പവർ,ടെക്നോളജി,ലുക്ക് എന്നിവയുടെ കോംബോ! ടിവിഎസ് എൻടോർക്ക് 150-യുടെ വിശദമായ റിവ്യു
ഇന്ത്യൻ വിപണിയിൽ ടിവിഎസ് തങ്ങളുടെ എൻടോർക്ക് 150 അവതരിപ്പിച്ചിരിക്കുകയാണ്. 1.41 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്. അത്യാധുനിക ഡിസൈൻ എന്നതിലുപരി മികച്ച കണക്റ്റിവിറ്റി ഫീച്ചറുകൾ, സെഗ്മെൻ്റിലെ തന്നെ ആദ്യ ഫീച്ചറുകൾ എന്നിവയെല്ലാം എൻടോർക്ക് 150-യുടെ പ്രധാന ആകർഷണങ്ങളാണ്. സ്‌പോർട്ടി സ്റ്റൈലിംഗും, പുതിയ വിംഗ്ലെറ്റുകളും, ക്വാഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൻടോർക്ക് 150-യെ മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിർത്തുന്നു ഘടകങ്ങളാണ്. ഈ ഡിസൈൻ സ്കൂട്ടറിൻ്റെ പ്രകടനം മെച്ചപ്പെടുത്തുകയും, ആകർഷകമായ രൂപം നൽകുകയും ചെയ്യുന്നു എന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.
വിശദമായി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത്, ഇന്റഗ്രേറ്റഡ് എൽഇഡി ഇൻഡിക്കേറ്ററുകളോടുകൂടിയ ക്വാഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് നൽകിയിരിക്കുന്നത്. ടിവിഎസ് ലോഗോ 3D ഡിസൈനിൽ നൽകിയിരിക്കുന്നത് കാണാം, കൂടാതെ മുൻവശത്ത് 'T' പാറ്റേൺ നൽകിയിരിക്കുന്നത് നാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കാന സഹായിക്കുന്നു. കരുത്തുറ്റ രൂപകൽപ്പനയും, എയറോഡൈനാമിക് ലൈനുകളും, സ്കൂട്ടറുകളിൽ ആദ്യമായി നൽകിയിട്ടുള്ള പുതിയ വിംഗ്ലെറ്റുകളും ചേർന്നുള്ളതാണ് എൻടോർക്ക് 150-യുടെ ഡിസൈൻ.

വശങ്ങളിലേക്ക് നോക്കിയാൽ, 150 എന്ന വലിയ ഡീക്കലും, പുതിയ ഗ്രാഫിക്സും കമ്പനി നൽകിയിട്ടുണ്ട്. ടിവിഎസ് റേസിംഗ് ബ്രാൻഡിംഗ് താഴത്തെ പാനലുകളിൽ കാണാൻ സാധിക്കുന്നുണ്ട്. മുൻ, പിൻ വീലുകൾ 12-ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്, സ്പോർട്ടി പെയിന്റ് സ്കീമിലാണ് ഇത്പുതിയ പൂർത്തിയാക്കിയിരിക്കുന്നത്. മുൻവശത്ത് ഡിസ്ക് ബ്രേക്കും, പിന്നിൽ ഡ്രം ബ്രേക്ക് സംവിധാനവുമാണ് നൽകിയിരിക്കുന്നത്.
വിപണിയിൽ പരിചിതമായ എൻടോർക്ക് ഡിസൈൻ നിലനിർത്തുന്നതിനോടൊപ്പം തന്നെ 150 സിസി പതിപ്പിൽ നിരവധി മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. പിൻഭാഗത്ത് സ്പ്ലിറ്റ് ഗ്രാബ് ഹാൻഡിലുകളും, എൽഇഡി ടെയിൽ ലാമ്പുകളും ഉണ്ട്. 770 mm ആണ് സീറ്റ് ഉയരം, ഇത് മിക്ക റൈഡർമാർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. രണ്ട് യാത്രക്കാർക്ക് ആവശ്യമായത്ര സ്ഥലസൗകര്യവും സീറ്റിൽ ഉണ്ട്.

22 ലിറ്റർ ബൂട്ട് സ്പേസും, യുഎസ്ബി ചാർജിംഗ് പോർട്ടും, രണ്ട് ഗ്ലോവ് ബോക്സുകളും അധിക സൗകര്യങ്ങളാണ് കമ്പനി നൽകുന്നത്. നല്ല റൈഡിംഗ് പൊസിഷനും, ആവശ്യത്തിന് ലെഗ് റൂമും റൈഡർക്ക് ലഭിക്കുന്നത് കൊണ്ട് തന്നെ വളരെ സുഖകരമായി തന്നെ വാഹനമോടിക്കാൻ സാധിക്കുന്നു. രണ്ട് വേരിയൻ്റുകളിലാണ് ടിവിഎസ് എൻടോർക്ക് ലഭിക്കുന്നത്.
ഒന്ന് എൽസിഡി ഡിസ്‌പ്ലേയോടുകൂടിയതും, മറ്റൊന്ന് 5-ഇഞ്ച് ടിഎഫ്‌ടി കളർ ഡിസ്‌പ്ലേയോടുകൂടിയതും. ഉയർന്ന വേരിയന്റിൽ മ്യൂസിക്ക് നിയന്ത്രണങ്ങൾ, കോൾ, മെസേജ് അലേർട്ടുകൾ, വാട്ട്‌സ്ആപ്പ് അറിയിപ്പുകൾ ഉൾപ്പെടെ 40-ൽ അധികം സ്മാർട്ട് ഫംഗ്‌ഷനുകൾ ഉണ്ട്. സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും, അലക്‌സാ നാവിഗേഷനും ഇതിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ടോപ് സ്പീഡ്, ദൂരം തുടങ്ങിയ റൈഡ് സംബന്ധിച്ച വിവരങ്ങൾ സ്മാർട്ട് വാച്ചിൽ നിന്നോ, അലക്‌സാ വോയിസ് കമാൻഡുകൾ വഴിയോ സ്കൂട്ടറിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഫോം സീറ്റുകൾ, 3 ലെവൽ അഡ്ജസ്റ്റ്മെൻ്റുകളോടുകൂടിയ ബ്രേക്ക് ലിവറുകൾ എന്നിവയാണ് സ്കൂട്ടറിലെ മറ്റ് ഫീച്ചറുകൾ. ചരിവുള്ള റോഡുകളിൽ വാഹനം അതേ സ്ഥാനത്ത് നിലനിർത്താൻ സഹായിക്കുന്ന ഹിൽ ഹോൾഡ് അസിസ്റ്റും ഈ സ്കൂട്ടറിലുണ്ട്. മികച്ച നിയന്ത്രണത്തിനും, റൈഡിംഗ് സുഖത്തിനുമായി വീതിയുള്ള ഹാൻഡിൽ ബാറും നൽകിയിരിക്കുന്നു.
സിംഗിൾ-ചാനൽ എബിഎസ് (ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ എന്നിവ സുരക്ഷാ ഫീച്ചറുകളായി എടുത്തു പറയേണ്ട ഒന്നാണ്. എമർജൻസി ബ്രേക്കിംഗിൽ പിന്നിലുള്ള വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇൻഡിക്കേറ്ററുകൾ പ്രകാശിക്കും. മുൻവശത്ത് ടെലിസ്കോപിക് ഹൈഡ്രോളിക് ഡാംപറുകളും, പിന്നിൽ കോയിൽ സ്പ്രിംഗ് ഹൈഡ്രോളിക് ഡാംപറുകളും ചേർന്ന സസ്പെൻഷൻ സംവിധാനം, മോശം റോഡുകളിലും സുഗമമായ യാത്ര ഉറപ്പാക്കുന്നു.

എൻടോർക്ക് 150-ൽ 149.7 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 13.2 PS പവറും, 14.2 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. മണിക്കൂറിൽ 104 കിലോമീറ്ററാണ് സ്കൂട്ടറിൻ്റെ പരമാവധി വേഗത. 6.3 സെക്കൻഡിനുള്ളിൽ 0 മുതൽ 60 km/h വരെ വേഗത കൈവരിക്കാനാകും. 5.3 ലിറ്റർ ആണ് ഇന്ധന ടാങ്കിൻ്റെ ശേഷി.
ഹൊസൂരിൽ വെച്ചാണ് ഞങ്ങൾ ടിവിഎസ് എൻടോർക്ക് 150-യുടെ ടെസ്റ്റ് ഡ്രൈവ് നടത്തിയത്. ഫോം സീറ്റുകളും, ആവശ്യത്തിന് ലെഗ് റൂമുമുള്ളതുകൊണ്ട് റൈഡിംഗ് സുഖകരമായിരുന്നു. ഉയർന്ന വേഗതയിൽ സ്ഥിരത നിലനിർത്താൻ എയറോഡൈനാമിക് ഡിസൈൻ സഹായിക്കുന്നുണ്ട്, കൂടാതെ വീതിയുള്ള ഹാൻഡിൽ ബാർ മികച്ച നിയന്ത്രണവും നൽകുന്നു. രണ്ട് റൈഡ് മോഡുകളാണ് ഈ സ്കൂട്ടറിലുള്ളത്: സ്ട്രീറ്റ്, സ്പോർട്.
സ്പോർട് മോഡിൽ, ടിവിഎസിൻ്റെ അസിസ്റ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിലുള്ള പ്രകടനം കാഴ്ചവെക്കുന്നു. സിറ്റി റൈഡിംഗിൽ മികച്ച ഇന്ധനക്ഷമത നൽകുന്നതിനായി, സ്ട്രീറ്റ് മോഡിൽ ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സംവിധാനവും നൽകിയിരിക്കുന്നു. സിംഗിൾ-ചാനൽ എബിഎസും, അടിയന്തര സാഹചര്യങ്ങളിൽ ഇൻഡിക്കേറ്ററുകൾ പ്രവർത്തിക്കുന്നതും ബ്രേക്കിംഗ് പ്രകടനം മികച്ചതാക്കുന്നുണ്ട.
നനഞ്ഞ റോഡുകളിൽ ട്രാക്ഷൻ കൺട്രോൾ വീൽ സ്ലിപ്പ് തടയുകയും സ്കൂട്ടറിൻ്റെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. സസ്പെൻഷൻ സംവിധാനം റോഡിലെ കുഴികളിൽ ചാടുമ്പോൾ ഉണ്ടാകുന്ന കുലുക്കം വളരെ ഫലപ്രദമായി തന്നെ വലിച്ചെടുക്കുന്നു, ഇത് നഗരങ്ങളിലും ഹൈവേകളിലും ഒരുപോലെ ഉപയോഗിക്കാൻ സഹായകമാണ് എന്നതാണ് പ്രത്യേകത.
150 സിസി സ്കൂട്ടർ സെഗ്‌മെന്റിൽ സ്‌പോർട്ടി സ്റ്റൈലിംഗും, മികച്ച കണക്റ്റിവിറ്റിയും, പ്രായോഗികമായ ഫീച്ചറുകളും എൻടോർക്ക് 150-ൽ നൽകിയിട്ടുണ്ട്. മികച്ച പ്രകടനം, സുഖകരമായ എർഗണോമിക്സ്, സമഗ്രമായ സുരക്ഷാ പാക്കേജ് എന്നിവ ഇതിൻ്റെ പ്രത്യേകതയാണ്. ഡിജിറ്റൽ ഡാഷ്‌ബോർഡും, കണക്റ്റഡ് ടെക്കും എതിരാളികളിൽ നിന്ന് ഇതിനെ വേറിട്ടു നിർത്തുന്ന ഒന്നാണ്.
നിങ്ങൾ ഒരു സ്കൂട്ടറിൽ പെർഫോമൻസ്, സാങ്കേതികവിദ്യ, സ്റ്റൈൽ എന്നിവയെല്ലാം ആണ് ആഗ്രഹിക്കുന്നതെങ്കിൽ, ടിവിഎസ് എൻടോർക്ക് 150 തീർച്ചയായും നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. മികച്ച ഫീച്ചറുകളും, ആകർഷകമായ വിലയും, സ്പോർടിയും കണക്റ്റഡുമായ ഒരു സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽപരം ഒരു ഓപ്ഷൻ ഇല്ല എന്ന് തന്നെ പറയാം.


Click it and Unblock the Notifications








