടുന്നത്.

യുദ്ധ സമാന സാഹചര്യം മറികടക്കാനുള്ള പരിശീലനമെന്നോണം കഴിഞ്ഞ വര്‍ഷം മെയില്‍ യമുന എക്‌സ്പ്രസ് വേയില്‍ മിറാഷ് 2000 യുദ്ധവിമാനം ഇറക്കിയിരുന്നു.

പണി പൂര്‍ത്തിയായ ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയില്‍ നവംബര്‍ രണ്ടാം വാരത്തില്‍ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാലത് ഉദ്ഘാടനവേളയിൽ തന്നെ നടത്തണമെന്ന യുപി സർക്കാറിന്റെ നിർബന്ധപ്രകാരം മാറ്റുകയായിരുന്നു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ചേർന്ന് റഷ്യൻ വിമാനകമ്പനി സുകോയ് രൂപകൽപന നടത്തുകയും നിർമിക്കുകയും ചെയ്ത ട്വിൻ ജെറ്റ് എയർ ഫൈറ്ററാണ് എസ്‌യു-30എംകെഐ.

ആകാശത്ത് നിന്ന് ആകാശത്തിലേക്കും ആകാശത്ത് നിന്ന് ഭൂമിയിലേക്കും വർഷിക്കാൻ കഴിയുന്ന മിസൈലുകൾ, ബോംബുകൾ എന്നീ യുദ്ധസജ്ജീകരണങ്ങളാണ് ഈ ഇന്ത്യൻ യുദ്ധവിമാനത്തിലുള്ളത്.

1.94 മീറ്റർ നീളവും, 6.36മീറ്റർ ഉയരവും, 14.7മീറ്റർ വിങ്സ്പാനുമുള്ള ഈ ജെറ്റ് രണ്ട് സൈനികരെയും ഉൾക്കൊള്ളും. 90കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ തിരിച്ചറിയാൻ സാധിക്കുന്ന ഇൻഫ്രാറെഡ് ഉപയോഗിച്ചുള്ള OLS-30 ലേസർ, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം, ഇലക്ട്രോണിക് കൗണ്ടർ മെഷർ സിസ്റ്റം എന്നിവയാണ് ഈ ജെറ്റിന്റെ മറ്റ് സവിശേഷതകൾ.

നിലവിൽ ഇന്ത്യയ്ക്ക് ഇരുനൂറോളം വരുന്ന സുകോയ് വിമാനങ്ങളാണ് സർവീസിലുള്ളത്. മണിക്കൂറിൽ 2,100കിലോമീറ്ററാണ് ഈ സുകോയ് യുദ്ധവിമാനങ്ങളുടെ ഉയർന്ന വേഗപരിധി.

ഫ്രഞ്ച് നിർമിത വിവിധോദ്ദേശ പോർവിമാനമാണ് ഇന്ത്യയുടെ മിറാഷ് 2000. ഡസാൾട്ട് ഏവിയേഷനാണ് ഈ വിമാനത്തിന്റെ നിർമാതാക്കൾ. ഇന്ത്യൻ സേനയ്ക്ക് നിലവിൽ 50 മിറാഷ് 2000 വിമാനങ്ങളാണുള്ളത്.

ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുക എന്ന ദൗത്യമാണ് മിറാഷ് 2000വിമാനങ്ങൾക്കുള്ളത്.

ലേസർ ബോംബുകൾ, ന്യൂക്ലിയാർ ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാൻ കഴിയുന്ന വിമാനത്തിന് 6.3 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 14.36 മീറ്റർ നീളവും 5.20മീറ്റർ ഉയരവും 9.13മീറ്റർ വിങ്സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നി പോർവിമാനങ്ങളെ കടത്തിവെട്ടാവുന്ന തരത്തിലുള്ള പ്രഹരശേഷിയുണ്ട്.

ഒറ്റ സ്നേ‌ക്മ എം53-പി2 ടർബോഫാൻ എൻജിനാണ് മിറാഷ് 2000 പോർവിമാനത്തിന്റെ കരുത്ത്. മണിക്കൂറിൽ 2,336 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗത.

ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ലേസർ ബോംബ് വാഹക ശേഷി, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നീ സജ്ജീകരണങ്ങളാണ് ഈ വിമാനത്തിലുള്ളത്.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റോഡ് #road
Story first published: Monday, November 21, 2016, 13:06 [IST]
English summary
Sukhoi, Mirage fighters to be part of Agra-Lucknow expressway inauguration
Please Wait while comments are loading...

Latest Photos