ട്രയംഫ് ബാഡ്ജിൽ ഒരു ബജറ്റ് ഓഫ് റോഡ് എക്സ്പീരിയൻസ്; സ്‌ക്രാംബ്ലർ 400 X -ന്റെ റിവ്യൂ വിശേഷങ്ങൾ
2023 ജൂണിൽ, സ്പീഡ് 400, സ്ക്രാമ്പ്ളർ 400 X എന്നീ രണ്ട് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കിക്കൊണ്ട് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ട്രയംഫ് ബജാജുമായുള്ള കൂട്ടുകെട്ടിന്റെ ഫലം വെളിപ്പെടുത്തി. സ്പീഡ് 400 ജൂലൈയിൽ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.
എന്നിരുന്നാലും ബ്രിട്ടീഷ് വാഹന നിർമ്മാതാക്കൾ സ്‌ക്രാംബ്ലർ 400 X -ന്റെ വില വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ട്രയംഫ് ഈ മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. സ്‌ക്രാമ്പ്‌ളർ 400 X -ന്റെ ഒരു എക്സ്പീരിയൻസിനായി ട്രയംഫ് ഞങ്ങളെ പൂനെയിലേക്ക് ക്ഷണിച്ചപ്പോൾ, ബ്രിട്ടീഷ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന സ്‌ക്രാമ്പ്‌ളർ മോട്ടോർസൈക്കിൾ എങ്ങനെയുണ്ട് എന്ന് പരീക്ഷിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു.

ഡിസൈനും ഫീച്ചറുകളും: ട്രയംഫ് സ്പീഡ് 400 X അതിന്റെ ഡിസൈൻ സവിശേഷതകൾ സ്പീഡ് 400 -മായി പങ്കിടുന്നു. എന്നാൽ 400 മോഡലിനേക്കാൾ 400 X അല്പം ഉയർന്നതാണ്. അതോടൊപ്പം 'ഓഫ്-റോഡ്' കഴിവുകൾ സപ്പോർട്ട് ചെയ്യുന്ന കുറച്ച് വ്യത്യസ്ത ഘടകങ്ങളുമുണ്ട്.
എൽഇഡി ലൈറ്റിംഗ് സെറ്റപ്പ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്വിച്ച് ഗിയർ, ബ്ലാക്ക് പൗഡർ കോട്ടഡ് എഞ്ചിൻ കേസിംഗുകൾ, ഗോൾഡ് ആനോഡൈസ്ഡ് ഫ്രണ്ട് ഫോർക്കുകൾ, കാൽമുട്ടുകൾക്കായി പ്രത്യേക ഇൻഡന്റുകളോട് കൂടിയ സ്കൾപ്റ്റഡ് ഫ്യൂവൽ ടാങ്ക്, അപ്പ്സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് ഡിസൈൻ എന്നിവ പുതിയ സ്‌ക്രാംബ്ലർ 400 X എന്നിവ പങ്കിടുന്നു.

എന്നിരുന്നാലും, ഡിസൈൻ സമാനതകൾ ഇവടെ അവസാനിക്കുന്നു. ഹെഡ്‌ലൈറ്റ് ഗ്രില്ല്, സംപ്, റേഡിയേറ്റർ പ്രൊട്ടക്‌ടറുകൾ, ഹാൻഡിൽ ബാർ ബ്രേസ് പാഡ്, ഹാൻഡ് ഗാർഡുകൾ എന്നിവ സ്‌ക്രാംബ്ലർ 400 X -ൽ ഉണ്ട്. സീറ്റ് ഒരു സ്പ്ലിറ്റ് സീറ്റ് യൂണിറ്റാണ്, ഫുട്‌പെഗുകൾ നീക്കം ചെയ്യാവുന്ന റബ്ബർ ഇൻസെർട്ടുകളോടെയാണ് വരുന്നത്, സ്പീഡ് 400 -ലെ നോർമൽ സിംഗിൾ ക്യാനുമായി താരതമ്യപ്പെടുത്തുമ്പോൾ എക്‌സ്‌ഹോസ്റ്റ് ഡ്യുവൽ ബാരൽ യൂണിറ്റാണ്.
സ്പീഡ് 400 പോലെ, പുതിയ സ്‌ക്രാംബ്ലർ 400 X സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ടോർക്ക്-അസിസ്റ്റ് ക്ലച്ച്, ബോഷ് ഡ്യുവൽ-ചാനൽ ABS എന്നിവയ്‌ക്കൊപ്പം സ്റ്റിയറിംഗ് ലോക്കും ആന്റി-തെഫ്റ്റ് ഇമോബിലൈസറും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. സ്‌ക്രാംബ്ലർ 400 X -ന്, ഓഫ്-പിസ്റ്റ് അഡ്വഞ്ചറുകൾക്കായി റിയർ ABS സ്വിച്ച് ഓഫ് ചെയ്യാം.

ട്രയംഫ് സ്‌ക്രാംബ്ലർ 400 X മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മാറ്റ് ഖാഖി ഗ്രീൻ വിത്ത് ഫ്യൂഷൻ വൈറ്റ്, ഫാന്റം ബ്ലാക്ക് വിത്ത് സിൽവർ ഐസ്, കാർണിവൽ റെഡ് വിത്ത് ഫാന്റം ബ്ലാക്ക് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ.
സവിശേഷതകളും അളവുകളും: സ്പീഡ് 400 -ന് ശേഷം പുതിയ TR എഞ്ചിൻ ഉപയോഗിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡിന്റെ നിരയിൽ നിന്നുള്ള രണ്ടാമത്തെ മോട്ടോർസൈക്കിളാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400 X. 398 സിസി, ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ട്രയംഫിന്റെ 'ട്രോഫി' ഓഫ്‌റോഡിംഗ് പാരമ്പര്യത്തിന് ആദരവ് അർപ്പിക്കുന്നു.

സിംഗിൾ സിലിണ്ടർ പവർപ്ലാന്റിന്റെ ഔട്ട്‌പുട്ട് സ്‌ക്രാംബ്ലർ 400 X -ലും സ്പീഡ് 400 -ലും ഒരു പോലെ തന്നെയാണ്. DOHC എഞ്ചിൻ 8,000 rpm -ൽ 39.5 bhp മാക്സ് പവറും 6,500 rpm -ൽ 37.5 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സും ബൈക്കിന്റെ വലതുവശത്ത് സെറ്റ് ചെയ്തിരിക്കുന്ന ചെയിൻ ഡ്രൈവ് സജ്ജീകരണവും വഴി പിൻ വീലിലേക്ക് പവർ എത്തുന്നു.
സ്പീഡ് 400 പോലെ, ട്യൂബുലാർ സ്റ്റീലിൽ നിന്ന് നിർമ്മിച്ച ഹൈബ്രിഡ് സ്പൈൻ/പെരിമീറ്റർ ഫ്രെയിമും ഒരു ബോൾട്ട്-ഓൺ റിയർ സബ്‌ഫ്രെയിമും അടങ്ങുന്ന അതേ ഷാസി സജ്ജീകരണമാണ് സ്‌ക്രാംബ്ലർ 400 X -ലും വരുന്നത്. 400 സഹോദരങ്ങൾക്ക് ഒരേ സസ്പെൻഷൻ സിസ്റ്റവുമാണുള്ളത്, എന്നാൽ സ്ക്രാമ്പ്ളർ 400 X കൂടുതൽ വീൽ ട്രാവൽ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

ട്രയംഫ് സ്‌ക്രാംബ്ലർ 400 X സ്‌പോർട്‌സ് 43 mm USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ സൈഡഡ് കാസ്റ്റ് അലുമിനിയം സ്വിംഗ്ആർമിനൊപ്പം അഡ്ജസ്റ്റബിൾ (പ്രീലോഡ്) മോണോഷോക്കും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. സ്‌ക്രാംബ്ലർ 400 X മുന്നിലും പിന്നിലും 150 mm വീൽ ട്രാവൽ വാഗ്ദാനം ചെയ്യുന്നു, ഇത് സ്പീഡ് 400 -നെ അപേക്ഷിച്ച് മുൻവശത്ത് 10 mm ഉം പിന്നിൽ 20 mm ഉം കൂടുതലാണ്.
കൂടാതെ സ്‌ക്രാമ്പ്‌ളർ 400 X സ്‌റ്റാഗർഡ്, 10 സ്‌പോക്ക് അലുമിനിയം അലോയി വീൽ സെറ്റപ്പും വാഗ്ദാനം ചെയ്യുന്നു. സ്‌ക്രാംബ്ലറിന് മുന്നിൽ 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുന്നത്. സ്‌ക്രാംബ്ലർ 400 X, സ്‌പീഡ് 400 നെ അപേക്ഷിച്ച് അൽപ്പം വ്യത്യസ്തമായ ബ്രേക്കിംഗ് സജ്ജീകരണവും വാഗ്ദാനം ചെയ്യുന്നു.

പുതിയ സ്‌ക്രാംബ്ലർ 400 X -ന്റെ മുൻവശത്ത് 320 mm ഡിസ്‌കും നാല് പിസ്റ്റൺ കാലിപ്പറുകളും ലഭിക്കുന്നു, പിന്നിൽ 230 mm ഡിസ്‌ക്കും സിംഗിൾ പിസ്റ്റൺ ക്യാലിപ്പറും ബൈക്ക് ഉൾക്കൊള്ളുന്നു. 835 mm സീറ്റ് ഹൈറ്റ്, 13 ലിറ്റർ ഫ്യുവൽ ടാങ്ക്, 185 കിലോഗ്രാം വെയിറ്റ്, 16,000 കിലോമീറ്റർ അല്ലെങ്കിൽ 12 മാസത്തെ സർവീസ് ഇന്റർവൽ എന്നിവയാണ് സ്ക്രാമ്പ്ളർ 400 X-ൽ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ.
റൈഡിംഗ് ഇംപ്രഷൻസ്: ട്രയംഫ് സ്‌ക്രാംബ്ലർ 400 X -ലെ എഞ്ചിൻ അതിന്റെ സ്പീഡ് 400 സഹോദരന് സമാനമാണ്, എന്നിരുന്നാലും ബ്രിട്ടീഷ് ബ്രാൻഡ് മോട്ടോർസൈക്കിളിന്റെ സ്‌ക്രാംബ്ലിംഗ് ഡ്യൂട്ടിക്കായി ചെറിയ സിംഗിൾ സിലിണ്ടറിനെ അല്പസ്വല്പം മാറ്റിയിട്ടുണ്ട്. എഞ്ചിൻ വളരെ സ്വതന്ത്രമായി റെവ്വ് ചെയ്യാവുന്നതാണ്, 10,000 rpm ആണ് ഇതിന്റെ റെഡ്‌ലൈൻ.

ഇത് വളരെ എളുപ്പത്തിൽ കൈവരിക്കാവുന്നതാണ്. 398 സിസി സിംഗിൾ സിലണ്ടർ യൂണിറ്റ് യാതൊരു പ്രയാസവുമാല്ലാതെ മൂന്നാം ഗിയറിൽ 25 കിലോമീറ്റർ വേഗതയിൽ കുത്തനെയുള്ള ഒരു കയറ്റം പില്യൺ റൈഡറിനൊപ്പം കയറാൻ പ്രാപ്തമായിരുന്നു. തെരുവുകളിൽ കറങ്ങാൻ മതിയായ സ്വാതന്ത്ര്യം നൽകുമ്പോൾ, സ്മൂത്ത് ഷിഫ്റ്റിംഗ് ഗിയർബോക്‌സിനൊപ്പം, മൂന്ന് അക്ക വേഗതയിൽ എത്തുന്നത് വളരെ എളുപ്പമാണ്.
സ്‌ക്രാംബ്ലർ 400 X -ന്റെ സസ്പെൻഷൻ സജ്ജീകരണം, അയഞ്ഞ പ്രതലങ്ങളിൽ പോലും നല്ല ഗ്രിപ്പ് നൽകുന്നു, അതോടൊപ്പം MRF ഡ്യുവൽ പർപ്പസ് ടയറുകൾ ഉപയോഗിച്ച് പരുക്കൻ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമായിരുന്നു. സ്‌ക്രാംബ്ലർ 400 X -ന്റെ ഹൈ സ്ലംഗ് സീറ്റിലെ റൈഡിംഗ് പൊസിഷൻ താരതമ്യേന അപ്പ്റൈറ്റാണ്, ഇത് ഓഫ്-റോഡിംഗ് സാഹചര്യങ്ങളിൽ വളരെ ഉപയോഗപ്രദമാണ്, അതോടൊപ്പം ഒരു വളവ് എടുക്കുമ്പോഴും ഇത് നമ്മെ തടസ്സപ്പെടുത്തുന്നില്ല.

സീറ്റിംഗ് സുഖകരവും പരുക്കൻ പ്രതലങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴും നിങ്ങളുടെ പിൻഭാഗം സുഖകരമായി സൂക്ഷിക്കുന്നു. സ്‌ക്രാംബ്ലർ 400 X -ന് അല്പം ഫൈൻ ട്യൂണിംഗ് ആവശ്യമാണെന്ന് തോന്നത് ബ്രേക്കുകളുടെ കാര്യത്തിലാണ്. മൊത്തത്തിൽ, ബ്രേക്കുകൾ മാന്യമായ ബൈറ്റ് നൽകുന്നു, പക്ഷേ അല്പം സ്‌പോഞ്ചായായി അനുഭവപ്പെടും, പ്രത്യേകിച്ച് ഹാർഡ് ബ്രേക്കിംഗിൽ. ശക്തമായി ബ്രേക്ക് ചെയ്യുമ്പോൾ ഫ്രണ്ട് വീൽ ലോക്ക് ആകും എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഫൈനൽ തോട്ടുകളും അഭിപ്രായവും: സ്‌ക്രാംബ്ലർ 400 X ബ്രിട്ടീഷ് ബ്രാൻഡിന്റെ ആരാധകരെ, കഴിവുറ്റ ബൈക്കിൽ അല്പം ഓഫ് റോഡ് അഡ്വഞ്ചർ ആസ്വദിക്കാൻ അനുവദിക്കുന്നു, മോട്ടോർസൈക്കിൾ ടാർമാക്കിലും ഒട്ടും പിന്നിൽ അല്ല. 2.63 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന സ്‌ക്രാംബ്ലർ 400 X -ന് സ്പീഡ് 400 -നേക്കാൾ വെറും 30,000 രൂപ കൂടുതലാണ്. ടാങ്കിൽ ട്രയംഫ് ബാഡ്‌ജുമായി താങ്ങാനാവുന്ന വിലയിൽ 'ഓഫ്‌റോഡ്' ഇപ്പോൾ എക്സ്പീരിയൻസ് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








