ഇത് താണ്ടാ അസല്‍ ക്രൂയിസര്‍! 2025 യെസ്ഡി റോഡ്‌സ്റ്റര്‍ റിവ്യൂ വായിക്കാം
കഴിഞ്ഞ മാസമാണ് 2025 യെസ്ഡി റോഡ്‌സ്റ്റര്‍ 2,10,000 രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. സ്‌റ്റൈലിംഗ്, എഞ്ചിന്‍, റൈഡിംഗ് അനുഭവം എന്നിവയുടെ കാര്യത്തില്‍ മെച്ചപ്പെടുത്തലുകളുമായാണ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈന്‍, കൂടുതല്‍ സുഖപ്രദമായ റൈഡിംഗ് അനുഭവം, കരുത്തുറ്റ എഞ്ചിന്‍ എന്നിവ 2025 യെസ്ഡി റോഡ്‌സ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകള്‍. സിറ്റി റൈഡുകള്‍ക്കൊപ്പം ലോംഗ് ട്രിപ്പുകളിലേും ഒരുപോലെ സുഗമമായ റൈഡിംഗ് അനുഭവം സമ്മാനിക്കാന്‍ യെസ്ഡി റോഡ്സ്റ്റര്‍ ലക്ഷ്യമിടുന്നു. പുത്തന്‍ ക്രൂയിസര്‍ ബൈക്ക് എങ്ങിനെയുണ്ടെന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. അതിനായി വിശദമായ റിവ്യൂ ചുവടെ വായിക്കാം.
ഡിസൈനും സ്‌റ്റൈലും
മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ആകര്‍ഷകമായ സൈഡ് പാനലുകള്‍, വീതിയുള്ള ഹാന്‍ഡില്‍ ബാറുകള്‍ എന്നിവയുമായി മോഡേണ്‍ ക്രൂയിസര്‍ ലുക്കിലാണ് 2025 യെസ്ഡി റോഡ്‌സ്റ്റര്‍ വരുന്നത്. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും, പിന്നില്‍ മിനിമലിസ്റ്റിക് ടെയില്‍ ഭാഗവുമാണ് നല്‍കിയിരിക്കുന്നത്. ദൂരയാത്രകള്‍ക്ക് സൗകര്യപ്രദമായ സീറ്റാണ് ഇതിലുള്ളത്. പ്രീമിയം സ്റ്റിച്ചിംഗും, മികച്ച മെറ്റീരിയലും റൈഡര്‍ക്കും, പിന്നിലിരിക്കുന്നവര്‍ക്കും മികച്ച പിന്തുണ നല്‍കുന്നു.

ബൈക്കിന്റെ ക്ലാസിക് ക്രൂയിസര്‍ സൗന്ദര്യത്തിന് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ സൈഡ് പ്രൊഫൈല്‍. 2025 റോഡ്സ്റ്ററിന്റെ കളര്‍ ഓപ്ഷനുകളില്‍ നിരവധി മെറ്റാലിക്, മാറ്റ് ഫിനിഷുകളും ഉള്‍പ്പെടുന്നു. ഇത് ഉപഭോക്താക്കളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. മോട്ടോര്‍സൈക്കിളിന്റെ എല്ലാ ഭാഗത്തും യെസ്ഡിയുടെ ഗുണമേന്മയുള്ള രൂപകല്‍പ്പന കാണാവുന്നതാണ്.
എഞ്ചിനും പെര്‍ഫോമന്‍സും
334 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് റോഡ്‌സ്റ്ററിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 29.1 PS പവറും 29.6 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൃത്യമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. റോഡ്‌സ്റ്ററിന് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. സാധാരണ റൈഡിംഗ് സാഹചര്യങ്ങളില്‍ ലിറ്ററിന് ഏകദേശം 32 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. മികച്ച മിഡ്-റേഞ്ച് പെര്‍ഫോമന്‍സ് നല്‍കുന്ന എഞ്ചിന്‍ ഓവര്‍ടേക്കിംഗും ഹൈവേ യാത്രകളും കൂടുതല്‍ സുഗമമാക്കുന്നു.

സേഫ്റ്റിയും ഫീച്ചറുകളും
സ്പീഡ്, ഫ്യവല്‍ ലെവല്‍, ട്രിപ്പ് മീറ്റര്‍, ഗിയര്‍ പൊസിഷന്‍ എന്നിവ കാണിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സൗകര്യത്തിനായി വീതിയേറിയ ഹാന്‍ഡില്‍ബാറുകള്‍, മുന്നോട്ട് നീട്ടിയ ഫുട്‌പെഗുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. സേഫ്റ്റിക്കായി ഡ്യുവല്‍-ചാനല്‍ എബിഎസ്, ഡിസ്‌ക് ബ്രേക്കുകള്‍, മികച്ച റോഡ് ഹോള്‍ഡിംഗിനായി എംആര്‍എഫ് ടയറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും, പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ചേരുന്ന സസ്‌പെന്‍ഷന്‍ സെറ്റപ്പ് മോശം റോഡുകളിലൂടെ സുസ്ഥിരമായ യാത്ര ഉറപ്പാക്കുന്നു.
റൈഡിംഗ് ഇംപ്രഷന്‍
ഉയര്‍ന്ന വേഗതയില്‍ സ്റ്റബിലിറ്റി മെച്ചപ്പെടുത്തുന്നതിനായി 2025 യെസ്ഡി റോഡ്‌സ്റ്റിന്റെ ഷാസിയും സബ്‌ഫ്രെയിമും കുറച്ചുകൂടി കര്‍ക്കശമാക്കിയിട്ടുണ്ട്. സ്റ്റിഫര്‍ സസ്‌പെന്‍ഷന്‍ നല്ല റോഡുകളില്‍ അതിവേഗതയില്‍ പായുമ്പോള്‍ മികച്ച അനുഭവം സമ്മാനിക്കും. എന്നിരുന്നാലും ലോംഗ് റൈഡിന് ശേഷം കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുകയാണെങ്കില്‍, ചെറിയ വേദന അനുഭവപ്പെടും. ബൈക്കിന്റെ റിയര്‍ സസ്‌പെന്‍ഷന്‍ കുറച്ചുകൂടി മികച്ചതാക്കാമായിരുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം.

ബൈക്കിന്റെ എടുത്ത് പറയാവുന്ന പ്ലസ് അതിന്റെ റൈഡിംഗ് പൊസിഷനാണ്. വളരെ സുഖകരവും ഓപ്ഷണലുമായ ഫ്‌ലാറ്റ് ഹാന്‍ഡില്‍ ബാര്‍ സവാരികള്‍ കൂടുതല്‍ രസകരമാക്കും. സിറ്റി, പവര്‍ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകള്‍ ബൈക്കിലുണ്ട്. നിങ്ങള്‍ക്ക് 100kmph വേഗതയിലും 6000 ആര്‍പിഎമ്മിലും കൂടുതല്‍ പോകാന്‍ കഴിയില്ല. എന്നാല്‍ പവര്‍ മോഡില്‍ ബൈക്ക് ശരിക്കും സുഗമമായി സഞ്ചരിക്കുന്നു. 80-90 kmph ആണ് സ്വീറ്റ് സ്‌പോട്ട്.
ഞങ്ങള്‍ 120kmph വരെ വേഗതയില്‍ പോയെങ്കിലും ബൈക്കിന്റെ ഹാന്‍ഡ്‌ലിംഗും സ്റ്റബിലിറ്റിയും നന്നായിരുന്നു. 2025 യെസ്ഡി റോഡ്‌സ്റ്ററിന്റെ ഗിയറിംഗും മെച്ചപ്പെടുത്തിയിട്ടുണ്ട്. 2nd, 3rd, 4th ഗിയറുകള്‍ റീകാലിബ്രേറ്റ് ചെയ്തതിനാല്‍ ടോര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ സുഗമമാക്കുന്നു. എഞ്ചിന്‍ നോക്കിംഗ് ഇല്ലാതെ സിറ്റിയിലൂടെ കുറഞ്ഞ വേഗതയില്‍ ഓടിക്കാന്‍ ഇത് അനുവദിക്കുന്നു. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.

റൈഡിനിടയില്‍ ബൈക്കിന്റെ ബ്രേക്കിംഗ് കാര്യക്ഷമത അനുഭവിച്ചറിയാനുള്ള ചില സാഹചര്യങ്ങള്‍ ഞങ്ങള്‍ക്കുണ്ടായി. ബെസ്റ്റ് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും അവ നന്നായി കൈകാര്യം ചെയ്യുകയും മതിയായ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 300 കിലോമീറ്ററിലധികം ഓടിച്ചതില്‍ നിന്ന് നല്ല അനുഭവമാണ് ഞങ്ങള്‍ക്ക് ഉണ്ടായത്.
വേരിയന്റുകളും വിലയും
2025 യെസ്ഡി റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ഒന്നിലേറെ വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഓരോന്നിനും വ്യത്യസ്ത കളര്‍, ഫിനിഷ് ഓപ്ഷനുകളും ഉണ്ട്. 2025 യെസ്ഡി റോഡ്‌സ്റ്റര്‍ വേരിയന്റുകളുടെ എക്‌സ്-ഷോറൂം വിലകള്‍ താഴെ നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്ന് മനസ്സിലാക്കാം.
| വേരിയന്റ് | വില (എക്‌സ്-ഷോറൂം) |
| സ്റ്റാന്‍ഡേര്‍ഡ് | ₹2,10,000 |
| ക്രോം | ₹2,13,000 |
| മാറ്റ് | ₹2,15,000 |
ഡെലിവറിയും എതിരാളികളും
2025 യെസ്ഡി റോഡ്‌സ്റ്റര്‍ ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള അംഗീകൃത യെസ്ഡി ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ലോഞ്ചിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350, ജാവ 42, ഹോണ്ട ഹൈനസ് CB350 എന്നിവയാണ് പ്രധാന എതിരാളികള്‍. ആധുനിക ഫീച്ചറുകള്‍, മികച്ച പെര്‍ഫോമന്‍സ്, മത്സരാധിഷ്ഠിത വില എന്നിവയുള്ള സ്‌റ്റൈലിഷും, പ്രായോഗികവുമായ ഒരു ക്രൂയിസര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2025 യെസ്ഡി റോഡ്‌സ്റ്റര്‍ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








