ചെഗുവേരയിലേക്ക് ഒരു മോട്ടോര്‍സൈക്കിള്‍ ദൂരം; ടൂര്‍ ഓപ്പറേറ്ററായി ചെ യുടെ മകനും

Written By:

ബുള്ളറ്റില്‍ ഇന്ത്യയെ കണ്ടെത്താനിറങ്ങുന്ന സഞ്ചാരികളുടെ നാടാണ് ഇപ്പോള്‍ നമ്മുടെ രാജ്യം. കൗമാരക്കാര്‍ മുതല്‍ വാര്‍ദ്ധക്യത്തിലേക്ക് ചുവടുറപ്പിക്കുന്നവര്‍ വരെ മോട്ടോര്‍സൈക്കിള്‍ യാത്രകളിലൂടെ ഇന്ത്യയെ കണ്ടെത്താന്‍ ശ്രമിക്കുന്നു.

എന്ന് മുതലാണ് ദീര്‍ഘദൂര മോട്ടോര്‍സൈക്കിള്‍ യാത്രകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറിയത്? ഇതിനുള്ള ഉത്തരം കണ്ടെത്തുക ഒരല്‍പം പ്രയാസമാകും. എന്തായാലും കന്യാകുമാരി മുതല്‍ ലഡാക്ക് വരെ ബുള്ളറ്റില്‍ യാത്ര ചെയ്തുള്ള സഞ്ചാരികളുടെ അനുഭവക്കുറിപ്പുകള്‍ യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചിരിക്കുന്നത് ഒരു പുത്തന്‍ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിനാണ്.

എന്നാല്‍ മോട്ടോര്‍സൈക്കിള്‍ യാത്ര എന്ന് പറഞ്ഞാല്‍ ആദ്യം മനസിലേക്ക് ഓടിയെത്തുക ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരി ഏര്‍ണസ്റ്റോ ചെഗുവേരയുടെ 'മോട്ടോര്‍സൈക്കിള്‍ ഡയറീസ്' മാത്രമാണ്.

23 ആം വയസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്ന ഏര്‍ണസ്‌റ്റോ ചെഗുവേരയും സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രെനാഡയും ചേര്‍ന്ന് ലാറ്റിന്‍ അമേരിക്കയെ കണ്ടെത്താനിറങ്ങിയതാണ് ഇന്ന് ഏവരും മാതൃകയാക്കുന്നത്.

'ലാപോദെറോസ' (ശക്തിമാൻ എന്ന് ചെ വിശേഷിപ്പിക്കുന്ന) മോട്ടോര്‍സൈക്കിളില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെ ചെ യും ഗ്രെനാഡയും നടത്തിയ യാത്ര, ലോക സഞ്ചാര സാഹിത്യത്തിന് ലഭിച്ച അത്യപൂര്‍വ നിധികളിൽ ഒന്നാണ്.

ഏര്‍ണസ്റ്റോ ചെഗുവേരയിലെ വിപ്ലവകാരിയെ വാര്‍ത്തെടുത്തതും ഇതേ ലാറ്റിന്‍ അമേരിക്കന്‍ യാത്രയാണ്. ലോകം കണ്ട എക്കാലത്തേയും മികച്ച സഞ്ചാരിയായ ചെഗുവേരയെയാണ് ഇന്ന് ഇന്ത്യന്‍ ജനത മോട്ടോര്‍സൈക്കിള്‍ യാത്രകളിലൂടെ പിന്തുടരാന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കില്ല.

കാലം മാറിയെങ്കിലും ചെഗുവേരയുടെയും ഗ്രെനാഡയുടെയും ലാറ്റിന്‍ അമേരിക്കന്‍ യാത്രാനുഭവങ്ങളെ അടുത്തറിയാന്‍ വീണ്ടും അവസരം ഒരുങ്ങിയിരിക്കുകയാണ്.

1952 ല്‍ പിതാവ് ഏര്‍ണസ്റ്റോ ചെഗുവേര ലാറ്റിന്‍ അമേരിക്കന്‍ മണ്ണിലൂടെ നടത്തിയ 8000 മൈല്‍ ദൂര മോട്ടോര്‍സൈക്കിള്‍ യാത്രയെ അനുസ്മരിപ്പിക്കുകയാണ് മകന്‍ ഏർണസ്റ്റോ ഗുവേര.

"ഹാര്‍ലി ഡേവിഡ്‌സണില്‍ ക്യൂബന്‍ നിരത്തുകളിലൂടെയുള്ള ഒരു സംഘയാത്ര, യാത്രയ്ക്ക് മുമ്പില്‍ കൊടിപിടിക്കുന്നതോ, ക്യൂബന്‍ വിപ്ലവ നായകന്‍ ചെഗുവേരയുടെ ഇളയ പുത്രന്‍ ഏര്‍ണസ്റ്റോ ഗുവേരയും"- മോട്ടോർസൈക്കിൾ ഡയറീസിനെ അന്വർഥമാക്കാൻ ഇതിൽ പരം മറ്റൊന്നുണ്ടോ?

നിലവിൽ ഹവാനയില്‍ നിന്നും ഏര്‍ണസ്‌റ്റോ ഗുവേരയ്ക്ക് ഒപ്പം മോട്ടോര്‍സൈക്കിള്‍ യാത്ര നടത്താന്‍ സഞ്ചാരികളുടെ നീണ്ട നിരയാണ് കാത്ത് നിൽക്കുന്നത്.

ഹവാനയുടെ റവല്യൂഷന്‍ സ്വകയറില്‍ നിന്നും തലയുയര്‍ത്തി നോക്കുന്ന ചെഗുവേരയെ വലം വെച്ചാണ് ഏര്‍ണസ്‌റ്റോ ഗുവേര നയിക്കുന്ന മോട്ടോര്‍സൈക്കിള്‍ യാത്ര ആരംഭിക്കുന്നത്.

വിപ്ലവ നായകൻ ചെഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ ഭ്രമത്തോടുള്ള ആദരസൂചകം കൂടിയാണ് മകൻ ഏർണസ്റ്റോ ഗുവാരയുടെ ഈ 'അനുസ്മരണ' യാത്ര.

ചെറുപ്പകാലം മുതല്‍ക്കെ താൻ വലിയ മോട്ടോര്‍സൈക്കിള്‍ പ്രേമിയാണെന്നും വേഗതയും മോട്ടോര്‍സൈക്കിളുമാണ് തന്റെ ലഹരിയെന്നും ഏർണസ്റ്റോ ഗുവേര പറയുന്നു.

താത്പര്യമുള്ള മേഖലയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തുകയാണ് മോട്ടോര്‍സൈക്കിള്‍ യാത്രകളിലൂടെ താൻ ആഗ്രഹിക്കുന്നതെന്ന് ഏര്‍ണസ്‌റ്റോ ചെഗുവേര വ്യക്തമാക്കി.

ക്യൂബയുടെ ചരിത്രവും സംസ്‌കാരവും രാജ്യാന്തര സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുകയാണ് ഏര്‍ണസ്‌റ്റോ ഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ യാത്രകള്‍ ലക്ഷ്യം വെയ്ക്കുന്നത്.

അഭിഭാഷകനായ ഏര്‍ണസ്‌റ്റോ ഗുവേര, മോട്ടോര്‍സൈക്കിളുകളോടുള്ള അടങ്ങാത്ത ഭ്രമത്തെ തുടര്‍ന്നാണ് നിയമ മേഖല കൈവിട്ട് ടൂര്‍ ഓപറേറ്ററുടെ വേഷം അണിഞ്ഞിരിക്കുന്നത്.

ഭാര്യയ്ക്ക് ഒപ്പമാണ് 51 വയസ്സുള്ള ഏര്‍ണസ്റ്റോ ഗുവേര മോട്ടോര്‍സൈക്കിള്‍ യാത്രകള്‍ക്ക് നേതൃത്വം നൽകുന്നത്. ഒാരോ സംഘത്തെ തെരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം ഗുവേരയുടെ ഭാര്യയാണ്.

ലാറ്റിന്‍ അമേരിക്കന്‍ ചരിത്രത്തില്‍ ചെഗുവേരയ്ക്കുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. ലാറ്റിൻ അമേരിക്കയുടെ രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം രൂപപ്പെടുത്തുന്നതിൽ ചെ വഹിച്ച പങ്കും നിർണായകമാണ്.

ഏർണസ്റ്റോ ചെഗുവേരയുടെ ലാറ്റിന്‍ അമേരിക്കന്‍ അനുഭവങ്ങളെ ചെ യുടെ കുടുംബത്തിന് ഒപ്പം അടുത്തറിയാനുള്ള തിരക്കാണ് ഇന്ന് ഹവാന തീരത്ത് അനുഭവപ്പെടുന്നത്.

നിലവില്‍ രണ്ട് യാത്രാ അവസരങ്ങളാണ് സഞ്ചാരികള്‍ക്ക് ലഭ്യമായിട്ടുള്ളത്. ആറ് ദിനം നീളുന്ന ക്യൂബന്‍ മോട്ടോര്‍ സൈക്കിള്‍ യാത്രയും, ഒമ്പത് ദിനം നീളുന്ന ക്യൂബന്‍ മോട്ടോര്‍സൈക്കിള്‍ യാത്രയുമാണ് ഏര്‍ണസ്‌റ്റോ ഗുവേര ഒരുക്കുന്നത്.

ഹവാനയില്‍ നിന്നും ട്രിനിഡാഡ്, സിയന്‍ഫ്യൂഗോസ്, സാന്റാ ക്ലാര എന്നിവടങ്ങളിലേക്കാണ് മോട്ടോര്‍സൈക്കിള്‍ യാത്ര നടന്ന് വരുന്നത്. ഇതിന് പുറമെ, ചെഗുവേരയുടെ യുവത്വം പിന്നിട്ട ക്യൂബൻ വഴിത്താരകളിലൂടെയും ഏർണസ്റ്റോ ഗുവേര സംഘത്തെ നയിക്കുന്നുണ്ട്.

ഹാര്‍ലി ഡേവിഡ്‌സണ്‍ ടൂറിംഗ് ഇലക്ട്ര ഗ്ലൈഡ്, സ്‌പോര്‍ട്‌സ്റ്റര്‍ 1200, വി-റോഡ് ഉള്‍പ്പെടുന്ന മോഡലുകളിലാണ് ഏര്‍ണസ്‌റ്റോ ഗുവേരയുടെ സംഘയാത്ര.

യാത്രയ്ക്കായുള്ള ഹാർലി ഡേവിഡ്സൺ മോട്ടോര്‍സൈക്കിളുകളും ഭക്ഷണവും താമസവും എല്ലാം ഏര്‍ണസ്‌റ്റോ ഗുവേരയുടെ നേതൃത്വത്തില്‍ സഞ്ചാരികള്‍ക്ക് ലഭിക്കും.

3000 മുതല്‍ 6000 ഡോളറാണ് ചെഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ ഡയറിയെ അനുസ്മരിപ്പിക്കുന്ന ക്യൂബന്‍ യാത്രയ്ക്കായി ഓരോ സഞ്ചാരിയ്ക്കും ചെലവാകുക.

യാത്രാനിരക്ക് ഒരല്‍പം ചെലവേറിയതാണെങ്കിലും 'മോട്ടോർ സൈക്കിൾ ഡയറി' ടൂറിനായുള്ള തിരക്ക് പ്രതിദിനം വര്‍ധിച്ച് വരികയാണ് എന്നതും ശ്രദ്ധേയം.

'ലാപോദെറോസ ടൂര്‍' എന്നാണ് ഏര്‍ണസറ്റോ ഗുവേരയുടെ ക്യൂബൻ മോട്ടോർസൈക്കിൾ യാത്രാ സഞ്ചാരത്തിന്റെ പേര്.

ലാറ്റിന്‍ അമേരിക്കന്‍ യാത്രയില്‍ ചെ ഗുവേരയ്ക്കും ഗ്രെനാഡയ്ക്കും കൂട്ടാളിയായി എത്തിയ മോട്ടോര്‍സൈക്കിളിന്റെ പേര് തന്നെയാണ് ടൂര്‍ കമ്പനിക്കും ഗുവേര നല്‍കിയിരിക്കുന്നത്.

2004 ല്‍ ഏര്‍ണസ്റ്റോ ചെഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ ഡയറീസിനെ ആസ്പദമാക്കി വാള്‍ട്ടര്‍ സാലെസ് ഒരുക്കിയ ചലച്ചിത്രമാണ് മോട്ടോര്‍സൈക്കിള്‍ ഡയറീസ്.

മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന വാൾട്ടർ സാലെസിന്റെ ചിത്രത്തിലൂടെ മാത്രം ചെ അനേകായിരം ജനഹൃദയങ്ങളില്‍ 'ചെ' ഇന്നും നിറഞ്ഞ് നില്‍ക്കുന്നു.

മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയാകുന്നതിന് മുമ്പുള്ള ചെ യുടെ കാലഘട്ടവും ലാറ്റിന്‍ അമേരിക്കന്‍ യാത്രയുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Friday, April 21, 2017, 19:08 [IST]
English summary
Che Guevara's son starts Motorcycle Diaries tour in Cuba. Read in Malayalam.
Please Wait while comments are loading...

Latest Photos