ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

ഇന്ത്യയിൽ ടൊയോട്ടയെ ഇന്നത്തെ ടൊയോട്ടയാക്കിയത് ആരെന്ന് ചോദിച്ചാൽ ഏവർക്കും ഒരൊറ്റ ഉത്തരമേയുണ്ടാവൂ അത് ഇന്നോവയെന്നായിരിക്കും. എംപിവി സെഗ്മെൻ്റിൽ ക്വാളിസ് നൽകിയ ബാറ്റൺ അതിവേഗത്തിലോടി ഫിനിഷിംഗ് പോയിന്റിലെത്തിച്ച ഇന്നോവ ഇന്നും രാജാവായി വിലസുകയാണ്.

2000-ല്‍ അവതരിപ്പിക്കപ്പെട്ട ക്വാളിസിന്റെ പകരക്കാരനായി 2005-ലാണ് ടൊയോട്ട ഇന്നോവ ഇന്ത്യയില്‍ അവതാരപ്പിറവിയെടുക്കുന്നത്. പിന്നീട് കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഭ്യന്തര വിപണിയിലെ മൾട്ടി പർപ്പസ് വാഹനങ്ങളുടെ മുഖമായി മാറിയ ഇന്നോവയ്ക്ക് അടുത്തിടെ ഒരു പുതുതലമുറ മോഡലും വിപണിയിലെത്തുകയുണ്ടായി. ക്രിസ്റ്റയുടെ പകരക്കാരനെ ഹൈക്രോസ് എന്നാണ് ജാപ്പനീസ് ബ്രാൻഡ് വിളിക്കുന്നത്. ഹൈബ്രിഡ് എഞ്ചിനും ആഡംബരത്തവും തുളുമ്പുന്ന മോഡൽ ഒരു പ്രീമിയം കാറായാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

പുതിയ ഇന്നോവ എത്തുമ്പോൾ ജനപ്രിയനായ ക്രിസ്റ്റ കളം വിടുമോ എന്ന ആശങ്ക മുന്നോട്ടുവെച്ചവർക്ക് സന്തോഷ വാർത്ത അന്നേ ടൊയോട്ട പങ്കുവെച്ചിരുന്നു. പുത്തൻ മോഡൽ എത്തിയാലും ക്രിസ്റ്റ വിപണിയിൽ തുടരുമെന്നായിരുന്നു ആ വാഗ്‌ദാനം. ദേ ഇപ്പോൾ ആ വാഗ്‌ദാനം നിറവേറ്റിയിരിക്കുകയാണ് കമ്പനി. ആഭ്യന്തര വിപണിയിൽ 2023 ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ടയിപ്പോൾ. നിരവധി മാറ്റങ്ങളോടെ പുത്തൻ പരിഷ്ക്കാരങ്ങളുമായാണ് ക്രിസ്റ്റയുടെ വരവ്.

ചിപ്പ് ക്ഷാമം മൂലം നിർത്തിവച്ച ഡീസൽ എഞ്ചിനുമായാണ് ഇന്നോവ ക്രിസ്റ്റയുടെ രണ്ടാം വരവ് എന്നത് ആളുകളിൽ കൂടുതൽ സന്തോഷമുളവാക്കും. ഇന്നോവയുടെ രണ്ടാം തലമുറ ആവർത്തനമായി ക്രിസ്റ്റ 2016-ലാണ് പിറവിയെടുക്കുന്നത്. പ്രീമിയം എം‌പി‌വി സെഗ്മെന്റിൽ ചരിത്രം കോറിയിട്ട മോഡലിനെ ഒറ്റയടിക്ക് പിൻവലിക്കാൻ ജാപ്പനീസ് ബ്രാൻഡിന് താത്പര്യമില്ലെന്ന തെളിയിക്കുന്ന പ്രവർത്തിയാണ് ഈ രണ്ടാം വരവ്. ഏകദേശം ഒരു മാസം മുമ്പ്, പുതിയ തലമുറ ഇന്നോവ ഹൈക്രോസിന്റെ വരവോടെ ബുക്കിംഗും വിൽപ്പനയും കമ്പനി നിർത്തിവെച്ചിരുന്നു.

ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

ആഗോള തലത്തിലുള്ള ചിപ്പ് ക്ഷാമവും മറ്റും ചൂണ്ടിക്കാട്ടിയാണ് ടൊയോട്ട ഈ സാഹസത്തിന് മുതിർന്നത്. രണ്ടാം വരവിൽ മുഖഛായ ഒന്ന് മാറ്റിയാണ് എംപിവികളുടെ തമ്പുരാൻ എഴുന്നള്ളിയിരിക്കുന്നത്. മുൻവശത്താണ് പരിഷ്ക്കാരങ്ങൾ കൂടുതലും പ്രകടമാവുന്നത്. പഴയ മോഡലിനോട് സാമ്യമുള്ള ഒരു ക്രോം ലൈനുള്ള ഹെഡ്‌ലാമ്പാണ് ഇത്തവണയും കാണാനാവുന്നത്. എന്നാൽ തിരശ്ചീന സ്ലാറ്റുകളും പുതിയ ഇൻസെർട്ടുകളും ഉള്ള പരിഷ്ക്കരിച്ച ഗ്രിൽ പുതുരൂപം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നവീകരിച്ച ബമ്പറിലേക്ക് ഇറങ്ങിചെല്ലുന്ന രീതിയിലാണ് ഗ്രിൽ ക്രമീകരിച്ചിരിക്കുന്നത്.

ഫോഗ് ലാമ്പ് ചുറ്റുപാടുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്പോർട്ടിയർ ഫോഗ് ലാമ്പ് ഹൗസിന് ചുറ്റും L-ആകൃതിയിലുള്ള ക്രോം അലങ്കാരങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. ഇതെല്ലാം വാഹനത്തെ കൂടുതൽ എസ്‌യുവി പോലെയാക്കാനുള്ള ശ്രമമാണെന്നു വേണം പറയാൻ. അതേസമയം സൈഡ് പ്രൊഫൈലും അലോയ് വീൽ ഡിസൈനും അതേപടി തുടരുന്നു. ഇൻ്റീരിയർ ഡിസൈനിൽ മാറ്റങ്ങളൊന്നും തന്നെയില്ലെങ്കിലും ഫീച്ചർ നിരയിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ടൊയോട്ട കൊണ്ടുവന്നിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്‌മാർട്ട് പ്ലേകാസ്റ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തെ ശ്രദ്ധേയമായ കാര്യം.

ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

ഇതിനു പുറമെ എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള ഓട്ടോമാറ്റിക് എസി, സ്മാർട്ട് എൻട്രി, സീറ്റ് ബാക്ക് ടേബിൾ, ടിഎഫ്‌ടി മൾട്ടി-ഇൻഫോർമേഷൻ ഡിസ്പ്ലേ എന്നിവ ഫീച്ചറുകളുടെ നിരയിൽ ഉൾപ്പെടുന്നുണ്ട്. ബ്ലാക്ക്, ക്യാമൽ ടാൻ ലെതർ സീറ്റ് കളർ ഓപ്ഷൻ, വൺ-ടച്ച് ടംബിൾ രണ്ടാം നിര സീറ്റുകൾ മുതലായവയും ഇന്റീരിയറിലെ ഹൈലൈറ്റുകളാണ്. സുരക്ഷയുടെ കാര്യത്തിലും എംപിവി ഒട്ടും പിന്നോട്ടല്ലെന്ന് ടൊയോട്ട ഉറപ്പു വരുത്തിയിട്ടുണ്ട്.

സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ ഏഴ് എയർബാഗുകൾ, മുന്നിലും പിന്നിലും റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (EBD), ബ്രേക്ക് അസിസ്റ്റ് (BA), 3-പോയിന്റ് സീറ്റ്ബെൽറ്റ് എന്നിവയെല്ലാമാണ് ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ഒരുക്കിയിട്ടുള്ള സേഫ്റ്റി ഫീച്ചറുകൾ.

എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ പുതിയ ക്രിസ്റ്റ പഴയ 2.4 ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാവും എംപിവിക്കൊപ്പം ഉണ്ടാവൂ. G, GX, VX, ZX എന്നിങ്ങനെ നാല് വകഭേദങ്ങളിൽ 2023 ഇന്നോവ ക്രിസ്റ്റ ലഭ്യമാകും. ZX ഒഴികെയുള്ള എല്ലാ വേരിയന്റുകളും 7,8 സീറ്റർ ലേഔട്ടുകളിൽ തെരഞ്ഞെടുക്കാം. ZX ഏഴ് സീറ്റർ ഓപ്ഷനിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി പുതിയ ക്രിസ്റ്റ അംഗീകൃത ടൊയോട്ട ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota commenced bookings for new updated 2023 innova crysta diesel mpv in india
Story first published: Friday, January 27, 2023, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X