മട്ടും ഭാവവും മാറി ടാറ്റ ടിയാഗൊ, പുതിയ NRG എഡിഷന്‍ വിപണിയില്‍ — വില 5.49 ലക്ഷം മുതല്‍

ജനപ്രിയ ടിയാഗൊ ഹാച്ച്ബാക്കിന് പുത്തന്‍ പതിപ്പ് അവതരിപ്പിച്ച് ടാറ്റ. ടിയാഗൊ NRG ക്രോസ്ഓവര്‍ പതിപ്പിനെ വിപണിയില്‍ ടാറ്റ പുറത്തിറക്കി. 5.49 ലക്ഷം രൂപയാണ് ടിയാഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പിന് വില (എക്‌സ്‌ഷോറൂം ദില്ലി). സാധാരണ ടിയാഗൊ ഹാച്ച്ബാക്കിനെ അപേക്ഷിച്ച് കെട്ടിലും മട്ടിലും കൂടുതല്‍ ഗൗരവം നിറച്ചാണ് NRG പതിപ്പ് വിപണിയില്‍ എത്തുന്നത്.

എനര്‍ജി എഡിഷനെന്നു കമ്പനി വിൡക്കുന്ന ടിയാഗൊ NRG പതിപ്പില്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. 5.49 രൂപ വിലയില്‍ ടിയാഗൊ NRG പെട്രോള്‍ അണിനിരക്കുമ്പോള്‍ 6.31 ലക്ഷം രൂപയാണ് ഡീസല്‍ മോഡലിന് വിപണിയില്‍ വില.

പ്രാരംഭ വില മാത്രമാണിത്. പിന്നീടൊരു ഘട്ടത്തില്‍ ടിയാഗൊ NRG എഡിഷന്‍ മോഡലുകളുടെ വില കമ്പനി പുതുക്കും. അര്‍ബന്‍ ടഫ്‌റോഡറെന്നാണ് ഹാച്ച്ബാക്കിന് കമ്പനി നല്‍കുന്ന വിശേഷണം.

ഇരുണ്ട പശ്ചാത്തലമുള്ള ഗ്രില്ലും ശരീരത്തിന് അടിവരയിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിംഗും ടിയാഗൊ NRG എഡിഷന് പതിവിലും കൂടുതല്‍ സ്‌പോര്‍ടി ഭാവം നല്‍കുന്നു. മുന്‍ ബമ്പറിന് താഴ്ഭാഗത്തും പ്ലാസ്റ്റിക് ഘടനകളുടെ പ്രാതിനിധ്യം കാണാം.

Most Read: ആദ്യസര്‍വീസിന് 5,000 രൂപ - പുതിയ ബിഎംഡബ്ല്യു ബൈക്കിന്റെ ചിലവുകള്‍ പങ്കുവെച്ച് ഉടമ

വേറിട്ട വീല്‍ ആര്‍ച്ച് ശൈലി മോഡലിന്റെ വശങ്ങളില്‍ ശ്രദ്ധപിടിച്ചിരുത്തും. വെട്ടിപരുവപ്പെടുത്തിയ മാതൃകയിലാണ് ഹാച്ച്ബാക്കിന്റെ പിന്നഴക്. ടെയില്‍ലാമ്പുകള്‍ തമ്മില്‍ ചേര്‍ത്തുകെട്ടുന്ന വീതികൂടിയ പ്ലാസ്റ്റിക് ഘടനയില്‍ മോഡലിന്റെ ബ്രാന്‍ഡിംഗ് പതിഞ്ഞിട്ടുണ്ട്.

പുറത്തേക്ക് തള്ളിനില്‍ക്കുന്ന സ്‌കിഡ് പ്ലേറ്റ്, ഇരട്ടനിറമുള്ള 14 ഇഞ്ച് അലോയ് വീലുകള്‍, കറുത്ത മേല്‍ക്കൂര തുടങ്ങിയവ ടിയാഗൊ NRG എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. പുറംമോടിയിലെ സ്‌പോര്‍ടി ഭാവം അകത്തളത്തിലും പ്രതിഫലിപ്പിക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

തിളക്കമേറിയ ഓറഞ്ച് നിറത്തിന്റെ പിന്തുണയിലാണ് അകത്തളത്തിലെ ഇരുണ്ട പശ്ചാത്തലം ഒരുങ്ങുന്നത്. നാവിഗേഷനുള്ള 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനവും ഹാച്ച്ബാക്കിന്റെ മുഖ്യാകര്‍ഷണമാണ്.

സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ നടപടികള്‍ ടാറ്റ സ്വീകരിച്ചിട്ടുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിംഗ് അസിസ്റ്റ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്മാര്‍ട്ട് വൈപ്പര്‍, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം ടിയാഗൊ NRG എഡിഷനില്‍ സുരക്ഷ ഉറപ്പുവരുത്തും.

ടിയാഗൊയിലുള്ള 1.2 ലിറ്റര്‍ റെവട്രൊണ്‍, 1.05 ലിറ്റര്‍ റെവടോര്‍ഖ് എഞ്ചിനുകളാണ് ടിയാഗൊ NRG എഡിഷനിലും. പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും; ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക 69 bhp കരുത്തും 140 Nm torque ഉം.

Most Read: മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. വിപണിയില്‍ മാരുതി സെലറിയോ X, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ എന്നിവരോടാണ് ടാറ്റ ടിയാഗൊ NRG എഡിഷന്റെ മത്സരം.

Read more...