വാഗണ്‍ ആര്‍ എംപിവി അവതരിപ്പിച്ചു
സുസൂക്കിയുടെ നീക്കങ്ങള്‍ വളരെ രഹസ്യമായിരുന്നു എന്നുറപ്പ്. വാഗണ്‍ ആര്‍ അടിസ്ഥാനമാക്കി ഒരു എംപിവി എന്നത് ഊഹങ്ങളില്‍ ജീവിക്കുന്ന ഓട്ടോമൊബൈല്‍ മാധ്യമങ്ങളുടെ വെറും വിചാരങ്ങളില്‍ പോലും വന്നിരുന്നില്ല. നടന്നുവരുന്ന ഇന്തോനീഷ്യന്‍ മോട്ടോര്‍ഷോയില്‍ വാഗണ്‍ ആര്‍എംപിവി കാമറകളുടെ നിലയ്ക്കാത്ത ചുംബനങ്ങളേറ്റു വാങ്ങുകയാണിപ്പോള്‍.
സുസൂക്കി കാരിമന്‍ വാഗണ്‍ ആര്‍ എംപിവി കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വിശേഷങ്ങളും താഴെ വായിക്കാം.

ഇന്തോനീഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയുടെ 2013 എഡിഷനിലാണ് വാഗണ്‍ ആര്‍ എംപിവി അവതരിപ്പിച്ചിരിക്കുന്നത്.

മൂന്ന് റോകളില്‍ 7 സീറ്റുകളാണ് സുസൂക്കി വാഗണ്‍ആര്‍ എംപിവിക്കുള്ളത്.

ഹോണ്ട മൊബിലിയോ. ഡാറ്റ്സന്‍ ഗോ പ്ലസ് എന്നീ വാഹനങ്ങള്‍ അവതരിപ്പിക്കപ്പെട്ട അതേ ഓട്ടോഷോയിലാണ് വാഗണ്‍ആര്‍ എംപിവിയും വന്നിരിക്കുന്നത് എന്നത് ശക്തമായ സന്ദേശം തന്നെ നല്‍കുന്നുണ്ട് ഹോണ്ടയ്ക്കും ഡാറ്റ്‌സനും.

പിന്നില്‍ ഒരു റോ സീറ്റു കൂടി വെച്ചുപിടിപ്പിക്കാന്‍ പാകത്തില്‍ വാഗണ്‍ ആറിന്റെ വലിപ്പം കൂട്ടുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നു പറയാം.

പിന്നില്‍ നല്‍കിയിരിക്കുന്ന സീറ്റില്‍ കുട്ടികളെ ഇരുത്തുവാന്‍ മാത്രമേ സാധിക്കൂ എന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും. ബൂട്ട് സൈസ് കൂട്ടുവാന്‍ സൗകര്യത്തില്‍ പിന്‍ സീറ്റുകള്‍ മടക്കുവാന്‍ സാധിക്കുമായിരിക്കും.

വാഗണ്‍ ആറിന്റെ നിലവിലെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വാഹനം നിലപാടെടുക്കുന്നത്. വില്‍ബേസില്‍ യാതൊരു മാറ്റവുമില്ല. പിന്‍വശത്ത് ഒരു റോ സീറ്റുകള്‍ വെച്ചു പിടിപ്പിക്കാന്‍ വാഹനത്തെ ഒരല്‍പം വലിച്ചു നീട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ.

ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെട്ട വാഗണ്‍ ആര്‍ എംപിവി ഒരു കണ്‍സെപ്റ്റ് മാത്രമാണെന്ന് സുസൂക്കിയുടെ ഇന്തോനീഷ്യന്‍ വിഭാഗം മാര്‍ക്കറ്റിംഗ് തലവന്‍ ഡേവി തുലിയന്‍ അറിയിക്കുന്നു. വാഹനം ഉല്‍പാദന മോഡലായി അധികം താമസിക്കാതെ വിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

100 ദശലക്ഷം ഇന്തോനീഷ്യന്‍ റുപ്പിയയുടെ പരിസരത്തായിരിക്കും വില എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഇന്ത്യന്‍ രൂപയില്‍ 5.37 ലക്ഷം വരും. 4 മീറ്ററിന് താഴെയാണ് വാഗണ്‍ ആർ എംപിവിയുടെ നീളം.


Click it and Unblock the Notifications








