യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ

ട്രെയിൻ യാത്രകൾ എപ്പോഴും അതിമനോഹരമായ ഓർമകളാണ് സമ്മാനിക്കുന്നതെങ്കിലും പലരും തീവണ്ടി യാത്ര ഒഴിവാക്കാനുള്ള കാരണം വൃത്തിഹീനമായ പല അനുഭവങ്ങളുമായേക്കാം. കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാവുമെന്നതൊക്കെ യാഥാർഥ്യമാണെങ്കിലും ട്രെയിനുകൾ വൃത്തിയുടെ കാര്യത്തിൽ പൊതുവേ ഏറെ പിന്നിലാണ്.

വൃത്തിഹീനമായ ശുചിമുറിയിലും കോച്ചുകളിലും പ്രതിഷേധിച്ച് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞത് സംഭവങ്ങൾ വരെ നമ്മുടെ രാജ്യത്ത് സംഭവിച്ചിട്ടുള്ള കാര്യമാണ്. മോശമായ ഭക്ഷണവും വൃത്തികെട്ട ടോയിലറ്റുകളുമെല്ലാം തീവണ്ടി യാത്രകളിൽ നിന്നും ആളുകളെ അകറ്റി നിർത്തുന്നൊരു കാരണമാണെന്നു പറയാം. എന്നാൽ ഇതിനെല്ലാം പരിഹാരമായി 2018-ൽ റെയിൽ മദാദ് ആപ്പ് അവതരിപ്പിച്ചിരുന്നു. യാത്രക്കാർക്ക് അവരുടെ ഫോണുകൾ ഉപയോഗിച്ച് ട്രെയിനുകളെക്കുറിച്ചോ സ്റ്റേഷനുകളെക്കുറിച്ചോ ഉള്ള പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു പരാതി പരിഹാര പോർട്ടലായാണ് വിഭാവനം ചെയ്‌തത്.

ആളുകൾക്ക് അവരുടെ രേഖാമൂലമുള്ള എതിർപ്പുകൾക്കൊപ്പം ഫോട്ടോകളും ഈ ആപ്പിലൂടെ അപ്‌ലോഡ് ചെയ്യാം. വിവിധ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഉപയോഗിക്കേണ്ടതില്ല എന്നതാണ് മദാദ് ആപ്പിനെ ലളിതമാക്കുന്നത്. പരാതി രജിസ്റ്റർ ചെയ്താൽ യാത്രക്കാരന് എസ്എംഎസ് ലഭിക്കും. തുടർന്നു പരാതിയിന്മേൽ സ്വീകരിച്ച നടപടിയും സന്ദേശമായി ലഭിക്കും. ഇങ്ങനെ റെയിൽവേയെ കൂടുതൽ മികച്ചതാക്കാനായിരുന്നു തീരുമാനം. ഇന്നും സജീവമായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനിലെ പരാതികൾ നിർണായക ഡാറ്റയായി വർത്തിക്കുന്നുണ്ട്.

ഇന്ത്യൻ റെയിൽവേ സംവിധാനത്തിലെ ഏറ്റവും സുപ്രധാനന തീരുമാനങ്ങളിൽ ഒന്നായിരുന്നു മദാദ് ആപ്പ് എന്നു നമുക്ക് പറയാം. ട്രെയിനുകൾക്കുള്ളിലെ ശുചിത്വവും വൃത്തിയും സംബന്ധിച്ച പരാതികളുടെ ആവർത്തനവും രാജ്യത്തെ ഏറ്റവും വൃത്തികെട്ട ട്രെയിനുകളെ തിരിച്ചറിയാൻ സഹായിച്ചു. ഗരീബ് രഥ് പോലുള്ള ട്രെയിനുകൾ പോലും ഈ ലിസ്റ്റിലുണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ ട്രെയിനുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ? ഇനിയുള്ള നിങ്ങളുടെ യാത്രകളിൽ ഈ ട്രെയിനുകളിൽ കയറാതിരിക്കാൻ ലേഖനം നിങ്ങളെ സഹായിച്ചേക്കും.

സഹർസ-അമൃത്സർ ഗരീബ് രഥ്

കിഴക്കൻ ബിഹാറിലെ സഹർസയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് സഹർസ-അമൃത്സർ ഗരീബ് രഥ്. പോയ 2022 ഡിസംബർ മാസത്തിൽ ഈ ട്രെയിനിൽ വൃത്തിയില്ലായ്മയുമായി ബന്ധപ്പെട്ട് 81 പരാതികളാണ് ലഭിച്ചത്. അമൃത്‌സർ-സഹർസ ഗരീബ് രഥിൽ വെള്ളമില്ലെന്ന് 58 പരാതികൾ ലഭിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ 50ൽ അധികം പാതകളിൽ ഗരീബ് രഥ് ഓടുന്നുണ്ട്. പാവങ്ങളുടെ രഥം എന്ന അർഥമുള്ള പേരോട് കൂടിയ ഈ തീവണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായി സർവീസ് നടത്തുന്നത്.

സീമാഞ്ചൽ എക്സ്പ്രസ്

ന്യൂഡൽഹിയിലെ ആനന്ദ് വിഹാറിൽനിന്ന് ബിഹാറിലെ ജോഗ്ബാനിയിലേക്കാണ് ഈ ട്രെയിൻ ഓടുന്നത്. ജോഗ്ബാനിയിൽ നിന്ന് പുറപ്പെടുന്ന സീമാഞ്ചൽ എക്‌സ്പ്രസിൽ ശുചീകരണമില്ലായ്മ സംബന്ധിച്ച് 67 പരാതികളാണ് ലഭിച്ചത്. മറുവശത്തേക്ക് ഓടുമ്പോൾ ഈ ട്രെയിനിൽ 52 പരാതികളും ഉയർന്നു. രാജ്യത്ത് ഏറ്റവും പരാതികൾ ഉയരുന്ന രണ്ടാമത്തെ ട്രെയിനുകളിൽ ഒന്നായാണ് സീമാഞ്ചൽ ഇപ്പോൾ അറിയപ്പെടുന്നത്.

സ്വരാജ് എക്സ്പ്രസ്

ജമ്മുവിലെ ശ്രീ വൈഷ്ണോദേവിയിൽ നിന്ന് മുംബൈയിലെ ബാന്ദ്രയിലേക്ക് ഓടുന്ന എക്‌സ്‌പ്രസ് ട്രെയിനാണ് സ്വരാജ് എക്സ്പ്രസ്. ഈ റൂട്ടിലോടുമ്പോൾ തീവണ്ടിയെ കുറിച്ച് 64 പരാതികളും തിരിച്ച് ബാന്ദ്രയിൽ നിന്ന് പുറപ്പെടുന്ന സമയത്ത് ട്രെയിനുമായി ബന്ധപ്പെട്ട് 61 പരാതികളുമാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ഉയർന്നുവന്നത്. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായി സർവീസ് നടത്തുന്ന തീവണ്ടികളുടെ പട്ടികയിലേക്ക് സ്വരാജ് എക്സ്പ്രസും കണക്കാക്കുന്നു.

ത്രിപുര സുന്ദരി എക്സ്പ്രസ്

ഒരു പ്രതിവാര എക്‌സ്‌പ്രസ് ട്രെയിനാണ് ത്രിപുര സുന്ദരി. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്ന് പഞ്ചാബിലെ ഫിറോസ്പൂരിലേക്കാണ് തീവണ്ടി സർവീസ് നടത്തുന്നത്. ഫിറോസ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 2022-ലെ അവസാന മാസത്തിൽ വൃത്തിയില്ലായ്മ സംബന്ധിച്ച് 57 പരാതികളാണ് യാത്രക്കാർ മദാദ് ആപ്പിലൂടെ ഉന്നയിച്ചത്. അങ്ങനെ രാജ്യത്ത് ഓടുന്ന ഏറ്റവും വൃത്തിഹീനമായ ട്രെയിനുകളുടെ പട്ടികയിലേക്ക് ത്രിപുര സുന്ദരിയുടെ പേരും കൂട്ടിവായിക്കാം.

ജയ്നഗർ-അമൃത്സർ ക്ലോൺ സ്പെഷ്യൽ

ബീഹാറിലെ ജയ്നഗറിൽ നിന്നും പഞ്ചാബിലെ പ്രശസ്‌തമായ അമൃത്സറിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയിലെ പ്രമുഖ ട്രെയിനുകളിൽ ഒന്നാണിത്. ട്രെയിൻ സഞ്ചരിക്കുന്ന ആകെ ദൂരം 1670 കിലോമീറ്ററാണ്. ഈ ട്രെയിനിനെക്കുറിച്ച് ഡിസംബറിൽ ലഭിച്ച 92 പരാതികളിൽ 50 എണ്ണവും വൃത്തിഹീനമായ സാഹചര്യങ്ങളുടെ പേരിലുള്ളതാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ അഞ്ച് തീവണ്ടികളാണ് നമ്മുടെ രാജ്യത്ത് സർവീസ് നടത്തുന്ന ഏറ്റവും വൃത്തിഹീനമായ ട്രെയിനുകൾ. ഇനിയുള്ള യാത്രകളിൽ ഈ പേരുകൾ ഒന്ന് ഓർമിച്ചുവെക്കുന്നത് നന്നായിരിക്കും.

Most Read Articles

Malayalam
English summary
Saharsa amritsar garib rath to swaraj express the dirtiest trains in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X