ക്ലാസിക് ബോബർ ശൈലിയിൽ റോയൽ എൻഫീൽഡിൽ നിന്നും ഒരു പുത്തൻ മുതൽ; ഗോവൻ ക്ലാസിക് 350 -യുടെ വിശേഷങ്ങൾ
റൈഡേർസ്, റോയൽ എൻഫീൽഡ്, ഗോവ ഇത് മൂന്നും ഒരു അസാധ്യ കോമ്പനേഷനാണ്. ഇന്ത്യയിലെ മുൻനിര ടൂറിസ്റ്റ് സ്പോട്ട് എന്നത് കൂടാതെ റൈഡർമാരുടെ പറുദീസ കൂടിയാണ് ഗോവ. റോയൽ എൻഫീൽഡിൻ്റെ മോട്ടോവേഴ്സ് ഇവന്റുകൾ വർഷങ്ങളായി നടക്കുന്ന ഇടം കൂടിയാണിത്. ഇന്ത്യയുടെ മോട്ടോർ സൈക്കിൾ കസ്റ്റമൈസേഷനും റൈഡിംഗ് മാമാങ്കങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഈ കടൽതീര നഗരത്തിന്റെ ആത്മാവ് ഒപ്പിയെടുത്ത് പുതിയൊരു മോഡലുമായി വിപണിയിലെത്തുകയാണ് റോയൽ എൻഫീൽഡ്. മോട്ടോർസൈക്കിൾ വിപണിയിലെ പുതുതലമുറക്കാരെ നേരിടാനുള്ള റോയൽ എൻഫീൽഡിന്റെ നൂതന തന്ത്രങ്ങൾ ഇപ്പോൾ പുത്തൻ ബോബർ ബൈക്കായ ഗോവൻ ക്ലാസിക് 350യിലൂടെ വിപണിയിൽ എത്തിക്കുന്നു.
റോയൽ എൻഫീൽഡ് മോട്ടോവേഴ്‌സ് 2024 -ലേക്ക് ക്ഷണം ലഭിച്ച് എത്തിയ ഞങ്ങൾക്ക് പുതിയ ഗോവൻ ക്ലാസിക് 350 -ൻ്റെ താക്കോൽ നൽകുകയും ചെയ്‌തപ്പോൾ, ഒരു പറഞ്ഞറിക്കാൻ പറ്റാത്ത ഫീലായിരുന്നു ഉണ്ടായത്, കാര്യമായ കസ്റ്റമൈസഷനുകളോടെ എത്തുന്ന ഈ മോഡൽ ഗോവയിലെ തെരുവുകളിലൂടെ പര്യവേക്ഷണം ചെയ്യാൻ വല്ലാത്തൊരു വെമ്പൽ തന്നെയായിരുന്നു. ഞങ്ങളുടെ അനുഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ഡിസൈൻ & ഫീച്ചേർസ്: കസ്റ്റം മോട്ടോർസൈക്കിളിൻ്റെ ബോബർ ശൈലി ആദ്യമായി നിലവിൽ വന്നത് 1930 കാലയളവുകളിലാണ്. ഈ മോട്ടോർസൈക്കിളുകൾ യഥാർത്ഥമായ ഫ്രെയിം സെറ്റപ്പ് തന്നെയാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ പെർഫോമെൻസിന്റെ കാര്യത്തിൽ ബൈക്കിൻ്റെ മറ്റ് ഭാഗങ്ങൾ നീക്കം ചെയ്യുകയോ അല്പം പരിഷ്കരിക്കുകയോ ചെയ്തേക്കാം.
പിന്നീട് 1940 -കളിലും 50 -കളിലും, ബോബറുകൾക്ക് വ്യത്യസ്തമായ നിറങ്ങൾ, ഉയർത്തിയ ഹാൻഡിൽബാറുകൾ, അല്പം സ്റ്റൈൽ ചെയ്ത ഫ്യുവൽ ടാങ്കുകൾ, സിംഗിൾ സീറ്റുകൾ, ചോപ്പ്ഡ് ഓഫും അല്പം മുകളിലേക്ക് ഉയർത്തുതിയതുമായ എക്‌സ്‌ഹോസ്റ്റുകൾ എന്നിവ ഉപയോഗിച്ച് ഇന്ന് നമുക്കറിയാവുന്ന ശൈലിയിലേക്ക് മാറാൻ തുടങ്ങി. ഷോ ബൈക്കുകൾക്കും റോഡ്-ഗോയിംഗ് ഈസി റൈഡർമാർക്കും ഈ ഫോർമുല കാര്യമായ മാറ്റമില്ലാതെ തുടരുന്നു, ഇത് തന്നെയാണ് ഗോവൻ ക്ലാസിക് 350 -ൽ റോയൽ എൻഫീൽഡ് സ്വീകരിച്ചിരിക്കുന്നത്.
ക്ലാസിക് 350 മോഡൽ അടിസ്ഥാനമാക്കി, പുതിയ റോയൽ എൻഫീൽഡ് ഗോവാൻ ക്ലാസിക് 350 -ന് വേറിട്ട ബോബർ ലുക്ക് & സ്റ്റൈൽ നൽകുന്ന കുറച്ച് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ ഗോവൻ ക്ലാസിക് 350 -ൽ ഒരു കട്ട് ചോപ്പ് ഫ്രണ്ട് ഫെൻഡറും, ട്യൂബ്ലെസ് വൈറ്റ്വാൾ ടയറും വരുന്ന 19 ഇഞ്ച് സ്പോക്ക് ഫ്രണ്ട് വീലുകളും വരുന്നു.
വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ബ്ലിങ്കറുകളും അതോടൊപ്പം 650 ട്വിൻസ് ലൈനപ്പിൽ നിന്നുള്ള മെറ്റൽ സ്വിച്ച് ക്യൂബുകളോട് കൂടിയ പുതിയ മിനി ആപ്പ് ഹാംഗർ ഹാൻഡിൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ ഡിസ്‌പ്ലേ, ടിയർഡ്രോപ്പ് ഷെയിപ്പിലുള്ള ഫ്യുവൽ ടാങ്ക്, ഫോർവേഡ് സെറ്റ് ഫുട്‌പെഗുകൾ എന്നിവ നമുക്ക് ഇതിൽ കാണാം. മീറ്റിയോർ 350 -ൽ നിന്നും ഒരു ലോ സ്വംഗ് സിംഗിൾ സീറ്റും വരുന്നു.

സവിശേഷതകളും അളവുകളും: റോയൽ എൻഫീൽഡ് 349 സിസി എഞ്ചിൻ യൂണിറ്റും അഞ്ച് -സ്പീഡ് ഗിയർബോക്‌സും ക്ലാസിക്കിൽ നിന്നും അതിൻ്റെ മറ്റ് 350 സഹോദരങ്ങളിൽ നിന്നും പുതിയ ഗോവൻ ക്ലാസിക് 350 -ലേക്ക് ഇൻസ്റ്റോൾ ചെയ്തിരിക്കുകയാണ്. ഈ SOHC എയർകൂൾഡ് എഞ്ചിൻ 6100 rpm -ൽ 20.2 bhp മാക്സ് പവറും 4,000 rpm -ൽ 27 Nm ടോർക്കും പുറപ്പെടുവിക്കും. അതോടൊപ്പം പുതിയ ഗോവൻ ക്ലാസിക് 350 ലിറ്ററിന് 36.2 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു.
സസ്പെൻഷന്റെ കാര്യത്തിൽ പുതിയ റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350, പരമ്പരാഗതമായ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളോടും പിൻവശത്ത് ആറ് സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ്‌മെൻ്റ് വാഗ്ദാനം ചെയ്യുന്ന ട്വിൻ ഷോക്കുകളുമായിട്ടാണ് വരുന്നത്. അതോടൊപ്പം ക്ലാസിക് 350 -യുടെ ട്വിൻ ഡൗൺ ട്യൂബ് സ്‌പൈൻ ഫ്രെയിം സജ്ജീകരണവുമായി വരുന്നു. ഫ്രണ്ട് ഫോർക്ക് 130 mm ട്രാവൽ വാഗ്ദാനം ചെയ്യുമ്പോൾ റിയർ ഷോക്കുകൾ 105.3 mm ട്രാവലുമായി എത്തുന്നു, നോർമൽ ക്ലാസിക് 350 മോഡലിനേക്കാൾ 15.3 mm കൂടുതലാണിത് എന്നത് ശ്രദ്ധേയമാണ്.
പുതിയ ഗോവൻ ക്ലാസിക് 350 -ൻ്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത് മുൻവശത്ത് ഇരട്ട പിസ്റ്റൺ കാലിപ്പറുകളുള്ള 300 mm ഡിസ്‌കും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുമായി വരുന്ന 270 mm ഡിസ്‌കുമാണ്. ഡ്യുവൽ -ചാനൽ ABS സിസ്റ്റവും ഇതോടൊപ്പം വരുന്നു.
നോർമൽ ക്ലാസിക്ക് 350 -ൽ നിന്ന് ഗോവൻ ക്ലാസിക് ശരിക്കും വ്യത്യസ്തമാകുന്നത് വീലുകളുടെയും ടയറുകളുടെയും കാര്യത്തിലാണ്. ഫ്രണ്ട് വീലിന് ഒരേ 19 ഇഞ്ച് വലിപ്പം ലഭിക്കുമ്പോൾ, ഗോവൻ ക്ലാസിക്കിൻ്റെ റിയർ വീൽ 16 ഇഞ്ച് റിമ്മുമായിട്ടാണ് വരുന്നത് (ക്ലാസിക്കിൽ ഇത് 18 ഇഞ്ചാണ്). സ്‌പോക്ക്ഡ് വീലുകൾക്ക് മുന്നിൽ സീറ്റ് - 100/90-19 സെക്ഷൻ ടയറുകളും, പിന്നിൽ 130/90-16 സെക്ഷനുള്ള ട്യൂബ്‌ലെസ് വൈറ്റ്‌വാൾ ടയറുകളുമാണ് വരുന്നത്.
അളവുകളുടെ കാര്യത്തിൽ ഗോവൻ ക്ലാസിക്കിന് 2,130 mm നീളവും 825 mm വീതിയും 1,200 mm ഉയരവും 1,400 mm വീൽബേസുമാണ് വരുന്നത്. ക്ലാസിക് 350 -യെ അപേക്ഷിച്ച് 15 mm നീളവും 40 mm വീതിയും 110 mm ഉയരവുമാണ് പുതിയ ഗോവൻ ക്ലാസിക്കിനുള്ളത് എന്നതും ശ്രദ്ധിക്കണം.
വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 170 mm ആണ്, എന്നാൽ ഗോവൻ ക്ലാസിക്കിൻ്റെ സീറ്റ് ഹൈറ്റ് ക്ലാസിക് 350 -നേക്കാൾ 55 mm കുറവാണ്. അതുപോലെ പുതിയ റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350 -ക്ക് 197 കിലോഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications








