ഇന്ത്യന്‍ തുടിപ്പ് അറിഞ്ഞ് ഹാര്‍ലി ഡേവിഡ്‌സണ്‍; കുറഞ്ഞ വിലയില്‍ സ്ട്രീറ്റ് റോഡ് 750 യെ സ്വന്തമാക്കാം

Written By: Dijo

ഒരിക്കല്ലെങ്കിലും ഹാര്‍ലി ഡേവിഡ്‌സണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ബൈക്ക് പ്രേമികള്‍ വിരളമാണ്. പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ പായുന്ന ഹാര്‍ലി ഡേവിഡ്‌സണിനെ നോക്കി കൊതിയടക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും.

എന്നാല്‍ ഇനി അത് വേണ്ട. ഇന്ത്യന്‍ തുടിപ്പറിയുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍, കുറഞ്ഞ വിലനിരക്കിലുള്ള വാഹനങ്ങളുമായി വന്നെത്തുകയാണ്. സ്ട്രീറ്റ് റോഡ് 750 മോഡലിനെ അവതരിപ്പിച്ച് വീണ്ടും വിപണിയില്‍ സാന്നിധ്യമറിയിക്കുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.

ശ്രേണിയിലെ മുന്‍മോഡലായ സ്ട്രീറ്റ് 750 യുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍, കൂടുതല്‍ കരുത്തുറ്റ ഹാര്‍ഡ് വെയറുകളുടെ പിന്തുണയോടെയാണ് സ്ട്രീറ്റ് റോഡ് 750 യെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഒരുക്കിയിരിക്കുന്നത്.

അതിനാല്‍ സ്ട്രീറ്റ് 750 യില്‍ നിന്നും 80000 രൂപയുടെ വിലവര്‍ധനവാണ് സ്ട്രീറ്റ് റോഡ് 750 യ്ക്ക് ഉള്ളത്. 5.86 ലക്ഷം രൂപ വിലയിലാണ് ഇന്ത്യന്‍ വിപണയില്‍ സ്ട്രീറ്റ് റോഡ് 750 യെ ഹാര്‍ലി ഡേവിഡ്‌സണ്‍ ലഭ്യാക്കിയിട്ടുള്ളത് (ദില്ലി എക്‌സ്‌ഷോറും വില).

ഹാര്‍ലി ഡേവിഡ്‌സണിന്റെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ വിപണിയ്ക്ക് ഒത്തവണ്ണം ശ്രേണിയെ ക്രോഡീകരിക്കുകയാണ് സ്ട്രീറ്റ് റോഡ് 750 യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഡിസൈന്‍-

യുവത്വത്തെ ലക്ഷ്യം വെച്ചാണ് സ്ട്രീറ്റ് റോഡ് 750 യെ ഹാര്‍ലി ഡേവിഡ്‌സണ്‍ അണിനിരത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ മോഡലിന് കൂടുതല്‍ ആധുനിക, നാഗരിക മുഖം ലഭിച്ചതില്‍ അതിശയോക്തിയുമില്ല.

കൂടുതല്‍ ആഗ്രസീവ് ഡ്രൈവിംഗ് പോസിഷനിന് വേണ്ടി, ഫ്‌ളാറ്റ്-ഡ്രാഗ് സ്റ്റൈല്‍ ഹാന്‍ഡില്‍ ബാറാണ് പുത്തന്‍ മോഡലില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആകെ മൊത്തം സ്‌പോര്‍ട്ടി ലുക്കിലാണ് സ്ട്രീറ്റ് റോഡ് 750 അവതരിച്ചിട്ടുള്ളത്. ഫോള്‍ഡബിള്‍ ബാര്‍ എന്‍ഡ് റിയര്‍ വ്യൂ മിററുകളും പുത്തന്‍ മോഡലിന്റെ പ്രത്യേകതയാണ്.

വിവിഡ് ബ്ലാക്ക്, ചാര്‍ക്കോള്‍ ഡെനിം, ഒലിവ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സ്ട്രീറ്റ് റോഡ് 750 യെ ഹാര്‍ലി ഡേവിഡ്‌സണ്‍ ലഭ്യമാക്കിയിട്ടുള്ളത്.

സ്ട്രീറ്റ് 750 യുമായി താരതമ്യം ചെയ്യുമ്പോള്‍, കൂടുതല്‍ സുരക്ഷിതത്വമാര്‍ന്ന സിറ്റിംഗ് ക്രമീകരണമാണ് സ്ട്രീറ്റ് റോഡ് 750 യ്ക്ക് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ മികവാര്‍ന്ന കാഴ്ചയ്ക്കായി 765 mm ഉയരത്തില്‍ സീറ്റിനെ ഹാര്‍ലി ഉയര്‍ത്തിയിട്ടുമുണ്ട്.

എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഫീച്ചറുകള്‍

749 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ ഒഎച്ച്‌സി, എട്ട് വാല്‍വ്‌സ്, 60 ഡിഗ്രി V-ട്വിന്‍ ഹൈ ഔട്ട്പുട്ട് റെവലൂഷന്‍ എക്‌സ് എഞ്ചിനാണ് സ്ട്രീറ്റ് റോഡ് 750 യുടെ കരുത്ത്.

ഇത് സ്ട്രീറ്റ് 750 യെക്കാളും 11 ശതമാനം കൂടുതല്‍ കരുത്തും, 5 ശതമാനം കൂടുതല്‍ ടോര്‍ഖും നല്‍കുന്നു. മുന്‍മോഡലില്‍ നിന്നും 5 കിലോഗ്രാം അധികഭാരമുണ്ട് സ്ട്രീറ്റ് റോഡ് 750 യ്ക്ക്.

8250 rpm ലാണ് സ്ട്രീറ്റ് റോഡ് 750 യ്ക്ക് ഏറ്റവും ഉയര്‍ന്ന കരുത്ത് ലഭിക്കുകയെന്നും, 4000 rpm ലാണ് 62 Nm എന്ന ഏറ്റവും ഉയര്‍ന്ന ടോര്‍ഖും ലഭിക്കുകയെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, 43 mm അപ്‌ഡൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍ ഉള്‍പ്പെടെ ഹാര്‍ഡ് വെയര്‍ വിഭാഗത്തിലും മുന്‍മോഡലിനെ മുന്നിട്ട് നിര്‍ത്തുന്നു. ഫ്‌ളൂയിഡ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനായി ട്വിന്‍ഷോക്ക് അബ്‌സോര്‍ബറില്‍ എക്‌സ്റ്റേണല്‍ റിസര്‍വോയിറിനെയും സ്ട്രീറ്റ് റോഡ് 750 യില്‍ ഹാര്‍ലി നല്‍കിയിട്ടുണ്ട്.

205 mm ന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിന് ഒപ്പം, 17 ഇഞ്ചിന്റെ ഫ്രണ്ട്, റിയര്‍ അലോയ് വീലുകളും ചേരുമ്പോള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 യ്ക്ക് പുത്തന്‍ മുഖമാണ് ലഭിക്കു്ന്നത്. 120/70 ഫ്രണ്ട്, 160/60 റിയര്‍ എംആര്‍എഫ് ടയറുകളാണ് മോഡലില്‍ ഹാര്‍ലി നല്‍കിയിട്ടുള്ളത്.

ഇരു ടയറുകളിലേക്കുമായി 300 mm ഡിസ്‌ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഫ്രണ്ട് ഡിസ്‌കില്‍ ഡ്യൂവല്‍ പിസ്റ്റണ്‍ കാപിലറുകള്‍ നല്‍കിയത് മോഡലിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കുന്നു.

പ്രതിമാസം സ്ട്രീറ്റ് 750 യുടെ 200 ഓളം മോഡലുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍ എത്തിക്കുന്നത്. സ്ട്രീറ്റ് 750 മോഡല്‍, ബ്രാന്‍ഡിന്റെ മൊത്ത വില്‍പനയില്‍ അറുപത് ശതമാനമാണ് മുന്നിട്ട് നില്‍ക്കുന്നത്.

പുത്തന്‍ സ്ട്രീറ്റ് റോഡ് 750 യിലൂടെ വിപണിയില്‍ കരുത്താര്‍ജ്ജിക്കാം എന്ന പ്രതീക്ഷയിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.

2017 മാര്‍ച്ച് 15 മുതല്‍ രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകള്‍ വഴി സ്ട്രീറ്റ് റോഡ് 750 യുടെ വില്‍പന ആരംഭിക്കും. അതേസമയം, ഏപ്രില്‍ 21 മുതല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 യുടെ ടെസ്റ്റ് റൈഡുകള്‍ നേടാന്‍ അവസരം ലഭിക്കും.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

സ്ട്രീറ്റ് 750 യുടെ വിജയഗാഥ തുടരാനുള്ള ഹാര്‍ലി ഡേവിഡ്‌സണിന്റെ ശ്രമമാണ് സ്ട്രീറ്റ് റോഡ് 750 യിലൂടെ നടപ്പിലാക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 യുടെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

 

Story first published: Thursday, March 16, 2017, 13:02 [IST]
English summary
Harley-Davidson Street Rod 750 launched in India. The Harley-Davidson Street Rod 750 gets more power and better hardware than the Street 750 and is around Rs. 80,000 expensive than the latter.
Please Wait while comments are loading...

Latest Photos