പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് കിടിലനായിട്ടുണ്ട്; ഹാര്‍ലി ഡേവിഡ്‌സണ്‍ X440 T റിവ്യൂ വായിക്കാം
വര്‍ഷങ്ങള്‍ക്ക് മുമ്പ് 150CC ബൈക്കുകള്‍ എങ്ങനെയായിരുന്നോ, അതുപോലെ വൈവിധ്യമാര്‍ന്നതായി മാറിയിരിക്കുകയാണ് 400CC മോട്ടോര്‍സൈക്കിള്‍ വിഭാഗം. ഹീറോ മോട്ടോകോര്‍പ്പും ഹാര്‍ലി ഡേവിഡ്‌സണും ചേര്‍ന്ന് പുതുതുതായി അവതരിപ്പിച്ച മോട്ടോര്‍സൈക്കിളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 T. റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി പഴയ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങള്‍ ഇതില്‍ വരുത്തിയിട്ടുണ്ട്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440 T കൂടുതല്‍ ആകര്‍ഷകമായ സ്‌റ്റൈലിംഗും, മികച്ച ഇലക്ട്രോണിക് സംവിധാനങ്ങളോടും കൂടിയാണ് വരുന്നത്.
2023-ല്‍ പുറത്തിറക്കിയ X440 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബൈക്ക്. മോഡേണ്‍-റെട്രോ റോഡ്സ്റ്റര്‍ ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇത് വരുന്നത്. കഴിഞ്ഞ ദിവസം ഹാര്‍ലി ഡേവിഡ്‌സണ്‍ X440 T എങ്ങിനെയുണ്ടെന്ന് അറിയാനായി അത് ഓടിച്ച് നോക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു. റോഡില്‍ ഈ ബൈക്കിന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് അറിയാനായി വിശദമായ റൈഡ് റിവ്യൂ ചുവടെ വായിക്കാം.

ഡിസൈന്‍
മുന്‍ മോഡലിനെ അപേക്ഷിച്ച് X440 T-യില്‍ 72 വ്യത്യസ്ത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വയറിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണ് പ്രധാനപ്പെട്ട ഒരുമാറ്റം. ഇത് ബൈക്കിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പും, ഡിആര്‍എല്ലും റോഡ്സ്റ്റര്‍ ലുക്കിന് മിഴിവേകുന്നു. കൃത്യമായി രൂപകല്‍പ്പന ചെയ്ത മെറ്റല്‍ ഫെന്‍ഡര്‍ ബൈക്കിന് കൂടുതല്‍ ആകര്‍ഷണവും നല്‍കുന്നുണ്ട്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബാഡ്ജിംഗും ശ്രദ്ധേയമാണ്.
ഹാര്‍ലി ഡേവിഡ്‌സണ്‍ XR 1200-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് ഇതിന്റെ ഡിസൈന്‍. ഫ്യുവല്‍ ടാങ്ക്, ടെയില്‍ സെക്ഷന്‍ എന്നിവ ഇതിന് ഉദാഹരണമാണ്. 18-ഇഞ്ച് മുന്‍ വീലും, 17-ഇഞ്ച് പിന്‍ വീലും ഇതിനുണ്ട്. 320mmഫ്രണ്ട് ഡിസ്‌ക് ബ്രേക്കാണ് ബ്രേക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. 130mmട്രാവലുള്ള 43mmഅപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന്റെ ഭാഗമായുള്ളത്. ഗ്യാസ്-ചാര്‍ജ്ഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നില്‍ നല്‍കിയിരിക്കുന്നു. 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റും ഇതിന്റെ പ്രത്യേകതയാണ്.

മാറ്റങ്ങള്‍
മെച്ചപ്പെട്ട താപ നിയന്ത്രണമുള്ള എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ബൈക്കിലെ ശ്രദ്ധേയമായ മാറ്റം. ഹാര്‍ലി ഡേവിഡ്‌സണ്‍ X440-ല്‍ ഉപയോഗിച്ചിട്ടുള്ള അതേ എഞ്ചിനാണ് ഈ ബൈക്കിലും ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഗ്രാഫിക്‌സോട് കൂടിയ ഫ്യുവല്‍ ടാങ്ക് XR 1200-ന്റെ ബാഡ്ജിംഗിനെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ബൈക്കിന് വളരെ മനോഹരമായ രൂപം നല്‍കുന്നു. റൈഡര്‍മാര്‍ക്ക്, മികച്ച കംഫര്‍ട്ട് നല്‍കുന്ന വലിയ സീറ്റാണ് ഇതിലുള്ളത്. ഗോവയിലെ വിവിധ റോഡുകളില്‍ 60-70 കിലോമീറ്റര്‍ ദൂരം ഇത് പരീക്ഷിച്ചു.
ഹൈവേകളിലും, ചെറിയ റോഡുകളിലും, കുഴികളുള്ള സ്ഥലങ്ങളിലും ഇത് മികച്ച പ്രകടനം കാഴ്ചവെച്ചു.
പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ സെക്ഷന്‍ ബൈക്കിന്റെ മൊഞ്ച് കൂട്ടിയിട്ടുണ്ട്. ബ്രേക്ക് ലൈറ്റും, ഇന്‍ഡിക്കേറ്ററുകളും ആധുനിക രൂപം നല്‍കുന്നു. മുന്‍ മോഡലുകളില്‍ ഉണ്ടായിരുന്ന ചില പോരായ്മകള്‍ പരിഹരിക്കാന്‍ ഇത് സഹായിച്ചു. റൈഡിംഗ് പൊസിഷന്‍ കൂടുതല്‍ സുഖകരമാക്കുന്നതിന് വീതിയുള്ള ഹാന്‍ഡില്‍ ബാര്‍ നല്‍കിയിരിക്കുന്നു.

മുമ്പത്തെ സാധാരണ മിററുകള്‍ക്ക് പകരം, ഇപ്പോള്‍ ബാര്‍-എന്‍ഡ് മിററുകളാണ് നല്‍കിയിരിക്കുന്നത്. ഇത് മികച്ച കാഴ്ച നല്‍കുന്നതോടൊപ്പം ബൈക്കിന്റെ റോഡ്സ്റ്റര്‍ ശൈലിക്ക് യോജിക്കുന്നു. 3.5-ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ ക്രമീകരണങ്ങള്‍, റൈഡിംഗ് മോഡ് സെലക്ഷന്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നു. ഇത് ആവശ്യമായ എല്ലാ റൈഡിംഗ് ഡാറ്റയും വ്യക്തമായി റൈഡര്‍ക്ക് നല്‍കുന്നു.
എഞ്ചിനും ഷാസിയും
Harley-Davidson X440 T-യില്‍ 440cc, സിംഗിള്‍-സിലിണ്ടര്‍, എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 27 bhp പവറും, 4,000 ആര്‍പിഎമ്മില്‍ 38 Nmപീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കുറഞ്ഞ വേഗതയില്‍ പോലും കൂടുതല്‍ ടോര്‍ക്ക് നല്‍കാന്‍ ഈ എഞ്ചിന് കഴിയും. ഇത് സ്പീഡ് ബ്രേക്കറുകളിലൂടെയും, കുഴികളിലൂടെയും എളുപ്പത്തില്‍ ഓടിക്കാന്‍ സഹായിക്കുന്നു. ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ മികച്ച സറ്റോപ്പിംഗ് പവര്‍ നല്‍കുന്നു.

ഓഫ്-റോഡ് യാത്രകള്‍ക്ക്, റിയര്‍ ABS ഓഫ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കരുത്തുറ്റ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് ഈ മോട്ടോര്‍സൈക്കിള്‍ വരുന്നത്. 43mm KYB അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും,അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ ഷോക്കുകളും മികച്ച നിയന്ത്രണം നല്‍കുന്നു. 192 കിലോഗ്രാം ഭാരമുള്ളതിനാല്‍, ഈ ബൈക്ക് വളരെ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
റൈഡിംഗ് ഇംപ്രഷന്‍
ഗോവയില്‍ നടത്തിയ ടെസ്റ്റ് റൈഡുകളില്‍, X440 T വിവിധതരം റോഡുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ചെറിയ റോഡുകളിലും, വിശാലമായ വഴികളിലും, ട്രാഫിക് നിറഞ്ഞസ്ഥലങ്ങളിലും ബൈക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. തിരക്കേറിയപ്രദേശങ്ങളില്‍ പോലും എഞ്ചിന്‍ ചൂടായില്ല.
ഈ ബൈക്കിന്റെ വേഗതയും, മികച്ച നിയന്ത്രണവും, ട്രാഫിക്കിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നു. ആക്സിലറേഷനും വളരെ മികച്ച രീതിയില്‍ ലഭിക്കുന്നു. നഗരങ്ങളിലും, മറ്റു റോഡുകളിലും ഇത് മികച്ച പ്രകടനം കാഴ്ചവെച്ചു.

ഹൈവേകളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് സാധിച്ചു. എന്നാല്‍ 100-110 kmph വേഗതയില്‍ സ്ഥിരതയോടെ സഞ്ചരിക്കുന്നത് വളരെ സുഖകരമാണ്. മണിക്കൂറില്‍ 120 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ചെറിയ രീതിയിലുള്ള അസ്ഥിരത അനുഭവപ്പെട്ടു. എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കിലും, നടപ്പാക്കിയ നിരവധി ചെറിയ മാറ്റങ്ങള്‍ പഴയ X440-നെക്കാള്‍ മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.
പ്ലാസ്റ്റിക് സൈഡ് പ്ലേറ്റുകള്‍ക്ക് പകരം, ഇപ്പോള്‍ മെറ്റല്‍ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്, ഇത് ശബ്ദം ഒഴിവാക്കുന്നു. Harley-Davidson X440 T നിരവധി ഫീച്ചറുകളോട് കൂടിയാണ് പുറത്തിറങ്ങുന്നത്. ഇതില്‍ സ്വിച്ചബിള്‍ ABS, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുണ്ട്. റൈഡിംഗ് മോഡുകള്‍ മോഡേണ്‍ റൈഡര്‍മാരെ കൂടുതല്‍ ആകര്‍ഷിക്കുന്നു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
ദിവസേനയുള്ള യാത്രകള്‍ക്ക്,ഒരു നല്ലറെട്രോ റോഡ്സ്റ്റര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ബൈക്ക് തിരഞ്ഞെടുക്കാവുന്നതാണ്. പഴയ മോഡലുകളില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം ഇതില്‍ പരിഹരിച്ചിട്ടുണ്ട്. നാല് ആകര്‍ഷകമായകളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. Harley-Davidson X440 T-യുടെ എക്‌സ്-ഷോറൂം വില 2,79,500 രൂപയാണ്. X440 വിവിഡിന് 2,34,500 രൂപയും, X440 S-ന് 2,54,900 രൂപയുമാണ് വില. ഈ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്.


Click it and Unblock the Notifications








