ടൊയോട്ടയുടെ പുതിയ 'പ്ലാറ്റിനം എത്യോസിന്' മികച്ചൊരു ഫാമിലി കാറാകാൻ സാധിക്കുമോ?

Written By:

ടൊയോട്ടയുടെ ഇന്ത്യയിലേക്കുള്ള കാൽവെപ്പ് 2000 ത്തിൽ ക്വാളിസിനെ വിപണിയിൽ എത്തിച്ചായിരുന്നു. അതുകഴിഞ്ഞ് മൂന്ന് വർഷത്തിനു ശേഷം കമ്പനിയുടെ ആദ്യ സെഡാൻ കോറോളയെ ഇന്ത്യയിൽ എത്തിച്ചു. ക്രമേണ ഇന്ത്യൻ വിപണിയിലിടം നേടിയ ടൊയോട്ട 2010 ആയപ്പോഴേക്കും മറ്റൊരു പുതിയ സെഡാനെ കൂടി എത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി എത്യോസിനെ അവതരിപ്പിച്ചു.

ഇന്ത്യയിൽ എത്യോസിന് നല്ല പ്രതികരണം ലഭിച്ചുവെന്ന് മാത്രമല്ല ടാക്സി സെഗ്മെന്റിൽ കൂടുതൽ തിളങ്ങാനും എത്യോസിന് സാധിച്ചു. ഉയർന്ന നിലവാരം പുലർത്തുന്ന നിർമാണ രീതി, കുറഞ്ഞവില, മികച്ച പ്രതികരണം എന്നിവയോക്കെ എത്യോസിന് വളരെയേറെ തുണയായി. ഇപ്പോൾ കൂടുതൽ പുതുമകളും നൂതന സവിശേഷതകളുമായി എത്യോസിന്റെ പുതിയ പതിപ്പ് പ്ലാറ്റിനത്തെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ജപ്പാൻ കാർ നിർമാതാവ്.

ഒരു മികച്ച ഫാമിലി കാർ എന്ന രീതിയിൽ പുതിയ എത്യോസ് പ്ലാറ്റിനം സെഡാന് വിപണിയിൽ എത്രമാത്രം വിജയം കാഴ്ചവെക്കാൻ കഴിയുമെന്ന് ടെസ്റ്റ് ഡ്രൈവിലൂടെ വായിച്ചറിയാം.

നൂതനമായ ഡിസൈൻ ശൈലിയിലാണ് എത്യോസ് പ്ലാറ്റിനം സെഡാന്റെ നിർമാണം നടത്തിയിരിക്കുന്നത്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഫ്രണ്ട്, റിയർ ബബംറുകൾ, ഗ്രിൽ എന്നിവയിൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാറ്റിനം മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

പിൻഭാഗത്തെ ടെയിൽ ലൈറ്റിൽ വരുത്തിയിരിക്കുന്ന മാറ്റമാണ് ശ്രദ്ധേയമായ മറ്റൊരു സവിശേഷത. എന്നാൽ കാറിന്റെ അകവശത്ത് വളരെ പരിമിതമായ രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

കൂടുതൽ ദൃഢമായിട്ടാണ് കാറിന്റെ മൊത്തം ബോഡിയും നിർമിച്ചത് എന്നതുകൊണ്ടു തന്നെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷയാണ് എത്യോസിന്റെ പുത്തൻ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

മുൻ മോഡലുകളിലുള്ള അതെ എൻജിൻ തന്നെയാണ് എത്യോസിന്റെ പ്ലാറ്റിനത്തിനും കരുത്തേകുന്നത്. 89ബിഎച്ച്പിയും 132എൻഎം ടോർക്കും നൽകുന്നതാണ് ഇതിലെ 1.5ലിറ്റർ പെട്രോൾ എൻജിൻ.

എത്യോസിന്റെ 1.4 ലിറ്റർ ഡീസൽ എൻജിനാകട്ടെ 67ബിഎച്ച്പിയും 170എൻഎം ടോർക്കും നൽകുന്നതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇരു എൻജിനുകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

മൈലേജിനെ കുറിച്ച് പറയുമ്പോൾ പെട്രോൾ പതിപ്പിന് ലിറ്ററിന് 16.7കിലോമീറ്റർ മൈലേജും ഡീസലിന് 23.5km/l മൈലേജുമാണുള്ളത്.

നല്ലൊരു ഡ്രൈവിംഗ് അനുഭൂതിയേകുന്ന കാറാണ് എത്യോസ് പ്ലാറ്റിനമെന്നത് ടെസ്റ്റ് ഡ്രൈവിംഗിൽ തെളിയിക്കപ്പെട്ടൊരു വസ്തുതയാണ്.

മുൻ മോഡലുകളിലുണ്ടായിരുന്ന എൻജിൻ ശബ്ദം ക്യാബിനകത്തേക്ക് വരുത്താതിരിക്കാൻ നടത്തിയ ശ്രമത്തിൽ ഇത്തണ കമ്പനി വിജയിച്ചു എന്നു തന്നെ പറയണം.

മെച്ചപ്പെടുത്തിയ സസ്പെൻഷനാണ് എടുത്തു പറയേണ്ടതായിട്ടുള്ള മറ്റൊരു പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ റൈഡിംഗ് അനുഭൂതിയും ഒന്നുു വേറെതന്നെയാണ്.

നഗരങ്ങളിൽ കൂടിയുള്ള സുഖകരമായ ഡ്രൈവിംഗിന് ക്ലച്ചിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടേൺ ഓവർ സ്പിംഗും ക്ലച്ച് പെഡലിന്റെ നീളത്തിലും മറ്റും വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഫലപ്രദമായ രീതിയിൽ ക്ലച്ച് പ്രവർത്തിക്കുന്നതിന് സഹായകമായിതീരുന്നു.

ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് കേട്ടറിഞ്ഞിട്ട് വരുത്തിയിട്ടുള്ള മാറ്റങ്ങളാണിതോക്കെ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളും ഈ മാറ്റങ്ങളിൽ കൂടുതൽ തൃപ്തരായിരിക്കുമെന്നതിൽ സംശയമില്ല.

ബ്ലാക്ക്, ഐവറി കളർ തീം ഉപയോഗിച്ചാണ് ഇന്റീരിയർ ഡിസൈൻ നടത്തിയിരിക്കുന്നത്. പുത്തൻ നിറം നൽകി മധ്യത്തിലായി നൽകിയിരിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ശ്രദ്ധേയമായ മറ്റൊരു സവിശേഷത.

കറുത്ത ബാക്ക്ഗ്രൗണ്ടിൽ വെളുത്ത അക്ഷരത്തിലാണ് കൺസോളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അനലോഗ് ടാക്കോമീറ്റർ ഡിജിറ്റിലാക്കിയും മാറ്റിയിട്ടുണ്ട്.

വാണിംഗ് ലൈറ്റുകളും മികച്ചരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ കൺസോളിന്റെ ബ്രൈറ്റ്നസും ക്രമീകരിക്കാനുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

മുന്നിലും പിന്നിലുമായി ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സുഖപ്രദമാക്കുന്നതിന് റീഡിസൈൻ ചെയ്തിട്ടുള്ള സീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

പിന്നിലെ സീറ്റുകൾക്ക് മധ്യത്തിലായി ആം റെസ്റ്റ്, ലെതർ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎംമുകൾ, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോൾ, പുതുക്കിയ സ്പീക്കറുകൾ, ഹൈറ്റ് അഡ്ജസ്റ്റബിൾ സ്രൈവർ സീറ്റ് എന്നിവയാണ് എത്യോസ് പ്ലാറ്റിനത്തിന്റെ മറ്റ് സവിശേഷതകൾ.

സുരക്ഷാ കാര്യങ്ങളിലും എത്യോസ് പ്ലാറ്റിനത്തിൽ കൂടുതൽ ശ്രദ്ധപുലർത്തിയിട്ടുണ്ട്. രണ്ട് എയർബാഗ്, എബിഎസ്, ഇബിഡി എന്നിവയാണ് സ്റ്റാൻഡേഡ് സേഫ്റ്റി ഫീച്ചറുകൾ. ഇതിനു പുറമെ സുരക്ഷ മുൻനിർത്തി പിൻ സീറ്റുകൾ ട്യൂബുലാർ ഘടനയിലാണ് നിർമിച്ചിരിക്കുന്നത്.

കൂടാതെ പിൻസീറ്റിലുള്ള എല്ലാ സീറ്റ്ബെൽറ്റുകളും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകളാണ്. ഇന്ത്യൻ കാറുകളിൽ അപൂർവമായി കാണുന്ന സവിശേഷത കൂടിയാണിത്. ചൈൽഡ് സീറ്റ് ആങ്കറുകളാണ് മറ്റൊരു സവിശേഷത. ഇതും ആഡംബരകാറുകളുടെ മാത്രം പ്രത്യേകതയാണ്.

വിധി

ടാക്സി കാർ എന്ന രീതിയിൽ ആളുകൾ എത്യോസിനെ പരിഗണിക്കുന്നതിനാൽ പുതിയ പ്ലാറ്റിനം പതിപ്പിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ പൊതുവെയൊന്ന് മടികാണിച്ചേക്കാം. എന്നിരുന്നാലും പുതിയ എത്യോസ് പ്ലാറ്റിനം ഈ കാഴ്ചപ്പാടുകളൊക്കേയും മാറ്റിമറിക്കുമെന്ന വിശ്വാസമാണ് കമ്പനിയും പ്രകടിപ്പിക്കുന്നത്.

ആകർഷകമായ രൂപഭാവത്തിലും സവിശേഷതകളാലും കൂടാതെ മികച്ച ഡ്രൈവിംഗ് അനുഭൂതി പകർന്നു നൽകിയും ഫാമിലി കാർ എന്ന രീതിയിൽ പുതിയ എത്യോസ് പ്ലാറ്റിനത്തിന് ജനങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കാൻ സാധിക്കും എന്നും കമ്പനി ഉറച്ചു വിശ്വസിക്കുന്നു.

കൈയിലൊതുങ്ങും വിലയ്ക്ക് ഒരു കോംപാക്ട് സെഡാൻ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ എത്യോസ് പ്ലാറ്റിനും എന്തുകൊണ്ടും നിങ്ങളുടെ താല്പര്യവും ആവശ്യവും നിറവേറ്റാനാകുന്നൊരു കാർ തന്നെയാണ്.

പ്ലാറ്റിനം എത്യോസ് വേരിയന്റുകളും വില വിവരങ്ങളും

പെട്രോൾ വേരിയന്റ്

  • എത്യോസ് പ്ലാറ്റിനം ജിഎക്സ്: 6,94,430രൂപ
  • എത്യോസ് പ്ലാറ്റിനം വി: 7,22,141രൂപ
  • എത്യോസ് പ്ലാറ്റിനം വിഎക്സ്: 7,85,256 രൂപ

 

ഡീസൽ വേരിയന്റ്

  • എത്യോസ് പ്ലാറ്റിനം ജിഎക്സ്ഡി:8,07,470രൂപ
  • എത്യോസ് പ്ലാറ്റിനം വിഡി: 8,35,181രൂപ
  • എത്യോസ് പ്ലാറ്റിനം വിഎക്സ്ഡി: 8,98,296രൂപ

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Toyota Platinum Etios Review — Is This Sedan Worthy Of The ‘Platinum’ Title?
Please Wait while comments are loading...

Latest Photos