മച്ചാനേ..ബൂസാ! കാലങ്ങള്‍ക്ക് മുമ്പെ സഞ്ചരിച്ച ഹായബൂസയുടെ പൊരുൾ എന്ത്?

ഹായബൂസയുടെ ചില അതിശയിപ്പിക്കുന്ന വസ്തുതകളും, ചരിത്രവും എല്ലാറ്റിനുമപരി ഹായബൂസ എന്ന പേരിന് പിന്നിലെ പൊരുളും ഇവിടെ കണ്ടെത്താം-

Written By:

മച്ചാനേ..ബൂസാ! കേരളത്തിലെ ബൈക്ക് പ്രേമികള്‍ക്ക് ഇടയില്‍ ഏറെ പ്രചാരത്തിലുള്ള പ്രയോഗമാണിത്. റോഡിലൂടെ ഓരോ ഹായബൂസ പാറിപറന്ന് പോകുമ്പോഴും മലയാളി അറിയാതെ പറഞ്ഞ് പോകും; അളിയാ..ബൂസാ!

കേരളത്തില്‍ അന്നും ഇന്നും സുസൂക്കി ഹായബൂസയെ ആഗ്രഹിക്കാത്ത ഒരു ബൈക്ക് പ്രേമി പോലും ഉണ്ടായിരിക്കില്ല. എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താകാം ഹായബൂസ മലയാളിക്ക് ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണമെന്ന്?

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഹായബൂസയുടെ ചില അതിശയിപ്പിക്കുന്ന വസ്തുതകളും, ചരിത്രവും എല്ലാറ്റിനുമപരി ഹായബൂസ എന്ന പേരിന് പിന്നിലെ പൊരുളും എന്തെന്ന് പരിശോധിക്കാം.

സുസൂക്കി GSX1300R എന്ന് പറഞ്ഞാല്‍ ഒരുപക്ഷെ ഹായബൂസയാണെന്ന് വേഗം തിരിച്ചറിഞ്ഞുകൊള്ളണം എന്നില്ല. 

ഹായബൂസ എന്ന പേരില്‍ ലോകമെമ്പാടും പ്രശസ്തമായ സുസൂക്കിയുടെ സ്‌പോര്‍ട് ബൈക്ക് മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക നാമം സുസൂക്കി GSX 1300R എന്നാണ്.

1999 മുതല്‍ക്കാണ് സുസൂക്കിയില്‍ നിന്നുള്ള ഹായബൂസ രാജ്യാന്തര വിപണികളിലെ തരംഗമായി മാറിയത്.

'അതിവേഗത..', അതാണ് ഹായബൂസയുടെ പേരിനും പ്രശസ്തിക്കും പിന്നില്‍.

മണിക്കൂറില്‍ 303 മുതല്‍ 312 കിലോമീറ്റര്‍ എന്ന അതിശയിപ്പിക്കും വേഗതയിലൂടെ ഹായബൂസ വെട്ടിപിടിച്ച നേട്ടങ്ങള്‍ നിരവധിയാണ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്ന കിരീടം ചൂടിയ ഹായബൂസ, ട്രാക്കിന് വെളിയിലെ സുസൂക്കിയുടെ കരുത്ത് വെളിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഹായബൂസ വാര്‍ത്ത തലക്കെട്ടില്‍ നിറഞ്ഞത് ഹോണ്ടയുമായുള്ള മത്സരത്തിന്റെ പേരിലാണ്. 90 കളുടെ കാലഘട്ടത്തില്‍ നിരത്ത് വാണിരുന്ന ഹോണ്ട ബ്ലാക്‌ബേര്‍ഡിനെ മണിക്കൂറില്‍ 312 കിലോമീറ്റര്‍ വേഗത കുറിച്ച് അട്ടിമറിച്ചാണ് ഹായബൂസ വന്നെത്തിയത്.

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വേഗതയേറിയ സ്റ്റാന്‍ഡേര്‍ഡ് പ്രൊഡക്ഷന്‍ ബൈക്ക് (1901 ജനുവരി 01 മുതല്‍ 2000 ഡിസംബര്‍ 31 വരെ) എന്ന ഖ്യാതിയാണ് ബ്ലാക്‌ബേര്‍ഡിനെ മലര്‍ത്തിയടിച്ച് സുസൂക്കി ഹായബൂസ കൈയ്യടക്കിയത്.

പിന്നീട് 2000 ത്തില്‍ ഹായബൂസയെ വെല്ലുവിളിച്ച് കൊണ്ട് കവാസാക്കി ഒരുക്കിയ നിഞ്ച ZX-12R ഉം മത്സരത്തില്‍ കാഴ്ചക്കാരനായി തുടര്‍ന്നു. 

ഹായബൂസയുമായുള്ള മത്സരത്തില്‍ മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയ്ക്ക് പിന്നില്‍ കവാസാക്കി നിഞ്ച ZX-12R മുട്ടുമടക്കുകയായിരുന്നു.

ഒട്ടേറെ ഗവേഷണ-പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഹായബൂസയെ സുസൂക്കി മറയ്ക്ക് പുറത്ത് അവതരിപ്പിച്ചത്.

ഹായബൂസയുടെ ഡിസൈന്‍ മുതല്‍ എയറോഡൈനാമിക്‌സില്‍ വരെ സുസൂക്കിയുടെ വിയര്‍പ്പോട് കൂടിയ കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ടു.

ഹായബൂസയുടെ പേരിന് പിന്നിലുമുണ്ട് സുസൂക്കിയുടെ ഇതേ കുശാഗ്രത. പെറിഗ്രീന്‍ ഫാല്‍ക്കന്‍ (പ്രാപിടിയന്‍ പക്ഷി) യുടെ ജാപ്പനീസ് നാമമാണ് ഹായബൂസ.

പെറിഗ്രീന്‍ ഫാല്‍ക്കനെ അറിയില്ലേ? ഇരയെ കൊത്തിയെടുത്ത് പറക്കുന്നതില്‍ പ്രശ്‌സതമായ പെറിഗ്രീന്‍ ഫാല്‍ക്കന്‍ വേഗതയുടെ അലങ്കാരമാണ്. 

മണിക്കൂറില്‍ 290 മുതല്‍ 325 കിലോമീറ്റര്‍ വേഗതയിലാണ് ഇരയെ കൊത്തി എടുക്കുന്നതിനായി പെറിഗ്രീന്‍ ഫാല്‍ക്കന്‍ ഉയരങ്ങളില്‍ നിന്നും പറന്നെത്തുന്നത്. 

മണിക്കൂറില്‍ 325 കിലോമീറ്റര്‍ വേഗതയിലും തകരാര്‍ സംഭവിക്കാതെ ലക്ഷ്യം നേടുന്ന പെറിഗ്രീന്‍ ഫാല്‍ക്കനില്‍ ഗവേഷണം നടത്തിയാണ് ഹായബൂസയെ സുസൂക്കി അവതരിപ്പിച്ചത്.

പക്ഷെ ഇവിടം കൊണ്ട് തീരുന്നില്ല ഹായബൂസ എന്ന പേരിന് പിന്നിൽ സുസൂക്കി ഒരുക്കിയ പൊരുള്‍. 

ഹോണ്ടയുടെ കരുത്തുറ്റ ഭീകരന്‍ ബ്ലാക്‌ബേര്‍ഡിനെയാണ് തങ്ങള്‍ക്ക് കീഴടക്കേണ്ടതെന്ന് സുസൂക്കിയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

പെറിഗ്രീന്‍ ഫാല്‍ക്കനിന്റെ സ്ഥിരം ഇര ബ്ലാക്‌ബേര്‍ഡാണെന്നതും സുസൂക്കി ഹായബൂസയെ കൂടുതൽ അർത്ഥവത്താക്കി മാറ്റി.

അതിനാല്‍ ഹോണ്ട CBR1100XX ബ്ലാക്‌ബേര്‍ഡിനെ വേട്ടയാടാന്‍ സുസൂക്കി ഒരുക്കിയത് ഹായബൂസ (പെറിഗ്രീന്‍ ഫാല്‍ക്കന്‍) യെയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ബ്രാന്‍ഡുകള്‍ തമ്മിലുള്ള അതിവേഗ പോരുകൾ പതിവ് കാഴ്ചയായിരുന്നു.

പലപ്പോഴും മണിക്കൂറില്‍ ഒന്നോ രണ്ടോ കിലോമീറ്റര്‍ വേഗതയ്ക്ക് പിന്നിലാണ് മോഡലുകള്‍ പിന്തള്ളപ്പെട്ടിരുന്നതും.

എന്നാല്‍ ബ്ലാക്‌ബേര്‍ഡ് x ഹായബൂസ മത്സരത്തില്‍ സുസൂക്കി രാജകീയമായാണ് വിജയം കൈയ്യടക്കിയത്.

കണക്കുകള്‍ പ്രകാരം, മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗത്തിന് പിന്നില്‍ ഹോണ്ട ബ്ലാക്‌ബേര്‍ഡ് ദാരുണമായി കീഴടങ്ങുകയായിരുന്നു.

ഹായബൂസയില്‍ സുസൂക്കി ഒരുക്കിയ എയറോഡൈനാമിക്‌സ് ഡിസൈന്‍ തത്വം, ബ്ലാക്‌ബേര്‍ഡിനെ കീഴടക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

അതേസമയം, ഹായബൂസയുടെ അരോചകമായ ഡിസൈനിംഗിന് എതിരെ വലിയ വിമര്‍ശനമാണ് ആരാധകര്‍ സുസൂക്കിയ്ക്ക് നേരെ ഉയര്‍ത്തുന്നത്. പക്ഷെ, ഹായബൂസയുടെ വിജയവും ഇതേ അരോചകമായ എയറോഡൈനമിക്‌സ് തത്വമാണ് എന്നതും യാഥാർത്ഥ്യം.

എന്നാല്‍ വേഗത മാത്രമാണോ ബ്ലാക്ബേർഡിനെ കീഴ്പെടുത്തിയ ഹായബൂസയുടെ കരുത്തിനും പ്രശസ്തിക്കും കാരണം?

തീര്‍ച്ചയായും അല്ല, ഹായബൂസയെ ഒരിക്കല്‍ എങ്കിലും ഓടിച്ചവര്‍ക്ക് ഇത് മനസിലാക്കാന്‍ സാധിക്കും. 'പ്രതാപമാര്‍ന്ന വേഗത'യാണ് യഥാര്‍ത്ഥത്തില്‍ ഹായബൂസ.

സ്ട്രീറ്റ് ബൈക്ക് കസ്റ്റമൈസേഷന് ഏറ്റവും മുന്തിയ പരിഗണന ലഭിക്കാറ് ഹായബൂസയ്ക്ക് മാത്രമാണ്. കസ്റ്റമൈസ്ഡ് ഹായബൂസയെ കണ്ടവരാണോ നിങ്ങള്‍?

സുസൂക്കി ഒരുക്കുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്ന സെലക്ഷനാണ് മേക്കോവറില്‍ ഹായബൂസകള്‍ക്ക് ലഭിക്കാറുള്ളത്.

വേഗത, പ്രൗഢി എന്നിവയ്ക്ക് ഒപ്പം സുസൂക്കിയുടെ ഹായബൂസയില്‍ എടുത്ത് പറയാവുന്ന ഫീച്ചറാണ് എഞ്ചിന്‍. 

അരങ്ങേറ്റ വേളയില്‍ 173 bhp എന്ന ഭീകര കരുത്ത് പുറത്ത് കാണിച്ച ഹായബൂസ, സ്‌പോര്‍ട് ബൈക്കുകള്‍ക്ക് ഇടയിലെ സത്വ രൂപം പ്രാപിക്കുകയായിരുന്നു.

ഹായബൂസയിൽ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിലിണ്ടറുകളിലേക്ക് റാം എയര്‍ സംവിധാനത്തിലൂടെയാണ് തണുത്ത പ്രഷറൈസ്ഡ് വായുവിനെ സുസൂക്കി കടത്തി വിട്ടത്.

ഹായബൂസയുടെ ഹൈ പവേര്‍ഡ് ലൈറ്റവെയ്റ്റ് എഞ്ചിനില്‍ ഒരുങ്ങിയ സ്‌പോര്‍ട്‌സ് കാറുകള്‍, യഥാര്‍ത്ഥത്തില്‍ സുസൂക്കിയുടെ മഹാത്മ്യം വര്‍ധിപ്പിച്ചു.

ലോട്ടസ് സെവനില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് കാര്‍ വെസ്റ്റ്ഫീല്‍ഡ് മെഗാബൂസയും ഹയാബൂസയുടെ എഞ്ചിനിലാണ് ഒരുങ്ങിയിട്ടുള്ളത്.

മോട്ടോര്‍സൈക്കിള്‍ എഞ്ചിനെ കാറില്‍ അവതരിപ്പിക്കുന്ന ആദ്യ നിര്‍മ്മാതാക്കള്‍ കൂടിയാണ് സുസൂക്കി.

ഹായബൂസയുടെ എഞ്ചിനുമായുള്ള രണ്ട് കോണ്‍സെപ്റ്റ് കാറുകളെയും സുസൂക്കി കാഴ്ചവെച്ചിട്ടുണ്ട്.

2001 ല്‍ അവതരിപ്പിച്ച സൂസൂക്കി GSX-R/4 മോഡലും, ഫോര്‍മുല ഹായബൂസ എന്ന ഓപ്പണ്‍ വീല്‍ റേസ് കാറുമാണ് സുസൂക്കി ഹായബൂസ എഞ്ചിനില്‍ അവതരിപ്പിച്ച രണ്ട് കോണ്‍സെപ്റ്റ് കാറുകള്‍.

2.8 ലിറ്റര്‍ V8 എഞ്ചിനിലെത്തിയ റാഡിക്കല്‍ സ്‌പോര്‍ട്‌സ് കാറുകളിലും ഹായബൂസ എഞ്ചിന്‍ സ്ഥിര സാന്നിധ്യമായിരുന്നു.

ഇന്‍ലൈന്‍-ഫോര്‍ ഹായബൂസ എഞ്ചിനാണ് SR8 സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്.

1939 ബുഗാറ്റി മോഡല്‍ 100 എയര്‍ റേസറുടെ ആധുനിക വേര്‍ഷനിലും ഹായബൂസ എഞ്ചിനാണ് നല്‍കിയത്. 

ഒറിജിനല്‍ സൂപ്പര്‍ചാര്‍ജ്ഡ് സ്‌ട്രെയ്റ്റ്-എയ്റ്റ് എഞ്ചിന് പകരം ആധുനിക വേര്‍ഷനില്‍ നല്‍കിയത് ട്വിന്‍ സുസൂക്കി ഹായബൂസ എഞ്ചിനുകളെയാണ്.

ട്രാക്ക്-റോഡുകള്‍ക്ക് പുറമെ, സാന്‍ഡ് ഡ്യൂണ്‍ റെയ്‌സിംഗിലും ഹായബൂസയുടെ എഞ്ചിന്‍ തന്നെയാണ് മിക്കപ്പോഴും സാന്നിധ്യമറിയിച്ചത്.

അബുദാബി ഡെസേര്‍ട്ട് ചലഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഹായബൂസ എഞ്ചിനില്‍ പശ്ചാത്തലമാക്കിയുള്ള V8 എഞ്ചിന്‍ കാറുകളെ മാത്രമായിരുന്നൂ എന്നതും ശ്രദ്ധേയമാണ്.

രാജ്യാന്തര തലത്തിൽ സുസൂക്കിയുടെ ഹായബൂസ എഞ്ചിന്‍ കൊണ്ടുള്ള പരീക്ഷണങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല. 

2004 ല്‍, TOP 1 Ack അറ്റാക്ക് എന്ന പ്രത്യേകം നിര്‍മ്മിത സ്ട്രീംലൈനര്‍ മോട്ടോര്‍സൈക്കിളിലൂടെ കരയിലെ ഏറ്റവും ഉയര്‍ന്ന വേഗത കുറിയ്ക്കാന്‍ മൈക്ക് അക്കാഥിഫ് നടത്തിയ ശ്രമവും ഹായബൂസയെ കേന്ദ്രീകരിച്ചാണ്.

TOP 1 Ack അറ്റാക്കില്‍ ഉള്‍പ്പെടുത്തിയത് രണ്ട് 1299 സിസി സുസൂക്കി ഹായബൂസ എഞ്ചിനുകളെയാണ്.

2013 മാര്‍ച്ച് വരെ, മണിക്കൂറില്‍ 634.217 വേഗത കുറിച്ച് ലോകത്തിലെ അതിവേഗ മോട്ടോര്‍സൈക്കിള്‍ കിരീടം TOP 1 Ack അറ്റാക്ക് മോട്ടോര്‍സൈക്കിള്‍ കൈയ്യടക്കിയിരുന്നു.

2012 ഗിന്നസ് ലോക റെക്കോര്‍ഡിലും TOP 1 Ack അറ്റാക്കിന്റെ അതിവേഗ ചരിത്രം ഇടം നേടി.

വിപണിയില്‍ അവതരിച്ചതിന് ശേഷം ഇത് പത്തൊമ്പതാം വര്‍ഷത്തിലേക്കാണ് ഹായബൂസ ജൈത്രയാത്ര നടത്തുന്നത്.

1999 ല്‍ സുസൂക്കി അവതരിപ്പിച്ച ഹായബൂസ മോഡലുകളെ പൊന്നും വില കൊടുത്തും സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

2000 മുതല്‍ ഹായബൂസയുടെ വേഗത മണിക്കൂറില്‍ 299 കിലോമീറ്ററായി സുസൂക്കി നിജപ്പെടുത്തിയതാണ് ഇതിന് കാരണം.

ബ്രാന്‍ഡുകള്‍ തമ്മിലുള്ള അതിവേഗ പോര്, ദുരന്തം ഒരുക്കുമെന്ന മുന്നറിയിപ്പിന്മേലാണ് യുറോപ്യന്‍-ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വേഗത നിജപ്പെടുത്താന്‍ ധാരണയില്‍ എത്തിയത്.

2000 മുതല്‍ വേഗപരിധി മണിക്കൂറിൽ 300 കിലോമീറ്ററായി നിയന്ത്രിച്ചുള്ള മോഡലുകളെയാണ് നിർമ്മാതാക്കൾ അണിനിരത്തിയത്.

പതിറ്റാണ്ട് മുമ്പ് വരെ ഓരോ ഇന്ത്യന്‍ പ്രേമിയും ഹായബൂസയ്ക്ക് സമീപം എത്താന്‍ പോലും ഒന്ന് കൊതിച്ചിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്.

16 ലക്ഷം രൂപ വിലയിൽ ഹായബൂസയെ സുസൂക്കി ഇന്ത്യന്‍ വിപണിയില്‍ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട് (ദില്ലി എക്‌സ്‌ഷോറൂം വില).

തീര്‍ച്ചയായും 1999 ല്‍ അവതരിക്കുമ്പോഴും കാലങ്ങള്‍ക്ക് മുമ്പെയാണ് ഹായബൂസ സഞ്ചരിച്ചത്. കാത്തിരിക്കാം അടുത്ത തവണ 'മച്ചാനേ..ബൂസാ!' എന്ന വിളി കേൾക്കാനായി..

WHAT OTHERS ARE READING

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #സുസുക്കി #suzuki
Story first published: Friday, April 14, 2017, 14:16 [IST]
English summary
How Suzuki Hayabusa got its name. Read more about Hayabusa interesting facts, history, competition and more in Malayalam.
Please Wait while comments are loading...

Latest Photos

LIKE US ON FACEBOOK