മിനിമലാണെങ്കിലും ആള് കൊള്ളാം! ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 റിവ്യൂ വായിക്കാം
കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണ് ഹസ്ഖ്‌വര്‍ണ. എഞ്ചിനുകളുടെ മുഴക്കവും ക്രോമിന്റെ തിളക്കവും ആധിപത്യം പുലര്‍ത്തുന്ന മോട്ടോര്‍സൈക്കിളുകളുടെ ലോകത്ത് ഒരു വിമതസ്വരമാണ് ഹസ്ഖ്‌വര്‍ണ സ്വാര്‍ട്ട്പിലന്‍ 401. നിയോ റെട്രോ സ്‌ക്രാംബ്ലര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. മോഡലിന്റെ 401 സീരീസ് ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.
2018-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2020-ല്‍ ഇന്ത്യയിലെത്തിയ അന്ന് മുതല്‍ നിയോ-റെട്രോ സ്‌ക്രാംബ്ലര്‍ ബൈക്ക് നിരവധി ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ബൈക്ക് പുതിയ തലമുറയിലേക്ക് എത്തുമ്പോള്‍ ബ്രാന്‍ഡിന് പ്രതീക്ഷകള്‍ ഏറെയാണ്. പുതിയ സ്വാര്‍ട്ട്പിലന്‍ 401 പരീക്ഷിച്ചറിയാന്‍ വേണ്ടി ഹസ്ഖ്‌വര്‍ണ ഞങ്ങളെ പൂണെയിലേക്ക് ക്ഷണിച്ചു. ബൈക്കിന്റെ റിവ്യൂ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

രൂപകല്‍പനയും സവിശേഷതകളും: സ്വാര്‍ട്ട്പിലന്‍ 401-ന്റെ ഡിസൈനിന്റെ കാര്യത്തില്‍ മിനിമലിസ്റ്റ് സമീപനമല്ല മറിച്ച് പ്രായോഗികതക്കാണ് കമ്പനി പ്രാധാന്യം കൊടുത്തിരിക്കുന്നത്. ബള്‍ക്കി ഫെയറിംഗുകളുടെയും ഓവര്‍ഡണ്‍ ബോഡി വര്‍ക്കിന്റെയും അധിക ഭാരം ഇത് ഇറക്കിവെക്കുന്നു. അതേസമയം ക്ലീന്‍ ലൈന്‍സിനൊപ്പം ഒരു തുറന്ന ട്രെല്ലിസ് ഫ്രെയിം ലഭിക്കുന്ന ബൈക്കിന് റോഡ് മാത്രമല്ല ഓഫ്-റോഡ് ഭൂപ്രദേശങ്ങളും ഒരുപോലെ കീഴടക്കാന്‍ കഴിയുന്ന ടയറുകള്‍ കമ്പനി നല്‍കിയിരിക്കുന്നു.
വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് സിംഗിള്‍ റൗണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന് റെട്രോ ചാരുതയേകുന്നു. പരിഷ്‌ക്കരിച്ച സൈഡ് പാനലുകളും പുതിയ ഒര്‍ണമെന്റ് വെസറും ലുക്കിന്റെ കാര്യത്തില്‍ ബൈക്കിനെ കൂടുതല്‍ പരുക്കനാക്കുന്നുണ്ട്. പഴയ മോഡലിലെ അണ്ടര്‍ബെല്ലി യൂണിറ്റിന് പകരം സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റും ബൈക്കിന്റെ സവിശേഷതയാണ്. നിയോണ്‍ യെല്ലോ സ്ട്രിപ്പിനൊപ്പം ബോള്‍ഡ് 401 ബാഡ്ജിംഗും ടാങ്കിന്റെ എടുപ്പ് വര്‍ധിപ്പിക്കുന്നു.

ഹസ്ഖ്‌വര്‍ണ സ്വര്‍ട്ട്പിലന്റെ നീളമേറിയ സീറ്റ് ടാങ്കിലേക്ക് നീണ്ടുകിടക്കുന്നു. ഏത് പരുക്കന്‍ പ്രതലവും കൈകാര്യം ചെയ്യാന്‍ പോന്ന മുതലാണെന്ന് അടിവരയിട്ടുകൊണ്ട് ഒരു പരുക്കന്‍ ഗ്രാബ് റെയില്‍ പിന്‍വശത്ത് സ്ഥാനം പിടിക്കുന്നു. കുറഞ്ഞ ബോഡി വര്‍ക്ക് കാരണം ബൈക്ക് വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ കൃത്യമായ ക്ലാസ് വെളിവാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഡിസൈനിലെ ലാളിത്യം ഈ മോട്ടോര്‍സൈക്കിളിനെ വേറിട്ട് നിര്‍ത്തുന്നുണ്ട്.
വലിപ്പവും സവിശേഷതകളും: കെടിഎമ്മില്‍ നിന്നുള്ള കസിന്‍ മോഡലായ ഡ്യൂക്ക് 390-ക്ക് തുടിപ്പേകുന്ന അതേ എഞ്ചിനാണ് ഈ ബൈക്കിലുമുള്ളത്. 399 സിസി, സിംഗിള്‍-സിലിണ്ടര്‍, DOHC എഞ്ചിന്‍ 45.6 bhp പവറും 39 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോഡിയാക്കുന്നു.171 കിലോഗ്രാം ഭാരമുള്ള സ്വാര്‍ട്ട്പിലന്‍ 401 അതിന്റെ ക്ലാസിലെ അല്‍പ്പം ഭാരമുള്ള മോട്ടോര്‍സൈക്കിളാണ്.

എന്നിരുന്നാലും സ്വാര്‍ട്ട്പിലന്‍ 401-ന് റേസര്‍-ഷാര്‍പ്പ് ഹാന്‍ഡ്ലിംഗുള്ളതിനാല്‍ ബൈക്കിന്റെ ചടുലത അനുഭവിച്ചറിയുക തന്നെ വേണം. പിറെല്ലി സ്‌കോര്‍പിയോണ്‍ റാലി എസ്ടിആര്‍ ടയറുകളുള്ള 17 ഇഞ്ച് വീലുകള്‍ ഓണ്‍-റോഡ് ഗ്രിപ്പും ഓഫ്-റോഡ് ശേഷിയും തമ്മില്‍ തികഞ്ഞ സന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. 820 mm ആണ് ബൈക്കിന്റെ സീറ്റ് ഉയരം. അതുകൊണ്ട് തന്നെ വിത്യസ്ത ഉയരമുള്ള റൈഡര്‍മാര്‍ക്ക് ഇത് ആക്സസ് ചെയ്യാന്‍ കഴിയും.
1,354 mm ആണ് വീല്‍ബേസ് അളവ്. പരുക്കന്‍ ഭൂപ്രദേശങ്ങള്‍ കീഴടക്കാന്‍ മതിയായ 177 mm ഗ്രൗണ്ട് ക്ലിയറന്‍സ് ഇതിന് ലഭിക്കുന്നു. 110/70 ഫ്രണ്ട്, 150/60 റിയന്‍ ടയറുകളാണ് 17 ഇഞ്ച് വീലുകളെ പൊതിയുന്നത്. 13.5 ലിറ്റര്‍ ആണ് ബൈക്കിന്റെ ഇന്ധന ടാങ്ക് ശേഷി. മുന്‍വശത്ത് 320 mm ഡിസ്‌കും പിന്നില്‍ 240 mm ഡിസ്‌കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു.

റൈഡിംഗ് ഇംപ്രഷനുകള്‍: സ്വര്‍ട്ട്പിലന്റെ 401 ബൈക്കിന്റെ ത്രോട്ടില്‍ നന്നായി കൊടുക്കുമ്പോള്‍ എഞ്ചിന്‍ ഗര്‍ജ്ജിക്കുന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ ഭാരം കുറഞ്ഞ ഷാസിയുടെ ബലത്തില്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കോര്‍ണറിംഗ് ചെയ്യാം. സസ്പെന്‍ഷന്‍ സജ്ജീകരണം എല്ലാ തടസങ്ങളെയും വകഞ്ഞുമാറ്റി സുഖകരവും ത്രില്ലിംഗുമായ റൈഡ് സാധ്യമാക്കുന്നു. ഷാര്‍പ്പായ ബ്രേക്കിംഗിന്റെ മികവില്‍ വേഗത്തിലും എളുപ്പത്തിലും വണ്ടി നിര്‍ത്താന്‍ സാധിക്കുന്നു.
സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുള്ളതിനാല്‍ അഗ്രസീവ് ഡൗണ്‍ഷിഫ്റ്റുകളുടെ സമയത്ത് സുരക്ഷിതത്വം അനുഭവിച്ചറിയാനാകും. ഇത് റിയര്‍-വീല്‍ ലോക്കപ്പ് തടയുകയും നിങ്ങളുടെ റൈഡ് ഒരു അപ്രതീക്ഷിത സ്റ്റണ്ട് ഷോയായി മാറുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. റൈഡര്‍ ട്രയാങ്കിള്‍ സുഖകരമാണ്. സീറ്റ് ടാങ്കുമായി ചേരുന്നതിനാല്‍ മുന്‍ ചക്രത്തിലേക്ക് ഭാരം കൂട്ടാന്‍ റൈഡറെ സഹായിക്കുന്നു. ഇതുവഴി ഓഫ്-റോഡിംഗ് സമയത്ത് സ്വര്‍ട്ട്പിലന്‍ ഒരു ബീസ്റ്റായി മാറുന്നു.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ഹസ്ഖ്‌വര്‍ണ സ്വര്‍ട്ട്പിലന്‍ 401 വെറുമൊരു മോട്ടോര്‍സൈക്കിളല്ലെന്ന് തന്നെ ഉറപ്പിച്ച് പറയാം. കാരണം നിങ്ങള്‍ അത് ഓടിക്കുമ്പോഴെല്ലാം മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ സഹായിക്കുകയും ചുറ്റുമുള്ളവരെല്ലാം നോക്കിനില്‍ക്കുന്ന സാഹചര്യവുമുണ്ടാക്കും. ഹസ്ഖ്‌വര്‍ണ സ്വര്‍ട്ട്പിലന്‍ 401 ബൈക്കിന്റെ മിനിമലിസ്റ്റ് ഡിസൈന്‍ എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടമായിക്കൊള്ളണമെന്നില്ല.
മികച്ച പെര്‍ഫോമന്‍സ്, ഹാന്‍ഡ്‌ലിംഗ് എന്നിവക്കൊപ്പം സ്‌റ്റൈലിഷും ത്രില്ലിംഗ് റൈഡിംഗ് എക്‌സ്പീരിയന്‍സും സമ്മാനിക്കുന്ന ഒരു ബൈക്ക് വേണമെന്ന് ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് പറ്റിയ ഓപ്ഷനാണ് ഇത്. കാഴ്ചയില്‍ മാത്രമല്ല ത്രില്ലിംഗ് അനുഭവം കൂടി സമ്മാനിക്കുന്ന ഈ മോഡല്‍ മോട്ടോര്‍സൈക്കിളുകളുടെ ലോകത്ത് ഒരു വിമതനായി തലയുയര്‍ത്തി നില്‍ക്കുന്നു. ഇടക്കാലത്ത് അല്‍പ്പം പിന്നാക്കം പോയെങ്കിലും സ്വീഡിഷ് വാഹന നിര്‍മാതാക്കള്‍ക്ക് ഈ ബൈക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








