പുതിയ കാറെന്നും പറഞ്ഞ് ടാറ്റ വിറ്റത് പഴയ കാര്‍

പുതിയ കാറെന്നും പറഞ്ഞ് ടാറ്റ ഡീലര്‍ഷിപ്പ് വിറ്റത് പഴയ കാര്‍. അംബാലയിലെ മെട്രോ മോട്ടോര്‍സ്, ഛണ്ഡീഗഢിലെ ബെര്‍ക്കെലി ടാറ്റ മോട്ടോര്‍സ്, പഞ്ച്കുള ബനാര്‍സി ദാസ് ഓട്ടോമൊബൈല്‍സ്, ടാറ്റ മോട്ടോര്‍സ് മുംബൈ എന്നിവരെ പ്രതിചേര്‍ത്ത് പഞ്ച്കുള സ്വദേശി അതുല്‍ കുമാര്‍ അഗര്‍വാള്‍ നല്‍കിയ പരാതിയില്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചു.

ഒന്നുകില്‍ കാറിന്റെ വില പൂര്‍ണ്ണമായും തിരിച്ചുകൊടുക്കണം. അല്ലെങ്കില്‍ പുതിയ കാര്‍ മാറ്റി നല്‍കണം, അതുല്‍ കുമാറിന് അനുകൂലമായി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ഇതിനുപുറമെ ഒരുലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും കോടതി കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

2015 ഫെബ്രുവരി പത്തിനാണ് അതുല്‍ കുമാര്‍ അഗര്‍വാള്‍ ബനാര്‍സി ദാസ് ഓട്ടോമൊബൈല്‍സില്‍ നിന്നും പുതിയ ടാറ്റ കാര്‍ വാങ്ങിയത്. 3.61 ലക്ഷം രൂപയായിരുന്നു കാറിന് അന്നുവില. വാങ്ങി പുതുമ വിട്ടുമാറുംമുമ്പെ പ്രശ്‌നങ്ങളുടെ ബഹളമായി കാറില്‍.

എന്നാല്‍ ആദ്യ സര്‍വീസില്‍ തകരാറുകള്‍ മുഴുവന്‍ പരിഹരിക്കപ്പെടുമെന്ന് ഇദ്ദേഹം കരുതി. 2015 ഫെബ്രുവരി എട്ടിന് ആദ്യ സര്‍വീസ് കഴിഞ്ഞ് കാര്‍ പുറത്തിറങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ തുടര്‍ന്നു.

Most Read: ബിഎംഡബ്ല്യുവിനെ കളിയാക്കാന്‍ പോയി, കിട്ടി ഔഡിക്ക് മുട്ടന്‍ മറുപടി

പുതിയ കാറായിട്ടുകൂടി രാവിലെ എഞ്ചിന്‍ സ്റ്റാര്‍ട്ടാകില്ലെന്നതായിരുന്നു പ്രധാന തകരാര്‍. എഞ്ചിന്‍ ചൂടായി ഓടിയാല്‍ത്തന്നെ പുകക്കുഴലില്‍ നിന്നും കരിമ്പുക ധാരാളമായി പുറന്തള്ളപ്പെട്ടു. കാര്യം നിസാരമല്ലെന്ന് തിരിച്ചറിഞ്ഞ അതുല്‍ കുമാര്‍ കാറുമായി ഛണ്ഡീഗഢിലെ ബെര്‍ക്കെലി ടാറ്റ മോട്ടോര്‍സിലെത്തി.

പ്രശ്‌നം സര്‍വീസ് സെന്റര്‍ അധികൃതരെ അറിയിച്ചു. വിദഗ്ധ പരിശോന നടത്തിയിട്ടും കാറിനെന്താണ് പറ്റിയതെന്ന് ഇവര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സമീപ പ്രദേശത്തുള്ള മുഴുവന്‍ ടാറ്റ ഡീലര്‍ഷിപ്പുകളിലും കയറിയിറങ്ങിയെങ്കിലും അതുല്‍ കുമാര്‍ വാങ്ങിയ പുതിയ കാറിലെ പ്രശ്‌നം മാത്രം പരിഹരിക്കപ്പെട്ടില്ല.

കാറുമായി അലഞ്ഞുമടുത്തപ്പോഴാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കാന്‍ അതുല്‍ കുമാര്‍ തീരുമാനിച്ചത്. അതുല്‍ കുമാറിന്റെ പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതി ഇടപെട്ടു.

ഛണ്ഡീഗഢ് PEC സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറില്‍ പരിശോധന നടന്നു. ടര്‍ബ്ബോ ചാര്‍ജ്ജര്‍, ഇഞ്ചക്ടര്‍, ഇന്ധനലൈന്‍ എന്നിവ മാറ്റി സ്ഥാപിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തി.

Most Read: ഭീകര അപകടത്തിലും എയര്‍ബാഗുകള്‍ പുറത്തുവരാതെ XUV500 - വിശദീകരണവുമായി മഹീന്ദ്ര

ആള്‍ട്ടര്‍നേറ്ററിലാകം തകരാറെന്നു കരുതി അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എഞ്ചിന്‍ സ്റ്റാര്‍ട്ടാകാന്‍ നന്നെ ബുദ്ധിമുട്ടി; ഓടിയാലും കാറില്‍ നിന്നും കരിമ്പുക വമിച്ചുകൊണ്ടിരുന്നു.

കാറില്‍ പരാതിക്കാരന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ശരിയാണെന്ന് കമ്മിറ്റിക്ക് ബോധ്യമായി. ഇതിനെത്തുടര്‍ന്ന് ഉപഭോക്തൃ ഫോറം നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ട കാറാണ് പുത്തനെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് വിറ്റതെന്ന് പുറത്തുവന്നത്.

അപകടത്തില്‍പ്പെട്ട കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതിയതെന്ന പേരില്‍ അതുല്‍ കുമാറിന് ബനാര്‍സി ദാസ് ഓട്ടോമൊബൈല്‍സ് വില്‍ക്കുകയായിരുന്നു. സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിന് ബെര്‍ക്കെലി ടാറ്റ മോട്ടോര്‍സ് സര്‍വീസ് ഡീലറെയും അധാര്‍മ്മികമായ കച്ചവടത്തില്‍ ഏര്‍പ്പെട്ടതിന് നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സിനെയും ഉപഭോക്തൃ ഫോറം കുറ്റക്കാരെന്ന് കണ്ടെത്തി.

പഴയ കാര്‍ പുതിയതെന്നും പറഞ്ഞു വിറ്റ കുറത്തിന് ഉടമയ്ക്ക് 3.61 ലക്ഷം രൂപ തിരിച്ചുനല്‍കുകയോ, പുതിയ കാര്‍ മാറ്റി നല്‍കുകയോ വേണമെന്ന് കോടതി തീര്‍പ്പുകല്‍പ്പിച്ചു. ഒരുലക്ഷം രൂപ അതുല്‍ കുമാറിന് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. [വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും]

*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം

മുമ്പ് പഴയ നെക്‌സോണ്‍ ഉപഭോക്താവിന് ഡീലര്‍ഷിപ്പ് വിറ്റ സംഭവത്തിലും ടാറ്റ ഏറെ പഴികേട്ടിരുന്നു. ഹരിയാനയിലെ രെവാറിയിലാണ് സംഭവം. പുതിയ കാര്‍ തുടയ്ക്കുമ്പോള്‍ പുറംമോടിയില്‍ നേരിയ നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ഡീലര്‍ഷിപ്പ് തന്നെ വഞ്ചിച്ചെന്ന് ഹരേന്ദര്‍ എന്ന ഉപഭോക്താവ് തിരിച്ചറിഞ്ഞത്.

പുതിയ നെക്‌സോണില്‍ നിറം ഇളകി വരികയായിരുന്നു. തനിക്കുണ്ടായ അനുഭവം തെളിവുസഹിതം ഉടമ വീഡിയോ ദൃശ്യങ്ങളായി ടാറ്റയ്ക്ക് അയച്ചുനല്‍കിയതിന് പിന്നാലെയാണ് കാര്യം പുറംലോകമറിഞ്ഞത്.

എന്നാല്‍ അന്നു ഡീലര്‍ഷിപ്പിന്റെ നടപടിയില്‍ ടാറ്റ ഉപഭോക്താവിനോടു ടാറ്റ ക്ഷമാപണം നടത്തുകയുണ്ടായി. ശേഷം പുതിയ നെക്‌സോണിനെ ഹരേന്ദറിന് മാറ്റി നല്‍കാന്‍ ടാറ്റ തന്നെ മുന്‍കൈയ്യെടുക്കുകയായിരുന്നു.

പുതിയ കാര്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും നടത്തേണ്ട ചില പരിശോധനകള്‍ —

  • ഓഡോമീറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധിക്കണം.
  • പുതിയ വാഹനത്തിന്റെ ഓഡോമീറ്റര്‍ നൂറു കിലോമീറ്ററില്‍ താഴെയാകുന്നതാണ് ഉചിതം.
  • സൂര്യപ്രകാശത്തില്‍ എല്ലാ ബോഡി പാനലുകളും പരിശോധിക്കണം.
  • ചെറിയ നിറവ്യത്യാസം പോലും വിട്ടുകളയരുത്.
  • ടയറുകള്‍ പരിശോധിച്ചു പുത്തനാണെന്ന് ഉറപ്പുവരുത്തണം.
  • വൃത്തിഹീനമാണോ അകത്തളമെന്നും പരിശോധിക്കണം.
  • ബോണറ്റ് തുറന്ന് VIN/ഷാസി/എഞ്ചിന്‍ നമ്പറുകള്‍ വിലയിരുത്തണം.
  • എഞ്ചിന്‍ ഓയില്‍, കൂള്‍ന്റ് എന്നിവയുടെ നില പരിശോധിക്കണം. ബാറ്ററി പരിശോധിച്ചു സീരിയല്‍ നമ്പറും വിലയിരുത്തണം.

Read more...