2014 ഫോര്‍ഡ് ഫിയസ്റ്റ ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്?
ഫോര്‍ഡ് ഫിയസ്റ്റയുടെ ഹാച്ച്ബാക്ക് പതിപ്പ് ഇന്ന് ഇന്ത്യന്‍ വിപണിയിലില്ല. നവംബര്‍ 30 മുതല്‍ നടന്നുവരുന്ന ലോസ് ആഞ്ചലസ് ഓട്ടോഷോയില്‍ പ്രദര്‍ശനത്തിലുള്ള ഫിയസ്റ്റ ഹാച്ച്ബാക്ക് ഇന്ത്യന്‍ ഓട്ടോ എഴുത്തുകാരെ ത്രസിപ്പിച്ചതായി തോന്നിക്കുന്നു, ഇന്‍റര്‍നെറ്റില്‍ പരതുമ്പോള്‍. ലോകത്തെവിടെ ഏത് വാഹനം ഇറങ്ങിയാലും അത് ഇന്ത്യയില്‍ വരുമെന്നുപറയാന്‍ ഇന്ത്യനെഴുത്തുകാര്‍ക്ക് വലിയ ഉത്സാഹമാണ്. ഏത് വാഹനത്തിനും വഴങ്ങുന്ന ഒരു വിപണിയായി ഇന്ത്യ ഇപ്പോഴും മാറിയിട്ടില്ല എന്നതാണ് സത്യം. അതിന് ഇനിയും കുറെദൂരം പോകേണ്ടിയിരിക്കുന്നു.
എന്നാല്‍ ലോസ് ആഞ്ചലസ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ഫോര്‍ഡ് ഫിയസ്റ്റ ഹാച്ച്ബാക്ക് ഇന്ത്യയിലെത്തും എന്ന് വിളിച്ചുപറയാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. ഒന്നാമതായി ചൂണ്ടിക്കാട്ടാവുന്നത് രാജ്യത്തിന്‍റെ ഓട്ടോമേഖലയുടെ വളര്‍ച്ച തന്നെയാണ്.
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്‍റ് കാര്യമായ വളര്‍ച്ച പ്രാപിക്കുന്നത് ഇപ്പോള്‍ സുവ്യക്തമാണ്. നിലവില്‍ ഫോര്‍ഡിന്‍റെ ഫിഗോ ഹാച്ച്ബാക്ക് നിലകൊള്ളുന്നത് സ്വിഫ്റ്റ് മുതലായ വാഹനങ്ങളുടെ ഇടത്തിലാണ്. ഇതിലും പ്രീമിയമായ ഹോണ്ട ജാസ്സ് തുടങ്ങിയ വാഹനങ്ങള്‍ വാഴുന്നിടത്ത് ഫോര്‍ഡിന് സാന്നിധ്യം ഒന്നുമില്ല.
ലോസ് ആഞ്ചലസിന് മുമ്പ് നടന്ന സാവോ പോളോ മോട്ടോര്‍ഷോയിലും ഫിയസ്റ്റ ഹാച്ച്ബാക്ക് പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയുടേതിന് സമാനമായ വിപണിയാണ് ബ്രസീല്‍. ഇതില്‍ നിന്ന് ഊഹിക്കാവുന്നത് ജനുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയിലും ഫിയസ്റ്റ ഹാച്ച്ബാക്ക് സാന്നിധ്യമാകുമെന്നാണ്.
ഫോര്‍ഡിന്‍റെ ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച 1 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിനാണ് ഫിയസ്റ്റ ഹാച്ച്ബാക്കിലും ഉണ്ടായിരിക്കുക. ഇത് 123 കുതിരകളുടെ ശേഷിയുള്ള എന്‍ജിനാണ്. പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ഈ എന്‍ജിനുതിര്‍ക്കുന്ന ടോര്‍ക്കും പവറും പ്രതിരോധിക്കാന്‍ എതിരാളികള്‍ ഇത്തിരി പണിപ്പെടേണ്ടി വരുമെന്നുതന്നെ കണക്കു കൂട്ടാം.
2014 ഫോര്‍ഡ് ഫിയസ്റ്റ ഹാച്ച്ബാക്ക് ചിത്രങ്ങള്‍ താഴെ കാണാം.





















Click it and Unblock the Notifications








