ആക്ടിവയുടെ സല്‍പ്പേര് കാക്കുന്നുണ്ടോ ഇലക്ട്രിക് അവതാരം; റിവ്യൂ വിശേഷങ്ങള്‍ വായിക്കാം...
വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ നവംബറില്‍ ഹോണ്ട ആക്ടിവ ഇ, QC1 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. തങ്ങളുടെ ആദ്യ ഇലക്ട്രിക് ഓഫറിംഗിന് ഐതിഹാസികമായ 'ആക്ടിവ' നെയിംപ്ലേറ്റ് സമ്മാനിക്കാനുള്ള തീരുമാനം ഹോണ്ട മനപ്പൂര്‍വം എടുത്തത് തന്നെയായിരുന്നു. 2025 ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വെച്ച് ഹോണ്ട ഈ ഇലക്ട്രിക് ആക്ടിവയുടെ വില പ്രഖ്യാപിച്ചു, ആക്ടിവ ഇ ബേസ് വേരിയന്റിന് 1.17 ലക്ഷം രൂപയും റോഡ്സിങ്ക് ഡ്യുവോ പതിപ്പിന് 1.52 ലക്ഷം രൂപയുമായിരുന്നു വില നിശ്ചയിച്ചത്. എക്‌സ്‌ഷോറൂം വിലകളാണിത്.
തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഹോണ്ട ആക്ടിവ ഇ ലഭ്യമാകുക. കഴിഞ്ഞ ദിവസം ഉദ്യാന നഗരമായ ബാംഗ്ലൂരില്‍ വെച്ച് പുതിയ ഇലക്ട്രിക് ആക്ടിവ ഓടിച്ച് നോക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. പുതിയ ഇലക്ട്രിക് ആക്ടിവ എങ്ങനെയുണ്ടെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും താല്‍പര്യമുണ്ടാകും. ഏതാനും സമയം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ച് നോക്കിയതില്‍ നിന്ന് ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

ഡിസൈനും സവിശേഷതകളും: ഭാവിയിലെ ആക്ടിവ എങ്ങിനെയുണ്ടാകുമോ അതേ രീതിയിലാണ് ആക്ടിവ ഇവി കാണപ്പെടുന്നത്. മിനിമലിസ്റ്റിക്കായ രീതിയില്‍ പണികഴിപ്പിച്ച ഫ്യൂച്ചര്‍ ആക്ടിവ പോലെയാണ് ഇവിയുടെ രൂപകല്‍പ്പന. ആംങ്കുലാര്‍ ഡിആര്‍എല്‍ മുകളിലും എല്‍ഇഡി ഹെഡ്ലൈറ്റും ഫ്രണ്ട് ഇന്‍ഡിക്കേറ്ററുകളും ഫ്രണ്ട് ആപ്രണിന്റെ താഴെയുമായി സ്ഥാനം പിടിച്ചിരിക്കുന്ന ഹോണ്ട ആക്ടിവ ഇയുടെ മുന്‍വശം ഷാര്‍പ്പായാണ് കാണപ്പെടുന്നത്. ഇതിന് കീഴില്‍ ബോഡി-കളര്‍ ഫ്രണ്ട് ഫെന്‍ഡര്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍, 12 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീല്‍ എന്നിവയുണ്ട്.
ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ മാറ്റിനിര്‍ത്തിയാല്‍ വശങ്ങളിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍ റിയര്‍ ലൈറ്റുകള്‍ക്ക് അടുത്തായി ആക്ടിവ ഇ ബാഡ്ജിംഗ് ഉള്ള ഫ്‌ലഷ് സൈഡ് പാനലുകള്‍, പില്യണിനുള്ള ഫ്‌ലഷ് ഫുട്റെസ്റ്റുകള്‍, ഡ്യുവല്‍-ടോണ്‍ സീറ്റ്, പിന്നില്‍ സിംഗിള്‍ പീസ് ഗ്രാബ്ഹാന്‍ഡില്‍ എന്നിവയാണ്. റിയര്‍ സസ്പെന്‍ഷന്‍ സ്വിംഗാര്‍ം-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്നു.

പിന്നിലെ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം ആക്ടിവ ഇയുടെ ഫ്യൂച്ചറിസ്റ്റിക് ലുക്ക് ഉയര്‍ത്തുന്നു. പേള്‍ ഷാലോ ബ്ലൂ, പേള്‍ സെറനിറ്റി ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിലാണ് ആക്ടിവ ഇ ലഭ്യമാകുന്നത്. ടോപ്പ്-സ്‌പെക്ക് ഹോണ്ട ആക്ടിവ ഇയില്‍ വലിയ 7 ഇഞ്ച് കളര്‍ എല്‍സിഡി ഉള്‍പ്പെടുന്നു.
ഇത് ഇടതുവശത്തുള്ള സ്വിച്ച് ഗിയറിലെ ജോയിസ്റ്റിക്കും ബട്ടണുകളും ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും. ബേസ് വേരിയന്റില്‍ 5 ഇഞ്ച് യൂണിറ്റ് ഉണ്ട്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ അനുവദിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, ഹോണ്ടയുടെ റോഡ്സിങ്ക് ഡ്യുവോ ആപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തനക്ഷമമാക്കിയ ജിയോഫെന്‍സിംഗും മറ്റ് സവിശേഷതകളും സഹിതം കോള്‍, എസ്എംഎസ് അലേര്‍ട്ടുകളും സ്‌ക്രീന്‍ പിന്തുണയ്ക്കുന്നു. ഡേ, നൈറ്റ് മോഡുകള്‍ മികച്ചതാണെങ്കിലും ഇത് ഹൈ റെസല്യൂഷന്‍ പാനല്‍ ആയിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്ന് തോന്നി.

ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് കീ സജ്ജീകരണവും ലഭിക്കുന്നു. റിമോട്ടായി ആക്ടിവ ഇ കണ്ടെത്താനും അണ്‍ലോക്ക് ചെയ്യാനും സുരക്ഷിതമാക്കാനും സ്റ്റാര്‍ട്ട് ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു. പ്രായോഗികതയുടെ കാര്യത്തില്‍ ഹോണ്ട ആക്ടിവ ഇ അതിന്റെ ഐസിഇ സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മുന്‍വശത്തെ ആപ്രോണില്‍ രണ്ട് ചെറിയ സ്റ്റോറേജ് സ്പെയ്സുകള്‍ ഉണ്ട്.
ഒരു യുഎസ്ബി സി ചാര്‍ജിംഗ് പോര്‍ട്ടും ഒരു ലഗേജ് ഹുക്കും നല്‍കിയിരിക്കുന്നു. സീറ്റ് തുറന്നാല്‍ നിങ്ങള്‍ക്ക് നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ഒരുപാട് സ്ഥലം കൈയ്യടക്കിയിരിക്കുന്നു. ടൂള്‍കിറ്റ് ഇരിക്കുന്നതിനാല്‍ ശേഷിക്കുന്ന ചെറിയ സ്റ്റോറേജ് സ്പെയ്സില്‍ ഒരു ചെറിയ വാട്ടര്‍ ബോട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ പ്രായോഗികത തേടുന്ന ഉപഭോക്താക്കള്‍ ആക്ടിവ ഇ പരിഗണിക്കണമോയെന്ന് രണ്ട് വട്ടം ആലോചിക്കുക.

മോട്ടോര്‍ & മെക്കാനിക്കലുകള്‍: നീക്കം ചെയ്യാവുന്ന 1.5kWh ബാറ്ററി പായ്ക്കുകളാണ് ഹോണ്ട ആക്ടിവ ഇയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആക്ടിവ ഇ ഒറ്റ ചാര്‍ജില്‍ 102 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ വളരെ വേഗതയേറിയതാണ് ബാറ്ററി സ്വാപ്പിംഗ് എന്ന വസ്തുത അഭിനന്ദനാര്‍ഹമാണെങ്കിലും ബാറ്ററി പായ്ക്കുകള്‍ അല്‍പ്പം ഭാരമുള്ളവയാണെന്ന് ഓര്‍മിപ്പിക്കുന്നു. മാത്രമല്ല ഇവ വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല.
സ്വാപ്പ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്ന ചാര്‍ജിംഗ് സജ്ജീകരണത്തിന് സമാനമായ ഒരു ഹോം ചാര്‍ജിംഗ് സൊല്യൂഷന്‍ ഉപയോഗിച്ച് ഈ ഒരു ന്യൂനത പരിഹരിക്കാവുന്നതേയുള്ളൂ. 6kW (8.04bhp) പവറും 22 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഒരു സ്വിംഗാര്‍ം-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇവിയുടെ ശക്തി. ആക്ടിവ ഇ 7.3 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടോപ് സ്പീഡ്.
ഇക്കോണ്‍, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നത് എളുപ്പമാക്കുന്ന റിവേഴ്സ് മോഡും ഇതില്‍ ഉള്‍പ്പെടുന്നു. ആക്ടിവ ഇയില്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 3-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് മോണോഷോക്ക് സജ്ജീകരണവുമുണ്ട്.
90/90 (മുന്‍വശത്ത്), 110/80 (പിന്‍വശത്ത്) ടയറുകള്‍ ഘടിപ്പിച്ച 12 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളിലാണ് ആക്ടിവ ഇ ഓടുന്നത്. 160 mm ഡിസ്‌ക് (ബേസ് വേരിയന്റിനുള്ള ഡ്രം), പിന്നില്‍ 130 mm ഡ്രം എന്നിവയാണ് ബ്രേക്കിംഗ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. ഹോണ്ട ആക്ടിവ ഇയ്ക്ക് 1,854 mm നീളവും 700 mm വീതിയും 1,125 mm ഉയരവും 1,310 mm വീല്‍ബേസും ഉണ്ട്.

ആക്ടിവ ഇയ്ക്ക് 119 കിലോഗ്രാം ഭാരമാണുള്ളത് (ബേസ് ഡ്രം വേരിയന്റിന് 118 കിലോഗ്രാം). 171 mm ഗ്രൗണ്ട് ക്ലിയറന്‍സും 675 mm നീളമുള്ള സീറ്റും ഇത് വാഗ്ദാനം ചെയ്യുന്നു. ആക്ടിവ ഇയ്ക്ക് ഹോണ്ട 3 വര്‍ഷം/ 50,000 കിലോമീറ്റര്‍ വാറണ്ടി വാഗ്ദാനം ചെയ്യുന്നു.
റൈഡിംഗ് ഇംപ്രഷനുകള്‍: ഐസിഇ സഹോദരങ്ങള്‍ക്ക് സമാനമായ സവാരിയാണ് ആക്ടിവ ഇ പ്രധാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് റൈഡിംഗ് മോഡില്‍ ഇത് തിരക്കില്ലാത്തതും എന്നാല്‍ സുഗമവുമായ റൈഡിംഗ് അനുഭവം സമ്മാനിക്കുന്നു. റൈഡിംഗ് മോഡുകളില്‍ ഏറ്റവും മികച്ചതായി തോന്നിയത് സ്‌പോര്‍ട് മോഡ് ആണ്. എന്നാല്‍ ഇത് ചാര്‍ജ് വളരെ പെട്ടെന്ന് തീര്‍ക്കുന്നു. വളരെ കുറഞ്ഞ ചാര്‍ജില്‍ ഓടണമെന്നുള്ളവര്‍ക്ക് ഇക്കോണ്‍ മോഡ് തെരഞ്ഞെടുക്കാവുന്നതാണ്.

ബാംഗ്ലൂരിലെ മൂന്ന് മോഡുകളിലും സവാരി ചെയ്തപ്പോള്‍ ആക്ടിവ ഇയുടെ ചാര്‍ജ് വളരെ വേഗത്തില്‍ തീര്‍ന്നു. സജ്ജീകരണം നിങ്ങള്‍ക്ക് അനുയോജ്യമാക്കുന്നതിന് ഓരോ 70-75 കിലോമീറ്ററിലും സ്വാപ്പ് പോയിന്റുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. സ്വാപ്പിംഗ് പ്രക്രിയ ബുദ്ധിമുട്ടില്ലാത്തതാണെങ്കിലും ബാറ്ററി പായ്ക്കുകള്‍ക്ക് ഏകദേശം 10-15 കിലോഗ്രാം ഭാരം വരുമെന്നത് മനസ്സില്‍ വേണം. ബാറ്ററി സ്ലോട്ടില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുറംവേദന വരുമെന്ന കാര്യം ശ്രദ്ധിക്കുക.
വളരെ സുഖകരമായ സീറ്റില്‍ രണ്ട് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നത്ര നീളമുള്ളതാണ്. പിന്നിലുള്ള വ്യക്തിയുടെ പക്കല്‍ കുറച്ച് അധിക ലഗേജ് ഉണ്ടെങ്കില്‍ പോലും സവാരി സുഖകരമായിരിക്കും. സാധാരണ ഇന്ത്യന്‍ റൈഡറിന് എളുപ്പത്തില്‍ നിലത്ത് കാലൂന്നാന്‍ പാകത്തിന് താഴ്ത്തിയാണ് സീറ്റ് നല്‍കിയിരിക്കുന്നത്. സുഖകരമായ സീറ്റ് നന്നായി പാഡ് ചെയ്തിരിക്കുന്നു. എന്നാല്‍ ആക്ടിവ e യുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണം അല്‍പ്പം കൂടി നന്നായിരുന്നെങ്കില്‍ ട്രാഫിക്കില്‍ കുറച്ച് കൂടി സുഖകരമാകുമായിരുന്നു.

ആക്ടിവ ഇയുടെ ബ്രേക്കുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. 12 ഇഞ്ച് വീലുകള്‍ ഇലക്ട്രിക് ആക്ടിവയുടെ സ്റ്റബിലിറ്റിയും വര്‍ധിപ്പിക്കുന്നു. ധാരാളം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ ജോയ്സ്റ്റിക്കും ബട്ടണുകളും ഉപയോഗിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണ്. എന്നിരുന്നാലും, ഡിസ്‌പ്ലേയ്ക്കും സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമുള്ള സ്വിച്ച് ഗിയര്‍ ഉപയോഗിച്ച് ശീലമാക്കേണ്ടി വരും.
ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: മറ്റെല്ലാ ആക്ടിവയെയും പോലെ തന്നെ ഇത് നിരത്തിലൂടെ സഞ്ചരിക്കുന്നുവെങ്കിലും കുറഞ്ഞ സ്‌റ്റോറേജ് സ്‌പെയ്‌സും വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്തതും പോരായ്മയായി തോന്നുന്നു. ഇലക്ട്രിക് ആക്ടിവയുടെ അടുത്ത പതിപ്പില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചേക്കാം. നിങ്ങള്‍ ഹോണ്ട ആരാധകനാണെങ്കില്‍ ഇലക്ട്രിക് ആക്ടിവ വാങ്ങുന്നതിന് മുമ്പ് അടുത്ത് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.


Click it and Unblock the Notifications








