ഇടിക്കൂട്ടിൽ സ്റ്റാറായി Volkswagen Virtus, ക്രാഷ് ടെസ്റ്റിൽ സ്വന്തമാക്കിയത് 5 സ്റ്റാർ റേറ്റിംഗ്

ലാറ്റിൻ NCAP (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ട് മെക്‌സിക്കോ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മെയ്‌ഡ് ഇൻ ഇന്ത്യ ഫോക്‌സ്‌വാഗൺ വെർട്ടിസ്. ഇടിക്കൂട്ടിൽ സ്റ്റാറായാണ് സെഡാൻ മടങ്ങിയത്. പരീക്ഷണത്തിൽ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് ഈ ഇന്ത്യൻ നിർമിത കാർ നേടിയെടുത്തിരിക്കുന്നത്.

മെയ്ഡ്-ഇൻ-ഇന്ത്യ വെർട്ടിസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും മെക്‌സിക്കൻ വിപണിയിൽ എത്തുന്ന മോഡലിന് നിരവധി അധിക സ്റ്റാൻഡേർഡ് ഉപകരണങ്ങളും സവിശേഷതകളും ഉണ്ട്. ഫ്രണ്ടൽ, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പ്രൊട്ടക്ഷൻ ടെസ്റ്റിൽ 36.94 പോയിന്റ് (92%) നേടിയ മോഡലിന് 5-സ്റ്റാർ റേറ്റിംഗാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം 36.94 പോയിന്റ് (92.35%) സ്കോർ ചെയ്‌ത് ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ ടെസ്റ്റിലും ഫോക്‌സ്‌വാഗൺ വെർട്ടിസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഇടിക്കൂട്ടിൽ സ്റ്റാറായി Volkswagen Virtus, ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗുമായി സെഡാൻ

മെക്‌സിക്കോ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന വെർട്ടിസിന്റെ അടിസ്ഥാന വേരിയന്റാണ് ലാറ്റിൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ പരീക്ഷിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ച് പുതിയ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും കാൽമുട്ടിനും നല്ല സംരക്ഷണം നൽകുന്നുണ്ട്. ഡ്രൈവറുടെ നെഞ്ചിന് മതിയായ സംരക്ഷണവും കോ-പാസഞ്ചറിന്റെ നെഞ്ചിനും നല്ല സംരക്ഷണം നൽകുന്നുമുണ്ടെന്നും കണ്ടത്തിയിട്ടുണ്ട്. ബോഡി ഷെൽ സ്ഥിരതയുള്ളതും കാറിന്റെ ഫുട്‌വെൽ ഏരിയ സ്ഥിരതയുള്ളതും ആയി റേറ്റുചെയ്തിരിക്കുന്നു.

അതേസമയം കാൽനട സംരക്ഷണത്തിൽ 25.48 പോയിന്റും (53.09%) സുരക്ഷാ സഹായത്തിൽ 36.54 പോയിന്റും (84.98%) ഫോക്‌സ്‌വാഗൺ വെർട്ടിസ് സ്കോർ ചെയ്തു. പരീക്ഷിച്ച മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), എല്ലാ സീറ്റിംഗ് പൊസിഷനുകളിലും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് അസിസ്റ്റ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്ത്യയിലും ലാറ്റിൻ അമേരിക്കൻ വിപണിയിലും എത്തുന്ന വെർട്ടിസ് മോഡൽ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലേക്ക് നോക്കിയാൽ ഇന്ത്യയിൽ വിൽക്കുന്ന കാറിന്റെ അടിസ്ഥാന വേരിയന്റിന് ഇരട്ട എയർബാഗുകളും ലാറ്റിൻ അമേരിക്കൻ മോഡലിന് ആറ് എയർബാഗുകളും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട് എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്.

ഇന്ത്യയിലെ വെർട്ടിസിന്റെ ഉയർന്ന വേരിയന്റുകൾക്ക് മാത്രമാണ് കമ്പനി ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ലാറ്റിൻ അമേരിക്കൻ മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ആണെങ്കിൽ ഇന്ത്യൻ മോഡൽ റൈറ്റ് ഹാൻഡ് ഡ്രൈവ് ആണ്. കൂടാതെ ലാറ്റിൻ അമേരിക്കൻ മോഡലിൽ ഓപ്ഷണൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും (AEB) വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെ ലഭ്യമാണ്. ഇത് ഇന്ത്യയിൽ ഒരു ഓപ്ഷനായി പോലും ജർമൻ ബ്രാൻഡ് നൽകിയിട്ടില്ല.

ഗ്ലോബൽ NCAP അതിന്റെ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ അടുത്തിടെ നവീകരിച്ചിരുന്നു. പുതിയ ടെസ്‌റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ ഫൈവ്-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന ആദ്യത്തെ കാറുകളായി ഫോക്‌സ്‌വാഗൺ ടൈഗൂണും, സ്‌കോഡ കുഷാഖും മാറിയിരുന്നു. ഈ രണ്ട് എസ്‌യുവികളും ഒരേ MQB A0 IN പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിലുള്ള സെഡാൻ വകഭേദങ്ങളായ സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് എന്നിവയ്ക്കും സമാനമായ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

സ്കോഡ-ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ‌ MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ വാഹനങ്ങളാണ് കുഷാഖും ടൈഗൂണും. ഇത് ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്. അന്താരാഷ്ട്ര വിപണിയിൽ ധാരാളം കാറുകൾക്ക് അടിവരയിടുന്ന MQB A0 പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഉരുത്തിരിഞ്ഞതാണ് ഈ പ്ലാറ്റ്ഫോം എന്നും പറയാം. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികൾക്ക് അവ ചെലവ് കുറഞ്ഞതാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് പ്ലാറ്റ്ഫോം പണികഴിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ വെർട്ടിസ് സെഡാൻ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്.

അതിൽ ആദ്യത്തെ 1.0 ലിറ്റർ, 3-സിലിണ്ടർ TSI ടർബോ പെട്രോൾ പരമാവധി 115 bhp കരുത്തിൽ 178 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 1.5 TSI ടർബോ പെട്രോൾ 150 bhp പവറിൽ 250 Nm torque വരെയാണ് നൽകുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (1.5 ലിറ്റർ പെട്രോൾ വേരിയന്റുകൾക്ക് മാത്രം) എന്നിവയാണ് ഫോക്‌സ്‌വാഗൺ വെർട്ടിസിൽ വാഗ്‍‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Made in india volkswagen virtus gets 5 star rating in latin ncap crash test
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X