തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവി — ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി

ആദ്യ ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയിലെത്തി. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള ലംബോര്‍ഗിനിയുടെ എസ്‌യുവി സൃഷ്ടിയാണ് ഉറൂസ്. തങ്ങളുടെ പുതിയ സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തെ ജനുവരിയിലാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവന്നത്. മൂന്നുകോടിയാണ് ഉറൂസിന് വിപണിയില്‍ വില.

മുംബൈ ഡീലര്‍ഷിപ്പ് കൈമാറിയ ആദ്യ ഉറൂസില്‍ ഉടമ ആവശ്യപ്പെട്ട പ്രകാരമുള്ള എല്ലാ മാറ്റങ്ങളും കമ്പനി വരുത്തി. റോസോ ആന്റിറോസ് നിറശൈലിയുള്ള (ചുവപ്പിന് ലംബോര്‍ഗിനി നല്‍കുന്ന പേര്) എസ്‌യുവിയില്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയിലുള്ള ധാരാളം ഒരുക്കങ്ങളുണ്ട്.

ചുവപ്പ് കാലിപ്പറുകളും ക്രോം എക്‌സ്‌ഹോസ്റ്റും അടങ്ങുന്ന സ്റ്റൈല്‍ പാക്കേജാണ് ഉറൂസിന് ഉടമ തെരഞ്ഞെടുത്തത്. 22 ഇഞ്ച് ഡയമണ്ട് കട്ടുള്ള 'നാത്ത്' അലോയ് വീലുകൾ മോഡലിന്റെ സവിശേഷതയാണ്. 21 ഇഞ്ച്, 23 ഇഞ്ച് അലോയ് ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്.

ചുവപ്പുനിറം വരമ്പിടുന്ന പ്രത്യേക 'സിത്തൂറ' ശൈലിയാണ് അകത്തളത്തില്‍ തുകല്‍ സീറ്റുകള്‍ക്ക്. പാനരോമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് സംവിധാനമെന്നിവ തെരഞ്ഞെടുത്ത പ്രത്യേക സ്റ്റൈല്‍ പാക്കേജിനോടു ചേര്‍ന്നുനില്‍ക്കും.

Most Read: ആദ്യസര്‍വീസിന് 5,000 രൂപ - പുതിയ ബിഎംഡബ്ല്യു ബൈക്കിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ലംബോര്‍ഗിനി ഉറൂസ് റോഡിലിറങ്ങുമ്പോള്‍ 4.20 കോടി രൂപയാണ് ഓണ്‍റോഡ് വില. ലംബോര്‍ഗിനിയുടെ ആദ്യ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ തുടിക്കുന്ന ഉറൂസ്, 641 bhp കരുത്തും 850 Nm torque പരമാവധി സൃഷ്ടിക്കും. 4.0 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V8 എഞ്ചിനാണ് ഉറൂസിന്റെ ഹൃദയം.

എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന ഉറൂസിന്റെ നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ ലംബോര്‍ഗിനി ഉറൂസിന് 3.6 സെക്കന്‍ഡുകള്‍ മതി.

305 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി. വേഗം. സാബിയ (മണല്‍), ടെറ (ചരല്‍), നിവി (മഞ്ഞ്) എന്നീ മൂന്നു ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. 5,112 mm നീളവും 2,016 mm വീതിയും 1,683 mm ഉയരവുമാണ് എസ്‌യുവിക്കുള്ളത്.

Most Read: പുതിയ കാറെന്നും പറഞ്ഞ് ടാറ്റ വിറ്റത് പഴയ കാര്‍

വീല്‍ബേസ് 3,003 mm; ഭാരം 2,200 കിലോയും. 85 ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. ഫോക്‌സ്‌വാഗണ്‍ ഉപയോഗിക്കുന്ന MLB അടിത്തറയിലാണ് ലംബോര്‍ഗിനി ഉറൂസിന്റെ വരവ്. ഔഡി Q7, ബെന്റ്ലി ബെന്റെയ്ഗ, പോര്‍ഷ കയെന്‍ എസ്‌യുവികളും ഇതേ അടിത്തറയില്‍ നിന്നാണ് വരുന്നത്.

ആക്ടീവ് ടോര്‍ഖ് വെക്ടറിങ്ങ്, ഫോര്‍-വീല്‍ സ്റ്റീയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ആക്ടീവ് റോള്‍ സ്റ്റബിലൈസേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉറൂസ് നേടിയിട്ടുണ്ട്. 2012 -ല്‍ ലംബോര്‍ഗിനി കാഴ്ചവെച്ച കോണ്‍സെപ്റ്റ് വാഹനത്തില്‍ നിന്നുള്ള ഡിസൈന്‍ ശേലിയാണ് ഉറൂസിന് പ്രചോദനം.

വലിയ എയര്‍ ഇന്‍ടെയ്ക്കുകളും ഗ്രില്ലും മുന്‍ സ്പ്ലിറ്ററും എസ്‌യുവിയുടെ പ്രത്യേകതയാണ്. മൂന്ന് വലിയ ടിഎഫ്ടി ഡിസ്‌പ്ലേയാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. ഇതില്‍ ഒന്ന് ഒരുങ്ങുന്നത് സ്റ്റീയറിംഗ് വീലിന് പിന്നിലും. സാധാരണ കാറുകളില്‍ ഇടംപിടിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് പകരമായി സ്റ്റീയറിംഗ് വീലിന് പിന്നില്‍ നിന്നും ടിഎഫ്ടി ഡിസ്പ്ലേ പ്രവര്‍ത്തിക്കും.

LM 002 -വിന് ശേഷം ലംബോര്‍ഗിനി ബാഡ്ജിംഗ് കൈയ്യടക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്. പ്രതിവര്‍ഷം 7,000 ഉറൂസുകളെ വില്‍ക്കാനുള്ള നീക്കത്തിലാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍.

Read More About: ലംബോർഗിനി

Read more...