ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

Written By:

'എത്ര മൈലേജ് കിട്ടും?'- ഈ ചോദ്യം ചോദിക്കാത്തവരായി കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ ആരുമുണ്ടാകില്ല. ഇനി നമ്മള്‍ നമ്മള്‍ പുതിയ മോട്ടോര്‍ സൈക്കിളോ, കാറോ വാങ്ങുകയാണെങ്കില്‍ ആദ്യം നേരിടേണ്ട ചോദ്യവും ഇത് തന്നെയാകും.

ഇന്ത്യയില്‍ മൈലേജ് തന്നെയാണ് ഓരോ മോഡലിന്റെയും ഭാവി നിശ്ചയിക്കുന്നത്. കാലങ്ങളായി ഇന്ത്യന്‍ ജനത കണ്ടും കേട്ടും വരുന്ന ഇന്ധനക്ഷമത ഉറപ്പ് വരുത്താന്‍ പരാജയപ്പെടുന്ന മോഡലുകള്‍ക്ക് വിപണിയില്‍ ഏറെക്കാലം പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. 

ഇന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ക്ക്, പ്രത്യേകിച്ച് ടൂവീലര്‍ നിര്‍മാതാക്കള്‍ക്ക് ഇത് വ്യക്തമായി അറിയാം. അതിനാൽ ഇന്ത്യൻ തുടിപ്പറിയുന്ന മോഡലുകളെ അവതരിപ്പിക്കാനാണ് നിർമാതാക്കളെല്ലാം ശ്രമിച്ച് വരുന്നത്. 

മൈലേജ് സംബന്ധമായ ആശങ്കകള്‍ മിക്കപ്പോഴും ടൂവീലര്‍ വിപണിയിൽ നിന്നാണ് ഉയരാറുള്ളത്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമത നല്‍കുന്ന ബൈക്കുകളെ ഇവിടെ പരിചയപ്പെട്ടാലോ?

  • ടിവിഎസ് സ്‌പോര്‍ട്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ടിവിഎസിന്റെ ഹിറ്റ് മോഡല്‍ സ്റ്റാര്‍സിറ്റിയുടെ സ്‌പോര്‍ടിയര്‍ വേര്‍ഷനാണ് ടിവിഎസ് സ്‌പോര്‍ട്.

സ്റ്റാര്‍സിറ്റിയ്ക്ക് സമാനമായ ഫീച്ചറുകളാണ് സ്പോര്‍ടിനും ടിവിഎസ് ഒരുക്കിയിട്ടുള്ളത്. സ്റ്റാർസിറ്റിയുടെ വിജയതുടർച്ച കൈവരിക്കാൻ സ്പോര്‍ടിനും സാധിച്ചൂവെന്നത് ശ്രദ്ധേയമാണ്. 

7.4 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 100 സിസി എഞ്ചിന്‍ കരുത്തില്‍ വരുന്ന സ്‌പോര്‍ടിന്റെ ഹൈലൈറ്റ് 95 കിലോമീറ്റര്‍ മൈലേജ് തന്നെയാണ്. കുറഞ്ഞ കരുത്ത് ഉത്പാദനമാണ് ടിവിഎസ് സ്‌പോര്‍ടിന്റെ പ്രധാന വെല്ലുവിളി.

2010 മാര്‍ച്ചിലാണ് സ്‌പോര്‍ടിനെ ടിവിഎസ് അവതരിപ്പിച്ചത്. 36505 രൂപ വിലയിലാണ് ടിവിഎസ് സ്‌പോര്‍ട് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

  • ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്

ഏറെ കാത്തിരിപ്പിന് ശേഷമാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഇന്ത്യയില്‍ അവതരിക്കുന്നത്. സ്‌പ്ലെന്‍ഡറിന്റെ പ്രതാപ കാലത്തെ തിരിച്ച് പിടിക്കുക ലക്ഷ്യമിട്ടാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് രംഗത്തെത്തിയത്.

8.2 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 97 സിസി എഞ്ചിന്‍ കരുത്തില്‍ വന്നെത്തുന്ന സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിന്റെ ഇന്ധനക്ഷമത 92 കിലോമീറ്ററാണ്.

2014 മാര്‍ച്ചില്‍ രണ്ട് വേരിയന്റുകളിലായാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിനെ ഹീറോ അവതരിപ്പിച്ചത്. ഷോറൂമില്‍ 51030 രൂപ വിലയിലാണ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് സാന്നിധ്യമറിയിക്കുന്നത്.

  • ഹീറോ സ്‌പ്ലെന്‍ഡര്‍ പ്രോ

സ്‌പ്ലെന്‍ഡര്‍ എന്ന പേര് തന്നെ ബ്രാന്‍ഡായി മാറിയ കാലമുണ്ടായിരുന്നു ഇന്ത്യയില്‍. 1994 ല്‍ ഹീറോ അവതരിപ്പിച്ച സിഡി 100 ന്റെ പിന്‍ഗാമിയായാണ് സ്‌പ്ലെന്‍ഡര്‍ നിരയെ ഹീറോ അവതരിപ്പിച്ചത്.

ഇന്ന് സ്‌പ്ലെന്‍ഡറിനെ മുന്‍നിര്‍ത്തി ബജറ്റ് ശ്രേണിയില്‍ ഹീറോ നടത്തുന്ന മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്. അത്തരത്തില്‍ ഹീറോ അവതരിപ്പിച്ച മറ്റാരു മോഡലാണ് സ്‌പ്ലെന്‍ഡര്‍ പ്രോ.

8.2 bhp കരുത്ത് പുറപ്പെടുവിക്കുന്ന 97.2 സിസി എഞ്ചിന്‍ കരുത്തില്‍ എത്തുന്ന സ്‌പ്ലെന്‍ഡര്‍ പ്രോയ്ക്ക് കരുത്തേകുന്നത് 90 കിലോമീറ്റര്‍ മൈലേജാണ്.

2013 ഒക്ടോബറിലാണ് സപ്ലെന്‍ഡര്‍ പ്രോ അവതരിച്ചത്. നിലവില്‍ 47,725 രൂപയാണ് സ്‌പ്ലെന്‍ഡര്‍ പ്രോയുടെ വില.

  • ബജാജ് പ്ലാറ്റിന

മൈലജ് എന്നാല്‍ പ്ലാറ്റിന എന്ന സമവാക്യമാണ് വിപണിയില്‍ കേട്ടിരുന്നത്. ലാളിത്യമാര്‍ന്ന ഡിസൈനും, അതിശയിപ്പിക്കുന്ന ഇന്ധനക്ഷമതയും പ്ലാറ്റിനയ്ക്ക് ഏറെ ആരാധകരെ നല്‍കി. ഇതിന്റെ പിന്തുടര്‍ച്ചയാണ് ബജാജ് പ്ലാറ്റിന കംഫോര്‍ട്ടെക്.

8.1 bhp കരുത്തില്‍ വരുന്ന ബജാജ് പ്ലാറ്റിന കംഫോര്‍ട്ടെക്കില്‍ 102 സിസി എഞ്ചിനാണുള്ളത്. 90 കിലോമീറ്റര്‍ ഇന്ധനക്ഷമതാണ് മോഡലില്‍ ലഭിക്കുക.

2016 ഏപ്രില്‍ ബജാജ് അവതരിപ്പിച്ച പ്ലാറ്റിന് കംഫോര്‍ട്ടെക്കിന് 48000 രൂപയാണ് വിപണിയില്‍ വില.

  • ബജാജ് സിടി 100

ഏറ്റവും ചെലവ് കുറഞ്ഞ ബൈക്കെന്ന വിശേഷണം ബജാജ് സിടി 100 ന് മാത്രം അവകാശപ്പെട്ടതാണ്. 

സിടി 100 എന്ന ഹിറ്റിനെ തിരികെ കൊണ്ട് വരികയാണ് പുത്തന്‍ എഡിഷനിലൂടെ ബജാജ് ശ്രമിച്ചിരിക്കുന്നത്.

8.1 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 99.27 സിസി എഞ്ചിനില്‍ 89 കിലോമീറ്ററാണ് ഇന്ധനക്ഷമത ലഭിക്കുക.

2015 മാര്‍ച്ചില്‍ മൂന്ന് വേരിയന്റുകളിലായാണ് ബജാജ് സിടി 100 എത്തിയത്. വിപണി വില - 34797 രൂപ.

  • ഹീറോ പാഷന്‍ എക്‌സ് പ്രോ

ബജറ്റ് ശ്രേണയിലേക്കുള്ള ഹീറോയുടെ മറ്റൊരു സംഭാവനയാണ് പാഷന്‍ എക്‌സ് പ്രോ. പഴയ പാഷനില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാഷന്‍ എക്‌സ് പ്രോയെ ഹീറോ അവതരിപ്പിച്ചത്.

8 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 109 സിസി എഞ്ചിനാണ് പാഷനില്‍ ഉള്ളത്. 86 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പാഷന്‍ എക്‌സ് പ്രോയുടെ ഹൈലൈറ്റ്.

2013 ഒക്ടോബറിലാണ് പാഷന്‍ എക്‌സ് പ്രോ രംഗത്തെത്തുന്നത്. നിലവില്‍ 50243 രൂപയാണ് പാഷന്‍ എക്‌സ് പ്രോയുടെ വില.

  • ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്

2014 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ആദ്യം ആവതരിക്കുന്നത്. ഏറെ പ്രശസ്തമായ സ്റ്റാര്‍ സിറ്റിയുടെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് സ്റ്റാര്‍ സിറ്റി പ്ലസ്.

8.3 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 109 സിസി എഞ്ചിനാണ് സ്റ്റാര്‍ സിറ്റി പ്ലസിലുള്ളത്. ഇന്ധനക്ഷമത - 86 കിലോമീറ്റര്‍.

2014 മെയ് മാസമാണ് സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയിലെത്തുന്നത്. സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഷോറൂം വില - 46440 രൂപ.

  • ഹീറോ പാഷന്‍ പ്രോ i3s

സ്‌പ്ലെന്‍ഡര്‍ നിരയ്ക്ക് ഹീറോ നല്‍കിയ അപ്ഗ്രഡേഷനാണ് ഹീറോ പാഷന്‍ പ്രോ. ആധുനിക സാങ്കേതികതയ്ക്ക് ഒപ്പം ട്രെന്‍ഡിയായി എത്തുന്ന പാഷന്‍ പ്രോ യുവത്വത്തെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു.

8.2 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 97.2 സിസി എഞ്ചിനിലാണ് ഹീറോ പാഷന്‍ പ്രോ i3s എത്തുന്നത്. ഇന്ധനക്ഷമത- 84 കിലോമീറ്റര്‍.

2013 ഒക്ടോബറിലാണ് പാഷന്‍ പ്രോ i3s നെ ഹീറോ അണിനിരത്തിയത്. 51307 രൂപയാണ് ഹീറോ പാഷന്‍ പ്രോ i3s ന്റെ വില.

  • ഹോണ്ട ഡ്രീം യുഗ

ഡ്രീം സീരിസില്‍ ഹോണ്ട അവതരിപ്പിച്ച ഏറ്റവും വിലയേറിയ താരമാണ് ഡ്രീം യുഗ. നീണ്ടുനില്‍പിന്റെ അടിസ്ഥാനത്തില്‍ ഏറെ പ്രശസ്തമാണ് ഡ്രീം യുഗ.

8 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 109 സിസി എഞ്ചിനാണ് ഹോണ്ട ഡ്രീം യുഗിയലുള്ളത്. 84 കിലോമീറ്ററാണ് ഡ്രീം യുഗയുടെ ഇന്ധനക്ഷമത.

2012 മെയിലാണ് ഡ്രിം യുഗയെ ഹോണ്ട ആദ്യമായി അവതരിപ്പിച്ചത്. 56392 രൂപയാണ് ഡ്രീം യുഗയുടെ എക്‌സ് ഷോറൂം വില.

  • ഹോണ്ട ഡ്രീം നിയോ

ഹോണ്ടയുടെ ശ്രേണിയില്‍ ഏറ്റവും ചെലവ് കുറഞ്ഞ മോഡലെന്ന ഖ്യാതിയാണ് ഡ്രീം നിയോയ്ക്ക് ഉള്ളത്.

ലാളിത്യമാര്‍ന്ന ഡിസൈനിനൊപ്പം മികവാര്‍ന്ന പ്രകടനം ശ്രേണിയില്‍ ഡ്രീം നിയോയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.

8.25 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനിലാണ് ഡ്രിം നിയോ വന്നെത്തുന്നത്. 84 കിലോമീറ്ററാണ് ഹോണ്ട ഡ്രിം നിയോയുടെ ഇന്ധനക്ഷമത.

2013 ഏപ്രിലിലാണ് ഡ്രീം നിയോ അവതരിക്കുന്നത്. 53254 രൂപയിലാണ് ഷോറൂമുകളില്‍ ഹോണ്ട ഡ്രീം നിയോ സാന്നിധ്യമറിയിക്കുന്നത്.

ബൈക്ക് വാങ്ങുമ്പോള്‍ മൈലേജ് എന്നത് നിര്‍ണായക ഘടകമാണ്. എന്നാല്‍ മൈലേജിന് ഒപ്പം എഞ്ചിന്‍ കരുത്ത്, മെയിന്റനന്‍സ് ചെലവ് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും പരിശോധിക്കേണ്ടത് അനിവാര്യമാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Thursday, April 6, 2017, 10:17 [IST]
English summary
Top ten mileage bikes in India. Read in Malayalam.
Please Wait while comments are loading...

Latest Photos