'സ്‌കൂട്ടറുകളിലെ എസ്‌യുവി' യൂട്ടിലിറ്റിയില്‍ വേറെ ലെവലായി; റിവര്‍ ഇന്‍ഡി ജെന്‍ 3 റിവ്യു വായിക്കാം

ഫീച്ചറുകള്‍ക്ക് പിന്നാലെ പോകാതെ പ്രായോഗികതയ്ക്കും ലോഡ് ശേഷിക്കും പ്രാധാന്യം നല്‍കുന്ന ഒരു വേറിട്ട ഇലക്ട്രിക് സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി. മലയാളികള്‍ ഉടമകളായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവര്‍ മൊബിലിറ്റി 2003-ല്‍ പുറത്തിറക്കിയ തങ്ങളുടെ ജനപ്രിയ യൂട്ടിലിറ്റി സ്‌കൂട്ടറിന്റെ മൂന്നാം തലമുറ പതിപ്പായ ഇന്‍ഡി ജെന്‍ 3' അടുത്തിടെയാണ് വിപണിയില്‍ എത്തിച്ചത്. ബെംഗളൂരുവില്‍ 1.46 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ പുത്തന്‍ ഇവി സ്‌കൂട്ടര്‍ ലഭ്യമാക്കിയിട്ടുള്ളത്.

വിപണിയില്‍ നിലവിലുള്ള ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥര്‍ റിസ്ത തുടങ്ങിയ മുന്‍നിര മോഡലുകളോടാണ് റിവര്‍ ഇന്‍ഡി ജെന്‍ 3 പ്രധാനമായും മത്സരിക്കുന്നത്. ഈ പുത്തന്‍ സ്‌കൂട്ടര്‍ ഒരാഴ്ച ഉപയോഗിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ നിന്നും മനസിലാക്കിയ കാര്യങ്ങള്‍ അടക്കമുള്ള വിശദമായ റിവ്യൂ തുടര്‍ന്ന് വായിക്കാം.

river indie gen 3 review

പ്രധാന മാറ്റങ്ങള്‍

ജെന്‍ 3 പതിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മെക്കാനിക്കല്‍ മാറ്റം എന്നത് പഴയ ബെല്‍റ്റ് ഡ്രൈവിന് പകരം അത്യാധുനിക ചെയിന്‍ ഡ്രൈവ് (Chain Drive) സംവിധാനം ഉള്‍പ്പെടുത്തി എന്നതാണ്. ഈ പുതിയ സംവിധാനം മുമ്പത്തേക്കാള്‍ ഇരട്ടി ആയുസും മികച്ച പവറും സ്‌കൂട്ടറിന് നല്‍കുന്നുണ്ട്. ഈ പുതിയ ചെയിന്‍ ഒരൊറ്റ തവണ മാറ്റിയാല്‍ 20,000 കിലോമീറ്റര്‍ വരെ സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിലുള്ള ബെല്‍റ്റിന്റെ ലൈഫ് 10000 കിലോമീറ്റര്‍ മാത്രമാണ്.

കൂടാതെ മെയിന്റനന്‍സ് എളുപ്പമാക്കുന്നതിനായി ഊരിമാറ്റാന്‍ സാധിക്കുന്ന ഒരു പ്രത്യേക പാനലോടു കൂടിയ കവറിനുള്ളിലാണ് ഈ ചെയിന്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ ജെന്‍ 3 പതിപ്പിന്റെ ഭാരം 7 കിലോഗ്രാം കുറച്ച് 135 കിലോഗ്രാമായി കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്.

river indie gen 3 review

ഇവി സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 168 മില്ലീമീറ്ററില്‍ നിന്നും 177 മില്ലീമീറ്ററായി ഉയര്‍ത്തിയത് വഴി വലിയ സ്പീഡ് ബ്രേക്കറുകളെ എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ റിവര്‍ ഇന്‍ഡി ജെന്‍ 3 പതിപ്പില്‍ ഹില്‍-ഹോള്‍ഡ് അസിസ്റ്റ് ഫീച്ചര്‍ കമ്പനി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കയറ്റങ്ങളില്‍ ഇവി പിന്നോട്ട് ഉരുണ്ട് പോകാതിരിക്കാന്‍ ഈ അത്യാധുനിക സാങ്കേതികവിദ്യ സഹായിക്കും. കൂടുതല്‍ കൃത്യതയോടെ റേഞ്ച് കാണിക്കുന്ന പുതിയ ഡിസ്പ്ലേ, മികച്ച റോഡ് ഗ്രിപ്പ് നല്‍കുന്ന അപ്ഗ്രേഡ് ചെയ്ത ടയറുകള്‍, റൈഡ് സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്ന ആപ്പ് കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്. സിംഗിള്‍ ബട്ടണ്‍ റിവേഴ്‌സ് സംവിധാനവും കാസ്റ്റ് ഹാന്‍ഡ്ലാബാര്‍ കവറുകളും ഇതിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്നു.

river indie gen 3 review

മാറ്റമില്ലാത്തത്

റിവര്‍ ഇന്‍ഡി ജെന്‍ 3 മോഡലിന്റെ മോട്ടോര്‍ ഘടനയില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പരമാവധി 8.98 bhp പവറും 26 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.7kW മിഡ്-മൗണ്ടഡ് പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഈ മോട്ടോറിന് ഊര്‍ജ്ജം പകരുന്നത് ഉയര്‍ന്ന ശേഷിയുള്ള 4 kWh ബാറ്ററി പായ്ക്കാണ്. ഈ ഇലക്ട്രിക് സ്‌കൂട്ടറിറിന്റെ ഐഡിസി (IDC) റേഞ്ച് 163 കിലോമീറ്റർ ആണ്.

യഥാര്‍ത്ഥ റൈഡിംഗ് സാഹചര്യങ്ങളില്‍ റേഞ്ച് 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് ലഭിക്കുക. റേഞ്ച് ഓടിക്കുന്ന മോഡുകളെ കൂടി ആശ്രയിച്ചിരിക്കും. യൂട്ടിലിറ്റി ആവശ്യങ്ങള്‍ക്കായി സീറ്റിനടിയില്‍ 43 ലിറ്ററിന്റെ കൂറ്റന്‍ ബൂട്ട് സ്‌പേസും മുന്‍വശത്ത് ലോക്ക് ചെയ്യാവുന്ന 12 ലിറ്ററിന്റെ ഗ്ലോവ് ബോക്‌സും നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡും വലിയ സാധനങ്ങള്‍ കയറ്റി യാത്ര ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

river indie gen 3 review

ജെന്‍ 3 എങ്ങിനെയുണ്ട്?

നിരത്തിലിറക്കുമ്പോള്‍ വളരെ പരിചിതമായ റൈഡിംഗ് അനുഭവമാണ് റിവര്‍ ഇന്‍ഡി ജെന്‍ 3 (River Indie Gen 3) സമ്മാനിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്ന് വളരെ സുഗമമായി മുന്നോട്ട് എടുക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറിന്റെ മോട്ടോര്‍ മികച്ച റിഫൈന്‍മെന്റാണ് പ്രകടമാക്കുന്നത്. എല്ലാ സ്പീഡലും ശബ്ദം വളരെ കുറവാണെന്നത് ഇതിന്റെ മെക്കാനിക്കല്‍ സവിശേഷതയാണ്. വ്യത്യസ്ത സവിശേഷതകള്‍ പുലര്‍ത്തുന്ന മൂന്ന് റൈഡിംഗ് മോഡുകളാണ് ഈ സ്‌കൂട്ടറിലുള്ളത്.

ബാറ്ററി ചാര്‍ജ് വളരെ കുറവുള്ള സാഹചര്യങ്ങളിലും, വേഗത പരിധിയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളിലും, അടുത്തുള്ള കടകളില്‍ പോകാനും മാത്രം പറ്റിയ മോഡ് ആണ് എക്കോ. തിരക്കേറിയ സിറ്റി റോഡുകളില്‍ ഈ മോഡ് അല്‍പ്പം മന്ദഗതിയിലുള്ള അനുഭവമാണ് നല്‍കുക. സിറ്റിയിലൂടെയുള്ള യാത്രകള്‍ക്കും ദൈനംദജന ഓഫീസ് റൈഡുകള്‍ക്കും ഏറ്റവും അനുയോജ്യമായ മോഡ് ആണ് 'റൈഡ്'. മണിക്കൂറില്‍ 80 കിലോമീറ്റര്‍ ടോപ് സ്പീഡ് നല്‍കുന്ന ഈ മോഡില്‍ ഒറ്റ ചാര്‍ജില്‍ 90 കിമീ റേഞ്ച് ലഭിക്കും.

ഇതിന്റെ ത്രോട്ടില്‍ റെസ്പോണ്‍സ് വളരെ ലൈറ്റും സുഗമവുമാണ്. ഹെവി ട്രാഫിക്കില്‍ പോലും ഇവി സ്‌കൂട്ടര്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനും ഹൈവേകളില്‍ മികച്ച രീതിയില്‍ ഓവര്‍ടേക്ക് ചെയ്യാനും ഈ മോഡ് സഹായിക്കും.റേഞ്ചില്‍ ചെറിയൊരു കുറവ് വന്നാലും കൂടുതല്‍ വേഗതയും പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് റഷ് മോഡ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ടോപ് സ്പീഡ് വാഗ്ദാനം ചെയ്യുന്ന റഷ് മോഡില്‍ റേഞ്ച് 70 കിലോമീറ്ററായി കുറയും. ത്രോട്ടില്‍ റെസ്പോണ്‍സ് ഏറ്റവും ഷാര്‍പ്പായി അനുഭവപ്പെടുന്നത് ഈ മോഡിലാണ്.

റിവര്‍ ഇന്‍ഡി ജെന്‍ 3-യുടെ സസ്പെന്‍ഷന്‍ ഘടന നന്നായി ക്രമീകരിച്ചിട്ടുണ്ടെങ്കിലും അല്‍പ്പം ഫേം (Firm) അഥവാ കര്‍ക്കശമായ സ്വഭാവമുള്ളതാണ്. മുന്‍വശത്തെ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ചെറിയ രീതിയില്‍ ഫേം ആയി തോന്നുമ്പോള്‍, പിന്‍വശത്തെ ട്വിന്‍ ഷോക്കുകള്‍ ദൈനംദിന യാത്രകളില്‍ കുണ്ടും കുഴിയുമെല്ലാം ഒരു പരിധി വരെ തരണം ചെയ്യും. എന്നാല്‍ ഉയര്‍ന്ന വേഗതയില്‍ മോശം റോഡുകളിലൂടെ പോകുമ്പോള്‍ കുലുക്കം വ്യക്തമായി അറിയാം.

river indie gen 3 review

അതേസമയം, പില്യണ്‍ റൈഡര്‍ കൂടി ഉണ്ടാകുമ്പോള്‍ റിയര്‍ സസ്പെന്‍ഷനിന്റെ റൈഡ് ക്വാളിറ്റിയില്‍ പ്രകടമായ പുരോഗതി കാണാം.നല്ല വലിപ്പവും 135 കിലോഗ്രാം ഭാരവുമുണ്ടെങ്കിലും ഇന്‍ഡി ജെന്‍ 3 വിചാരിച്ചതിലും കൂടുതല്‍ ചടുലതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ട്രാഫിക്കിനിടയിലൂടെ എളുപ്പത്തില്‍ വെട്ടിത്തിരിച്ചു പോകാന്‍ ഇതിന് സാധിക്കുന്നുണ്ട്. എന്നാല്‍ 14 ഇഞ്ച് വലിയ വീലുകളും നീളമുള്ള വീല്‍ബേസും ഉണ്ടായിരുന്നിട്ടും, സ്പീഡോമീറ്ററില്‍ വേഗത 80 kmph മുകളിലെത്തിയാല്‍ ചെറിയ അസ്ഥിരത അനുഭവപ്പെടുന്നുണ്ട്.

മുന്‍വശത്തും പിന്‍വശത്തും 200 mm ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. ഇതിനൊപ്പം കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ബ്രേക്കിന് മികച്ച ബൈറ്റും ഫീലുമുണ്ട്. എന്നാല്‍ റിയര്‍ ബ്രേക്ക് എന്‍ഗേജ് ചെയ്യുമ്പോള്‍ ഫ്രണ്ട് ഡൈവ് ചെയ്യുന്നത് പോലെ അനുഭവപ്പെടുന്നു. ഇത് സിബിഎസ് കാലിബ്രേഷന്റെ പോരായ്മയാണ്. ഈ വില നിലവാരത്തിലുള്ള ഒരു സ്‌കൂട്ടറില്‍ ഇക്കാര്യം കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്.

river indie gen 3 review

കൂടാതെ, വാഹനത്തിന്റെ വേഗത കുറയുമ്പോള്‍ ഊര്‍ജ്ജം തിരികെ നല്‍കുന്ന അഡാപ്റ്റീവ് റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ഇതിലുണ്ട്. സീറ്റും ഫ്‌ലോര്‍ബോര്‍ഡും തമ്മിലുള്ള ദൂരം കുറവായതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ അല്‍പ്പം ഉയര്‍ന്ന നിലയിലായിരിക്കും (Knees-up posture). എന്നാല്‍ മുന്‍വശത്ത് നല്‍കിയിരിക്കുന്ന ഫൂട്ട്പെഗുകളിലേക്ക് കാല്‍ മാറ്റിവെക്കുന്നതിലൂടെ കൂടുതല്‍ റിലാക്‌സ്ഡ് ആയ റൈഡിംഗ് പൊസിഷന്‍ ലഭിക്കും.

ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഹാന്‍ഡില്‍ബാറും സീറ്റും സജ്ജീകരിച്ചിരിക്കുന്നത്. 400W, 750W എന്നിങ്ങനെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകളാണ് റിവര്‍ ഇന്‍ഡി ജെന്‍ 3 മോഡലില്‍ ലഭ്യമാകുന്നത്. ഇതിലെ 750W ഓപ്ഷണല്‍ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 3 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂറിലധികം സമയമെടുക്കും.

കമ്പനിയുടെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറിന്റെ വേഗതക്കുറവ് ഈ സ്‌കൂട്ടറിന്റെ ഒരു പോരായ്മയാണ്. ഫാസ്റ്റ് ചാര്‍ജര്‍ വേഗതയേറിയതാണെങ്കിലും, അതിന്റെ കേബിളിന് നീളം കുറവാണെന്നതും ഒരു പരിമിതിയാണ്. കൂടാതെ ചാര്‍ജിംഗ് പോര്‍ട്ട് മറ്റ് പ്രമുഖ ഇവി ബ്രാന്‍ഡുകളുടെ ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖലകളുമായി പൊരുത്തപ്പെടുന്ന രീതിയിലല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്

വലിയ സ്റ്റോറേജ് സൗകര്യവും മികച്ച മെക്കാനിക്കല്‍ കരുത്തും ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്രാക്ടിക്കല്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് റിവര്‍ ഇന്‍ഡി ജെന്‍ 3. സിറ്റി റൈഡുകള്‍ക്ക് ഇത് ഏറെ അനുയോജ്യമാണ്. ഇന്ന് കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന് വിളിപ്പേരുള്ള റിവര്‍ ഇന്‍ഡി ലഭ്യമാണ്.

river indie gen 3 review

വരും മാസങ്ങളില്‍ സര്‍വീസ് ശൃംഖല കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രാദേശിക വിപണിയിലും ഈ വാഹനത്തിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കും. ഇതോടൊപ്പം ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മറ്റ് ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള മാറ്റങ്ങള്‍ കൂടി ഈ മോഡലില്‍ വരുത്തണമെന്നാണ് റിവറിനോടുള്ള ഞങ്ങളുടെ നിർദേശം. പുതിയ മാറ്റങ്ങളോടെ എത്തിയ റിവര്‍ ഇന്‍ഡി ജെന്‍ 3 ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

Article Published On: Saturday, May 23, 2026, 13:23 [IST]
English summary
River indie gen 3 review changes riding impression specs features in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X