Ultraviolette F77: വിലയില്‍ നിരാശരാണോ? നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ചില ബൈക്കുകള്‍ ഇതാ...

ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ബെംഗളൂരു കേന്ദ്രമായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ F77 ഇന്ത്യയില്‍ അവതരിപ്പിച്ചു. മലയാളികളുടെ സ്വന്തം നടന്‍ ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള കമ്പനിയാണ് അള്‍ട്രവയലറ്റ്. ഇന്ത്യയില്‍ എങ്ങും ചര്‍ച്ചാവിഷയമായ ഈ ഇലക്ട്രിക് ബൈക്ക് ഒറിജിനല്‍, റീക്കണ്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുറത്തിറക്കുന്നത്.

ഇവക്കൊപ്പം അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ചുടപ്പം പോലെയാണ് വിറ്റുപോയത്. അവതരണത്തിന് പിന്നാലെ 77 യൂണിറ്റും വിറ്റ് പോയതായി കമ്പനി അറിയിച്ചു. വളരെ ആകര്‍ഷണീയമായി കാണപ്പെടുന്ന ഈ വാഹനം പലര്‍ക്കും ഇഷ്ടപ്പെടുമെങ്കിലും വില കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുകയാണ്. 3.80 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് F77-ന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് സ്വന്തമാക്കാനാകുക. ടോപ്പ്-സ്‌പെക്ക് റീക്കണ്‍ വേരിയന്റിന് 4.55 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം ഇന്ത്യ).

ഷാഡോ, എയർസ്ട്രൈക്ക്, ലേസർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലും സ്വന്തമാക്കാനാവും. 2023 ജനുവരിയിൽ അൾട്രാവയലറ്റിന്റെ സ്വന്തം നഗരമായ ബെംഗളൂരുവിൽ മാത്രമേ ഇവിക്കായുള്ള ഡെലിവറികൾ ആരംഭിക്കൂ.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ബൈക്ക് എന്ന ഖ്യാതിയോടെയാണ് ഇത് എത്തുന്നത്. 2.8 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ അള്‍ട്രാവയലറ്റ് F77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് സാധിക്കും.
എന്നാല്‍ വിലയില്‍ തൃപ്തിപ്പെടാത്ത ഉപയോക്താക്കള്‍ക്കായി F77-ന് പകരം നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ചില മോട്ടോര്‍സൈക്കിളുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍.

കാവസാക്കി നിഞ്ച 400
വില: 4.99 ലക്ഷം രൂപ

സബ് 400 സിസി സെഗ്മെന്റിലെ ഏറ്റവും മികച്ച ബൈക്കാണ് കവാസാക്കി നിഞ്ച 400 എന്ന് പറയാന്‍ സാധിക്കും. അള്‍ട്രാവയലറ്റ് F77-ന്റെ ടോപ്പ് സ്‌പെക്ക് വേരിയന്റിനേക്കാള്‍ ഏകദേശം 44,000 രൂപ മാത്രം അധികം നലകിയാല്‍ നിങ്ങള്‍ക്ക് കവാസാക്കിയില്‍ നിന്ന് പരിഷ്‌കൃതവും വൈവിധ്യമാര്‍ന്നതുമായ പാരലല്‍ ട്വിന്‍ സ്പോര്‍ട്‌സ് ബൈക്ക് സ്വന്തമാക്കാം. ഇതിന്റെ 4 സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് പാരല്‍ ട്വിന്‍ എഞ്ചിന്‍ പരമാവധി 45 bhp കരുത്തും 37 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു.

കെടിഎം 390 അഡ്വഞ്ചര്‍
വില: 3,37,043 രൂപ

വിലകള്‍ താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം കുറവാണെങ്കിലും ആകര്‍ഷകമായ ഒരു നിര്‍ദേശമായി കെടിഎം 390 അഡ്വഞ്ചറിനെ കണക്കാക്കാം. അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ ഫോര്‍മാറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന കെടിഎമ്മിന്റെ സമഗ്രമായ ഇലക്ട്രോണിക്‌സ് പാക്കേജിനൊപ്പം ലഭിക്കുന്ന ശക്തമായ 373 സിസി എഞ്ചിന്‍ നമ്മുടെ റോഡുകള്‍ക്ക് ഏറ്റവും മികച്ചതാണ്. ഇതാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷകമായി തോന്നുന്നത്. ഇതിന്റെ സിംഗിള്‍ സിലിണ്ടര്‍ 4 സിലിണ്ടര്‍ 4V DOHC എഞ്ചിന്‍ 43.5 bhp പവറും 37 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. അള്‍ട്രാവയലറ്റ് F77-ന്റെ അടിസ്ഥാന വേരിയന്റിനേക്കാള്‍ 42,000 രൂപ കുറച്ച് നല്‍കിയാല്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം.

ഹീറോ എക്‌സ്പള്‍സ് 200 4V +കെടിഎം RC 390

മൊത്തം വില: 4,53,566 രൂപ

മുകളില്‍ എഴുതിയത് വായിക്കുമ്പോള്‍ അല്‍പ്പം വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കൂ. ഹീറോ എക്‌സ്പള്‍സ് 200 4V-യും കെടിഎം RC 390യും ചേര്‍ത്ത് വാങ്ങിയാല്‍ പോലും 4.53 ലക്ഷം രൂപ മുടക്കിയാല്‍ മതി. ഈ രണ്ട് ബൈക്കുകളുടെ വില കൂട്ടിയാല്‍ പോലും F77 റീക്കണ്‍ വേരിയന്റിന്റെ വിലയേക്കാള്‍ ഏകദേശം 2,000 രൂപ കുറവാണ്. അതിനാല്‍ റീക്കണിന്റെ വിലയില്‍ നിങ്ങളുടെ ഗാരേജില്‍ ഓഫ്-റോഡ്, ട്രാക്ക് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുന്ന കിടിലന്‍ രണ്ട് മോട്ടോര്‍സൈക്കിള്‍ എത്തിക്കുന്നതാല്ലേ നല്ല ഡീല്‍.

കീവേ V302C
വില: 3.89 ലക്ഷം രൂപ മുതല്‍

വി-ട്വിന്‍ ഹൃദയവുമായി വരുന്ന വലിയ, മസ്‌കുലര്‍ ക്രൂയിസറിന്റെ മനോഹാരിതയുമായി മുട്ടിനില്‍ക്കാന്‍ പലപ്പോഴും മറ്റ് ബൈക്കുകള്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍, അമേരിക്കന്‍ ശൈലിയിലുള്ള ക്രൂയിസറുകളാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാവുന്ന ഒരു മോഡലാണ് കീവേ V302C. ഇതിന്റെ 4 സ്‌ട്രോക്ക് 8 വാള്‍വ് SOHC ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 29.9 bhp കരുത്തും 26.5 Nm ടോര്‍ക്കും നല്‍കുന്നു.

സോണ്ടസ് GK350

വില: 3.47 ലക്ഷം രൂപ മുതല്‍

ഒരു ആധികാരിക നിയോ റെട്രോ കഫേ റേസറായാണ് സോണ്ടസ് GK350 അവതരിപ്പിച്ചിരിക്കുന്നത്. റെട്രോ സ്‌റ്റൈലിംഗില്‍ ആണ് പൂര്‍ത്തിയാക്കിയതെങ്കിലും മോഡേണ്‍ സാങ്കേതികതകളുമായിട്ടാണ് ഈ ബൈക്ക് എത്തുന്നത്. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. ഇത് 38.52 bhp കരുത്തും 32 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. 3,47,000 രൂപ മുടക്കിയാല്‍ നിങ്ങള്‍ക്ക് ബ്ലാക്ക് ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ ഓറഞ്ച് നിറങ്ങളില്‍ ബൈക്ക് സ്വന്തമാക്കാം. ഈ രണ്ട് കളര്‍ഓപ്ഷനുകളില്‍ സോണ്ടസ് GK350 ആകര്‍ഷകമാണ്.

Most Read Articles

Malayalam
English summary
List of motorcycles you can consider instead of ultraviolette f77 with same price option
Story first published: Sunday, November 27, 2022, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X