നിരത്തുകള്‍ കീഴടക്കാന്‍ ഗറില്ലയുടെ 'അപെക്‌സ്' അവതാരം; മാറ്റങ്ങള്‍ അറിയാൻ റിവ്യൂ വായിക്കാം
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച റോഡ്‌സ്റ്റര്‍ മോഡലാണ് ഗറില്ല 450. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ മോട്ടോര്‍സൈക്കിള്‍ ആദ്യത്തെ മേജര്‍ അപ്‌ഡേറ്റിന് വിധേയമായിരിക്കുകയാണ്. പുതിയ അപെക്‌സ് (Apex) വേരിയന്റ് ഉള്‍പ്പെടെ നിരവധി അപ്‌ഡേറ്റുകളുമായാണ് 2026 റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. റോഡ് പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് 2026 മോഡല്‍ ഗറില്ലയില്‍ കമ്പനി വരുത്തിയിരിക്കുന്നത്. അസമിലെ ഗുവാഹത്തിയിലൂടെ പുതിയ ഗറില്ല 450 ഓടിച്ചുനോക്കാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടി. പുതിയ ഗറില്ലയെ കുറിച്ചുള്ള വിശദമായ റൈഡ് റിവ്യൂ ചുവടെ വായിക്കാം.
പുതിയ മാറ്റങ്ങള്‍
2026 മോഡല്‍ ഗറില്ലയിലെ ഏറ്റവും വലിയ ആകര്‍ഷണം പുതിയ 'അപെക്‌സ്' വേരിയന്റാണ്. ഇതില്‍ നല്‍കിയിരിക്കുന്ന പുതിയ അലുമിനിയം ഹാന്‍ഡില്‍ബാര്‍ മുമ്പത്തേക്കാള്‍ അല്‍പ്പം താഴ്ന്ന് മുന്നിലേക്ക് നീങ്ങിയതുമാണ്. ഇത് റൈഡര്‍ക്ക് കൂടുതല്‍ സ്‌പോര്‍ട്ടിയായ റൈഡിംഗ് പൊസിഷന്‍ നല്‍കുന്നു. ഈ മാറ്റം വളവുകളിലും ട്രാക്കുകളിലും വാഹനം കൂടുതല്‍ വേഗത്തില്‍ വെട്ടിച്ചു മാറ്റാന്‍ റൈഡറെ സഹായിക്കുന്നുണ്ട്.

അപെക്‌സ് വേരിയന്റില്‍ റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ വ്രെഡെസ്റ്റീന്‍ സെന്റോറോ ST ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഗ്രിപ്പുള്ള ടയറുകളാണിവയെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, ഡാഷ്, ഫ്‌ലാഷ് വേരിയന്റുകളില്‍ സിയറ്റ് ഗ്രിപ്പ് XL RE ടയറുകള്‍ തുടരുമെങ്കിലും അവയുടെ ഗ്രിപ്പ് വര്‍ദ്ധിപ്പിച്ചതായും റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കുന്നു.
പുതിയ ഗറില്ലയില്‍ സ്ട്രീറ്റ്, സ്‌പോര്‍ട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ ലഭ്യമാണ്. ഇതിലെ പുതിയ 'മെമ്മറി ഫങ്ഷന്‍' വഴി വണ്ടി ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ചെയ്യുമ്പോള്‍ അവസാനമായി ഉപയോഗിച്ച റൈഡിംഗ് മോഡില്‍ തന്നെ വാഹനം സ്റ്റാര്‍ട്ട് ആകും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ അണ്‍ലോക്കാക്കാതെ തന്നെ ഗൂഗിള്‍ മാപ്സ് നാവിഗേഷന്‍ സാധ്യമാക്കുന്ന അപ്ഡേറ്റഡ് ട്രിപ്പര്‍ ഡാഷും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസൈനില്‍ വരുത്തിയ ചെറിയ പരിഷ്‌കാരങ്ങള്‍ അപെക്‌സിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു. ഹെഡ്ലൈറ്റിന് മുകളിലുള്ള പുതിയ കൗളും, നീക്കം ചെയ്യാവുന്ന റിയര്‍സീറ്റ് കൗളും ഇതിന് ഒരു കസ്റ്റം ലുക്ക് നല്‍കുന്നുണ്ട്. അപെക്‌സ് ബ്ലാക്ക്, അപെക്‌സ് റെഡ്, അപെക്‌സ് ഗ്രീന്‍ എന്നീ മൂന്ന് പുതിയ നിറങ്ങളും ഈ വേരിയന്റില്‍ ലഭ്യമാണ്. ഡാഷ് വേരിയന്റില്‍ 'ട്വിലൈറ്റ് ബ്ലൂ' എന്ന പുതിയ നിറവും എത്തിയിട്ടുണ്ട്. ഈ പതിപ്പിന് സൗജന്യ ഹാന്‍ഡ്ഗാര്‍ഡുകളും ഹെഡ്ലൈറ്റ് ഗ്രില്ലും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.
മാറ്റമില്ലാത്തത്
പുതിയ ടയറുകളും പുതുക്കിയ ഹാന്‍ഡില്‍ബാര്‍ സജ്ജീകരണവും കൂടാതെ, 2026 റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല അപെക്‌സും ഡാഷ്, ഫ്‌ലാഷ് വേരിയന്റ്ുകളും മുമ്പത്തെ അതേ മെക്കാനിക്കല്‍ സജ്ജീകരണം നിലനിര്‍ത്തുന്നു. ഹിമാലയനില്‍ കണ്ട അതേ 452 സിസി ലിക്വിഡ് കൂള്‍ഡ് ഷെര്‍പ്പ എഞ്ചിന്‍ തന്നെയാണ് ഗറില്ലയ്ക്കും കരുത്തേകുന്നത്.

ഇത് 39 bhp പവറും 40 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സും സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും ഇതിലുണ്ട്. സ്റ്റീല്‍ ട്വിന്‍ സ്പാര്‍ ഫ്രെയിമും 43 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നിലെ ലിങ്കേജ് മോണോഷോക്കും മോട്ടോര്‍സൈക്കിളിന് മികച്ച സ്ഥിരത ഉറപ്പാക്കുന്നു. 17 ഇഞ്ച് വീലുകളിലാണ് റോഡ്‌സ്റ്റര്‍ ഓടുന്നത്.
റൈഡിംഗ് ഇംപ്രഷന്‍
ഗുവാഹത്തിയിലെ മലനിരകളിലൂടെയും ഹൈവേകളിലും ഗോ കാര്‍ട്ട് ട്രാക്കിലും ഗറില്ല 450 അപെക്‌സ് ഓടിക്കാന്‍ പറ്റിയതില്‍ നിന്ന് പ്രകടമായ മാറ്റങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. യാത്രയില്‍ അപെക്‌സിന്റെ ഹാന്‍ഡില്‍ബാര്‍ മാറ്റം പ്രകടമായി അനുഭവപ്പെട്ടു. പുതിയ ഹാന്‍ഡില്‍ബാര്‍ നല്‍കുന്ന ആത്മവിശ്വാസം വളവുകളില്‍ കൂടുതല്‍ ചടുലമായി ഓടിക്കാന്‍ റൈഡര്‍മാരെ പ്രാപ്തരാക്കുന്നു. ഇതിനൊപ്പം റോഡ്-ബയസ്ഡ് വ്രെഡെസ്റ്റീന്‍ സെന്റോറോ ST ടയര്‍ കൂടി ചേര്‍ന്നതോടെ വടുകിഴക്കന്‍ സംസ്ഥാനത്തെ മലനിരകളിലൂടെയും ഗോ-കാര്‍ട്ട് ട്രാക്കിലൂടെയുമുള്ള ഗറില്ല 450 റൈഡ് വളരെ രസകരമായിരുന്നു.

ഗ്രിപ്പ് ലെവലുകളും ലോഡഡ് ഫ്രണ്ട് എന്‍ഡും ബൈക്ക് ഫ്‌ലിക്ക് ചെയ്യാനും എളുപ്പത്തില്‍ ദിശ മാറ്റാനും റൈഡറെ അനുവദിക്കുന്നു. റോഡ് ബയാസ്ഡ് ടയറിന്റെ ഉയര്‍ന്ന ഗ്രിപ്പ് കാരണം നീളമേറിയ വളവുകളിലും ബൈക്ക് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പറ്റും. ഷെര്‍പ്പ എഞ്ചിന്‍ എപ്പോഴുമെന്നപോലെ റെസ്‌പോണ്‍സീവായി തുടരുന്നു. 3,000rpm കഴിഞ്ഞാല്‍ ബൈക്ക് പുറത്തെടുക്കുന്ന പെര്‍ഫോമന്‍സ് ഓവര്‍ടേക്കിംഗ് എളുപ്പമാക്കുന്നു.
സ്പീഡോ മീറ്ററിലെ സൂചിക ചുവപ്പിലെത്തിക്കാന്‍ ധൃതികൂട്ടുന്ന എഞ്ചിന്‍ ഹൈവേയില്‍ എളുപ്പത്തില്‍ മൂന്നക്ക വേഗതയിലെത്താന്‍ അനുവദിക്കുന്നു. എന്നിരുന്നാലും, സ്ട്രീറ്റ്, സ്‌പോര്‍ട്ട് റൈഡിംഗ് മോഡുകള്‍ക്കിടയില്‍ വലിയ വ്യത്യാസമൊന്നും കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.എന്നിരുന്നാലും, റൈഡിംഗ് പൊസിഷനില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗറില്ല 450 അപെക്‌സിലെ ദീര്‍ഘദൂര യാത്രകള്‍ മടുപ്പിക്കില്ലെന്ന് പറയാം.

സസ്പെന്‍ഷന്‍ സജ്ജീകരണം (പ്രത്യേകിച്ച് പിന്നില്‍) മുമ്പത്തേക്കാള്‍ അല്‍പ്പം കൂടുതല്‍ മൃദുവായി തോന്നുന്നു. കൂടാതെ കൂടുതല്‍ കംഫര്‍ട്ടബിളായ സീറ്റുകളാണ് ഇതിന് ലഭിക്കുന്നത്. ടെസ്റ്റ് ബൈക്കുകള്‍ക്ക് ലോക്കഡ് റിയര്‍ കൗള്‍ ലഭിച്ചത് കാരണം ഞങ്ങള്‍ക്ക് പില്യണ്‍ സീറ്റുകള്‍ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍-ചാനല്‍ എബിഎസും (സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയില്ല) ഉള്‍ക്കൊള്ളുന്ന ബ്രേക്കിംഗ് സിസ്റ്റം മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
റോഡ്-ബയസ്ഡ് ടയറിന്റെ സഹായം കൂടിയുള്ളതിനാല്‍ ബൈക്ക് വളരെ എളുപ്പത്തില്‍ നിര്‍ത്താം. എങ്കിലും ചില കാര്യങ്ങളില്‍ ഇനിയും മാറ്റം വരാമായിരുന്നു എന്ന് തോന്നി. ഹിമാലയനില്‍ ഉള്ളതുപോലെ അല്‍പ്പം കൂടി വലിയ ഫ്യുവല്‍ ടാങ്ക് ഗറില്ലയ്ക്കും അനുയോജ്യമായിരുന്നു. കൂടാതെ മുന്നില്‍ യുഎസ്ഡി (USD) ഫോര്‍ക്കുകള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ അപെക്‌സ് വേരിയന്റ് പൂര്‍ണമായേനെ. നിലവില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ തന്നെയാണ് തുടരുന്നത്. എങ്കിലും റൈഡിംഗ് അനുഭവത്തില്‍ ഇത് വലിയ കുറവായി അനുഭവപ്പെടുന്നില്ല.

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്
ഒരു എന്‍ട്രി ലെവല്‍ മിഡില്‍വെയ്റ്റ് റോഡ്സ്റ്റര്‍ ആഗ്രഹിക്കുന്നവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 അപെക്‌സ് മികഞ്ഞ ചോയ്‌സാണ്. പുതിയ ടയറുകളും റൈഡിംഗ് പൊസിഷനും മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയിട്ടുണ്ട്. കൂടുതല്‍ ഗ്രിപ്പും പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവര്‍ക്ക് അപെക്‌സ് വേരിയന്റും, പഴയ ശൈലി ഇഷ്ടപ്പെടുന്നവര്‍ക്ക് ഡാഷ്, ഫ്‌ലാഷ് വേരിയന്റുകളും ധൈര്യമായി തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








