ഇതാണ് പുതിയ ബിഎംഡബ്ല്യു G310 RR

ബിഎംഡബ്ല്യു G310 R. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ ബൈക്ക്. ബിഎംഡബ്ല്യു G310 മോഡലുകള്‍ ഇന്ത്യയില്‍ എത്തിയിട്ട് നാളുകള്‍ ഏറെയായിട്ടില്ല. ടിവിഎസുമായി ചേര്‍ന്നാണ് നെയ്ക്കഡ് ബൈക്ക് G310 R -നെയും അഡ്വഞ്ചര്‍ ബൈക്ക് G310 GS -നെയും കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നത്.

ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ അപാച്ചെ RR310 ഒരുങ്ങുന്നതും ഇതേ ബിഎംഡബ്ല്യു ബൈക്കുകളുടെ അടിത്തറയില്‍ നിന്നാണ്. പറഞ്ഞുവരുമ്പോള്‍ ബിഎംഡബ്ല്യു G310 R -ന്റെ ഫെയേര്‍ഡ് പതിപ്പായി അപാച്ചെ RR310 -നെ വിശേഷിപ്പിക്കാം.

എന്നാല്‍ ഇതുപോരാ, G310 നിരയില്‍ സ്വന്തം ഫെയേര്‍ഡ് പതിപ്പ് വേണമെന്ന ആഗ്രഹം ബിഎംഡബ്ല്യു മോട്ടോറാഡിനുണ്ട്. ജപ്പാനില്‍ നടന്നുകൊണ്ടിരിക്കുന്ന ബിഎംഡബ്ല്യു മോട്ടോറാഡ് ഡെയ്‌സില്‍ പുതിയ G310 RR മോഡലിനെ കമ്പനി തിടുക്കംകൂട്ടി അവതരിപ്പിച്ചതിന് പിന്നിലെ കാരണവുമിതുതന്നെ.

G310 R -ല്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന അക്രമണോത്സുകത G310 RR -ല്‍ തെളിഞ്ഞുകാണാം. കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത ബോഡിയും സ്‌പോര്‍ടി ഭാവം തുളുമ്പുന്ന ഫെയറിംഗും G310 RR -ന്റെ ആകാരത്തെ കാര്യമായി സ്വാധീനിക്കുന്നു.

Most Read: പുതിയ കാറെന്നും പറഞ്ഞ് ടാറ്റ വിറ്റത് പഴയ കാര്‍

സീറ്റിന് താഴെയാണ് എക്‌സ്‌ഹോസ്റ്റിന്റെ സ്ഥാനം. ബൈക്കില്‍ പിന്‍സീറ്റില്ല. എന്തായാലും രൂപഭാവത്തില്‍ നെയ്ക്കഡ് സഹോദരന്‍ G310 R -നെക്കാളും സ്‌പോര്‍ടിയാണ് G310 RR. ബിഎംഡബ്ല്യു മോട്ടോറാഡ് വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളാണ് ബൈക്കില്‍ ഏറിയപങ്കും.

നവംബറില്‍ നടക്കാനിരിക്കുന്ന 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബിഎംഡബ്ല്യു G310 RR ഔദ്യോഗികമായി പിറക്കും. രൂപഭാവത്തില്‍ വ്യത്യാസം കുറിക്കുന്നുണ്ടെങ്കിലും G310 R -ലുള്ള മെക്കാനിക്കല്‍ ഘടകങ്ങളാണ് G310 RR -ലും ഒരുങ്ങുന്നത്.

313 സിസി റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ G310 RR -ലും തുടിക്കും. എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഗോള്‍ഡന്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും. പൂര്‍ണ്ണ ഫെയറിംഗിന്റെ പശ്ചാത്തലത്തില്‍ G310 RR ഉം അപാച്ചെ RR 310 ഉം കാഴ്ച്ചയില്‍ വിദൂരസാമ്യം പുലര്‍ത്തുന്നുണ്ട്.

ഇന്ത്യന്‍ വരവ് യാഥാര്‍ത്ഥ്യമായാല്‍ ടിവിഎസ് അപാച്ചെ RR310, കെടിഎം RC390, കവാസാക്കി നിഞ്ച 300 തുടങ്ങിയ മോഡലുകളോടായിരിക്കും ബിഎംഡബ്ല്യു G310 RR മത്സരിക്കുക.

ചിത്രങ്ങൾ: Ryot

Read more...