തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

ഇന്ത്യയുടെ തെക്കുകിഴക്കന്‍ അറ്റത്തു കിടക്കുന്ന അരുണാചല്‍ പ്രദേശിലേക്ക് ഒരു യാത്ര. മഞ്ഞുതൊപ്പിയണിഞ്ഞ മലനിരകള്‍ക്കിടയിലൂടെ, തവാങ് ചൂ നദിയുടെ ഓരം ചേര്‍ന്ന്, തവാങ് താഴ്‌വാരകളുടെ വശ്യത നുകര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ യാത്ര — റെഡ് പാണ്ട അഡ്വഞ്ചേഴ്‌സ് സംഘടിപ്പിച്ച മൂന്നാമത് എന്‍ചാന്‍ടിങ് തവാങ് റൈഡിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഇപ്പോഴും തളംകെട്ടി നില്‍ക്കുന്നു.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

1,350 കിലോമീറ്റര്‍ — ആദ്യം ഗുവാഹത്തിയില്‍ നിന്നും തവാങ്ങിലേക്ക്. പിന്നെ തിരിച്ചും. ഹിമപാതങ്ങളിലൂടെയുള്ള യാത്ര എന്തുമാത്രം ദുര്‍ഘടമാണെന്ന് തിരിച്ചറിഞ്ഞു തവാങ് യാത്രയില്‍. മുകളിലോട്ടു കയറുന്തോറും മൈനസ് പൂജ്യത്തോടടുക്കുന്ന തണുപ്പ് ഒരുഭാഗത്ത്. മറുഭാഗത്ത് തുടരെയുള്ള ഹെയര്‍പിന്‍ വളവുകള്‍. ഇതിനിടയ്ക്ക് റോഡില്‍ പളുങ്കുപോലെ കിടക്കുന്ന നേര്‍ത്ത ഐസ് പ്രതലവും. എത്ര അനുഭവസമ്പത്തുണ്ടെന്നു വാദിച്ചാലും റോഡില്‍ നിന്നും ഒരുനിമിഷം ശ്രദ്ധതെറ്റിയാല്‍ ബൈക്ക് തെന്നിവീഴുമെന്ന് ആദ്യമേ ഞാന്‍ തിരിച്ചറിഞ്ഞു.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

തുടക്കം

ഫെബ്രുവരി ഒന്‍പതിനാണ് അസമിന്റെ തലസ്ഥാനമായ ഗുവാഹത്തില്‍ ഞാന്‍ പറന്നിറങ്ങുന്നത്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തവാങ് യാത്ര. എന്നെക്കൂടാതെ റൈഡര്‍മാര്‍ മൂന്ന്. യാത്രയ്ക്കുള്ള സര്‍വ സന്നാഹങ്ങളുമായി റെഡ് പാഡ് അഡ്വഞ്ചേഴ്‌സ് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വിമാനയാത്രയുടെ ക്ഷീണം തീര്‍ത്ത് തൊട്ടടുത്ത ദിവസം, ഫെബ്രുവരി പത്തിന് തവാങ്ങിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ ഞങ്ങളിറങ്ങി.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

ആദ്യലക്ഷം 230 കിലോമീറ്റര്‍ അകലെയുള്ള ടെന്‍സിന്‍ഗൊണ്‍. അസം മലനിരകളില്‍ നിന്നുള്ള ഇളംകാറ്റേറ്റ് ബൈക്ക് യാത്ര, തുടക്കം സുഖമായിരുന്നു. പക്ഷെ മുന്നോട്ടു ചെല്ലുന്തോറും റോഡകള്‍ ഇടുങ്ങി. നിരപ്പായ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞതായി. ഗുവാഹത്തിയില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ ആദ്യദിവസം അരുണാചല്‍ പ്രദേശിലേക്ക് കടന്നു. ടെന്‍സിന്‍ഗൊണ്‍ പിന്നിട്ടു. പിന്നെ കലക്താങും ആങ്കലിങും. മാനത്ത് ചന്ദ്രന്‍ തിരശ്ശീല വിരിച്ചതോടെ ആദ്യദിവസത്തെ യാത്ര അവസാനിച്ചു.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

രണ്ടാം ദിവസത്തെ യാത്ര ദിറാങ്ങിലേക്കാണ്. എന്നാല്‍ ഇതിനിടയ്ക്ക് 30 കിലോമീറ്റര്‍ ദൂരം റെഡ് പാണ്ട അഡ്വഞ്ചേഴ്‌സ് സംഘടിപ്പിച്ച ഓഫ്‌റോഡ് സെഷന്‍ ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ചെത്തിനിരപ്പാക്കിയ മലയിടുക്കുകള്‍ക്കിടയിലൂടെ ഹിമാലയന്‍ കുതിക്കുമ്പോള്‍ ആക്‌സിലറേറ്ററില്‍ പിടിമുറുക്കാനുള്ള ഉള്‍പ്രേരണ ഞങ്ങള്‍ക്കും ലഭിച്ചു. രണ്ടു മണിക്കൂര്‍ വേണ്ടിവന്നു ഓഫ്‌റോഡ് പാത മുഴുമിപ്പിക്കാന്‍.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

നേരെ ചെന്നു കയറിയത് മണ്ഡലയിലേക്കുള്ള റോഡില്‍. മുന്നോട്ടു കുത്തനെയുള്ള കയറ്റമാണ്. റോഡിലാണെങ്കില്‍ തെന്നിവീഴ്ത്താന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന ഐസിന്റെ ഭീഷണിയും. വീഴില്ലെന്ന് മനസ്സിലുറപ്പിച്ചിരുന്നതാണ്. പക്ഷെ നടന്നില്ല. പലകുറി ഞങ്ങള്‍ വീണു. എന്തായാലും വീഴ്ച്ച ഗുരുതരമായിരുന്നില്ല. വീഴ്ച്ച പരമ്പരകള്‍ക്ക് ശേഷം നിസാരമായ നീരും ചതവുകളുമായി ഞങ്ങല്‍ ദിറാങ്ങില്‍ കൂടാരമണഞ്ഞു.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

ദിറാങ്ങില്‍ എത്തി. ഇനി അടുത്തലക്ഷ്യം തവാങ്. മൂന്നാം ദിവസം പുറപ്പെടുമ്പോള്‍തന്നെ അറിഞ്ഞിരുന്നു പ്രസിദ്ധമായ ന്യുക്ക്മാദോങ് യുദ്ധ സ്മാരകം യാത്രാമധ്യേയുണ്ടെന്ന്. 1962 -ലെ ഇന്തോ-ചൈനാ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ പേറി ന്യുക്ക്മാദോങ് സ്മാരകം ചരിത്രം പറഞ്ഞുനില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. ഉയരം കൂടുന്തോറും തണുപ്പിന് ശക്തി കൂടി വരികയാണ്.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

ധരിച്ചിരുന്ന റൈഡിങ് ജാക്കറ്റുകള്‍ തണുപ്പിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ബൈസാക്കി ആര്‍മി ക്യാംപിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു ഒരു കപ്പു ചൂടു കാപ്പിക്കായി. അവിടുത്തെ CSD ക്യാന്റീനില്‍ നിന്നും വാങ്ങിയ ജാക്കറ്റുകളും ബൂട്ടുകളും മേല്‍ക്കുപ്പായങ്ങളും മുന്നോട്ടുള്ള യാത്രയില്‍ തുണച്ചു. തവാങിലേക്കുള്ള കവാടം തീര്‍ക്കുന്ന സേലാ പീഠഭൂമിയിലേക്കാണ് ഞങ്ങള്‍ ഹിമാലയന്‍ ഓടിച്ചുകയറിയത്.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

എങ്ങും വെണ്‍മ തുളുമ്പുന്ന മഞ്ഞിന്റെ ആവരണം. തണുപ്പ് വീഴാന്‍ തുടങ്ങിയതോടെ മുന്നോട്ടുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമായി. റോഡില്‍ വീണുകിടക്കുന്ന ഐസുതന്നെയാണ് പ്രധാന വില്ലന്‍. വീഴാതിരിക്കാന്‍ അടുവകള്‍ പലതും പയറ്റേണ്ടി വന്നു. ഒടുവില്‍ ജസ്വന്ത്ഗര്‍ പിന്നിട്ട് തവാങ്ങിലെത്തിയപ്പോഴേക്കും സൂര്യന്‍ അങ്ങകലെ പോയ്മറഞ്ഞിരുന്നു.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

തവാങ്ങിലൂടെ

നാലു ദിവസം നീണ്ട ബൈക്ക് യാത്ര. സംഘാങ്ങളെല്ലാം ക്ഷീണിതര്‍. കായികക്ഷമത തിരിച്ചുപിടിക്കണമെങ്കില്‍ വിശ്രമം അനിവാര്യമായി മാറിയതോടെ അഞ്ചാം ദിനം പൂര്‍ണ്ണ വിശ്രമത്തിനും നഗരകാഴ്ച്ചകള്‍ക്കുമായി ഞങ്ങള്‍ വിനിയോഗിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റന്‍ മഠം തവാങ്ങിലാണ് സ്ഥിതി ചെയ്യുന്നത്. തവാങ്ങിന്റെ ഭുപ്രകൃതി, സംസ്‌കാരം, ജനങ്ങള്‍; കാഴ്ച്ചകളെല്ലാം ക്യാമറയില്‍പ്പകര്‍ത്താന്‍ ഞങ്ങളോരോരുത്തരം നന്നെ പാടുപെട്ടു.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

ആറാം ദിനം. വിശ്രമദിനം കഴിഞ്ഞതോടെ കൂടുതല്‍ ഉര്‍ജ്ജത്തോടെ ബൈക്കുകള്‍ വീണ്ടും ഇരമ്പി. പാന്‍കാങ് ടെങ് സോ തടാകത്തിലേക്ക് യാത്ര തുടങ്ങി. മഞ്ഞുതൊപ്പിയണിഞ്ഞ മലനിരകള്‍ നാലുദിക്കില്‍ നിന്നും ഞങ്ങളെ ഉറ്റുനോക്കുന്നു. ഗംറാല ഫയറിങ് റേഞ്ചിലാണ് യാത്ര താത്കാലികമായി അവസാനിച്ചത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഫയറിങ് റേഞ്ചാണ് ഗംറാല. സമുദ്രനിരപ്പില്‍ നിന്നും 4,200 അടി മുകളിലാണ് ഗംറാല സ്ഥിതി ചെയ്യുന്നത്. ബും ലാ ചുരം കയറാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് മുന്നോട്ടു പോകാന്‍ ടയറുകളില്‍ ചെയിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമേ അനുമതി ലഭിച്ചുള്ളൂ.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

മടക്കം

വന്ന വഴിയേ മടക്കം ആരംഭിച്ചു. തവാങ്ങിനോട് വിടചൊല്ലി ബൊംദില്ലയിലേക്ക് ഞങ്ങള്‍ ബൈക്കോടിച്ചു. ആദ്യം യാത്ര ദിറാങ്ങില്‍ ചെന്നെത്തി. ശേഷം ബൊംദില്ലയിലും. നീണ്ട യാത്രയ്ക്ക് ശേഷം ടെന്‍സിന്‍ഗൊണിലാണ് ഞങ്ങള്‍ ഒരിക്കല്‍ക്കൂടി രാത്രി കഴിച്ചുകൂട്ടിയത്. അസമിലെ കാശിരംഗ ദേശീയോദ്യാനവും റെഡ് പാണ്ട അഡ്വഞ്ചേഴ്‌സിന്റെ തവാങ് പാക്കേജിലുണ്ട്. ഒരുദിനം പൂര്‍ണ്ണമായി കാശിരംഗയിലെ കാഴ്ച്ചകള്‍ക്കായി ഞങ്ങള്‍ മാറ്റിവെച്ചു. തുടര്‍ന്ന് കാശിരംഗയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തിയിലേക്ക് ഞങ്ങള്‍ തെക്കുകിഴക്കന്‍ ഓര്‍മ്മകളുമായി മടങ്ങി.

തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

റെഡ് പാണ്ട അഡ്വഞ്ചേഴ്‌സ്

ഇന്ത്യയിലെ പ്രസിദ്ധമായ ബൈക്ക് ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ റെഡ് പാണ്ട അഡ്വഞ്ചേഴ്‌സ് മുന്‍നിരയിലാണ്. തെക്കുകിഴക്കന്‍ മേഖലകളില്‍ യാത്രകള്‍ സംഘടിപ്പിക്കുന്നതിലാണ് ഇവരുടെ വൈദഗ്ധ്യം. 65,800 രൂപയാണ് എന്‍ചാന്‍ടിങ് തവാങ് റൈഡിന് റെഡ് പാണ്ട അഡ്വഞ്ചേഴ്‌സ് ഈടാക്കുന്നത് (ഒരാള്‍ക്ക്). രണ്ടു റൈഡര്‍മാര്‍ക്ക് ഒരു റൂം എന്ന വ്യവസ്ഥയിലാണ് യാത്ര.

പാക്കേജില്‍ ഉള്‍പ്പെടുന്നത്:

  • വിമാനത്താവളത്തില്‍ നിന്നുള്ള പിക്കപ്പ്/ഡ്രോപ്പ്
  • ഹോട്ടല്‍ താമസസൗകര്യം
  • ബൈക്ക് വാടക
  • ടൂര്‍ ഗൈഡ്
  • ഇന്ധനം
  • പ്രാദേശിക യാത്രാ സംവിധാനങ്ങള്‍
  • മൂന്നുനേരം ഭക്ഷണം
  • പ്രാദേശിക പെര്‍മിറ്റുകള്‍
  • ബൈക്ക് ഇന്‍ഷുറന്‍സ്
  • പാക്കേജില്‍പെടാത്തവ:

    • രാജ്യാന്തര വിമാനയാത്രാക്കൂലി
    • വിസാ നിരക്കുകള്‍
    • റൂം സര്‍വീസ് നിരക്കുകള്‍
    • സ്വകാര്യ ഇന്‍ഷുറന്‍സ്
    • തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

      ഓടിക്കാന്‍ ലഭിക്കുന്ന ബൈക്ക്

      റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാണ് എന്‍ചാന്‍ടിങ് തവാങ് യാത്രയ്ക്ക് റെഡ് പാണ്ട അഡ്വഞ്ചേഴ്‌സ് ഒരുക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രാരംഭ അഡ്വഞ്ചര്‍ ബൈക്കാണ് ഹിമാലയന്‍. ഹിമാലയനിലെ 411 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 24.5 bhp കരുത്തും 32 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്.

      എഴുത്ത്: ജോബോ കുരുവിള (മാനേജിങ് എഡിറ്റര്‍, ഡ്രൈവ്‌സ്പാര്‍ക്ക്)

Most Read Articles

Malayalam
English summary
Tales From Tawang. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X