കംപ്ലീറ്റ് ഫാമിലി പാക്കേജ്! ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടർ റിവ്യൂ വായിക്കാം
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി 2011-ലാണ് രൂപീകരിച്ചത്. അവിടുന്നിങ്ങോട്ട് 13 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനികളില്‍ ഒന്നായി ഏഥര്‍ മാറി. 450 സീരീസ് ഉപയോഗിച്ച് ഏഥര്‍ പവര്‍-പാക്ക്ഡ് ഇലക്ട്രിക് ടൂവീലര്‍ ആഗ്രഹിക്കുന്നവരെ തങ്ങളിലേക്ക് അടുപ്പിച്ചു.
സ്‌പോര്‍ട്ടി ഇവികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഏഥര്‍ ഇപ്പോള്‍ കുടുംബങ്ങളെ ആകര്‍ഷിക്കാനായി ഒരു പുത്തന്‍ ഉല്‍പ്പന്നം പുറത്തിറക്കിയിരിക്കുകയാണ്. റിസ്ത എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കുടുംബങ്ങളുടെ ദെനംദിന ഉപയോഗത്തിന് പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറാണെന്നാണ് അവകാശപ്പെടുന്നത്. ഏഥര്‍ റിസ്ത കുടുംബങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് സ്‌കൂട്ടറാണോ?. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍ ഞങ്ങള്‍ ബാംഗ്ലൂരില്‍ വെച്ച് റിസ്ത ഓടിച്ച് നോക്കി. അതിന്റെ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

ഡിസൈനും ഫീച്ചറുകളും: റിസ്തയ്ക്ക് മുമ്പുള്ള ഏഥറിന്റെ സ്‌കൂട്ടറുകളെല്ലാം വലിപ്പത്തില്‍ ചെറുതായിരുന്നു. 450 സീരീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിസ്ത അല്‍പ്പം വലുതാണ്. തികച്ചും സാമ്പ്രദായിക രൂപകല്‍പ്പനയും ഉയരമുള്ള റൈഡര്‍മാര്‍ക്ക് പോലും മതിയായ ഇരിപ്പിടവും ഇത് വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്നവരെ ആകര്‍ഷിക്കുന്ന തരത്തിലാണ് റിസ്തയുടെ ഡിസൈന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഏഥര്‍ റിസ്ത ഇന്ന് നിരത്തില്‍ കാണപ്പെടുന്ന ഏതൊരു പരമ്പരാഗത സ്‌കൂട്ടറിനെയും പൊലെയാണ് കാണപ്പെടുന്നത്. പ്രത്യേകിച്ചും സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷന്‍ ആണെങ്കില്‍.
ഡ്യുവല്‍-ടോണില്‍ മാത്രമാണ് ഫ്രണ്ട് ഏപ്രണിന്റെ വൈറ്റ് സെക്ഷന്‍ ശരിക്കും വേറിട്ടുനില്‍ക്കുന്നതും ഫ്രണ്ട് ലൈറ്റിംഗ് സജ്ജീകരണമുള്ള ഹൊറിസോണ്ടല്‍ സ്ട്രിപ്പ് ഹൈലൈറ്റ് ചെയ്യുന്നതും. ഈ ഹൊറിസോണ്ടല്‍ ബാറില്‍ ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളും ടേണ്‍ സിഗ്‌നലുകളുമുള്ള ഹെഡ്ലൈറ്റ് സജ്ജീകരണവും ഉണ്ട്. റിസ്തയുടെ വശങ്ങളില്‍ നീളമുള്ള ഫുട്ബോര്‍ഡും സൈഡ് പാനലും കാണാം. ഹൊറിസോണ്ടല്‍ ബാര്‍ ആകൃതിയിലുള്ള ടെയില്‍ലൈറ്റുകള്‍ സ്‌കൂട്ടറിന്റെ വശങ്ങളിലേക്ക് നീളുന്നു.

വലിപ്പമേറിയ സീറ്റാണ് ഈ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. പില്യണ്‍ റൈഡറിന് ബാക്ക്റെസ്റ്റിനൊപ്പം തിരഞ്ഞെടുക്കാവുന്ന സിംഗിള്‍-പീസ് ഗ്രാബ്‌റെയ്‌ലുമുണ്ട്. 900 mm നീളമുള്ള സീറ്റിനടിയില്‍ 32 ലിറ്റര്‍ സംഭരണ ശേഷിയുണ്ട്. ഫുട്ബോര്‍ഡിനുള്ള ഓപ്ഷണല്‍ ഫ്‌ലെക്‌സിബിള്‍ ഫ്രങ്ക് ഉപയോഗിച്ച് സംഭരണ ശേഷി 22 ലിറ്റര്‍ കൂടി ഉയര്‍ത്താം. ഇതോടെ മൊത്തം 54 ലിറ്റര്‍ ലഗേജ് സ്‌പേസ് ലഭിക്കും.
ടെക് വിഭാഗത്തിലാണ് 450 സീരീസ് മോഡലുകളില്‍ നിന്ന് റിസ്തക്ക് വ്യത്യാസങ്ങളില്ലാത്തത്. റിസ്ത Z വേരിയന്റുകള്‍ക്ക് 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ ലഭിക്കുമ്പോള്‍ റിസ്ത S-ന് ഏഥര്‍ 450S-ല്‍ നിന്നുള്ള 'ഡീപ്വ്യൂ' എല്‍സിഡി സ്‌ക്രീന്‍ ലഭിക്കുന്നു.പ്രോ പാക്കേജ് തെരഞ്ഞെടുക്കുമ്പോള്‍ ഈ രണ്ട് ഡിസ്‌പ്ലേകളും നാവിഗേഷന്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍, ടോവ് ആന്‍ഡ് തെഫ്റ്റ് നോട്ടിഫിക്കേഷനുകള്‍, അലക്സാ സ്‌കില്‍സ് എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ലഭ്യമാകും.

Z വേരിയന്റുകള്‍ക്ക് ഗൂഗിള്‍ മാപ്സ്, വാട്ട്സ്ആപ്പ് പ്രിവ്യൂ, കോളുകള്‍ക്ക് ഓട്ടോ റീപ്ലേ നല്‍കാനുള്ള കഴിവ് എന്നിവ ലഭിക്കും.റിയര്‍ വീല്‍ സ്ലിപ്പ് കണ്ടെത്തുന്നതിന് സെന്‍സറുകള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ പുതിയ സ്‌കിഡ് കണ്‍ട്രോള്‍ സാങ്കേതികവിദ്യ ഏഥര്‍ റിസ്തയ്ക്ക് ലഭിക്കുന്നു. എമര്‍ജന്‍സി ബ്രേക്കിംഗില്‍ ബ്രേക്ക് ലൈറ്റ് ഫ്‌ലാഷ് ചെയ്യുന്ന സംവിധാനങ്ങളും സ്‌കൂട്ടര്‍ വീണാല്‍ മോട്ടോര്‍ കട്ട് ചെയ്യുന്ന ഏഥര്‍ ഫാള്‍ സേഫ് ഫീച്ചറും റൈഡ് കൂടുതല്‍ സുരക്ഷിതമാക്കുന്നു.
സ്‌പെസിഫിക്കേഷനുകള്‍: 2.9 kWh, 3.7 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിലാണ് റിസ്ത വാഗ്ദാനം ചെയ്യുന്നത്. ബേസ് 2.9 kWh ബാറ്ററി പായ്ക്ക് 123 കിലോമീറ്റര്‍ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് എട്ടര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 159 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം.

ഏഥര്‍ ഡ്യുവോ ചാര്‍ജര്‍ കണക്ട് ചെയ്യുമ്പോള്‍ ആറ് മണിക്കൂറും പത്ത് മിനിറ്റും കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP67 റേറ്റഡ് ബാറ്ററി പായ്ക്കുകള്‍ ഏഥര്‍ ഗ്രിഡ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. റിസ്തയുടെ ബാറ്ററി പായ്ക്കുകള്‍ അഞ്ച് വര്‍ഷത്തെ അല്ലെങ്കില്‍ 60,000 കി.മീ വാറണ്ടിയോടെയാണ് വരുന്നു. ഇത് 5.76 bhp പവറും 22 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു.
പുതിയ ഫാമിലി സ്‌കൂട്ടറര്‍ 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 450 സീരീസില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു അണ്ടര്‍ബോണ്‍ ഷാസി സജ്ജീകരണമാണ് ഏഥ റിസ്തയുടെ സവിശേഷത. ഇത് വലുതും വിശാലവുമായ സബ്ഫ്രെയിമുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത് മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കിലും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

90/90-12 (ഫ്രണ്ട്), 100/80-12 (റിയര്‍) എംആര്‍എഫ് ട്യൂബ്ലെസ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് റിസ്ത സഞ്ചരിക്കുന്നത്. മുന്‍വശത്ത് 200 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രമ്മും ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നു. കോമ്പി ബ്രേക്കിംഗ് സജ്ജീകരണവുമുണ്ട്. 1,850 mm നീളവും 750 mm വീതിയും 1,140 mm ഉയരവുമുള്ള റിസ്തക്ക് 1,285 mm വീല്‍ബേസുമുണ്ട്. 165 mm ഗ്രൗണ്ട് ക്ലിയറന്‍സും 400 mm വാട്ടര്‍ വേഡിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നു.
റൈഡിംഗ് ഇംപ്രഷന്‍സ്: സ്മാര്‍ട്ട് ഇക്കോ, സിപ്പ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളാണ് ഏഥര്‍ റിസ്തയില്‍ വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ഇക്കോ മികച്ച ഇനീഷ്യല്‍ പുള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഉയര്‍ന്ന വേഗതയില്‍ എത്തുമ്പോള്‍ അത് മങ്ങുന്നു. ഇത് നഗരങ്ങളിലെ ഉപയോഗത്തിന് പറ്റിയ ഓപ്ഷനാക്കി മാറ്റുന്നു. റിസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ ഏറ്റവും നന്നായി അനുഭവിച്ചറിയാനും കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താണും ബെസ്റ്റ് സിപ്പ് മോഡാണ്.

ലീനിയാര്‍ ആക്‌സിലറേഷനില്‍ ഉയര്‍ന്ന സ്പീഡില്‍ പോലും പവര്‍ കുറയുന്നതായി അനുഭവപ്പെടുന്നില്ല. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ എത്തുമ്പോള്‍ പോലും റിസ്തയ്ക്ക് ഇതിലും വേഗത്തില്‍ പോകാനാകുമെന്ന് നിങ്ങള്‍ക്ക് തോന്നും. റൈഡിനിടെയില്‍ റിസ്തയ്ക്ക് സ്ഥിരത പുലര്‍ത്തുന്നുണ്ട്. മുന്‍വശത്തെ സസ്പെന്‍ഷന്‍ പിന്നിലെ സജ്ജീകരണത്തേക്കാള്‍ അല്‍പ്പം സോഫ്റ്റായി അനുഭവപ്പെട്ടു. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ റിസ്ത കുണ്ടും കുഴികളും അനായാസമായി കൈകാര്യം ചെയ്യുന്നതായി തോന്നി.
സ്ലിപ്പറി സാഹചര്യങ്ങളില്‍ സ്‌കിഡ് കണ്‍ട്രോള്‍ സിസ്റ്റം അതിന്റെ മാജിക് പ്രകടമാക്കി. അത് പവര്‍ ലെവലുകള്‍ മോഡുലേറ്റ് ചെയ്യുകയും പവര്‍ പൂര്‍ണമായും വിച്ഛേദിക്കുകയും ചെയ്തു. ബ്രേക്കിംഗ് അല്‍പ്പം കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന് തോന്നി. കോംബി-ബ്രേക്കിംഗ് സിസ്റ്റം നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കിലും രണ്ട് റൈഡര്‍മാര്‍ക്കൊപ്പം റിസ്തയുടെ ബ്രേക്കുകള്‍ക്ക് അല്‍പ്പം ബലഹീനത അനുഭവപ്പെട്ടു. റിസ്ത ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് ഏഥര്‍ ഈ ന്യൂനത പരിഹരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. റീജന്‍ സിസ്റ്റത്തിനും അല്‍പ്പം മെച്ചപ്പെടുത്തലുകള്‍ ആവശ്യമായി തോന്നി.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: റിസ്തയിലൂടെ ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഏഥര്‍. ദൈനംദിന ഉപയോഗങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് തേടുന്നവര്‍ക്ക് ആവശ്യമായ മുറുമുറുപ്പും റേഞ്ചും സ്‌പെയ്‌സുമെല്ലാം ഏഥര്‍ റിസ്ത ഓഫര്‍ ചെയ്യുന്നു. ഇവി ഓടിച്ച് ഞങ്ങള്‍ക്ക് അനുഭവപ്പെട്ട കുറവുകള്‍ ഏഥര്‍ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. താങ്ങാവുന്ന വിലയില്‍ കുടുംബത്തിന് പറ്റിയ ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ റിസ്ത.


Click it and Unblock the Notifications








