മുടക്കുന്ന ക്യാശിന് ഇത് മൊതാലാണ്! അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവര്‍ റിവ്യൂ വായിക്കാം...
ഇന്ത്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവര്‍ എന്ന പുത്തന്‍ മോഡല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 2,75,000 രൂപ എക്‌സ്-ഷോറൂം വിലയിലാണ് മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സ്, അത്യാധുനിക ഫീച്ചറുകള്‍, ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമായ റേഞ്ച് എന്നിവയാണ് ഈ ബൈക്കിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 10.3 kWh ബാറ്ററി, അതിവേഗത്തിലുള്ള ആക്‌സിലറേഷന്‍, വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍. അള്‍ട്രാവയലറ്റ് X47-ന്റെ രൂപകല്‍പ്പനയും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും ശ്രദ്ധേയമാണ്. വിവിധ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ബൈക്കില്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഉണ്ട്.
സ്‌റ്റൈലും കാര്യക്ഷമതയും ഒത്തുചേരുന്ന ഒരു മോട്ടോര്‍സൈക്കിളാണ് അള്‍ട്രാവയലറ്റ് പണിതിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെ സ്ഥാനം. ഒറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. നഗരയാത്രകള്‍ക്കും, വാരാന്ത്യ യാത്രകള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണെന്ന് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്ന പുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എങ്ങിനെയുണ്ടെന്ന് അറിയാന്‍ റിവ്യൂ വിശേഷങ്ങള്‍ ചുവടെ വായിക്കാം.

ഡിസൈനും സ്‌റ്റൈലും
അള്‍ട്രാവയലറ്റ് X47-ന് ആകര്‍ഷകമായ രൂപകല്‍പ്പനയാണുള്ളത്. മുന്‍വശത്ത് കൂര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പുകളും, ആകര്‍ഷകമായ ഫെയറിംഗും ഉണ്ട്. വശങ്ങളിലെ സ്‌പോര്‍ട്ടി ഡിസൈനും, ഒതുങ്ങിയ ടെയില്‍ എന്‍ഡും ഇതിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നു. സ്പീഡ്, റൈഡിംഗ് മോഡുകള്‍, ബാറ്ററി നില എന്നിവ വ്യക്തമായി കാണിക്കുന്ന വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇതിലുണ്ട്.
ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മികച്ച ഫിനിഷിംഗ് ഉറപ്പാക്കുന്നു.
ഈ ബൈക്കിന്, സുഖകരമായ റൈഡിംഗ് പൊസിഷനും, മികച്ച നിയന്ത്രണത്തിനായി വീതിയുള്ള ഹാന്‍ഡില്‍ ബാറുകളും നല്‍കിയിരിക്കുന്നു. ഉയര്‍ന്ന വേഗതയില്‍ പോലും സ്ഥിരതയും, കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവും വര്‍ധിപ്പിക്കുന്ന തരത്തിലാണ് അള്‍ട്രാവയലറ്റ് X47-ന്റെ രൂപകല്‍പ്പന.

പവർട്രെയിനും പെർഫോമൻസും
X47-ല്‍ 10.3 kWh ലിഥിയം-അയോണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ 40 hp പവറും100 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 2.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും 8.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയും വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
പെര്‍ഫോമന്‍സിനും, കാര്യക്ഷമതയ്ക്കും വേണ്ടി ഒന്നിലധികം റൈഡിംഗ് മോഡുകള്‍ ഈ ബൈക്കില്‍ ലഭ്യമാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ് ഇതിന്റെ പരമാവധി വേഗത. ഇക്കോ മോഡില്‍ 323 കിലോമീറ്റര്‍ വരെയും, സ്‌പോര്‍ട്‌സ് മോഡില്‍ 250 കിലോമീറ്റര്‍ വരെയും റൈഡിംഗ് റേഞ്ച് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നു.

റൈഡിംഗ് ഇംപ്രഷന്‍
ഈ ബൈക്ക് ഓടിച്ചപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് ആക്‌സിലറേഷനാണ്. വളരെ വേഗതയുള്ള ബൈക്ക് റോഡില്‍ ശരിക്കും ഷാര്‍പ്പായതായി തോന്നുന്നു. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ 3 റൈഡിംഗ് മോഡുകള്‍ ഇതിലുണ്ട്. ബാലിസ്റ്റിക് മോഡ് വളരെ വേഗതയുള്ളതാണ്. ത്രോട്ടില്‍ നല്‍കുമ്പോഴെല്ലാം തല്‍ക്ഷണ പവര്‍ അല്ലെങ്കില്‍ പുള്‍ അനുഭവിക്കാന്‍ കഴിയും. നിവര്‍ന്ന് നിന്ന് വിശ്രമിച്ച് ഓടിക്കാന്‍ പറ്റുന്ന ഇതിന്റെ റൈഡിംഗ് പൊസിഷന്‍ ഞങ്ങള്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടു. ഒരു സമ്മര്‍ദവുമില്ലാതെ ദിവസം മുഴുവന്‍ ഓടിക്കാന്‍ കഴിയും.
ഇത് ഒരു ക്രോസ്ഓവര്‍ ആയതിനാല്‍ മോശം റോഡുകളിലും നിങ്ങള്‍ക്ക് ഇത് കൊണ്ടുപോകാം. കൂടാതെ ഇതിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് ബാറ്ററിയെ ബമ്പുകളിലും ഗട്ടറുകളിലും തട്ടുന്നതില്‍ നിന്ന് സംരക്ഷിക്കും. ഇതിന്റെ സീറ്റും നല്ലതായി തോന്നുന്നു. ഒരു ശരാശരി ഇന്ത്യക്കാരന് സീറ്റ് ഉയരം ഒരു പ്രശ്‌നമായി തോന്നില്ല. സസ്‌പെന്‍ഷന്‍ അതിന്റെ ജോലി നന്നായി ചെയ്യുന്നു. മോശം റോഡുകളില്‍ നല്ല സ്പീഡില്‍ കുഴികളില്‍ ചാടിയാലും വലിയ ഇടി അനുഭവപ്പെടില്ല. ട്രാക്കില്‍ വളയുമ്പോള്‍ ബൈക്ക് സ്‌റ്റേബിളാണ്.

അതിന്റെ റഡാര്‍ സാങ്കേതികവിദ്യ ഞങ്ങളെ നന്നയി ആകര്‍ഷിച്ചു. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, റിയര്‍ കൊളീഷന്‍ വാണിംഗ്, ഓവര്‍ടേക്ക് അലേര്‍ട്ട് എന്നിവ 4 സവിശേഷതകളും നന്നായി പ്രവര്‍ത്തിക്കുന്നു. ട്രാക്കില്‍ ഇത് പരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേക ഡെമോയും ഉണ്ടായിരുന്നു. സെക്കന്‍ഡറി ഡിസ്‌പ്ലേ ശരിക്കും വ്യക്തമാണ്, കൂടാതെ ഇത് ഡാഷ്‌ക്യാമായും പ്രവര്‍ത്തിക്കുന്നു.
ഇലക്ട്രിക് വാഹനമായതിനാല്‍ ഇതിന് എഞ്ചിന്‍ ബ്രേക്കിംഗ് ഇല്ല. കോര്‍ണറുകളില്‍ ബൈക്കിന്റെ വേഗത എങ്ങനെ നിയന്ത്രിക്കാമെന്ന സംശയവും ബൈക്ക് ഓടിച്ചപ്പോള്‍ മാറി. നിങ്ങള്‍ ത്രോട്ടില്‍ വിട്ടാല്‍ റീജന്‍ ബ്രേക്കിംഗ് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. മൊത്തത്തില്‍ മുടക്കുന്ന ക്യാശിനുള്ള മൂല്യം നല്‍കുന്ന ഒരു ബൈക്ക് ആയി ഞങ്ങള്‍ക്ക് തോന്നി.

ഫീച്ചറുകളും സുരക്ഷയും
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്‍പ്പെടുന്ന ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ ഇവിയില്‍ ഉണ്ട്. കീലെസ് സ്റ്റാര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ്, റൈഡ് അനലിറ്റിക്‌സ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. സുരക്ഷയ്ക്കായി, ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വിവിധ റൈഡ് മോഡുകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. എല്‍ഇഡി ലൈറ്റിംഗും, കരുത്തുറ്റ അലുമിനിയം ഫ്രെയിമും ഈ ബൈക്കിനുണ്ട്.
വിലയും എതിരാളികളും
അള്‍ട്രാവയലറ്റ് X47 പ്രധാനമായും ഒരു വേരിയന്റിലാണ് ലഭ്യമാകുന്നത്. ഇതിന്റെ എക്‌സ്-ഷോറൂം വില 2,75,000 രൂപയാണ്. തുടക്കത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 2,49,000 രൂപയ്ക്ക് ലഭിച്ചിരുന്നു. ഇതേ മോഡലിന്റെ കൂടുതല്‍ വേരിയന്റുകളോ, പ്രത്യേക പതിപ്പുകളോ പിന്നീട് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ X47-ന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഡെലിവറി ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിവോള്‍ട് RV400, ടോര്‍ക് ക്രാറ്റോസ്, മറ്റ് പ്രീമിയം ഇലക്ട്രിക് ബൈക്കുകള്‍ എന്നിവയാണ് പ്രധാന എതിരാളികള്‍. ഉയര്‍ന്ന പെര്‍ഫോമന്‍സ്, ടെക്‌നോളജി, പരിസ്ഥിതി സൗഹൃദ യാത്രകള്‍ എന്നിവ ആഗ്രഹിക്കുന്ന നഗരവാസികളെയാണ് അള്‍ട്രാവയലറ്റ് X47 ലക്ഷ്യമിടുന്നത്. റേഞ്ച്, വേഗത, ഫീച്ചറുകള്‍ എന്നിവ ഈ അള്‍ട്രാവയലറ്റ് മോഡലിനെ അതിന്റെ സെഗ്‌മെന്റില്‍ മികച്ച സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. മികച്ച ഫീച്ചറുകളും, ആകര്‍ഷകമായ രൂപകല്‍പ്പനയും, ഈ ബൈക്കിനെ ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമാക്കാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








