മുന്നോട്ട് മുന്നോട്ട് മുന്നോട്ട്, നവംബർ മാസത്തിലും തകർപ്പൻ വിൽപ്പന കണക്കുകളുമായി Tata Motors

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഏത് കാർ പുറത്തിറക്കായാലും അത് ഹിറ്റാക്കി മാറ്റുന്ന ഒരു കമ്പനിയുണ്ട്. ആർക്കേലും ഊഹിക്കാമോ? അതെ നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസിന്റെ കാര്യം തന്നെയാണീ പറഞ്ഞു വരുന്നത്. ജാതകമൊക്കെ നോക്കിയാൽ ചിലപ്പോൾ ശുക്രനാണെന്നു വരെ പറയാം. ടിയാഗോ മുതൽ ഇങ്ങ് സഫാരി വരെയുള്ള മോഡൽ ലൈനപ്പിനെല്ലാം വൻ സ്വീകാര്യതയാണ് ഉപഭോക്താക്കൾക്കിടയിലുള്ളത്.

ഇത് തെളിയിക്കാൻ കുറച്ചു വർഷങ്ങളായുള്ള പ്രതിമാസ വിൽപ്പന കണക്കുകൾ മാത്രം നോക്കിയാൽ മതിയാവും. 2022 നവംബർ മാസവും വിൽപ്പനയുടെ കാര്യത്തിൽ നേട്ടം കൊയ്‌തിരിക്കുകയാണ് ടാറ്റ. പോയ മാസത്തെ ആഭ്യന്തര, അന്തർദേശീയ വിപണിയിലെ വിൽപ്പന സംഖ്യകൾ പ്രഖ്യാപിച്ചപ്പോഴും എതിരാളികളുടെയെല്ലാം നെഞ്ച് ഒന്നിടിച്ചു കാണും. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 62,192 യൂണിറ്റുകളിൽ നിന്ന് ഇത്തവണ മൊത്തം 75,478 യൂണിറ്റുകൾ നിരത്തിലെത്തിച്ചാണ് ടാറ്റ മോട്ടോർസിന്റെ തേരോട്ടം.

മുന്നോട്ട് മുന്നോട്ട് മുന്നോട്ട്, നവംബർ മാസത്തിലും തകർപ്പൻ വിൽപ്പന കണക്കുകളുമായി Tata Motors

അതായത് വാർഷിക അടിസ്ഥാനത്തിൽ ബ്രാൻഡിന്റെ വിൽപ്പ 21.36 ശതമാനം വർധനവിന് സാക്ഷ്യംവഹിച്ചുവെന്ന് സാരം. ഇനി ഇന്ത്യൻ വിപണിയിലെ മാറ്റം വിൽപ്പന നോക്കിയാലും മികച്ച നേട്ടം കൈവരിക്കാൻ ടാറ്റ മോട്ടോർസിനായി. ആഭ്യന്തരമായി 2022 നവംബറിൽ ടാറ്റ 73,467 ഉപഭോക്താക്കളെയാണ് കണ്ടെത്തിയത്. പോയ വർഷം ഇതേ കാലയളവിലെ 58,073 യൂണിറ്റുകളിൽ നിന്ന് 27 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റ കഴിഞ്ഞ മാസം 29,053 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

2021 നവംബർ മാസത്തിലെ 32,245 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 10 ശതമാനം ഇടിഞ്ഞ് വാണിജ്യ വാഹന വിഭാഗത്തിൽ കമ്പനിക്ക് ചെറിയ നഷ്‌ടമുണ്ടായി. പോയ വർഷം നവംബറിലെ 28,295 യൂണിറ്റിൽ നിന്ന് 27,430 യൂണിറ്റായാണ് വിൽപ്പന ഇത്തവണ കുറഞ്ഞത്. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള MH, ICV ക്ലാസുകൾ പരിഗണിക്കുമ്പോൾ 2021 നവംബറിലെ 10,213 യൂണിറ്റുകളിൽ നിന്ന് 16.47 ശതമാനം വളർച്ചയോടെ 11,896 യൂണിറ്റുകളായി വിൽപ്പന ഉയർന്നിട്ടുണ്ട്.

അതേസമയം പാസഞ്ചർ വാഹന സെഗ്‌മെന്റിൽ, 2021 നവംബർ കാലയളവിലെ 29,778 യൂണിറ്റുകളിൽ നിന്ന് 55 ശതമാനം വളർച്ചയോടെ ടാറ്റ കഴിഞ്ഞ മാസം മൊത്തം 46,037 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.അതേസമയം ടാറ്റയുടെ പാസഞ്ചർ വെഹിക്കിൾ ഇന്റർനാഷണൽ ബിസിനസ് 2021 നവംബറിലെ 169 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 388 യൂണിറ്റുകളിലേക്ക് ഉയർന്നിട്ടുണ്ട്. വാർഷിക വിൽപ്പനയിൽ 130 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവികൾ ഉൾപ്പെടെയുള്ള മൊത്തം പിവി വിൽപ്പന 46,425 യൂണിറ്റായിരുന്നു. പന്ത്രണ്ട് മാസം മുമ്പ് ഇതേ മാസത്തിൽ 29,947 യൂണിറ്റായിരുന്നു.

അന്താരാഷ്‌ട്ര, ആഭ്യന്തര വിപണികളിലെ സീറോ എമിഷൻ വാഹന വിൽപ്പന കഴിഞ്ഞ മാസം 4,451 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അതായത് 2021 നവംബറിൽ ഈ കണക്ക് 1,811 യൂണിറ്റായിരുന്നു. ടാറ്റ കഴിഞ്ഞ വർഷം അവസാനം അവതരിപ്പിച്ച പഞ്ച് മൈക്രോ എസ്‌യുവി രാജ്യത്ത് വിൽക്കുന്നതിൽ വെച്ച് ഏറ്റവും വിൽപ്പനയുള്ള മോഡലുകളിൽ ഒന്നാണിപ്പോൾ. കൂടാതെ ഈ കലണ്ടർ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ കോംപാക്‌ട് വാഹനവും മാറിയതും ബ്രാൻഡിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.

നെക്സോൺ ഇവി മാക്‌സ്, ടിയാഗോ ഇവി എന്നിവ മാറ്റി നിർത്തിയാൽ ഈ വർഷം ടാറ്റയ്ക്ക് കാര്യമായ പുതിയ ലോഞ്ചുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ചില ശ്രദ്ധേയമായ അപ്‌ഡേറ്റുകൾ, സിഎൻജി വേരിയന്റുകൾ, സ്പെഷ്യൽ എഡിഷൻ എന്നിവയിലാണ് 2022 വർഷം ടാറ്റ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഹാരിയറിന്റെയും സഫാരിയുടെയും മുഖം മിനുക്കിയ ആവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ 2023-ൽ വ്യത്യസ്തമായ സമീപനം തന്നെയായിരിക്കും ബ്രാൻഡിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബർ മുതൽ മോഡൽ നിരയിൽ വില വർധനവും ടാറ്റ മോട്ടോർസ് നടപ്പിലാക്കിയിരുന്നു. നവംബർ ഏഴു മുതൽ പ്രാബല്യത്തിൽ വന്ന വിലക്കയറ്റം മോഡലുകളുടെ വിലയിൽ 0.9 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. വർധിച്ചു വരുന്ന ഇൻപുട്ടിന്റെയും ഉൽപാദന ചെലവിലും ഉണ്ടായ ഗണ്യമായ ഉയർച്ചയാണ് മോഡൽ നിരയിൽ പുതിയ പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്നും ടാറ്റ അറിയിച്ചു. ടാറ്റ ആൾട്രോസ്, ടിഗോർ എന്നിവയ്ക്ക് 10,000 രൂപ വരെയാണ് കൂടിയത്. ടിയാഗോക്ക് 8,000 രൂപയും പഞ്ചിന് 7,000 രൂപയും നെക്സോണിന് 18,000 രൂപ വരെയും കൂടി.

Most Read Articles

Malayalam
English summary
Tata motors passenger vehicle sales posted growth in november 2022
Story first published: Thursday, December 1, 2022, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X