ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

By Staff

മുന്നിലെ ഫോര്‍ച്യൂണര്‍ പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോള്‍ ആദ്യമൊന്നു പകച്ചു. ചണ്ഡീഗഢില്‍ നിന്നും മണാലിയിലേക്കുള്ള വഴി. പെയ്തിറങ്ങിയ മഴയുടെ കുളിരില്‍ അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നു. ഇടംവലം നോക്കാതെ മുന്നിലൂടെ ചീറിപ്പായുകയാണ് ലോറികള്‍. പിറകില്‍ നിന്നുമൊരു സ്വിഫ്റ്റുകാരന്‍ ആഞ്ഞു ഹോണടിച്ചപ്പോഴാണ് ഒരുനിമിഷം മാഞ്ഞ സ്ഥലകാലബോധം തിരികെവന്നത്. രാവിലെ കയറിയിരുന്നതാണ് ഡ്രൈവിംഗ് സീറ്റില്‍. വണ്ടി പാതയരികില്‍ ചേര്‍ത്തു നിര്‍ത്തി. ഡോര്‍ തുറന്നു ഞങ്ങള്‍ പുറത്തിറങ്ങി.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

കണ്ണെത്താ പൊക്കത്തില്‍ ഉയര്‍ന്ന മലയുടെ അരികുകള്‍ ചെത്തിയുണ്ടാക്കിയ പാത. ആറു ദിവസത്തെ യാത്രയാണ് മുന്നില്‍. ലക്ഷ്യം സ്പിറ്റി താഴ്‌വര. ഹിമാലയം യാത്ര പലകുറി സ്വപ്‌നം കണ്ടിട്ടുണ്ടെങ്കിലും ഇന്നുവരെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് ഡ്രൈവ്‌സ്പാര്‍ക്കിന് കിട്ടിയ സ്‌കോഡയുടെ ക്ഷണപത്രം എന്റെ ആഗ്രഹങ്ങള്‍ക്കുള്ള 'കണ്‍ഫേം' ടിക്കറ്റായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

സ്‌കോഡ കൊഡിയാക്കില്‍ ഒരു ഹിമാലയ യാത്ര. ആശയം മുന്നോട്ടു വെച്ചത് മറ്റാരുമല്ല, സാക്ഷാല്‍ സ്‌കോഡ തന്നെ! സ്പിറ്റി താഴ്‌വര – ഇന്ത്യയ്ക്കും ടിബറ്റിനുമിടയില്‍ മലകളാല്‍ ചുറ്റപ്പെട്ട സുന്ദരമായ ഭൂപ്രദേശം. ഇന്ത്യന്‍ ടിബറ്റെന്നും സ്പിറ്റി താഴ്‌വരയ്ക്ക് പേരുണ്ട്. സ്പിറ്റിയിലേക്കുള്ള യാത്രയില്‍ പിന്നിടേണ്ടത് അതിദുര്‍ഘടമായ ഹിമാലയന്‍ പാതകള്‍.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

യാത്രയില്‍ കൊഡിയാക്കിന്റെ പ്രകടനക്ഷമത കാട്ടുകയാണ് സ്‌കോഡയുടെ ലക്ഷ്യം. ഏഴു സീറ്റര്‍ കൊഡിയാക്കില്‍ ഹിമാലയന്‍ യാത്ര എന്തുമാത്രം സുഖകരമാകും? ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡ് എസ്‌യുവിയല്ല കൊഡിയാക്ക്. പ്രീമിയം ഗണത്തില്‍പ്പെടുന്ന ഇടത്തരം ആഢംബര എസ്‌യുവിയുടെ കെല്‍പ്പില്‍ ചെറിയൊരു ആശങ്ക തുടക്കത്തിലെ മനസിലുണര്‍ന്നു.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

അപകടം പതിയിരിക്കുന്ന മലനിരകളെന്ന വിശേഷണം അങ്ങോട്ടുള്ള യാത്രയിലൊട്ടും ക്ലീഷെയല്ല (ആദ്യം കരുതിയത് അങ്ങനെയാണെങ്കില്‍ പോലും). എന്തായാലും കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ ഞാന്‍ തയ്യാറായില്ല. വിമാനം കയറി നേരെ ചണ്ഡീഗഢിലേക്ക്.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

ആദ്യദിനം: ചണ്ഡീഗഢില്‍ നിന്നും മണാലിയിലേക്ക്

ചണ്ഡീഗഢ് വിമാനത്താവളത്തിന് പുറത്ത് വെയില്‍ ചുട്ടുപൊള്ളുകയാണ്. ഞങ്ങളെയും കാത്തുള്ള കൊഡിയാക്കുകളുടെ നീണ്ടനിര ദൂരെനിന്നെ കാണാം. ഇനിയുള്ള ആറു ദിനം ഇവയിലൊന്നിലാണ് യാത്ര. സ്‌കോഡ ക്ഷണിച്ച കൊഡിയാക്ക് യാത്രയില്‍ പങ്കെടുക്കാന്‍ പ്രമുഖ മാധ്യമങ്ങളെല്ലാമുണ്ട്.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

ഫീച്ചറുകള്‍ ഒന്നുപോലും നഷ്ടപ്പെടാത്ത ഏറ്റവും ഉയര്‍ന്ന കൊഡിയാക്ക് സ്റ്റൈല്‍ TDI ഓട്ടോമാറ്റിക് വകഭേദത്തിന്റെ താക്കോല്‍ കൈമാറുമ്പോള്‍ സ്‌കോഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'Wish You An Exciting Himalayan Journey With The Kodiaq'. അടുത്ത ആറു ദിവസം ഞങ്ങള്‍ നാലു പേര്‍ക്കാണ് ഈ എസ്‌യുവിയുടെ പൂര്‍ണ അവകാശം.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

കൈയ്യില്‍ കരുതിയ വലിയ 'ഭാണ്ഡക്കെട്ടുകള്‍' പിറകിലെ ബൂട്ട് തുറന്നു ഇട്ടു. മൂന്നാം നിര സീറ്റ് മടക്കിവെയ്ക്കാവുന്നതു കൊണ്ടു ലഗ്ഗേജ് സ്‌പേസ് ഒരുപ്രശ്‌നമായെ തോന്നിയില്ല. 300 കിലോമീറ്ററുണ്ട് ചണ്ഡീഗഢില്‍ നിന്നും മണാലിയിലേക്ക്. കത്തിയമരുന്ന ചൂട് തുടക്കത്തിലെ ആവേശം തെല്ലൊന്നു അലോസരപ്പെടുത്തി. ട്രാഫിക് കുരുക്ക് കൂടി മുറുകിയതോടു കൂടി ഇഴഞ്ഞു നീങ്ങേണ്ട അവസ്ഥ.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

എന്തായാലും കൊഡിയാക്കിലെ ക്രീപ് ഫംങ്ഷന്‍ രക്ഷകനായെത്തി. ചണ്ഡീഗഢിലെ തിരക്കില്‍ നിന്നും എത്രയും പെട്ടെന്നു പുറത്തുകടക്കണമെന്നു ഉള്ളില്‍ വെമ്പലുണര്‍ന്നപ്പോഴും മനംമടുപ്പിക്കുന്ന തിരക്കില്‍ ഒഴുക്കോടെ ഇഴഞ്ഞ കൊഡിയാക്കിന്റെ വൈഭവം ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

ബിലാസ്പൂര്‍ വഴിയാണ് യാത്ര. ബിലാസ്പൂരിലെത്തിയപ്പോഴേക്കും കാലാവസ്ഥ മാറി. മഴ കോരിച്ചൊരിയുന്നു. പാനരോമിക് സണ്‍റൂഫില്‍ നിന്നുള്ള ആകാശക്കാഴ്ച ഈ അവസരത്തില്‍ പുതുഅനുഭവമായി. ചില്ലുകൂട്ടില്‍ മഴത്തുള്ളികള്‍ വന്നുപതിയുന്ന ശബ്ദം ഉള്ളില്‍ അനുഭവപ്പെടുന്നു.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

അറ്റമില്ലാതെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡ് യാത്ര മണിക്കൂറുകള്‍ നീളുമെന്ന് ജിപിഎസില്‍ കണ്ടതോടെ സഹയാത്രികര്‍ക്ക് പാട്ടും മേളവുമായി യാത്ര ആഘോഷമാക്കി തുടങ്ങി. കാന്റണ്‍ ഓഡിയോ സംവിധാനമാണ് എസ്‌യുവിയില്‍. ശബ്ദങ്ങളുടെ മിടിപ്പും മിഴിവും വേര്‍തിരിച്ചറിയാം.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

യാത്രയില്‍ അപ്രതീക്ഷിതമായി നടത്തേണ്ടി വന്ന രണ്ടോ മൂന്നോ ബ്രേക്കിംഗ് സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ആദ്യ കടമ്പ സുഖമമായി ഞങ്ങളും കൊഡിയാക്കും പിന്നിട്ടു. പത്തു മണിക്കൂര്‍ കൊണ്ട് കൊഡിയാക്ക് സംഘങ്ങള്‍ മുഴുവന്‍ മണാലിയിലെത്തി.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

രണ്ടാംദിനം: മണാലിയില്‍ നിന്നും ചന്ദ്രതാലിലേക്ക്

രണ്ടാംദിനം പുലര്‍ച്ചെ ആറുമണിക്കു തന്നെ ഞങ്ങൾ കൊഡിയാക്കില്‍ കയറി. തിരക്ക് കൂടുന്നതിന് മുമ്പ് റോഹ്ത്താങ് പാസ് പിന്നിടണം. മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ അകലെ 4,934 മീറ്റര്‍ ഉയരത്തിലാണ് റോഹ്ത്താങ് പാസ്. മുകളിലോട്ടു പോകുന്തോറും തണുത്ത കാറ്റിന്റെ തീവ്രത കൂടുകയാണ്. യാത്രയില്‍ ധാരാളം വെള്ളം കുടിക്കാന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

പൈന്‍ മരങ്ങളുടെയും ദേവദാരുക്കളുടെയും പച്ചപ്പ് പതിയെ മഞ്ഞുമലകള്‍ക്ക് വഴിമാറി. റോഹ്ത്താങ് പാസിലൂടെയുള്ള യാത്രയില്‍ കൊഡിയാക്കിലെ ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഞങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകി. ഫോക്‌സ്‌വാഗണിന്റെ ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സാണിത്. ഗിയര്‍ബോക്‌സ് മികച്ചു നിന്നില്ലെങ്കിലെ അത്ഭുതമുള്ളു.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

റോഹ്ത്താങ് പാസ് കടന്നു ലെഹ് - മണാലി ദേശീയപാതയില്‍ നിന്നും പുറത്തുകടന്ന ഞങ്ങള്‍ ഗ്രാംഫൂയിലേക്ക് വിട്ടു. മുന്നോട്ടു പൊട്ടിപ്പെളിഞ്ഞ പാതയാണുള്ളത്. റോഡിന് ഒരുവശത്തു കുത്തിയൊലിക്കുകയാണ് ചേനബ് നദി. പല അവസരങ്ങളിലും നദി മുറിച്ചു കടക്കേണ്ടതായി വന്നു കൊഡിയാക്കിന്. ഇതുംകൂടി ആയപ്പോഴേക്കും ഞങ്ങളുടെ പൂര്‍ണ വിശ്വാസം സ്‌കോഡ എസ്‌യുവി നേടിയെടുത്തു.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

കൊഡിയാക്കില്‍ ഒരുങ്ങുന്ന ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം കഠിനപ്രതലങ്ങളില്‍ ഞങ്ങളെ തുണച്ചു. ഇക്കോ, സ്‌പോര്‍ട്, ഇന്‍ഡിവീജ്വല്‍, സ്‌നോ എന്നിങ്ങനെ അഞ്ചു ഡ്രൈവിംഗ് മോഡുകളുണ്ട് എസ്‌യുവിയില്‍. പ്രധാനമായും സ്‌നോ മോഡിനെ ആശ്രയിച്ചായിരുന്നു കൊഡിയാക്കിലെ യാത്ര മുന്നോട്ടു നീങ്ങിയത്.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

എന്തായാലും വൈകുന്നേരത്തോട് കൂടി കൊഡിയാക്ക് യാത്ര ബാട്ടലിലെത്തി. ഇതിനിടയില്‍ സംഘത്തിലെ രണ്ടു കൊഡിയാക്കുകളുടെ ടയര്‍ പഞ്ചറായി. എന്നാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്‌കോഡ എടുത്തതുകൊണ്ടു ടയർ വേഗം ശരിയായി. രണ്ടാംദിനം കേവലം 120 കിലോമീറ്റര്‍ പിന്നിടാന്‍ ഞങ്ങളെടുത്തത് 12 മണിക്കൂര്‍!

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

മൂന്നാംദിനം: ചന്ദ്രതാലില്‍ നിന്നും ഖാസയിലേക്ക്

കണ്ണിനും മനസിനും ഒരുപോലെ കുളിരേകുന്ന ചന്ദ്രതാല്‍ തടാകം. മൂന്നാം ദിവസത്തെ ആദ്യത്തെ അജണ്ടയിതാണ്. സമുദ്രനിരപ്പില്‍ നിന്നും 14,000 അടി ഉയരത്തില്‍ മഞ്ഞു പുതഞ്ഞു കിടക്കുന്ന മലയിടുക്കിലെ അതിമനോഹരമായ നീല തടാകം കാണാന്‍ മനസ് വെമ്പി.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

തടാകത്തിലേക്ക് വാഹനങ്ങള്‍ കടന്നുചെല്ലില്ല. പോകാന്‍ പറ്റുന്നയിടം വരെ കൊഡിയാക്ക് ഓടിച്ചു. ശേഷം ചന്ദ്രതാല്‍ തടാക കാഴ്ചകളിലേക്ക് ഞങ്ങള്‍ നടന്നുകയറി. തവിട്ടും ചുവപ്പും കലര്‍ന്ന കുന്നകളും പച്ചപ്പുല്‍മേടുകളും നീലജലാശയവുമെല്ലാം സമന്വയിച്ച ഭൂപ്രകൃതി. അവര്‍ണനീയമായ വിസ്മയമാണ് ചന്ദ്രതാല്‍.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

ഏറെ നേരം അവിടെ ചെലവഴിക്കണമെന്നു ആഗ്രഹം തോന്നിയെങ്കിലും ഇനിയും ദൂരമേറെയുണ്ട് പിന്നിടാന്‍. ചന്ദ്രതാലിനോടു മനസില്ലാമനസോടെ വിടപറഞ്ഞു ഞങ്ങള്‍ ഖാസയിലേക്ക് യാത്ര തുടര്‍ന്നു. ഖാസയിലേക്കുള്ള പ്രയാണത്തിനിടെ കുഞ്ചം പാസ് ബുദ്ധിമുട്ടേറിയ കടമ്പയായി തോന്നി. ഇടുങ്ങിയ റോഡും കുത്തനെയുള്ള കൊക്കയും. എന്തായാലും സുരക്ഷിതമായി കൊഡിയാക്ക് കുഞ്ചം പാസ് കീഴടക്കി.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

നാലാംദിനം: ഖാസ

നാലാംദിനം കാര്യമായ ഡ്രൈവിംഗ് ഉണ്ടായിരുന്നില്ല. ഖാസ ചുറ്റിക്കറങ്ങാനുള്ള ദിവസമാണിന്ന്. ധന്‍കര്‍ മഠം സന്ദര്‍ശിക്കാന്‍ ആദ്യം തീരുമാനിച്ചു. 1,200 വര്‍ഷം പഴക്കമുണ്ട് ഈ മഠത്തിന്. സ്പിറ്റി നദിയോരത്തുള്ള ഏറ്റവും ഉയര്‍ന്ന മലയിലാണ് ധന്‍കര്‍ മഠം സ്ഥിതി ചെയ്യുന്നത്. സ്പിറ്റിയുടെ ഭരണകേന്ദ്രമാണ് കാസ.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

കാസയിലേക്കുള്ള യാത്രയ്ക്കിടെ നിരവധി കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ കാണാം. പാറക്കൂട്ടങ്ങല്‍ നിറഞ്ഞ മലനിരകളും ചെങ്കുത്തായ കൂറ്റന്‍ പാറകളും കാസ യാത്രയെ അവിസ്മരണീയമാക്കും. അടുത്തത് ഹിക്കിം; സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസീനെ കുറിച്ച് കേള്‍ക്കാത്തവര്‍ അപൂര്‍വമായിരിക്കും.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസാണിത്. ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം. പുറംലോകത്ത് നിന്നും ഒറ്റപ്പെട്ട കഴിയുന്ന ഒരു കൂട്ടം ഗ്രാമങ്ങളെ ഒന്നിപ്പിക്കുന്ന ഏകകണ്ണിയാണ് ഈ പോസ്റ്റ് ഓഫീസ്.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

ഹിമാലയന്‍ യാത്രയുടെ ഓര്‍മ്മ കാത്തുസൂക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസില്‍ നിന്നും ഞങ്ങളും പ്രിയപ്പെട്ടവര്‍ക്ക് കത്തയച്ചു. ഹിക്കിമില്‍ നിന്നും മടങ്ങുമ്പോഴേക്കും നേരമേറെ വൈകി. ഖാസ ലക്ഷ്യമിട്ട് കൊഡിയാക്ക് നീങ്ങുമ്പോള്‍ 'ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര' എന്ന തലക്കെട്ട് എന്റെ മനസില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു.

ഹിമാലയം തൊട്ട കൊഡിയാക്ക് യാത്ര

അഞ്ചും, ആറും ദിനങ്ങള്‍ തിരിച്ചു ചണ്ഡീഗഢിലേക്കുള്ള യാത്രയാണ്. ആറുദിവസം കൊണ്ടു ആയിരം കിലോമീറ്ററാണ് സ്‌കോഡ കൊഡിയാക്കില്‍ ഞങ്ങള്‍ പിന്നിട്ടത്. കൊഡിയാക്ക് കേവലമൊരു കംഫേര്‍ട്ട് എസ്‌യുവിയാണെന്ന സങ്കല്‍പം യാത്രയില്‍ തിരുത്തപ്പെട്ടു. കഠിനപ്രതലങ്ങള്‍ താണ്ടാന്‍ സ്‌കോഡയുടെ എസ്‌യുവിയൊട്ടും മടികാണിച്ചില്ല. എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ മികവ് പ്രശംസനീയമാണ്.

(യാത്രാക്കുറിപ്പ്: സുകേഷ് സുവര്‍ണ – Content Writer, DriveSpark | ചിത്രങ്ങള്‍: അഭിനന്ദ് വേണുഗോപാല്‍ – Content Writer, DriveSpark)

Most Read Articles

Malayalam
കൂടുതല്‍... #skoda
English summary
The Skoda Kodiaq Expedition. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X